മാസവിശേഷം/ റബീഉൽ അവ്വൽ
13-09-2021
Web Design
15 Comments
റബീഉൽ അവ്വലിന്റെ ഓർമ്മകളിലേക്ക് ഊളിയിടുമ്പോൾ അനുഭപ്പെടുക മാനുഷ്യകത്തിന്റെ മഹാചാര്യൻ നബി(സ്വ) തിരുമേനിയുടെ സൗരഭ്യമുളള സ്മരണകളുടെ സുഖമുളള കുളിരും ചൂടുമാണ്. മനുഷ്യകുലത്തിനുള്ള അവസാന ദൂതുമായി മഹാനായ പ്രവാചകർ(സ്വ) ഭൂജാതനായത് തന്നെയാണ് ഈ മാസത്തിന്റെ പുകളും പൊലിവും. റബീഉൽ അവ്വൽ മാസത്തിലും തിങ്കളാഴ്ച ദിവസത്തിലുമായിരുന്നു ആ തിരുപ്പിറവി എന്നത് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ തിയ്യതിയുടെ കാര്യത്തിൽ ചില അഭിപ്രായാന്തരങ്ങൾ പുതിയ കാലത്ത് ശ്രദ്ധയിൽ പെടുന്നുണ്ട്. റബീഉൽ അവ്വൽ 12 നായിരുന്നു അതെന്നത് വളരെ പൗരാണിക കാലം മുതൽ കൈമാറിവരുന്നതാണ്. പ്രമുഖരായ ആധികാരിക ചരിത്രകാരൻമാരെല്ലാം ഈ പക്ഷത്താണ്. ഇബ്നു കതീർ(റ) തന്റെ അൽ ബിദായ വന്നിഹായയിലും മുഹമ്മദുൽ ഹള്റമി തന്റെ ഹദാഇഖുൽ അൻവാറിലും ഈ പക്ഷത്താണ് ഭരീപക്ഷവും എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു ഇസ്ഹാഖ്, ഇബ്നു ഹിശാം എന്നിവരുമെല്ലാം ഈ പക്ഷത്തു തന്നെ. മറിച്ചുളള അഭിപ്രായങ്ങളിൽ ഒന്ന് ശിയാക്കളുടേതാണ്. 17-നായിരുന്നു തിരുജനനം എന്നവർ പറയുന്നു. മറ്റൊന്ന് 9-നാണ് എന്നതാണ്. ഇതു പറയുന്നവർ അധികവും ആധുനിക ചരിത്രകാരൻമാരാണ്. തിയ്യതികളും ദിവസങ്ങളും വിവിധ കലണ്ടറുകളിൽ ഒന്നിച്ചു കണ്ടെത്താനുള്ള വിദ്യ വഴിയാണ് പ്രധാനമായും ഈ വാദം വന്നത്. അല്ലാമാ മഹ്മൂദ് ബാഷ, മൻസ്വൂർഫൂരി തുടങ്ങിയ ഗോളശാസ്ത്രജ്ഞൻമാർ അവരുടെ വഴിക്ക് അതും സമർഥിക്കുന്നുണ്ട്.
ഈ മാസം ആദ്യത്തിലായിരുന്നു നബി(സ) യുടെ മദീനാ ഹിജ്റ പലായനം തുടങ്ങുന്നത്. ഇസ്ലാമിക രാജ്യത്തിന്റെ അസ്ഥിവാരം ഇടാനെന്നോണം നബി(സ) മദീനയിൽ എത്തുന്നത് റബീഉൽ അവ്വൽ 12-നാണ്. അതിനാൽ തന്നെ മസ്ജിദു ഖുബാ നിർമ്മാണം, ആദ്യത്തെ മദീനയിലെ നബിയുടെ ജുമുഅ തുടങ്ങിയവയും ഈ മാസത്തിലായിരുന്നു. തിരുനബി ജീവിതത്തിലെ അസംഖ്യം സംഭവങ്ങൾക്ക് ഈ മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് ഒന്നാം ബദർ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന സഫ് വാൻ യുദ്ധം. കുർസ് ബിൻ ജാബിർ അൽ ഫിഹ് രി എന്ന ഒരാൾ ബദറിനടുത്ത വാദീ സഫ്വാൻ എന്ന മലമ്പ്രദേശത്തു വെച്ച് തന്റെ അനുയായികളോടുകൂടെ മദീനയിലെ കന്നുകാലികളെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത കേട്ടായിരുന്നു നബി(സ) യും എഴുപതോളം പേരും ഇതിനെതിരെ ഇറങ്ങിയത്. ഏറ്റുമുട്ടലുകൾ ഒന്നും ഉണ്ടായില്ല. കുർസ് എന്ന സംഘത്തലവൻ പിന്നീട് ഇസ്ലാമിലെത്തി. ഈ സംഭവം ഈ മാസത്തിലായിരുന്നു എന്നാണ് പ്രപല ചരിത്രപക്ഷം. ദൂ അംറ് എന്ന ബനീ ഗഥ്ഫാൻ സൈനിക നീക്കവും ഹിജ്റ 3 ലെ റബീഉൽ അവ്വലിലായിരുന്നു. നാനൂറ്റി അൻപതു പേർ നബിയോടൊപ്പം ഈ സംഘത്തിലുണ്ടയിരുന്നു. ഹിജ്റ മൂന്നാം വർഷം റബീഉൽ അവ്വലിൽ നടന്ന പ്രധാനപ്പെട്ട ഒരു സംഭവം നബി(സ) യുടെ മൂന്നാമത്തെ മകൾ ഉമ്മുകുൽസൂം(റ) യെ ഉസ്മാൻ(റ) വിവാഹം ചെയ്തതാണ്. അദ്ദേഹത്തിന്റെ ഭാര്യയും നബിയുടെ രണ്ടാമത്തെ മകളുമായിരുന്ന റുഖിയ്യ(റ) ഹിജ്റ രണ്ടിൽ മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഈ വിവാഹം. അതോടെ ഉസ്മാൻ(റ) രണ്ടു പ്രകാശ ശ്രേഷ്ഠതകളുടെ ഉടമായായി.
ബനൂ നളീർ ജൂത കുടുംബവുമായി ഏറ്റുമുട്ടേണ്ടി വന്നതും ഈ മാസത്തിലാണ്. ഹിജ്റ 4 ലായിരുന്നു സംഭവം. ബനൂ ആമിറിൽ തന്റെ അനുയായികളാൽ കൊല്ലപ്പെട്ട രണ്ടു പേർക്കുളള മോചനദ്രവ്യം നൽകുവാൻ വേണ്ടി സഹായം തേടി അവരുടെ വീട്ടിൽ എത്തിയ നബി(സ) യെ ചതിയിൽ വധിക്കാൻ അവർ പദ്ധതിയിട്ടതിനെ തുടർന്നായിരുന്നു അവരുമായുള്ള ബന്ധം വഷളായത്. അൽ ഹശ്‌ർ അധ്യായത്തിൽ വിശുദ്ധ ഖുർആൻ ഈ സംഭവം അനുസ്മരിക്കുന്നുണ്ട്. നബി(സ) നേരിട്ട് നയിച്ച ദൗമത്തുൽ ജന്തൽ, ഹംസ(റ)യുടെ നേതൃത്വത്തിൽ നടന്ന സൈഫുൽ ബഹർ, മുസ്ലിം ഖുർആൻ പണ്ഡിതർക്കെതിരെ കൊടും ചതി അരങ്ങേറിയ ഹിജ്റ 6 ൽ നടന്ന റജീഅ് സംഭവത്തിനെ തുടർന്നുണ്ടായ ബനൂ ലഹിയാൻ യുദ്ധം തുടങ്ങിയവയെല്ലാം പിന്നിട്ട് റബീഉൽ അവ്വലിന്റെ ചരിത്രസ്മരണകളുടെ ശേഷിപ്പുകൾ പ്രിയപ്പെട്ട നബിയുടെ വിയോഗം വരെ എത്തിനിൽക്കുന്നു. ഹിജ്റ 11 - ൽ റബീഉൽ അവ്വൽ 12 ന് കാലത്തായിരുന്നു ആ വഫാത്ത്. അതിനാൽ തന്നെ ഇസ്ലാമിക രാജ്യത്തിന്റെ ഒന്നാം ഖലീഫ അബൂബക്കർ(റ) വിന്റെ സ്ഥാനാരോഹണവും ഈ മാസത്തിന്റെ ഓർമ്മകളിൽ പെടുന്നു.
ഇസ്ലാമിക ചരിത്രത്തിൽ പല വലിയ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച മാസം കൂടിയാണിത്. ഉമർ(റ) വിന്റെ കാലത്ത് ബൈത്തുൽ മുഖദ്ദസ് ചരിത്രത്തിലാദ്യമായി മുസ്ലിംകൾ തിരിച്ചു പിടിച്ചത് മുതൽ ആ ശ്രേണി തുടങ്ങുന്നു. അബൂ ഉബൈദ, ഖാലിദ് ബിൻ വലീദ് എന്നിവരുടെ സമർഥമായ മുന്നേറ്റത്തിനൊടുവിൽ ക്രിസ്ത്യൻ മേധാവിത്തം അടിയറവ് പറഞ്ഞു. ഇസ്ലാമിക ലോകത്തിനു വേണ്ടി നഗരത്തിന്റെ താക്കോൽ കാണാൻ ഖലീഫ ഉമർ(റ) ഖുദ്സിലെത്തിയത് ഹിജ്റ 16 ലെ റബീഉൽ അവ്വലിലായിരുന്നു. ഐക്യത്തിന്റെയും ഏകതയുടെയും മഹാവികാരങ്ങൾ ഉയർത്തിപ്പിടിച്ച് ഇമാം ഹസൻ(റ), മുആവിയ ബിൻ അബീസുഫ്യാൻ എന്നിവർ ചെയ്ത ഹിജ്റ 41 ലെ ചരിത്ര പ്രസിദ്ധമായ സന്ധിയും ഈ മാസത്തിലായിരുന്നു. പിന്നെയും കൈവിട്ടു പോയ ഖുദ്സ് വീണ്ടും തിരിച്ചു പിടിക്കുവാനുള്ള നിയോഗം പിന്നീട് കിട്ടിയത് സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി ക്കായിരുന്നു. അതിന്റെ ആദ്യ ചുവടായി ഹിജ്റ 570 ൽ അയ്യൂബി ഡമാസ്കസിലെത്തിയ ഓർമ്മയും ഈ മാസത്തിനു സ്വന്തം.
ഈ മാസത്തിന് കാലസാക്ഷിയാകേണ്ടി വന്ന ദുഖങ്ങളിൽ നിറയെ അതികായൻമാരുടെ വിയോഗങ്ങളുണ്ട്. ഹിജ്റ 179 ൽ മദീനയുടെ ഇമാമായിരുന്ന മാലിക് ബിൻ അനസ്(റ), ഹിജ്റ 241 ൽ ഒട്ടേറെ പരീക്ഷണങ്ങൾക്കും അതിലേറെ സേവനങ്ങൾക്കും ശേഷം വിട പറഞ്ഞ ഇമാം അഹ്മദ് ബിൻ ഹൻബൽ(റ), ഹിജ്റ 604 - ൽ സ്വൂഫീ ലോകത്തിന്റെ കണ്ണും കരളും നനച്ചു കടന്നു പോയ മസ്നവിയുടെ വിരൽ തുമ്പ് ജലാലുദ്ദീൻ റൂമി, ഖുർആൻ പാരായണ ശാസ്ത്രത്തിലെ നിറസാന്നിധ്യം മുഹമ്മദ് ബിൻ മുഹമ്മദ് അലി എന്ന ഇമാം ജസരീ മുതലായവർ മുതൽ ഹിജ്റ 64 ൽ ഒട്ടേറെ വിവാദങ്ങൾക്കൊടുവിൽ മരണപ്പെട്ട അമവികളുടെ രണ്ടാം ഖലീഫ യസീദ് വരെ ഉൾപ്പെടുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ക്രൂരമായി പിന്തുടർന്ന് വേട്ടയാടിയ താർത്താരീ നായകൻ ഹുലാവു ഖാൻ നാടുനീങ്ങിയതിന്റെ ഓർമ്മയും ഈ മാസത്തിനുണ്ട്.
ഇസ്ലാമിക സംസ്കൃതി വേദനയോടും ഞെട്ടലോടും കൂടി മാത്രം കാണുന്ന രണ്ട് ചരിത്രങ്ങൾ കൂടി ഈ മാസത്തിന് ഓർത്തെടുക്കാനുണ്ട്. ഒന്ന് എട്ടു നൂറ്റാണ്ടിന്റെ ആധിപത്യത്തിനു ശേഷം സ്പെയിനിൽ നിന്നും മുസ്ലിം അധികാരം കൊടിയിറങ്ങിയതിന്റെ കാഴ്ചയാണ്. ഫെറാണ്ടോ രണ്ടാമനും ഇസബെല്ല രാജ്ഞിയും എട്ടു നൂറ്റാണ്ടോളം മുസ്ലിംകൾ ഭരണം നടത്തിയ സ്പെയിനിലെ അവസാന നഗരവും പിടിച്ചെടുത്തു മുസ്ലിം ഭരണാധികാരിയെ നാടുകടത്തുകയായിരുന്നു. ഹിജ്റ 897 ലെ റബീഉൽ അവ്വലിലായിരുന്നു ഇത്. ആഭ്യന്തര അന്തഛിദ്രതകൾ ഒരു സമുദായത്തെ എത്ര നിരാശമാക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് മുസ്ലിം സ്പെയിൻ. രണ്ടാമത്തേത് അഞ്ചര നൂറ്റാണ്ടിന്റെ ആധിപത്യത്തിനു ശേഷം കൊടിയിറങ്ങേണ്ടിവന്ന ഓട്ടോമൻ ഖിലാഫത്തിന്റെ പതനമാണ്. ബ്രിട്ടീഷുകാരുടെ കാർമ്മികത്വത്തിൽ ഒരു ലോകയുദ്ധം തന്നെ ഇതിന്നായി ശത്രുക്കൾ ഉണ്ടാക്കി. സമ്പന്നമായ ഓട്ടോമൻ അധികാരവും മണ്ണും തട്ടിയെടുക്കുവാൻ പാശ്ചാത്യർ നടത്തിയ ഒരു കള്ളക്കളിയായിരുന്നുവല്ലോ ഒന്നാം ലോകമഹായുദ്ധം. അതു വിജയിപ്പിച്ചെടുത്ത് അവർ അവരുടെ ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരനെ തൊപ്പിയിട്ട് തുർക്കിയിൽ കസേരയിലിരുത്തി. ആ പാവയായ മുസ്തഫാ കമാൽ എന്ന അത്താ തുർക്ക് ഖലീഫ മുഹമ്മദ് ആറാമനെ നാടുകടത്തി ഓട്ടോമൻ ഖിലാഫത്ത് അവസാനിച്ചതായും അവസാനിപ്പിച്ചതായും വിളമ്പരം നടത്തിയത് ഹിജ്റ 1341 റബീഉൽ അവ്വൽ 14 - നായിരുന്നു.
കേരളത്തിലെ സമസ്ത കടുംബത്തിനും ചില വേദനയൂറുന്ന നേതൃവിയോഗങ്ങളുടെ ഓർമ്മകൾ റബീഉൽ അവ്വലിൽ അയവിറക്കുവാനുണ്ട്. അവയിലെന്ന് ശൈഖുനാ എ പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ(ന.മ) അവർകളുടെ വിയോഗമാണ്. ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിനുശേഷം സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി കടന്നുവന്ന പ്രമുഖ പണ്ഡിതനും ആധ്യാത്മിക രംഗത്തെ വിശുദ്ധ സാന്നിധ്യവുമായിരുന്നു കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍.
1942 ലാണ് ഉസ്താദിന്റെ ജനനം. ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പുവാണ് പിതാവ്. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. മണ്ണാർക്കാട്ടെ കുമരംപുത്തൂര്‍ പള്ളിക്കുന്നാണ് ഉസ്താദിന്റെ സ്വദേശം.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം പിതൃവ്യനായ ബീരാന്‍ കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഭാര്യപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്‌ലിയാരുടെ അടുക്കലെത്തി തുടര്‍ന്ന് സമസ്ത മുശാവറ മെമ്പറായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ അടുത്ത് രണ്ട് വര്‍ഷവും പഠനം നടത്തിയിട്ടുണ്ട്.1963 ലാണ് മുഹമ്മദ് മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്. സ്ഥാപനത്തിന്റെ പ്രാരംഭകാലമായിരുന്നു ഇത്. ജാമിഅയിലെ പ്രഥ സനദ് ദാന സമ്മേളനത്തിലായിരുന്നു ബിരുദ ധാരണം. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്.
ജാമിഅയില്‍ നിന്ന് വിട്ട ശേഷം ഒറവുംപുറം, മാട്ടൂല്‍തെക്ക്, കൊളപ്പറമ്പ്, മണലടി, എപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശേരി, പള്ളിശ്ശേരി, നന്തി, ആലത്തൂര്‍ പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, ചെമ്മാട്, മടവൂര്‍, കാരത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി. ഒടുവില്‍ താന്‍ പഠിച്ചുവളര്‍ന്ന ജാമിഅ നൂരിയ്യയില്‍തന്നെ മുദരിസായി ഉസ്താദ് ക്ഷണിക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടു കാലത്തിലധികം നീണ്ടുനിന്നതായിരുന്നു ജാമിഅയില്‍ ഉസ്താദിന്റെ സേവനം. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷം. അധ്യാപന ജീവിതത്തിന്റെ ആദ്യഘട്ടത്തിലും ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജാമിഅയില്‍ അഞ്ച് വര്‍ഷത്തോളം അദ്ദേഹം സേവനം ചെയ്തിരുന്നു. അന്നത്തെ ബഹുമാനമുള്ള ബന്ധങ്ങൾ മഹാനവർകളെ സമസ്തയോട് കൂടുതൽ അടുപ്പിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ തുടങ്ങി അനവധി ശിഷ്യന്മാര്‍ക്ക് ജ്ഞാന വെളിച്ചം പകരാന്‍ ഉസ്താദിന് സാധിച്ചു.
ഇന്ന് മത വൈജ്ഞാനിക മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന പ്രധാനികളുടെ ഗുരുവര്യന്‍ എന്നതുകൊണ്ടുതന്നെ ഉസ്താദുല്‍ അസാതീദ് എന്നൊരു അപരനാമവും ഉസ്താദിന് കൈവന്നിട്ടുണ്ട്. അപാരമായ തഹ്ഖീഖിന്റെ ഉടമയായിരുന്നതിനാൽ മുഹഖിഖുൽ ഉലമാ എന്നായിരുന്നു മഹാനവർകൾ വ്യവഹരിക്കപ്പെട്ടിരുന്നത്.1995 ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമാവുന്നത്. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറാ അംഗമായും 2012 ല്‍ സമസ്ത ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു ഉസ്താദ്. സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ വഫാത്തോടെ സമസ്തയുടെ പത്താമത്തെ പ്രസിഡണ്ടായി ഏക കൺOമായി നിയമിക്കപ്പെടുകയായിരുന്നു. 1438 റബീഉൽ അവ്വൽ 15 ന് (15-12 -2016) ആയിരുന്നു അവരുടെ വഫാത്ത്.
ഉസ്താദവർകൾക്കു പുറമെ പി സി കുഞ്ഞാലൻ കുട്ടി മുസ്ലിയാർ (1417), അയനിക്കാട് മുഹമ്മദ് മുസ്ലിയാർ (1417 ), ഇ കെ കോയക്കുട്ടി മുസ്ലിയാർ (1392), ഇടപ്പള്ളി അബൂബക്കർ മുസ്ലിയാർ (1400), എം പി ഹസ്സൻ മുസ്ലിയാർ (1416) തുടങ്ങി പലരുടെയും വിയോഗവും ഓർമ്മപ്പെടുത്തുന്നത് റബീഉൽ അവ്വൽ മാസം തന്നെ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso