

മൗനത്തിലുമുണ്ട് നന്മയുടെ സന്ദേശം
2025-03-21
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഹിജ്റ അഞ്ചിൽ ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞ് തിരിച്ചുവരികയാണ് നബിയും അനുയായികളും. കപട വിശ്വാസികളുടെ ഏതാണ്ട് മോശമല്ലാത്ത സാന്നിധ്യം സംഘത്തിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് അവർ ഒരിടത്ത് വിശ്രമത്തിനായി തമ്പടിച്ചു. അവിടെ വെച്ച് വെള്ളം ശേഖരിക്കുന്നതിനിടയിൽ എന്തോ ചെയ്തു എന്ന പേരിൽ രണ്ടു സഹാബിമാർ തമ്മിൽ വാക്കേറ്റമുണ്ടായി. ഒന്ന് മക്കയിൽ നിന്ന് വന്ന അഭയാർത്ഥിയായ മുഹാജിറും ഒന്ന് മദീനക്കാരനായ അൻസ്വാരിയും ആയിരുന്നു. വിഷയം പെട്ടെന്ന് ഒച്ചയും വിളിയും ആയി. രംഗത്തേക്ക് അതു മുതലെടുക്കുവാൻ ആദ്യം വന്നത് അബ്ദുല്ല ബിൻ ഉബയ്യ് ബിൻ സലൂൽ ആയിരുന്നു. എന്തെങ്കിലും കിട്ടിയാൽ അത് കത്തിച്ചെടുക്കണമെന്ന് അദ്ദേഹത്തിൻ്റെ ഒരു താല്പര്യം ആയിരുന്നു. അതിനു വേണ്ടി അവസരം പാർത്തു നടക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം രംഗത്തേക്ക് കടന്നു വരികയും തൻ്റെ പക്ഷമായ മദീനക്കാർക്ക് വേണ്ടി ശക്തിയുക്തം ന്യായീകരിക്കുകയും ചെയ്യാൻ തുടങ്ങി. മക്കയിൽ നിന്ന് വന്ന അഭയാർത്ഥികളായ മുഹാജിറുകളുടെ ധാർഷ്ഠ്യമായി അദ്ദേഹം സംഭവത്തെ വ്യാഖ്യാനിച്ചു. സംഭവം അറിഞ്ഞു ഓരോരുത്തരും വന്നു എങ്കിലും അവർക്കെല്ലാം ആത്മീയമായ പക്വതയുണ്ടായിരുന്നു. അതിനാൽ അവരെ ആരെയും പക്ഷം കൂടുവാൻ കിട്ടിയില്ല. അവസാനം നബി തിരുമേനി(സ്വ)യുടെ ശ്രദ്ധയിൽ എത്തി വിഷയം. വിഷയത്തിന്റെ പിന്നാമ്പുറ വികാരങ്ങൾ പെട്ടെന്ന് കണ്ടെത്തിയ നബി തങ്ങൾ ഒന്നും പറഞ്ഞില്ല. നമുക്ക് ഉടനെ പുറപ്പെടാം എന്നും പറഞ്ഞ് അപ്പോൾ തന്നെ യാത്ര തുടരുകയായിരുന്നു. അത് നബിയുടെ ഒരു ബുദ്ധിപരമായ നീക്കമായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ വീണ്ടും സംഘം അവിടെത്തന്നെ നിന്നാൽ ഒരുപക്ഷേ വിവാദം വലുതായേക്കാം. അതിനാലായിരുന്നു അങ്ങനെ പതിവില്ലാതിരുന്നിട്ടും അപ്പോൾ തന്നെ പുറപ്പെടാൻ നബി(സ്വ) പറഞ്ഞത്. അതിലേറെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം വിവാദത്തിൽ നബി പാലിക്കുന്ന മൗനമാണ്. ദുരുദ്ദേശം വ്യക്തമായിരുന്നതിനാൽ നബി (സ്വ) ഒന്നും പറയുന്നില്ല. അപ്പോൾ മാത്രമല്ല, പിന്നീടും ആ വിഷയത്തിൽ ഇടപെട്ടില്ല. ചില മൗനങ്ങൾ വാചാലമാണെന്നും ഏറ്റവും വലിയ ശരിയാണെന്നും പ്രബോധനമാണെന്നുമെല്ലാം പഠിപ്പിക്കുക കൂടിയായിരുന്നു നബി തിരുമേനി(സ്വ).
അഹ്സാബ് യുദ്ധത്തിൻ്റെ അന്നും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. യുദ്ധം കഴിഞ്ഞ് മടങ്ങാൻ ഇരിക്കുമ്പോഴാണ് പുതിയ സൈനിക ദൗത്യം അനിവാര്യമായി വന്നത്. മദീനാ ചാർട്ടർ അനുസരിച്ച് മദീനയിലെ ജൂതന്മാർ ഭീഷണി നേരിടുന്ന മുസ്ലിംകളെ സഹായിക്കാൻ ബാധ്യസ്ഥരായിരുന്നു. മതപരമായ വിഷയമായതിനാൽ അത് നബി (സ്വ) അവരോട് അത് ആവശ്യപ്പെട്ടില്ല. പക്ഷേ, സഹായിക്കുന്നില്ലെങ്കിലും അവർ മുസ്ലിംകളുടെ ശത്രുവിനെ സഹായിക്കാൻ പാടില്ലായിരുന്നു. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും അവർ അങ്ങനെ ചെയ്തു അത് കയ്യോടെ നബി തിരുമേനിയും സേനയും പിടികൂടുകയും ചെയ്തു. ഇതോടെ കരാർ ലംഘിച്ചതിന്റെ അനന്തരഫലമായി അവർക്കുമേൽ നടപടി സ്വീകരിക്കുവാൻ മദീനയിലെ പൊതു ഭരണാധികാരിയായ നബി(സ്വ) രാഷ്ട്രീയമായി നിർബന്ധിതനായി. അല്ലാഹുവിൻ്റെ ഭാഗത്തിൽ നിന്നുള്ള സമ്മതവും കൽപ്പനയും അതിനു ലഭിക്കുകയും ചെയ്തു. അതോടെ നബി എല്ലാവരോടും വേഗം പുറപ്പെടാൻ പറഞ്ഞു. പറഞ്ഞ ശൈലി ഇങ്ങനെയായിരുന്നു: 'ബനൂ ഖുറൈളയിൽ എത്തിയല്ലാതെ ആരും അസ്വർ നിസ്കരിക്കരുത്'. കൽപ്പന അനുസരിച്ച് അവർ യാത്ര തുടങ്ങി. വഴി ഒരല്പം ക്ലേശകരമായിരുന്നു. അതിനാൽ ചിലരൊക്കെ വേഗവും മറ്റു ചിലർ വൈകിയും ആയിരുന്നു നടന്നതും എത്തിയതും. അതിനിടയിൽ അസ്വർ നിസ്കാരത്തിൻ്റെ സമയമായി. വഴിയിൽ വെച്ച് തന്നെ നിസ്കരിക്കണമോ അല്ല, അവിടെ എത്തിയിട്ട് നിസ്കരിച്ചാൽ മതിയോ എന്ന് അഭിപ്രായവ്യത്യാസം ഉണ്ടായി. നബി(സ്വ) പറഞ്ഞതിന്റെ ധ്വനി വേഗത്തിൽ അവിടെ എത്തണം എന്നതാണ് എന്ന് ചിലർ. എങ്കിലും പറഞ്ഞത് അവിടെ എത്തിയിട്ട് മാത്രം അസ്വർ നിസ്കരിക്കാനാണല്ലോ എന്ന് മറ്റു ചിലർ. ഓരോരുത്തരും സ്വന്തം നിലപാട് അനുസരിച്ച് നിസ്കരിച്ചു. ചിലർ വഴിയിൽ വെച്ചും, ചിലർ അവിടെയെത്തിയും. അവിടെ എത്തിയെഴുതും വിഷയവും വിവാദവും നബി അറിഞ്ഞു. പക്ഷേ നബി രണ്ടിനെയും ഒപ്പം കൂടിയില്ല. ഓരോരുത്തരും സ്വയം തീരുമാനമനുസരിച്ച് ചെയ്തതിനെ ആക്ഷേപിച്ചതേയില്ല. അതായത് വിവാദത്തിൽ വലിയ കഴമ്പൊന്നും ഇല്ല എന്നു കണ്ട നബി മൗനം പാലിച്ചു. ആ മൗനമാണ് അവിടെ ഏറ്റവും വലിയ ശരി എന്ന് പറയാതെ പറയുകയായിരുന്നു നബി(സ്വ).
ഹിജ്റ ഒമ്പതിൽ തബൂക്ക് യുദ്ധയാത്രയിൽ സമാനമായ മറ്റൊരു സംഭവമുണ്ടായി. പല നിലക്കും ക്ലേശകരമായിരുന്നു ചുറ്റുപാടുകൾ. ഒന്നാമതായി നീണ്ട യാത്ര. ഏതാണ്ട് എഴുനൂറിലധികം മൈലുകൾ താണ്ടണം മദീനയിൽ നിന്ന് തബൂക്കിലെത്തുവാൻ. അതും ചെങ്കുത്തായ മണൽമടക്കുകൾ കടന്നു വേണം അവിടെ എത്തിപ്പെടാൻ. അത് നല്ല ചൂട് കാലവും ആയിരുന്നു. ചൂടുകാലത്താണല്ലോ അവരുടെ പ്രധാന വരവിനമായ ഈത്തപ്പഴം പഴുക്കുന്നതും പാകമാകുന്നതും. അപ്പോൾ ആര്, എവിടെ പോയാലും മനസ്സ് തൻ്റെ തോട്ടത്തിൽ തന്നെയായിരിക്കും. പൊതുവേ സാമ്പത്തികമായി കഷ്ടപ്പാടുള്ള സമയവും ആയിരുന്നു. എല്ലാം കൂടി ചേർന്നപ്പോൾ ചിലരെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞു രക്ഷപ്പെട്ടേക്കാം എന്നതായിരുന്നു സാഹചര്യം. അങ്ങനെ ഉണ്ടാവുകയും ചെയ്തു. ആ കൂട്ടത്തിൽ ഒരാളായിരുന്നു കഅ്ബ് ബിൻ മാലിക്(റ). നടന്നുനടന്നു തബൂക്കിലെത്തി വിശ്രമിക്കുമ്പോൾ ആയിരുന്നു വരാത്ത ആൾക്കാരെ നബി(സ്വ) ശ്രദ്ധിച്ചത്. അവരിൽ കഅ്ബ് ബിൻ മാലിക്കിന്റെ കാര്യം തീരെ മനസ്സിലാവാത്തതായിരുന്നു. കാരണം അദ്ദേഹം പൊതുവേ അങ്ങനെ രക്ഷപ്പെടുന്ന ആളല്ല. സാമ്പത്തികമായി സുസ്ഥിതി ഉള്ള ആളുമാണ്. അദ്ദേഹത്തിന് സ്വന്തമായി തന്നെ വാഹനമെല്ലാം ഉണ്ട്. എന്നിട്ടും അദ്ദേഹത്തെ കാണാതെ വന്നപ്പോൾ നബി തിരക്കി: 'കഅ്ബിന് എന്തുപറ്റി?' ബനൂ സലമക്കാരായ ചിലർ വിളിച്ചു പറഞ്ഞു: 'അയാളുടെ സ്വത്തും ശരീരവും അദ്ദേഹത്തെ തടഞ്ഞതായിരിക്കാം നബിയെ..' അസുഖകരമായ ആ പ്രതികരണം കേട്ട മുആദ്(റ) ചാടി എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു: 'അങ്ങനെ ഒരിക്കലും പറയരുത്, നബിയേ, അദ്ദേഹം അങ്ങനെയുള്ള ഒരാളാണ് എന്ന് ആരും കരുതുന്നില്ല. അദ്ദേഹത്തിൽ നന്മയല്ലാതെ ഇന്നുവരെ ഒന്നും ആരും കണ്ടിട്ടില്ല..' ഹദീസിൽ പറയുന്നില്ലെങ്കിലും രണ്ടിൽ ഏതെങ്കിലും ഒരു പക്ഷത്ത് മനസ്സു കൊണ്ടെങ്കിലും ഓരോരുത്തരും കൂടിയിട്ടുണ്ടാകും. പക്ഷേ, വഹ്യിൻ്റെ പിൻബലമുള്ള നബി തിരുമേനി(സ്വ) മൗനം പാലിക്കുകയായിരുന്നു അവിടെയും.
മൂന്ന് ചരിത്ര രംഗങ്ങൾ. മൂന്നിന്റെയും ഉള്ളടക്കവും ആശയവും സാഹചര്യവും അർത്ഥവും എല്ലാം പരസ്പരം വിഭിന്നമാണ്. പക്ഷേ, നബി തിരുമേനി(സ്വ)യുടെ സമീപനം മൂന്നിടത്തും ഒന്നാണ്. മൗനം. രണ്ടിടത്തോടും ചേർന്നു നിൽക്കാത്ത മൗനം. ഇതിൽ നിന്ന് വിശ്വാസി മനസ്സിലാക്കേണ്ടത്, നൻമക്ക് വേണ്ടിയുള്ള നമ്മുടെ ഇടപെടലുകൾ വെറും സംസാരിച്ചുകൊണ്ട് ചെയ്യേണ്ടതും ചെയ്യാവുന്നതും മാത്രമല്ല, മറിച്ച് ചില രംഗങ്ങളിൽ സംസാരിക്കാതിരുന്നും നന്മയുടെ ഇടപെടൽ നടത്താം എന്നതാണ്. അതായത്, മൗനം പാലിക്കുന്നതിലും നൻമയുണ്ട്. നബി(സ്വ) അങ്ങനെയും നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് മേൽപ്പറഞ്ഞ മൂന്ന് രംഗങ്ങളും. അതേ സമയം നബി(സ്വ) പ്രതികരണ ശേഷി ഇല്ലാത്ത ഒരാളായിരുന്നു എന്നല്ല ഇതിനർഥം. വേണ്ട സന്ദർഭങ്ങളിൽ ഗൗരവപൂർവ്വം ഓരോ കാര്യങ്ങളിലും ഇടപെടുന്നതും മാന്യമായി ദേഷ്യപ്പെടുന്നതും ശാന്തമായി ഗുണദോഷിക്കുന്നതുമെല്ലാം നബി(സ്വ)യുടെ പതിവായിരുന്നു. പക്ഷെ, ചില സാഹചര്യങ്ങൾ ഉണ്ട്. അവിടെ ഉണ്ടാകുന്ന വിവാദത്തിന് ഒരു തരം ആഴവും അർഥവും ഉണ്ടാവില്ല. എന്തിനാണ് ഈ വിവാദം എന്ന് ആർക്കും മനസ്സിലാവില്ല. വല്ലതും മനസ്സിലായാൽ തന്നെ അവിടെ ദുരുദ്ദേശം പ്രകടവുമായിരിക്കും. വാദിച്ച് തൊണ്ടപൊട്ടിക്കുന്നവൻ്റെ ത്വര സത്യം സ്ഥാപിക്കലല്ല, മറിച്ച് തൻ്റെ കോയ്മ സ്ഥാപിക്കലായിരിക്കും. അത്തരം സാഹചര്യങ്ങളിൽ നാം കൂടി ഒച്ചയിടാൻ തുടങ്ങിയാൽ ഒച്ചയുടെ ബഹളമല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ഒരു ശാന്തമായ പരിഹാരത്തിലേക്ക് അത് ഒട്ടും എത്തുകയുമില്ല. സൂക്ഷ്മമായി വീക്ഷിച്ചാൽ മേൽ പറഞ്ഞ മൂന്ന് രംഗങ്ങളിലും നബി(സ്വ) അത്തരം കഴമ്പില്ലാത്ത വിവാദങ്ങളുടെ മുമ്പിലായിരുന്നു എന്നു കാണാം. അപ്പോൾ ആ സാചഹര്യങ്ങൾ കൂടി ഈ പാഠത്തിൽ ചേർത്തു പഠിക്കണം.
'തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധിക ജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ആ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്' എന്ന് നബി(സ്വ).
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso