Thoughts & Arts
Image

മോക്ഷം തേടി റംസാനിലേക്ക്

2025-03-21

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







മനുഷ്യൻ്റെ ജീവിതത്തെ നമുക്ക് ഒരു ഒഴുക്കായി സങ്കൽപ്പിക്കാം. നിരന്തരമായ ആ ഒഴുക്കിൽ അവന് പല പരിക്കുകളും പറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ പരിക്കുകൾ. ശാരീരികമായി അവൻ്റെ ആന്തരിക അവയവങ്ങൾ നിരന്തരമായ പ്രവർത്തനങ്ങൾ മൂലം നീണ്ട 11 മാസം പിന്നിടുമ്പോഴേക്കും ക്ഷീണവും ചിലപ്പോൾ ക്ഷയവും നേരിടുന്നു. ക്ഷീണവും ക്ഷയവും ചിലപ്പോൾ രോഗങ്ങളായി പരിണമിക്കുന്നു.
മനോവ്യാപാരങ്ങളും അപ്രകാരം തന്നെയാണ്. നിരന്തരമായ വൈചാരികവും വൈകാരികവുമായ ഇടപെടലുകൾ, ജാഗ്രതയോടെ നടത്തുന്ന കണക്കുകൂട്ടലുകൾ, അതിലെ വിജയ പരാജയങ്ങൾ. സഹജീവികളിൽ നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങൾ, വേണ്ടപ്പെട്ടതിന്റെ നാശങ്ങൾ, വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ, അവയിൽ നിന്നെല്ലാം മാറിമാറി അനുഭവപ്പെടുന്ന അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം ഒരു വർഷത്തോളം മനസ്സ് നേരിടുമ്പോൾ അത് അവൻ്റെ മാനസികമായ ആരോഗ്യത്തെ ക്ഷീണിപ്പിച്ചു കളയുന്നു. നൈരന്തര്യത്തിനും ആഴത്തിനും അനുസൃതമായി അവ രോഗമായി മാറുന്നു. ഈ പരിക്കുകളാൽ ഉണ്ടാവുന്ന കുറവുകളെ പരിഹരിക്കുവാനും താളഭംഗങ്ങളെ താളാത്മകമാക്കുവാനും എപ്പോൾ വേണമെങ്കിലും തനിക്ക് കഴിയും എന്ന് മനുഷ്യൻ അവകാശപ്പെട്ടേക്കാം. അങ്ങനെ അവൻ കരുതുന്നുണ്ടായിരിക്കാം. പക്ഷേ, നിർബന്ധിതമായ ഒരു സാഹചര്യത്തിന്റെ സമ്മർദ്ദം ഉണ്ടായാലല്ലാതെ അത് അവൻ ചെയ്യില്ല എന്നത് മനുഷ്യ ജീവിതത്തിൻ്റെ പച്ചയായ അനുഭവമാണ്. കാരണം അവന്റെ ആ തോന്നലുകളും ധാരണകളും എല്ലാം വെറും അറിവുകളോ ഊഹങ്ങളോ മാത്രമാണ്. അവയെല്ലാം മനസ്സിൽ കിടക്കുക മാത്രമേ ചെയ്യൂ. അവ പ്രവർത്തിക്കുക സാഹചര്യങ്ങളുടെ സമ്മർദ്ദം അനുഭവപ്പെട്ടാൽ മാത്രമാണ്. റംസാനിൽ ഇസ്ലാമിക വിശ്വാസിയുടെ ജീവിതത്തിലേക്ക് വ്രതം എന്ന വികാരം നിർബന്ധ ഭാവത്തിൽ കടന്നുവരുമ്പോൾ അത് അവൻ്റെ ശരീരത്തിനും മനസ്സിനും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുവാനും താളപ്പെടുത്തുവാനും ഉള്ള അവസരമായിത്തീരുന്നു. തികച്ചും ഭൗതികമായി റംസാൻ ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും വലിയ അനുഗ്രഹമാകുന്നത് ഇങ്ങനെയാണ്.



വിശുദ്ധ റംസാനിൽ വ്രതം അനുഷ്ഠിക്കുമ്പോൾ അത് അവന് നഷ്ടപ്പെടുകയോ താളം തെറ്റുകയോ ചെയ്ത ആരോഗ്യം തിരിച്ചു പിടിക്കാനുള്ള ഒരു അവസരമാകുന്നു. നോമ്പ് സമയത്ത് ശരീരം സ്വയം ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഗ്ലൂക്കോസാണ് ശരീരം ഉപയോഗിക്കുന്നത്. നോമ്പിൻ്റെ സമയം നീളുന്നതിനനുസരിച്ച് ഈ ഗ്ലൂക്കോസ് മുഴുവനും ഉപയോഗിച്ചുതീരുന്നു. കൊഴുപ്പാണ് ഊർജത്തി​ൻ്റെ അടുത്ത സ്രോതസ്സായി ശരീരം ഉപയോഗിക്കുന്നത്. ഊർജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം കുറക്കാനും അതുവഴി മസിലുകളെ സംരക്ഷിക്കാനും ദീർഘകാലത്തേക്ക്​ ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനുമാകും. ഒപ്പം ശരീരത്തിലെ ഗ്രന്ഥികൾ, ആമാശയം, പ്ലീഹ, കിഡ്നി, സന്ധികൾ, ഹൃദയം, തൊലി, പ്രമേഹം, രക്ത ഗ്രന്ഥികൾ, എന്നീ അവയവങ്ങൾക്കെല്ലാം പ്രത്യേകം ഗുണം ചെയ്യുന്നതാണ് വ്രതാനുഷ്ഠാനം. അതോടൊപ്പം വൈറസ്, ബാക്ടീരിയ തുടങ്ങിയവയെ തടഞ്ഞ് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കും. വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന മറ്റൊരുപകാരം ലിംഫോസൈറ്റുകളുടെ പ്രവർത്തന സൂചിക പത്തിരട്ടി വർധിപ്പിക്കാനും പ്രതിരോധ ശേഷി സെല്ലുകളുടെ എണ്ണം വർധിപ്പിക്കാനും ചില ആന്റി ബയോട്ടിക്കുകളുടെ ക്ഷമത ഇരട്ടിപ്പിക്കാനും മെന്റൽ പ്രോട്ടീനുകളുടെ വർധനവിന്റെ ഫലമായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും എന്നതാണ് എന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.



ഇതെല്ലാം നോമ്പിൻ്റെ ആരോഗ്യപരമായ നേട്ടങ്ങളാണ്. ഇപ്രകാരം തന്നെ നോമ്പ് നൽകുന്ന മാനസികമായ നേട്ടങ്ങളും നിരവധിയാണ്. മനുഷ്യമനസ്സിന് ശാന്തവും സന്തുലിതവുമായ ഒരു വൈകാരികതയാണ് ഉള്ളത്. വികാരങ്ങൾ, വിചാരങ്ങൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ തുടങ്ങിയവയാണ് മനസ്സിനെ അതിൻ്റെ ശാന്തതയോടെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവയിൽ ഉണ്ടാകുന്ന താളപ്പിഴവുകളാണ് മാനസികമായ അസ്വസ്ഥതകൾ ആയും പിന്നീട് മാനസിക രോഗമായും മാറുന്നത്. അതിനാൽ മനസ്സിൻ്റെ രോഗവും ചികിത്സയും എല്ലാം മനസ്സിൻ്റെ ബാലൻസിനെ അതായത് സന്തുലിതത്വത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സന്തുലിതത്വത്തെ നിലനിറുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് ക്ഷമയും സഹനവും. റംസാൻ വിശ്വാസികൾക്ക് നേടിത്തരുന്ന മാനസികമായ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയും ഇവ രണ്ടുമാണ്. റംസാൻ ക്ഷമയുടെ മാസമാണ്, ക്ഷമയുടെ പ്രതിഫലം സ്വർഗം മാത്രമാണ് എന്നാണ് നബി തിരുമേനി(സ്വ) പറഞ്ഞിട്ടുള്ളത്. നോമ്പ് കാലത്ത് പൊതുവേ ദേഷ്യവും സഹനരാഹിത്യവും അമിതമായി പ്രകടിപ്പിക്കുന്ന പലരെയും കാണാം. അവരുടെയൊന്നും നോമ്പ് ശരിയായ അർത്ഥത്തിലുള്ളത് ആയിട്ടില്ല എന്നാണ് അതെല്ലാം സൂചിപ്പിക്കുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ ക്ഷമ പഠിക്കാന്‍ നോമ്പ് അവസരം തരുന്നു. ക്ഷമ, വാസ്തവത്തില്‍ അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്' (16:127). അതുപോലെ തന്നെ വിശ്വാസത്തിന്റെ ഉപോല്‍പന്നങ്ങളായ ക്ഷമ, വിനയം, സ്ഥൈര്യം, അനുകമ്പ, ദയ മുതലായ സദ്ഗുണങ്ങളും അല്ലാഹു അവന്റെ ഉത്തമ ദാസന്മാര്‍ക്കു കനിഞ്ഞരുളുന്ന ഗുണങ്ങളാകുന്നു. നോമ്പ് ശരീരത്തിന് ചില ക്ഷീണങ്ങള്‍ സമ്മാനിക്കുന്നുണ്ട്. നോമ്പുകാര്‍ അവയെ എല്ലാം ക്ഷമയോടെ സ്വീകരിക്കും. നോമ്പുകാലത്ത് അനുഭവപ്പെടുന്ന ദാഹവും വിശപ്പും ക്ഷമയുടെ പാഠങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു. തന്നോട് കയര്‍ക്കാന്‍ വരുന്നവരോട് ‘ഞാന്‍ നോമ്പുകാരനാണ്’ എന്നു പറഞ്ഞു സമാധാനപരമായി ഒഴിഞ്ഞുപോകാന്‍ നോമ്പ് വിശ്വാസിയെ കരുത്തനാക്കുന്നു.



ക്ഷമ മൂന്നു തരം ഉണ്ടെന്നാണ് പണ്ഡിതമതം.
അല്ലാഹുവിനെ അനുസരിക്കുന്നതില്‍ പുലര്‍ത്തുന്ന ക്ഷമ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ കാണിക്കുന്ന ക്ഷമ, അല്ലാഹുവിന്റെ വിധികളില്‍ ഉള്ള ക്ഷമ എന്നിവയാണ് അവ.
അല്ലാഹു തനിക്കു വിധിച്ചത് എന്താണെങ്കിലും അത് ക്ഷമാപൂര്‍വം സ്വീകരിക്കുക. അതേപോലെ മറ്റുള്ളവര്‍ മുഖേന തനിക്കു സംഭവിക്കണമെന്ന് അല്ലാഹു നിശ്ചയിച്ച നഷ്ടങ്ങളിലും ദ്രോഹങ്ങളിലും ക്ഷമിക്കുക. അല്ലാഹുവെ അനുസരിക്കുക. ഏറെ ക്ഷമ ആവശ്യമുള്ള കാര്യമാണ് ഇവയെല്ലാം. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ നിശ്ചയിച്ചു കഴിഞ്ഞാൽ പല നിയന്ത്രണങ്ങളും ജീവിതത്തില്‍ ഏര്‍പ്പെടുത്തേണ്ടതായി വരും. പല സ്വാതന്ത്ര്യങ്ങളും ഉപയോഗിക്കാന്‍ പറ്റാതെ വരും. പല ഇഷ്ടങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. ഇത്തരം സാഹചര്യങ്ങളെല്ലാം മനസ്സിന് താങ്ങാൻ കഴിയണമെന്നുണ്ടെങ്കിൽ ക്ഷമയും സഹനവും അനിവാര്യമാണ്. നോമ്പ് ക്ഷമയും സഹനവും പഠിപ്പിക്കുന്നത് ഉപേക്ഷിക്കുക എന്ന വികാരം ഉപയോഗപ്പെടുത്തിയാണ്. അനുവദനീയമായതും ഇച്ഛകളിൽ പെട്ടതുമായ ഒരു കാര്യം വേണ്ടെന്നുവെക്കുവാൻ മനസ്സിന് നല്ല ബലവും ശേഷിയും വേണം. നോമ്പുകാലത്ത് വിശ്വാസികൾ അനുവദനീയമായ കാര്യങ്ങൾ ചെയ്യുകയല്ല, ചെയ്യാതിരിക്കുവാൻ ശീലിക്കുകയാണ്.



ആരാധനാനിരതമായ കര്‍മങ്ങളും സല്‍പ്രവൃത്തികളിലുള്ള ഉത്സാഹവും അധര്‍മങ്ങളോടുള്ള അകലം പാലിക്കലും വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി നേടിയെടുക്കുമ്പോള്‍, ഭക്തിയുടെ പുതുജീവിതവഴി തെരഞ്ഞെടുക്കാനാണ് മനസ്സ് പാകപ്പെടുന്നത്. നോമ്പ് ഒറ്റ ദിവസം കൊണ്ട് മനഃപരിവര്‍ത്തനമുണ്ടാക്കുന്ന ഒരു മാന്ത്രികവിദ്യയല്ല. സ്വാഭാവികമായും സാവധാനത്തിലും സംഭവിക്കുന്ന പരിവര്‍ത്തനത്തിന് മനസ്സിനെ പാകപ്പെടുത്തുന്ന പരിശീലന കളരിയാണ്. അനേകം മനുഷ്യായുസ്സുകള്‍ സമയമെടുത്ത് നേടാവുന്നത്ര പ്രതിഫലങ്ങൾ നേടിയെടുക്കാനുള്ള സന്ദര്‍ഭങ്ങള്‍ കൂടി റമദാനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നത് വിശ്വാസികള്‍ക്ക് വലിയ ഹൃദയാനന്ദം നല്‍കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും നല്ല നിലക്കുള്ള നിലനിൽപ്പിനെ ജീവിത ലക്ഷ്യമായി കാണുകയും അതോടൊപ്പം പാരത്രികമായി യാത്രയ്ക്ക് ആവശ്യമായ പാഥേയങ്ങൾ സംഭരിക്കുന്നതിൽ വന്ന വീഴ്ചകൾ പരിഹരിച്ചുകൊണ്ട് ധാരാളം നന്മകൾ ചെയ്യുകയും ഇതെല്ലാം സ്വന്തം ജീവിത താളമാക്കി മാറ്റുവാനുള്ള മാനസിക നിലയിൽ എത്തിച്ചേരുകയും ചെയ്യുമ്പോഴാണ് വിശ്വാസിക്ക് നോമ്പ് അനുഗ്രഹമാവുന്നത്. സമൂലമായ ഈ ജാഗ്രത ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ അനിവാര്യമായ കരുത്തിന്റെയും കാവലിൻ്റെയും പേരാണ് ‘തഖ് വ'. പരിശുദ്ധമായ റംസാൻ മാസത്തിൽ നാം നിർബന്ധമായും നോമ്പ് എടുക്കണം എന്ന് സൃഷ്ടാവായ അല്ലാഹു താൽപര്യപ്പെടുന്നത് നമ്മൾ മുത്തഖീങ്ങൾ ആകുവാൻ വേണ്ടിയാണ് എന്ന് പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം ഇതാണ്.



0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso