Thoughts & Arts
Image

ഉണരും പോലെ നാം പുനർജനിക്കും

2025-03-21

Web Design

15 Comments


ഖുർആൻ പഠനം
സൂറത്ത് തഗാബുൻ (5-8)







5 മുമ്പ് സത്യനിഷേധം വരിച്ചവരുടെ വിവരം നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലേ? തങ്ങളുടെ നിലപാടിന്റെ വിപത്ത് അവര്‍ രുചിച്ചറിഞ്ഞു; ഇനി, പരലോകത്ത് വേദനയുറ്റ ശിക്ഷയുമുണ്ട്.



വിശുദ്ധ ഖുർആൻ അവിശ്വാസികളെയും അധർമ്മകാരികളെയും താക്കീത് ചെയ്യുന്നത് അത്തരം ആൾക്കാർക്ക് ലഭിച്ചിട്ടുള്ള ശിക്ഷകൾ, അനുഭവങ്ങൾ തുടങ്ങിയവ പറഞ്ഞുകൊണ്ടാണ്. ഈ രീതി ഏറെ ഫലം ചെയ്യുന്ന ഒന്നാണ്. പ്രത്യേകിച്ചും വിശുദ്ധ ഖുർആൻ അവതരിച്ചു തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ആദ്യ സംബോധിതരിൽ ഇത് വലിയ സ്വാധീനം ചെല്ലുത്തുമായിരുന്നു. മക്കയിലെ പ്രമാണിയും പ്രധാനിയുമായ ഉത്ബയുടെ കഥ അതിനൊരു മികച്ച ഉദാഹരണമാണ്. നല്ല കവിയും ഭാഷാ പണ്ഢിതനും വാക്ചാതുരിക്ക് ഉടമയുമായ അദ്ദേഹത്തെ ഖുറൈശികള്‍ നബി(സ്വ)യുടെ അടുത്തേക്ക് നിയോഗിച്ചു. കാരണം, അവരുടെ മതം അപകടത്തിലാണ്. മുഹമ്മദ് ഓതിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ പാമര ജനത്തെ പോലും വശീകരിച്ചു കൊണ്ടിരിക്കുകയാണ്. പാണ്ഢിത്യത്തിന്റെ ആയുധമില്ലാതെ അതിനെ നേരിടുക അസാധ്യമാണ് എന്നു വന്നിരിക്കുന്നു. അതിനാൽ ഒന്ന് മുഹമ്മദിനെ പറഞ്ഞു തോൽപ്പിക്കണം. അതിന് ഏറ്റവും യോജിച്ച ആൾ ആളായി റബീഅയുടെ മകന്‍ ഉത്ബയെ പോലെ യോഗ്യന്‍ വേറെയില്ല. അതിൽ വിജയിക്കാൻ ആയില്ലെങ്കിൽ പിന്നെ പ്രലോഭനങ്ങൾ നടത്തി മുഹമ്മദിനെ വശപ്പെടുത്തണം അതിനും കഴിവുള്ള ആളാണ് ഉത്ബ. നബി(സ്വ)യുടെ മുമ്പില്‍ ഉത്ബ തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത് പുത്തന്‍ ആശയത്തിന്റെ അപകടങ്ങള്‍ മുഴുവന്‍ ബോധ്യപ്പെടുത്തി. ഒപ്പം ഇതിൽ നിന്ന് പിന്തിരിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന നേട്ടങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. മക്കയിലെ രാജാവാക്കാനും, ഏറ്റവും നല്ല സുന്ദരിയായ പെണ്ണിനെ വിവാഹം കഴിപ്പിച്ച് കൊടുക്കാനും, ഏറ്റവും വലിയ സമ്പന്നനാക്കാനും അവര്‍ തയ്യാറാണ്. ഈ ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിക പ്രബോധനവും അവസാനിപ്പിച്ചാല്‍ മാത്രം മതി.



ദീർഘമായ ആ സംസാരം എല്ലാം സാകൂതം ക്ഷമയോടെ കേട്ടുനിന്ന നബി തിരുമേനി(സ്വ) അവസാനം അതിനെല്ലാം മറുപടിയായി ചെയ്തത് വിശുദ്ധ ഖുർആനിലെ സൂറത്ത് ഓതിക്കൊടുക്കുകയായിരുന്നു. ഈ സൂറത്ത് മക്കിയ്യായ സൂറത്തുകളിൽ പെട്ടതാണ്. അതിൻ്റെ ആശയം വിശ്വാസത്തിന് മനുഷ്യൻ്റെ മനസ്സുകളെ പാകപ്പെടുത്തിയെടുക്കുക എന്നതാണ്. അതിനുവേണ്ടി ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ അടയാളങ്ങളെ സവിസ്തരം പറഞ്ഞ് അവരെക്കുറിച്ചും അന്യൂനമായ അവയുടെ സൃഷ്ടിപ്പിനെ കുറിച്ചും ചിന്തിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് പിന്നീട് താക്കീതുകളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ആ താക്കീതുകളിൽ മുൻകാല ജനസമൂഹങ്ങൾ ആയിരുന്ന ആദ്, തമൂദ് തുടങ്ങിയ ജനതകളെ സംബന്ധിച്ചും അവരെ അല്ലാഹു ശിക്ഷിച്ച സാഹചര്യങ്ങളെക്കുറിച്ചും ശിക്ഷയുടെ രീതികളെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. അത് കേട്ടതോടെ ഉത്ബ നടുങ്ങിപ്പോയി എന്നാണ് ആ സംഭവം പറയുന്നത്. മാത്രമല്ല നിരാശനായി മടങ്ങിയെത്തിയ ഉത്ബ ഖുറൈശികളോട് പറഞ്ഞത്: 'ഞാന്‍ ഇന്ന് ഒരു വാക്യം ശ്രവിച്ചു. അല്ലാഹുവാണ് സത്യം അതുപോലൊന്ന് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ല. അല്ലാഹുവാണ് സത്യം അത് കവിതയല്ല, മായാജാലമല്ല, മന്ത്രവുമല്ല' എന്നായിരുന്നു.



6 അതിന്റെ കാരണമിതാണ്: സ്പഷ്ടമായ തെളിവുകളുമായി ദൈവദൂതന്മാര്‍ അവര്‍ക്കു സമീപം ചെല്ലുമായിരുന്നു. തത്സമയം, നമുക്ക് നേര്‍വഴി കാട്ടുന്നത് ഒരു മനുഷ്യനോ എന്നവര്‍ ജല്‍പിക്കുകയും അങ്ങനെ നിഷേധികളാവുകയും പിന്തിരിയുകയും ചെയ്തു. അല്ലാഹു ഐശ്വര്യനും പരാശ്രയരഹിതനും സ്തുത്യര്‍ഹനുമാകുന്നു.



അവിശ്വാസികൾ എപ്പോഴും പിടിവാശിക്കാർ ആയിരിക്കും എന്നത് ഒരു വസ്തുതയാണ്. കാരണം അവരുടെ മുമ്പിൽ അല്ലാഹുവിലേക്ക് വിരൽ ചൂണ്ടുന്ന സൂക്തങ്ങൾ വളരെ സ്പഷ്ടമായ രീതിയിലാണ് എത്തിച്ചേരുക. അല്ലാഹു എപ്പോഴും അവനെക്കുറിച്ച് പറയുന്ന അടയാളങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഗ്രാഹ്യമാകുന്ന തരത്തിലാണ് നൽകുന്നത്. കൂട്ടത്തിൽ ഏതെങ്കിലും ഒരാൾ, എനിക്ക് അത് മനസ്സിലായില്ല എന്നോ എൻ്റെ ശ്രദ്ധയിൽ അത് പെട്ടില്ല എന്നോ പറയേണ്ട ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അത്. എന്നിട്ടും നിഷേധികൾ നിഷേധിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് അല്ലാഹുവിൻ്റെ ശിക്ഷകളെ കുറിച്ച് അള്ളാഹു പറയുന്നേടത്തെല്ലാം വേദനാജനകമായ എന്ന് വിശേഷിപ്പിക്കുന്നത്. അത്രയും വേദന ഉളവാക്കുന്ന ശിക്ഷകൾ കൊണ്ട് ശിക്ഷിക്കുവാനുള്ള ന്യായവും അതാണ്. ഈ അടയാളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദൂതനായി വന്നിരിക്കുന്ന പ്രവാചകൻ തന്നെയാണ്. ഏതൊരു പ്രവാചകന്റെയും ജീവിതം വളരെ വിശുദ്ധവും മാതൃകാപരവുമായിരിക്കും. ജീവിതത്തിന്റെ ഏതു കോണിലൂടെ നോക്കിയാലും ഒന്നും നിരൂപിക്കുവാൻ കഴിയാത്ത അത്ര തെളിമയാർന്ന ജീവിതത്തിന്റെ ഉടമകൾ ആയിരിക്കും അവർ. പക്ഷേ അവിശ്വാസികൾ അതൊന്നും തൂക്കി കണക്കാക്കാൻ ശ്രമിക്കില്ല. മറിച്ച്, അവർ ആദ്യം തന്നെ 'നീ ഞങ്ങളെ പോലെ ഒരാളല്ലേ, നിനക്ക് ഞങ്ങളെക്കാൾ എന്തു ശ്രേഷ്ഠതയാണ് ഉള്ളത്?' എന്നൊക്കെ ചോദിച്ചുകൊണ്ട് പ്രവാചകൻ്റെ വ്യക്തിത്വത്തെ നിരാകരിക്കുകയായിരിക്കും ചെയ്യുക. ഇവിടെ വലിയ ഒരു വൈരുദ്ധ്യം ഉറങ്ങിക്കിടക്കുന്നുണ്ട്. അതായത് അവിശ്വാസികൾ, കേവലം നമ്മളെപ്പോലുള്ള ഒരു പ്രവാചകനെ പിന്തുടരുകയോ എന്ന് ചോദിക്കാൻ ആണ് തയ്യാറാകുന്നത്. അതിൻ്റെ അർത്ഥവും ധ്വനിയും നമ്മളെപ്പോലുള്ള ഒരാളെ പിന്തുടരുക എന്നത് തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല എന്നതാണ്. അതേസമയം അവരുടെ സ്വന്തം കാര്യത്തിൽ വെറും ഒരു കല്ലിനെ അല്ലെങ്കിൽ ഒരു വിഗ്രഹത്തെ ആരാധിക്കുകയോ എന്ന് സ്വയം ചിന്തിക്കുവാൻ അവർ തയ്യാറാവുന്നില്ല. ഇതാണ് ആ വൈരുദ്ധ്യം. ഇത്തരം സ്വന്തം അബദ്ധത്തെ കുറിച്ച് ചിന്തിക്കാൻ ശ്രമിക്കാത്തതിനാൽ ആണ് അവരുടെ നിലപാടുകളെ നാം വെറും പിടിവാശി എന്ന് വിളിക്കുന്നത്.



7 തങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നതേയല്ല എന്ന് നിഷേധികള്‍ തട്ടിവിട്ടു. നബീ, പ്രഖ്യാപിക്കുക: എന്റെ നാഥന്‍ തന്നെ ശപഥം, നിശ്ചയം നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നതും ശേഷം സ്വന്തം ചെയ്തികളെക്കുറിച്ച് നിങ്ങള്‍ക്ക് വിവരം നല്‍കപ്പെടുന്നതുമാകുന്നു. അല്ലാഹുവിന്നത് ക്ഷിപ്രസാധ്യമത്രേ.



അവിശ്വാസികൾ എപ്പോഴും ഇസ്ലാമിക വിശ്വാസ സരണിയെ ചോദ്യം ചെയ്യുന്നതും പരിഹസിക്കുന്നതും പുനർജന്മം എന്ന വിഷയം കൊണ്ടാണ്. അത് അവരുടെ യുക്തിയോട് പൊരുത്തപ്പെട്ട് പോകുന്നില്ല എന്നത് ആണ് കാരണം. വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ നിൽക്കുമ്പോഴാണ് ഇത്തരം ദുർഗ്രാഹ്യമായ കാര്യങ്ങൾ ഗ്രാഹ്യമായി തീരുക. തനിക്ക് മനസ്സിലാകുന്നില്ല, തൻ്റെ യുക്തിയിൽ അത് കൊള്ളുന്നില്ല എന്നൊക്കെ ന്യായീകരിച്ച് പുനർജന്മത്തെ തള്ളിക്കളയുന്നവർ സത്യത്തിൽ അഹങ്കരിക്കുകയാണ് ചെയ്യുന്നത്. അവരുടെ സ്വന്തം ശരീരങ്ങൾ, ആ ശരീരങ്ങളിലുള്ള അസംഖ്യം ശേഷികൾ, അവരുടെ ജീവിത പരിസരമായ ഭൂമിയും ആകാശവും, അതിലുള്ള മനുഷ്യ ചിന്തക്കതീതമായ നൂറായിരം പ്രതിഭാസങ്ങൾ.. ഇവയൊന്നും സത്യത്തിൽ അവൻ്റെ യുക്തിക്കും ബുദ്ധിക്കും താങ്ങാൻ കഴിയുന്നതല്ല. ഇവയെല്ലാം സർവ്വശക്തനായ ഒരു റബ്ബിന്റെ സൃഷ്ടിപ്പാണ് എന്നത് അവന്റെ മനസ്സ് തന്നെ മന്ത്രിക്കുന്ന കാര്യമാണ്. എന്നിട്ടും അവൻ, അതെല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്ന റബ്ബിന് ഇനിയും ഒരിക്കൽ കൂടി അവ സൃഷ്ടിക്കാൻ കഴിയും എന്ന ചെറിയ കാര്യത്തെ തൻ്റെ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാൻ കഴിയില്ല എന്നു പറഞ്ഞ് ആവശ്യമില്ലാത്ത വാശി പിടിക്കുകയാണ്. പുനർജന്മം എന്നത് ഇസ്ലാമോ മുഹമ്മദ് നബിയോ കൊണ്ടുവന്ന ഒരു സിദ്ധാന്തം ഒന്നുമല്ല. ഈ ലോകം ഉണ്ടായത് മുതൽ ഇന്നുവരെയും വിവിധ ജനപഥങ്ങളിൽ അങ്ങനെ ഒരു വിശ്വാസം നിലനിൽക്കുന്നതാണ്. ഹിന്ദുമതം, ബുദ്ധമതം, പൈതഗോറസ്, എംപെഡോക്കിൾസ്, പ്ലേറ്റോ എന്നിവരുടെ തത്ത്വചിന്തകൾ (ബിസി 6 മുതൽ 4 വരെ നൂറ്റാണ്ടുകൾ), ഈ ഗ്രീക്ക് തത്ത്വചിന്തകരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിന്താധാരകൾ എന്നിവയിൽ പുനർജന്മം എന്ന ആശയം പ്രത്യക്ഷപ്പെടുന്നുണ്ട്.



ഹൈന്ദവ ഉപനിഷത്തുകളിൽ പുനർജന്മത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഭഗവത് ഗീതയിൽ മരണാനന്തര ജീവിതത്തെ കുറിച്ചും വിവരിച്ചിരിക്കുന്നു. മനുഷ്യൻ തന്റെ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയവ ധരിക്കുന്നത് പോലെ ആത്മാവ് പഴയ ശരീരത്തെ ഉപേക്ഷിക്കുകയും പുതിയൊരെണ്ണത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്നാണ് ശ്രീകൃഷ്ണൻ ഗീതോപദേശത്തിൽ പറയുന്നത്. ജീവിതചക്രത്തിന്റെ അവസാനത്തെ ‘മുക്തി’ എന്നും ഒടുവിൽ പരമമായ ദൈവത്തോടൊപ്പം എന്നന്നേക്കുമായി തുടരുന്നതിനെ ‘മോക്ഷം’ എന്നും ഹൈന്ദവ ധർമ്മം വിളിക്കുന്നു. മരണശേഷം ഒരു വ്യക്തിക്ക് സംഭവിക്കുന്നത് എന്താണെന്ന് മാത്രമാണ് ഹിന്ദുമതത്തിലെ ഗരുഡ പുരാണം കൈകാര്യം ചെയ്യുന്നത്. ഗരുഡ പുരാണം അനുസരിച്ച് ശരീരം വിട്ട ശേഷം ആത്മാവ് നീണ്ടതും ഇരുണ്ടതുമായ ഒരു തുരങ്കത്തിലൂടെ തെക്കോട്ട് സഞ്ചരിക്കുന്നു എന്നാണ്. ഇരുണ്ട തുരങ്കം കത്തിക്കാനും ആത്മാവിന് സുഖമായി സഞ്ചരിക്കാനുമാണ് മൃതശരീരത്തിന്റെ തല ഭാഗത്ത് വിളക്ക് കത്തിച്ച് വെക്കുന്നത് എന്നത് അതിൻ്റെ മറ്റൊരു ഭാഗമായ വിശ്വാസം. ബുദ്ധമതത്തിൽ പുനർജന്മം കൃത്യമായി പറയപ്പെട്ടിട്ടില്ല എങ്കിലും ബുദ്ധ ജനതയുടെ വാക്കുകൾ അനുസരിച്ച്, ആത്മാവിൽ മാറ്റമില്ലാതെ പുനർജന്മം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. മരണത്തിനും പുനർജന്മത്തിനുമിടയിലുള്ള ഇടനില അവസ്ഥയെ കുറിച്ച് ടിബറ്റൻ ബുക്ക്‌ ഓഫ് ദി ഡെഡ് വിശദീകരിക്കുന്നുണ്ട്. സിഖുകാരും പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ട്. ദൈവത്തിൽ നിന്ന് ഉത്ഭവിച്ച ആത്മീയ പ്രപഞ്ചത്തിൽപ്പെട്ടതാണ് ആത്മാവ് എന്ന് അവർ വിശ്വസിക്കുന്നു. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും പോലെ, ജൈന മതക്കാരും പുനർജന്മത്തിൽ വിശ്വസിക്കുന്നു. ജനനം, മരണം, പുനർജന്മം എന്നിവയുടെ ഈ ചക്രം ഒരാളുടെ കർമ്മത്താൽ നിർണ്ണയിക്കപ്പെടുന്നു എന്നാണ് ആ മതത്തിൻ്റെ വിശദീകരണം. മതങ്ങളുടെ വിശദീകരണങ്ങൾക്ക് പുറമേ പൊതുവേ ചിന്തിച്ചാൽ മനസ്സിലാക്കാവുന്ന ഒന്നാണ് മനുഷ്യൻ്റെ ജീവിത ഘട്ടങ്ങൾ. ജീവിതം ഇങ്ങനെ ഘട്ടങ്ങൾ ആകുന്നത് തന്നെ ജീവിതത്തിന് വിവിധങ്ങളായ ജന്മങ്ങളുണ്ട് എന്നതിലേക്കുള്ള സൂചനയാണ്. ഉദാഹരണമായി ശൈശവത്തിലെ എല്ലാം ഒഴിവാക്കിയാണ് ഒരാൾ കൗമാരത്തിലെത്തുന്നത്. അയാളുടെ ചിന്തകൾ ,ഇഷ്ടങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം ശൈശവത്തിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ വ്യത്യസ്ഥമായിരിക്കും കൗമാരത്തിൽ എത്തുമ്പോൾ. അതായത് അയാൾ അപ്പോഴേക്കും ശരിക്കും മറ്റൊരാൾ ആയിക്കഴിയുന്നുണ്ട്. അപ്പോൾ ആ പഴയ ശിശുവിന്റെ പുനർജന്മമാണ് ഈ കൗമാരകാലം. ഇപ്രകാരം മനുഷ്യൻ്റെ ജീവിതം വിവിധ ഘട്ടങ്ങളെ മറികടക്കുകയാണ്. അവയുടെ കൂട്ടത്തിൽ ഏറ്റവും അവസാനമായി ഈ പ്രപഞ്ചത്തിലെ ജീവിതത്തിൽ നിന്ന് തന്നെ അവൻ മറികടക്കുക എന്നത് അത്ര അയുക്തികമൊന്നുമല്ല. ആ മറികടക്കലിനെയാണ് മതങ്ങൾ പുനർജന്മം എന്നു പറയുന്നത്.



അങ്ങനെയൊക്കെ ആണെങ്കിലും ശാസ്ത്രം പുനർജന്മത്തെ ഒരു നിലക്കും അംഗീകരിക്കുന്നില്ല. അതിനു കാരണം അത് തെളിയിക്കാൻ കഴിയുന്നില്ല എന്നതാണ്. എത്ര വിശദീകരിച്ചും വ്യാഖ്യാനിച്ചും പറഞ്ഞുണ്ടാക്കിയാലും അതൊക്കെ മനുഷ്യൻ്റെ സങ്കല്പ ലോകത്ത് നിൽക്കുക മാത്രമേയുള്ളൂ. സങ്കല്പ ലോകത്തു നിന്നും യാഥാർത്ഥ്യ ലോകത്തിലേക്ക് വരാനും വരുത്താനും കഴിയാത്ത കാര്യമാണ് ഇത്. അതിനാൽ അത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ശാസ്ത്രത്തിൻ്റെ പരിധിയിൽ വരില്ല. ശാസ്ത്രം എന്നാൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥാപിതമായ സത്യം എന്നാണ് അർത്ഥം. അതേസമയം കണ്ണടച്ച് നിഷേധിക്കാൻ കഴിയാത്ത വിധം ചില സൂചനകൾ ശാസ്ത്ര ലോകത്തെ ലക്ഷ്യം വെച്ച് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിൻറെ ഒരു തെളിവാണ് ഈ അടുത്ത് മീഡിയയിൽ വന്ന പുനര്‍ജന്മം യാഥാര്‍ഥ്യമാണെന്നും, ബോധമണ്ഡലം ഒരിക്കലും മരിക്കുന്നില്ലെന്നും അമേരിക്കന്‍ സൈന്യം നടത്തിയ ഒരു രഹസ്യ പഠനം. അമേരിക്കന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണല്‍ വെയിന്‍ എം. മക്‌ഡോണള്‍ഡ് 1983 ല്‍ തയ്യാറാക്കിയ അനാലിസിസ് ആന്‍ഡ് അസസ്‌മെന്റ് ഓഫ് ദി ഗേറ്റ്‌വെ പ്രോസസ് എന്ന പേരിലുള്ള 29 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. (https://www.google.com/amp/s/www.manoramaonline.com) Date: December 11 , 2024



8 അതുകൊണ്ട് അല്ലാഹുവിലും ദൂതനിലും നാമവതരിപ്പിച്ച പ്രകാശമായ ഖുര്‍ആനിലും നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നവയെക്കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു.



ഈ സൂക്തത്തിൽ 'നാം അവതരിപ്പിച്ച പ്രകാശമായ ഖുർആനിലും' എന്ന പ്രയോഗം ശ്രദ്ധാർഹമാണ്. ഇതേ അർത്ഥത്തിലുള്ള പ്രയോഗം വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു' (5:15). മറ്റൊരു ആയത്തിൽ ഇങ്ങനെ ഇതേ വിഷയം സൂചിപ്പിക്കുന്നുണ്ട്: 'ദിവ്യപ്രകാശം ഊതിക്കെടുത്താന്‍ ശ്രമിച്ചാല്‍ ആരും വിജയിക്കില്ല' (61:8). മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അരിച്ചിറങ്ങുന്ന സന്ദേശവും ഉപദേശവും നിയമാവലിയും ആണ് വിശുദ്ധ ഖുർആൻ എന്നതാണ് ഈ പ്രയോഗം അർത്ഥമാക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രത്യേകത അത് സര്‍വ്വ കാലികമാണെന്നതാണ്. 14 നൂറ്റാണ്ട് മുമ്പുള്ള തമസ്സ് വാഹകിലേക്ക് മാത്രമല്ല 21-ാം നൂറ്റാണ്ടിലെ ആധുനിക പരിഷ്കൃത മനുഷ്യരിലേക്ക് കൂടിയാണ് ഇത് ഇറക്കപ്പെട്ടത്. പഴയകാല ജനസമൂഹങ്ങൾ, അവരുടെ വിശ്വാസ ആചാരങ്ങൾ, ചരിത്രങ്ങൾ, തുടങ്ങിയവയെല്ലാം പറയുന്ന വിശുദ്ധ ഖുർആൻ ആധുനിക പ്രശ്‌നങ്ങളുമായി കൂടി സംവദിക്കുന്നുണ്ട്. ആധുനിക പ്രശ്‌നങ്ങളെ സാമ്പത്തിക മേഖലയിലുള്ളവ, രാഷ്ട്രീയ മേഖലയിലുള്ളവ, സാമൂഹിക മേഖലയിലുള്ളവ, വൈജ്ഞാനിക മേഖലയിലുള്ളവ, എന്നിങ്ങനെ നാലായി തരം തിരിക്കാം. ഈ നാലിലും ഖുര്‍ആന്‍ സര്‍വ്വാധിപത്യം ചെലുത്തുന്ന വിധത്തിൽ ഇടപെടുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സ്രോതസ്സും പ്രചോദനവും വിശുദ്ധ ഖുര്‍ആനാണ്. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും ചരിത്രവും അനന്തരഫലവും അതിന്റെ സൂക്തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആദര്‍ശം, ആരാധനകള്‍, സ്വഭാവമര്യാദകള്‍, ഇടപാടുകള്‍ തുടങ്ങിയവയൊക്കെ അതിന്റെ വിഷയങ്ങളാണ്. അല്ലാഹു തന്നെയത് വ്യക്തമാക്കുന്നു: ‘ഈ ഗ്രന്ഥത്തില്‍ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല.’ (അല്‍ അന്‍ആം: 38) മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു.’ (അല്‍ഇസ്രാഅ്: 9) അതേസമയം ഈ പറഞ്ഞതിന്റെ അർത്ഥം ഖുര്‍ആനില്‍ എല്ലാ ശാസ്ത്രീയ വസ്തുതകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നോ അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ പുറത്തുകൊണ്ടുവരുന്നത് എന്നോ ഒന്നുമല്ല. കാരണം, ഖുര്‍ആന്‍ ശാസ്ത്രം പഠിപ്പിക്കുവാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ടതല്ല. അതില്‍ സകല ശാസ്ത്രവും ഉണ്ടെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല. മറിച്ച്, വിശുദ്ധ ഖുർആനിൽ എല്ലാ കാര്യങ്ങളിലും ഉള്ള സൂചനയുണ്ട്. ഓരോ കാലത്തും ശാസ്ത്രവും ലോകവും കണ്ടെത്തുന്ന വിഷയങ്ങളിലെ കതിരും പതിരും വേർതിരിക്കുവാൻ വിശുദ്ധ ഖുർആനിനെ ഒരു ആധാരമായി കാണാൻ കഴിയും എന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം. ആ അർത്ഥത്തിലാണ് ഖുർആൻ മനുഷ്യൻ്റെ ജീവിതത്തിലെ എല്ലാ മേഖലകളിലേക്കും കടന്നുചെല്ലുന്ന വെളിച്ചമാണ് എന്ന് പറയുന്നത്.



o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso