സമസ്തയും മലബാർ സമരവും
31-08-2021
Web Design
15 Comments
എഴുത്തും വായനയും ചിന്തയും വ്യഖ്യാന ശേഷിയും വിപുലപ്പെട്ട പുതിയ കാലത്ത് ഉള്ളിലും പുറത്തും നടക്കുന്ന ഒരു അടക്കിപ്പിടിച്ച വർത്തമാനമുണ്ട്. അതാണ് നമ്മുടെ ശീർഷകം. അകത്തും പുറത്തും അനുകൂലവും പ്രതികൂലവുമായ ധ്വനികൾ ഉള്ളതിൽ നിന്നും ഒരു കാര്യം പ്രാഥമികമായി മനസ്സിലാക്കാം, രണ്ടു പക്ഷത്തിന്റേയും നിലപാടുകൾ അന്തിമവും ഖണ്ഡിതവുമല്ല എന്ന്. ഒറ്റയടിക്ക് അങ്ങനെ രണ്ടിൽ ഒന്ന് തെളിയിക്കുവാൻ കഴിഞ്ഞാലാണ് ഇതിനെ ഒരു പ്രധാന വിഷയമായി എടുക്കേണ്ടത്. അതില്ലാത്ത നിലക്ക് വിഷയം വ്യാഖ്യാനങ്ങളുടേതാണ് മാത്രമാണ് എന്നു മനസ്സിലാക്കാം. വ്യാഖ്യാനങ്ങൾ ചിലപ്പോൾ ചിന്തകളാവാം, വാശിയാവാം, മിടുക്കുo വാചകക്കസർത്തുമൊക്കെയാകാം. അതുകൊണ്ടു തന്നെ ചിലർക്കത് വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കും. ചിലപ്പോൾ ആ ശ്രമത്തിനിടയിൽ മുഖം കുത്തി വീണുമെന്നിരിക്കാം. ഈ ആമുഖങ്ങളെല്ലാം സജീവമായവയാണ് എന്ന സ്ഥിതിക്ക് വിഷയം കൈകാര്യം ചെയ്യുമ്പോൾ അവശ്യം ആവശ്യമായ ചില മുൻകരുതലുകൾ വേണ്ടതുണ്ട്. അതിന്റെ അഭാവം പല നിരീക്ഷണങ്ങളിലുമുണ്ട് എന്ന് ആദ്യമേ തുറന്നു പറയേണ്ടിയിരിക്കുന്നു. അത്തരം പരിഗണകൾ ഒട്ടുമില്ലാത്ത ചില നിരീക്ഷണങ്ങൾ ദു:ഖമെന്നു പറയട്ടെ, ഉണ്ട്. അവയിലൊക്കെ അതിന്റെ കർത്താക്കൾ പോരഘോരം പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു മുൻവിധി പകരുന്ന വികാരത്തിനടിമപ്പെട്ടുകൊണ്ടാണ് അത്തരക്കാർ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.
ഇത്തരം മുൻവിധികളാണ് പലപ്പോഴും പ്രതികരണങ്ങളെ അതിന്റെ വൈകാരിക അതിരുകളിൽ ഒരുക്കിനിറുത്തുവാൻ സമ്മതിക്കാത്തത്. എന്നാൽ കൂട്ടത്തിൽ നന്നായി ചിന്തിക്കുന്നവരും മാന്യമായി പ്രതികരിക്കുന്നവരുമുണ്ട് എന്നതു കാണാതെ വയ്യ. അവർക്ക് പക്ഷേ മറ്റു ചില തെറ്റുകൾ പറ്റുന്നുണ്ട്. അതും ഒരു വൈകാരികതയുടെ സൃഷ്ടി തന്നെയാണ്. അതായത് ചരിത്രവായനയോടുള്ള വൈകാരികതയിൽ സംഭവത്തിന്റെ അല്ലെങ്കിൽ വിഷയത്തിന്റെ പശ്ചാതലം കൈവിട്ടു പോകുന്നു എന്നതാണ് അത്. മലബാർ സമരത്തെ ഉൾക്കൊള്ളുമ്പോൾ തിളച്ചുകയറുന്ന ആവേശത്തിമർപ്പിനിടയിൽ അതു നടന്ന കാലവുമായുള്ള പിടിവിട്ടു പോകുന്നു. സാഹചര്യത്തിൽ നിന്നും ഇങ്ങനെ വേർപെട്ടാൽ പിന്നെ വ്യാഖ്യാനങ്ങൾ അപ്പൂപ്പൻ താടി പോലെ കൈവിട്ടു നടക്കുന്ന അവസ്ഥ വരും. അതിനാൽ മലബാർ സമരത്തോടുള്ള സമസ്തയുടെ ബന്ധം വിളക്കിയെടുക്കുവാൻ ആ കാലത്തെയും സാഹചര്യത്തെയും ഒന്നുകൂടി നന്നായി വായിക്കേണ്ടതുണ്ട്.
മലബാർ സമരം നടക്കുന്ന സമയത്ത് സമസ്തയെന്നല്ല, ഒരു സംഘടനയും മുസ്ലിംകൾക്ക് ഉണ്ടായിരുന്നില്ല. അതിനു മാത്രമുളള സംഘബോധം അവർക്കിടയിൽ വളർന്നിട്ടുമുണ്ടായിരുന്നില്ല. അതിന്റെ ആവശ്യകത തെളിഞ്ഞു വരുന്നേയുണ്ടായിരുന്നുള്ളൂ എന്നു പറയുന്നതാകും ശരി. മുസ്ലിം സമുദായത്തിന്റെ വളർച്ചയും വികാസവും കാര്യമായി കേന്ദ്രീകരിച്ചിരുന്നത് മതപൺഡിതൻമാർ, സാദാത്തുക്കൾ മുതലായ ആത്മീയ നേതൃത്വങ്ങളെയായിരുന്നു. ജിഫ് രീ തങ്ങൻമാർ, മഖ്ദൂമുമാർ, ഖാളിമാർ തുടങ്ങിയവരെ ചുറ്റിപ്പറ്റിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ അവരുടെ വികാസങ്ങൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങൾ പിന്നിടുമ്പോൾ സമുദായം അംഗസംഖ്യയിൽ വലുതാവുകയും കേന്ദ്രീകരിക്കപ്പെടുന്ന തരത്തിലുള്ള പണ്ഡിതരുടെ കാലം അവസാനിച്ചു തുടങ്ങുകയും ചെയ്തു. അതിനാൽ കൃത്യമായി നിരീക്ഷിച്ചാൽ മലബാർ സമരം നടക്കുന്ന ദശകങ്ങളിൽ കാര്യമായ നേതൃത്വം പൊതുവെ സമുദായത്തിനുണ്ടായിരുന്നില്ല. ഇതിന്റെ അഭാവം മലബാർ സമരത്തിന്റെ ചരിത്രത്തിൽ ഏറെ പ്രകടവുമാണ്. പൊതുജനങ്ങളെ ഒന്നിപ്പിച്ചു നിയന്ത്രിച്ചു നിറുത്തുവാനുള്ള ഒരു സംവിധാനത്തിന്റെ അഭാവം കാരണമാണ് സമരത്തിനിടയിൽ ഇടക്ക് ചില സ്ഖലിതങ്ങൾ ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ഐക്യ സംഘം വരുന്നത്. ഈ സംഘത്തിന്റെ ശ്രദ്ധ പക്ഷെ ബ്രിട്ടീഷ് ഭരണത്തിലായിരുന്നില്ല. വൈദേശികാധിപത്യം ലക്ഷ്യം വെക്കുന്ന കൊള്ളകളെ കുറിച്ച് അവർ ഒട്ടും ആകുലരുമായിരുന്നില്ല. മറിച്ച് സമുദായം പഠിച്ചും പകർത്തിയും പോന്ന ആചാര അനുഷ്ടാനങ്ങളെ തിരുത്തുന്നതിലായിരുന്നു. അന്നത്തെ മുസ്ലിം ലോകത്തുണ്ടായ ചില നവചിന്തകളെ നവോത്ഥാനം എന്നു പേരിട്ടു വിളിക്കാനും അവയെ കേരളത്തിന്റെ മത സ്വഛന്ദതയിൽ അടിച്ചേൽപ്പിക്കാനുമുള്ള ഒരു ഏർപ്പാടായിരുന്നു.
ഇതിനെതിരെയായിരുന്നു സമസ്ത പിറന്നത്. അതും മലബാർ സമരമൊക്കെ കഴിഞ്ഞതിനുശേഷം. ഐക്യസംഘക്കാർ നടത്തുന്ന പൊളിച്ചെഴുത്തുകളെ പ്രതിരോധിക്കുകയും മതത്തിന്റെ ആത്മീയ ഭാവം അപകടപ്പെടാതെ സൂക്ഷിക്കുകയുമായിരുന്നു പിറവിയുടെ ലക്ഷ്യം. ഭരണം, ഭരണകൂടത്തോടുള്ള സമരം തുടങ്ങിയവയൊന്നും സമസ്തയുടെ ചിന്തയിൽ വരാതിരുന്നത് അതായിരുന്നില്ല അതിന്റെ ലക്ഷ്യം എന്നതുകൊണ്ടായിരുന്നു എന്നു ചുരുക്കം. എന്തിനു വേണ്ടിയാണോ പിറന്നത് അതായിരുന്നു അന്നും ഇന്നും സമസ്തയുടെ ലക്ഷ്യം. അതുകൊണ്ട് ഏതു കാലത്തും അത്തരം സാമൂഹ്യരാഷ്ട്രീയ മേഖലയിൽ നിന്ന് സമസ്ത അകന്നു മാത്രം സഞ്ചരിച്ചു. അതേ സമയം കടന്നുപോകുന്ന സാമൂഹിക-സാമുദായിക സാഹചര്യങ്ങൾ സമസ്തയെപ്പോലെ ഒരു സംഘടന ശ്രദ്ധിക്കേണ്ടതു തന്നെയല്ലേ എന്ന് പിന്നെയും ചിലർ ചോദിച്ചേക്കാം. ആ ചോദ്യം തികച്ചും സ്ഥാനത്തു തന്നെയാണ്. അതിനു മറുപടി കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ സമസ്ത പിറന്നു വീഴുന്ന സാഹചര്യം ഒന്നുകൂടി വിലയിരുത്തേണ്ടതായിവരും. 1925 - 26 കാലം മലബാറിൽ മലബാർ കലാപത്തിന്റെ ചോരച്ചാലുകൾ വറ്റിയിട്ടില്ലാത്ത കാലമായിരുന്നു. ആലി മുസ്ലിയാരുടെയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും നേതൃത്വത്തിൽ നടന്ന പ്രസ്തുത സമരം അതിന്റെ ഉദ്ദേശശുദ്ധിയിലും ദേശീയ ലക്ഷ്യത്തിലും ഒട്ടും സന്ദേഹമില്ലാത്ത സ്വാതന്ത്ര്യ സമരങ്ങൾ തന്നെയായിരുന്നു. അവരെയും അതിനു നേതൃത്വം നൽകിയവരെയും ബഹുമാനാദരവുകളോടെയാണ് എന്നും സുന്നീ സമുദായം നോക്കിക്കണ്ടിട്ടുളളതും. സുന്നീ സമുദായം കൊണ്ടു നടക്കുന്ന ആചാര അനുഷ്ഠാനങ്ങളായിരുന്നു ഒരു ചുവടിന്റെയും തുടക്കം. എന്നാൽ ഈമാനികമായ ഉൾവിളിയും സാമുദായികമായ വികാരവും ദേശീയമായ ത്വരകളും എല്ലാം ശരിയായിരുന്നുവെങ്കിലും സമരം അത്യന്തികമായി വിജയിച്ചില്ല എന്നത് ഒരു സത്യമാണ്. ആയിരങ്ങൾ കൊല്ലപ്പെട്ടും ആയിരങ്ങൾ ആശ്രയമറ്റും വീണ്ടും ആയിരങ്ങൾ ജയിലിലടക്കപ്പെട്ടും നാട്ടിലാകെ ഭീതി നിറഞ്ഞുമായിരുന്നു സമരം കൊടിയിറങ്ങിയത്.
ഇങ്ങനെ ഒരു പര്യവസാനം സംഭവിക്കുമ്പോൾ പൊതു സമൂഹം അതിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കുക സ്വാഭാവികമാണ്. ആ അന്വേഷണത്തിന് കിട്ടാവുന്ന മറുപടി വേണ്ടത്ര ഒരുക്കവും ഒരു സാമ്രാജ്യത്തോട് ഏറ്റുമുട്ടാൻ മാത്രമുള്ള ശേഷിയും ഇല്ലാത്തതിനാലാണ് എന്നായിരിക്കുക സ്വാഭാവികം. അങ്ങനെ പറയുന്നത് അതിൽ പങ്കെടുത്തവരെ കൊച്ചാക്കുവാനല്ല. നമുക്ക് രുചികരമായി തോന്നുന്നുവെങ്കിലും ഇല്ലെങ്കിലും സത്യം അതായിരുന്നുവല്ലോ. അല്ല എന്നാണെങ്കിൽ പിന്നെ എന്തു കൊണ്ട് ഇത്ര വലിയ ഒരു വില ആ സമരത്തിന് നൽകേണ്ടി വന്നു എന്നതിന് വേറെ ഉത്തരം തെരയേണ്ടിവരും.
സമരം അതിന്റെ അവസാന ഘട്ടത്തിൽ ചെറുതായെങ്കിലും കൈവിട്ടുപോയി എന്നത് ഒരു സത്യമാണ്. ആ ആർഥത്തിലുള്ള ഒരു നിരാശ വാരിയൻ കുന്നത്തിന്റെയും ആലി മുസ്ലിയാരുടെയും വാക്കുകളിൽ അവസാന കാലത്ത് പ്രകടമായിരുന്നു. വാരിയൻ കുന്നത്തുമായി കെ മാധവൻ നായർ മഞ്ചേരി ആരുകിഴായയിലെ ഒരു ആൽമരച്ചുവട്ടിൽ വെച്ച് സംസാരിക്കുന്നതിൽ അതിന്റെ ധ്വനിയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾ പരിശുദ്ധമാണ് എങ്കിലും ഇത്രയും വലിയ ഒരു സാമ്രാജ്യശക്തിയോട് ഏറ്റുമുട്ടുന്നത് വിജയിക്കില്ലെന്നും അതിനാൽ ആയുധം വെച്ച് വീടുകളിലേക്ക് മടങ്ങുന്നതാണ് നല്ലത് എന്നായിരുന്നു മാധവൻ നായരുടെ ഉപദേശം. അതിനു ഹാജിയാർ പറയുന്ന മറുപടി, ഏതായാലും ഞാൻ ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ടു. അതിനാൽ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നായിരുന്നു. മാത്രമല്ല, ആലി മുസ്ലിയാർ അപകടത്തിലാണ് എന്നറിയുമ്പോൾ തനിക്കിനി പിന്നോട്ട് മാറുവാൻ പ്രയാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ധീരനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഓരോ കഥകളും ആവേശഭരിതമാണ്. തന്റെ ദൗത്യത്തെ കുറിച്ച് നല്ല ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു താനും. എങ്കിലും ഒരു നിരാശയുടെ ധ്വനി അദേഹത്തിന്റെ വാക്കുകൾ ഉൾക്കൊളുന്നുണ്ട്. ആലി മുസ്ലിയാരും കേശവമേനോനും തമ്മിലുള്ള സംഭാഷണത്തിലും ഇതു കാണാം. സമരത്തിന്റെ തിരിച്ചടികൾ വ്യാപകമായ ഓഗസ്റ്റ് 26 ന് കേശവമേനോനും ഒരു സംഘം ഖിലാഫത്ത് നേതാക്കളും മമ്പുറത്ത് വെച്ച് കേശവമേനോൻ ആലി മുസ്ലിയാരുമായി കണ്ടുമുട്ടിയ രംഗം മേനോൻ തന്റെ കഴിഞ്ഞ കാലത്തിൽ വിവരിക്കുന്നുണ്ട്. അവിടെയും മേനോൻ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറാനായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. ബ്രിട്ടീഷ് വേട്ടയിൽ നിന്നും തിരൂരങ്ങാടിയെ രക്ഷിക്കുവാൻ മുസ്ലിയാരും പ്രധാനികളും പട്ടാളത്തിന് കീഴാക്കുന്നതാണ് നല്ലത് എന്ന് മേനോൻ പറഞ്ഞു.
ആലി മുസലിയാരുടെ പ്രതികരണം ആദ്യം ഒരു നിശ്വാസവും മൗനവുമെല്ലാമായിരുന്നു. തന്റെ അടുത്ത അനുയായികളുമായി ചർച്ച ചെയ്ത് തീരുമാനിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവിടെയും ഒരു തരം നിരാശയുണ്ട്. ഒരു ആവേശത്തിൽ ചെയ്ത കാര്യങ്ങൾ കടുത്ത തിരിച്ചടിക്കായിരുന്നു വിധേയമായത് എന്ന് ചരിത്രവായനയിൽ കേൾക്കാതിരുന്നു കൂടാ. ഓട്ടോമൻ ഖിലാഫത്തിനു പോലും പിടിച്ചു നിൽക്കുവാനാവാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുമ്പിൽ പിടിച്ചുനിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നത് ഒരു പച്ചപ്പരമാർഥം തന്നെ ആയിരുന്നുവല്ലോ. ഈ ഒരു തിരിച്ചറിവ് വ്യാപകമായി വന്ന ഒരു കാലത്തായിരുന്നു സമസ്തയുടെ പിറവി. അതും ഇതല്ലാത്ത മറ്റൊരു ലക്ഷ്യത്തിനു വേണ്ടി. എന്നാൽ ഇതടക്കം അതിന്റെ പരിധിയിൽ സാങ്കേതികമായി വരാവുന്നതുo തന്നെയാണ്. ഇത്രയും പറഞ്ഞു വെക്കുമ്പോൾ രണ്ട് അടിസ്ഥാന കാര്യങ്ങൾ നമുക്ക് ബോധ്യമാകുന്നു. ഒന്നാമതായി സമസ്ത പിറന്നത് ആഹ്ലുസ്സുന്നത്തിന്റെ ആശയാദർശങ്ങൾ സംരക്ഷിക്കുവാനായിരുന്നു. രണ്ടാമതായി പ്രവർത്തന പഥത്തിൽ എത്തിയതോടെ സമസ്ത അനുഭവിച്ച സാമുദായിക അവസ്ഥ സമരം ഉണ്ടാക്കിയ ദുരന്തങ്ങളുടേതും നിരാശകളുടേതും ഭീതിയുടേതുമായിരുന്നു. പ്രതികാര ദാഹികളായ ബ്രിട്ടീഷുകാർ മാപ്പിളമാരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന സാഹചര്യമായിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ ആർക്കും ചെയ്യാവുന്നത് തന്നെയായിരുന്നു സമസ്തയും ചെയ്തത്. സമുദായത്തെ സമാശ്വസിപ്പിക്കുവാനും പരമാവധി അപകടങ്ങൾ കുറക്കുവാനും സമസ്ത ശ്രമിച്ചു. ആധ്യാത്മക രംഗമായിരുന്നുവല്ലോ സമസ്തയുടെ വേദി. സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരിലുളള നേർച്ചകൾ, ആണ്ടനുസ്മരണങ്ങൾ തുടങ്ങിയവയൊക്കെയും സമസ്ത അതിന്റെ ബാനറിലല്ലെങ്കിലും അതിന്റെ ഉലമാക്കളും ഉമറാക്കളും പ്രവർത്തകരും ചേർന്നാണ് നടത്തിയത്. മറ്റു വേദികളിൽ നിന്നാരും വരും നടത്തും എന്ന് പ്രതീക്ഷിക്കുവാൻ ന്യായമില്ലാത്ത കാര്യങ്ങളായിരുന്നുവല്ലോ അവയെല്ലാം. ഇതിനപ്പുറം അക്കാലത്ത് സമസ്തയുടെ പ്രവർത്തന വീഥി അക്കാലത്ത് ഇന്നത്തേത് പോലെ നിറഞ്ഞതോ ജാഗ്രമോ ആയിരുന്നില്ല. മുശാവറ യോഗങ്ങൾക്കു പുറമെ വാർഷിക യോഗങ്ങളല്ലാത്ത കാര്യമായ കാര്യപരിപാടികളൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല. ഇന്ന് സമസ്ത എല്ലാ മേഖലയിലും നിറഞ്ഞു നിൽക്കുന്നു. അതിന് കാരണം ഒന്നാമതായി സജീവമായ കീഴ്ഘടകങ്ങളാണ്. അൻപതുകൾക്ക് ശേഷമാണ് ഇതിൽ ആദ്യത്തേതായ സുന്നീ യുവജന സംഘം വരുന്നത്. മറ്റൊരു വികാസം വിദ്യാഭ്യാസ ബോർഡ് വഴി മദ്രസകൾ നിലവിൽ വന്നതോടെയായിരുന്നു. അതുണ്ടായതും അൻപതിനുശേഷം മാത്രമാണ്. ഏറെ സജീവമായ എസ് കെ എസ് എഫ് തുടങ്ങിയതെല്ലാം വരികയും പത്രങ്ങളും പാക്ഷികങ്ങളുമെല്ലാം ഉണ്ടാവുകയും ചെയ്തതോടെയാണ് ഇന്നു നാം അനുഭവിക്കുന്ന വികാസങ്ങൾ ഒക്കെ ഉണ്ടായത്. കലാപം നടക്കുമ്പോൾ സമസ്ത രൂപീകരിച്ചിട്ടില്ലായിരുന്നു, കലാപാനന്തരം സമസ്ത ഉണ്ടായെങ്കിലും അത് പ്രധാനമായും ഉൽപതിഷ്ണുക്കളുടെ ഇടപെടലുകളെ പ്രതിരോധിക്കുവാൻ വേണ്ടിയായിരുന്നു, സാമൂഹ്യ രംഗത്ത് സമസ്തയെ സജീവമാക്കിയ ഘടകങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നുമില്ല എന്നെല്ലാം ഈ പശ്ചാതല പഠനത്തിൽ നിന്നും സുതരാം വ്യക്തമാകുന്നു.
ഈ പറഞ്ഞതെല്ലാം സമതിച്ചുതരുന്നവർ പിന്നെയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതൊരു കുറ്റപ്പെടുത്തൽ കൂടിയാണ്. അത് ബ്രിട്ടീഷ് വിധേയത്വമായിരുന്നു അക്കാലത്ത് സമസ്ത പ്രകടിപ്പിച്ചത് എന്നാണ്. അതിനു തെളിവായി ഉദ്ധരിക്കുന്നത് സമസ്തയുടെ ആദ്യ കാല സമ്മേളനങ്ങളിൽ ആധ്യക്ഷം വഹിച്ചിരുന്നതും ബ്രിട്ടീഷ് അനുകൂല പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നതും ഖാൻ ബഹദൂറുമാരും ഖാൻ സാഹിബുമാരുമായിരുന്നു എന്നതെല്ലാമാണ്. അവർ ഈ പറയുന്നത് ശരിയാണ് എന്ന് സമസ്തയുടെ രേഖകൾ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷെ, അവിടെയും കുറ്റപ്പെടുത്തലുകാർ പശ്ചാതലം മറക്കുകയാണ്. അക്കാലത്ത്, പ്രത്യേകിച്ചും മലബാർ സമരം ഇവ്വിധം ഉണ്ടാവുകയും പര്യവസാനിക്കുകയും ചെയ്തതോടെ ബ്രിട്ടീഷുകാർ വളരെ ക്രൂരമായിട്ടായിരുന്നു മാപ്പിളമാരെ മലബാറിൽ വേട്ടയാടിയത്. ആദ്യ നാളുകളിൽ അതു കായികമായിരുന്നു. പിന്നെപ്പിന്നെ കരിനിയമങ്ങൾ കൊണ്ടായിരുന്നു. അതിന്റെ ഭാഗമായി തുടക്കത്തിൽ മതപരമായ ചടങ്ങുകൾക്കു പോലും കടുത്ത നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. കലാപത്തിന്റെ കെട്ടടങ്ങുന്ന കനലുകൾ വീണ്ടും കത്താനുള്ള സാധ്യതകൾ കാണുന്ന ഒരു ചടങ്ങിനും അനുവാദമില്ലായിരുന്നു. അക്കൂട്ടത്തിൽ പെട്ട ഒരു നിയമമായിരുന്നു, യോഗങ്ങളും സംഗമങ്ങളുമെല്ലാം ഖാൻ ബഹദൂറുമാരുടെയോ ഖാൻ സാഹിബുമാരുടെയോ ആധ്യക്ഷതയിലും മേൽനോട്ടത്തിലും ആയിരിക്കണമെന്നത്.
ഇതിനു പിന്നിലെ തന്ത്രവും ലക്ഷ്യവും അറിയുവാൻ ആദ്യം ഈ ഖാൻ ബഹദൂറു മാരെ കുറിച്ച് ചിലതു മനസ്സിലാക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാർക്ക് തങ്ങളുടെ ആധിപത്യം നിലനിർത്തുവാൻ ചില പ്രദേശിക പിന്തുണയൊക്കെ അനിവാര്യമായിരുന്നു. ആ അർഥത്തിൽ തങ്ങൾക്കു വഴങ്ങുന്ന ചില നാടുവാഴികളേയും നാട്ടുപ്രമാണിമാരേയും സമ്പന്നരേയും അവർ തീറ്റിപ്പോറ്റിയിരുന്നു. അതിന്നു വേണ്ടി അവർ അവർക്ക് ചില അധികാരങ്ങളും അവകാശങ്ങളും വകവെച്ചുകൊടുക്കുകയും സ്ഥാനമാനങ്ങൾ നൽകി കൂടെ നിർത്തുകയും പതിവായിരുന്നു. ഇത്തരക്കാർ തങ്ങളുടെ പ്രതിനിധികളും ആൾക്കാരുമാണ് എന്ന സന്ദേശം ഇതുവഴി നൽകുവാൻ അവർക്ക് കഴിഞ്ഞു. ഇവരാണ് ഖാൻ ബഹദൂറുമാർ. ബ്രിട്ടീഷുകാർ ഇവരെ പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് പൗരൻമാരിൽ നിന്നുള്ള ഒന്നിച്ചുള്ള ആക്രമണത്തെ പ്രതിരോധിക്കുവാൻ വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ചു നിറുത്തുക എന്ന ലക്ഷ്യത്തിനു കൂടിയായിരുന്നു. ഇത്തരം പദവികളും ആനുകൂല്യങ്ങളും കിട്ടുന്നവർ അവരുടെ സമൂഹത്തിൽ നിന്ന് എപ്പോഴും വിഘടിച്ചു നിൽക്കുമായിരുന്നല്ലോ.
ഇവർക്ക് ഈ പ്രത്യേക പട്ടങ്ങൾക്കു പുറമെ ചില പ്രത്യേകാധികാരങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കരമൊഴിവായ ഭൂമിയും മറ്റും നൽകിയിരുന്നു. നാട്ടിൽ സാംസ്കാരിക പരിപാടികൾ, പൊതുപരിപാടികൾ എന്നിവക്ക് അനുമതി നൽകാനും അത്തരം പരിപാടികളിൽ അധ്യക്ഷത വഹിക്കാനുമെല്ലാം ഇവർക്ക് ആയിരുന്നു അധികാരം. സമൂഹത്തിൽ ഇതുവഴി മാറുവിരിക്കുവാനുള്ള അവസരം ലഭിക്കുന്നതിന്റെ പേരിൽ ഓരോ ഖാൻ ബഹദൂറുമാരും തങ്ങളുടെ ബ്രിട്ടീഷ് വിധേയത്വം ഒരു കുറവുമില്ലാതെ പ്രകടിപ്പിക്കുമായിരുന്നു. അതിനാൽ അവരിൽ പലരെയും ബ്രിട്ടീഷ് ചാരൻമാർ എന്ന അർഥത്തിലാണ് ജനങ്ങൾ ഉൾക്കൊണ്ടിരുന്നത്. മുസ്‌ലിം പ്രമാണിമാർക്ക് ഖാൻ ബഹദൂർ, ഖാൻ സാഹിബ് തുടങ്ങിയ പട്ടങ്ങൾ നൽകിയപ്പോൾ, ഹിന്ദു പ്രമാണിമാർക്ക് റാവു ബഹദൂർ, റായ് ബഹദൂർ, റാവു സാഹിബ്, റായ് സാഹിബ് എന്നീ സ്ഥാനങ്ങളാണ് കൊടുത്തിരുന്നത്. ഇവിടെയും അവരുടെ ഭിന്നിപ്പിക്കൽ തന്ത്രമായിരുന്നു ചെയ്തിരുന്നത്.
ഇവരുടെ നേതൃത്വത്തിലല്ലാതെ ഒരു പരിപാടിയും നടത്താൻ കഴിയാത്ത കാലമായിരുന്നു അത്. അതില്ലാത്ത പരിപാടികളെല്ലാം ബ്രിട്ടീഷ് ഭരണത്തിനും രാജ്ഞിക്കുമെതിരെയുള്ള ഗൂഢാലോചനകളായാണ് വ്യവഹരിക്കപ്പെട്ടിരുന്നത്. അത്തരം ഒരു സാഹചര്യത്തിൽ സമസ്ത മാത്രമല്ല, എല്ലാ സംഘടനകളും അവരുടെ അദ്ധ്യക്ഷതയിൽ തന്നെയായിരുന്നു പരിപാടികൾ നടത്തിയിരുന്നത്. സമസ്തയുടെ ലക്ഷ്യം സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണമായിരുന്നു എന്നു പറഞ്ഞുവല്ലോ. ആ ലക്ഷ്യത്തിന്റെ കാര്യത്തിൽ അന്ന് സമസ്തക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നതിനു മുമ്പിൽ രണ്ടു വാതിലുകളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ തൽക്കാലം ഖാൻ ബഹദൂറുമാരിൽ തങ്ങൾക്കു സ്വാധീനമുളളവരെ വെച്ച് പരിപാടികൾ നടത്തുക. അതിനു വേണ്ടി ചിലതൊക്കെ അപ്പോൾ സഹിക്കേണ്ടതായി വരും. അവരാണെങ്കിലോ നേരത്തെ പറഞ്ഞതു പോലെ തങ്ങളുടെ ബ്രിട്ടീഷ് വിധേയത്വം സ്ഥാപിക്കാനും കാണിക്കാനും നിർബന്ധിതരുമാണ്. അതൊക്കെ അൽപ്പം സഹിക്കേണ്ടതായും വരും. അല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കുക എന്നതാണ്.
ഇതിൽ രണ്ടാമത്തേത് അചിന്തനീയമായിരുന്നു. കാരണം ഉൽപതിഷ്ണുക്കൾ പിഴച്ച വാദങ്ങളുടെ വിഷവിത്തുക്കൾ വിതക്കുന്ന സമയമായിരുന്നു. അതിനെ ജാഗ്രതയോടെ നേരിട്ടില്ലായിരുന്നുവെങ്കിൽ വളരെ വലിയ ആദർശ അപകടം സംഭവിക്കുമായിരുന്നു. അതിനാൽ ആ കാലത്ത് മറ്റു സാമൂഹിക കാര്യങ്ങളേക്കാൾ ആദർശ കാര്യങ്ങളിൽ സമസ്ത ശ്രദ്ധ പതിപ്പിച്ചു. ഈ സമയത്ത് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഉണ്ടായേക്കാവുന്ന അനർഥങ്ങൾ ഏറെ വലുതായിരുന്നതിനാൽ തന്നെയാണ് സുന്നീ കേരളം ഒരു കുത്തൊഴുക്കിനെ അതിജീവിച്ചത് എന്നത് ഒരു വസ്തുതയാണ്. അതിനാൽ ഖാൻ ബഹദൂറുമാരെയെങ്കിൽ അവരെ മുന്നിൽ നിറുത്തി തങ്ങളുടെ പ്ലാറ്റ്ഫോമുകൾ സംരക്ഷിക്കുകയായിരുന്നു സമസ്തയുടെ ഉലമാക്കൾ എന്നു മനസ്സിലാക്കാം. അപ്പോൾ ചില വിട്ടുവീഴ്ചകളാേ കണ്ണടക്കലുകളോ ഒക്കെ നിർബന്ധിതമായി വന്നിരിക്കും. അത്രയേ ആ കാര്യത്തിൽ മനസിലാക്കാനുള്ളൂ. വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി ചെറിയ വിട്ടുവീഴ്ചകൾ ചെയ്യുക എന്നത് മതപരമായി തന്നെ ന്യായീകരിക്കപ്പെടാവുന്ന കാര്യമാണ്.
ഇത്തരം ചില കാര്യങ്ങൾ അവയുടെ സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത് പർവ്വതീകരിക്കുന്നവർ സമസ്തയുടെ പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ മൗനം ദീക്ഷിച്ചു എന്നു പറയുന്നത് ശരിയല്ല. പിൽക്കാലത്ത് സമസ്തയുടെ സമുന്നത നേതാക്കളായി വന്ന ഉലമാക്കളിൽ പലരും ഖിലാഫത്ത് സമരത്തെ പിന്തുണച്ചവർ തന്നെയായിരുന്നു. ഇവർ ചിലപ്പോഴെങ്കിലും ഉയർത്തിക്കാട്ടുന്നത് മൗലാനാ പാങ്ങിൽ ആഹ്മദ് കുട്ടി മുസ്ലിയാരുടെ നിലപാടുകളെയാണ്. സത്യത്തിൽ അദ്ദേഹം ഖിലാഫത്ത് സമരത്തിന്റെ ആശയത്തോട ചേർന്നു നിന്ന ആൾ തന്നെയായിരുന്നു. പക്ഷെ, ഒരു പക്വമതിയായ പണ്ഡിതൻ എന്ന നിലക്ക് ഖിലാഫത്ത് സമരം ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും പറയുന്ന അതിരുകൾക്കുളിൽ ഒതുങ്ങി നിൽക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സമാധാനപരമായ സമരത്തിന് ആഹ്വാനം ചെയ്ത് മലപ്പുറത്ത് കുന്നുമ്മല്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പാങ്ങില്‍ അഹ്മദു കുട്ടി മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു: പ്രിയപ്പെട്ട സഹോദരന്മാരേ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്, വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളാണ്. അവര്‍ ഇന്ത്യ വിട്ടു പോകണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ, ഒരിക്കലും നാം അക്രമം കാണിക്കരുത്. അക്രമരാഹിത്യത്തോടെയുള്ള ഒരു സമരമാണ് നാം ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും. ഗവണ്‍മെന്റുമായി ഒരിക്കലും യുദ്ധത്തിനൊരുങ്ങരുത്. അങ്ങനെ ചെയ്താല്‍ നാം കുറ്റക്കാരായിത്തീരും. സമാധാന പരമായി സമരം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം.
എന്തു കൊണ്ട് പിന്നീട് സമസ്ത മൗനം പാലിച്ചു എന്ന ചോദ്യത്തിന് പ്രധാനമായും രണ്ടു മറുപടി കണ്ടെത്താന്‍ സാധിക്കും. ഒന്ന്, ആധുനിക ആയുധ സമ്പന്നരായ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നാടന്‍ ആയുധങ്ങളുപയോഗിച്ച് പ്രത്യക്ഷ സമരം ചെയ്യുന്നത് സമുദായത്തിന് നഷ്ടമേ വരുത്തിവെക്കൂ എന്നത് മലബാര്‍ സമരം ബോധ്യപ്പെടുത്തി. രണ്ട്, സമസ്തയുടെ അഞ്ച് സുപ്രധാന സ്ഥാപിത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രത്യക്ഷമായ ഇടപെടല്‍ ഭൂഷണമല്ല എന്ന തിരിച്ചറിവ് (പ്രത്യേകിച്ചും ഉല്‍പതിഷ്ണ വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണ ലഭിക്കുമ്പോള്‍). കൂടാതെ മുന്‍കാല പണ്ഡിതന്മാരുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അമൂല്യമായ രചനകള്‍ പില്‍ക്കാലത്ത് നശിപ്പിക്കപ്പെടുകയുണ്ടായി. ഇതില്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരടക്കമുള്ള പണ്ഡിതന്മാരുടെ ബ്രിട്ടീഷ് വിരുദ്ധ രചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന നിരീക്ഷണത്തിന് തീര്‍ച്ചയായും ന്യായമുണ്ട്.
അന്നത്തെ ഈ നയങ്ങളെ ഇന്നത്തെ വികാരത്തിൽ വായിക്കുമ്പോഴാണ് ഈ കുറ്റപ്പെടുത്തലുകൾ എല്ലാം ഉണ്ടാകുന്നത് എന്നു ചുരുക്കം. അന്നത്തെ നയങ്ങളെ അന്നത്തെ വികാരത്തിലും സാഹചര്യത്തിലും വായിക്കുമ്പോൾ അതു തന്നെയായിരുന്നു ശരി എന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. മലബാർ കലാപാനന്തരം പൊതുവെ എല്ലാവരിലും ഉണ്ടായ നിസ്സംഗതയും നിരാശയും മാത്രമേ സമസ്തയുടെ ഉലമാക്കൾക്കും ഉണ്ടായിട്ടുള്ളൂ. അത് ചിലർ സമസ്തയുടെ കാര്യത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നു മാത്രം. മറ്റൊരു അൽഭുതം ഇക്കാര്യത്തിൽ ഈ സമീപകാലം വരെ സമസ്തയെ ആരും പഴിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നതാണ്. സംഭവങ്ങളുടെ ചോരച്ചാലുകൾ വറ്റുന്നതിനു മുമ്പ് ഉൽപതിഷ്ണുക്കളുടെ ഭാഗത്തു നിന്നു പോലും അങ്ങനെ ഉണ്ടായിട്ടില്ല. ഇപ്പോൾ ഇങ്ങനെ സ്വരം മാറ്റുന്നതിനു പിന്നിൽ അന്ന് വലിയ വില കൊടുത്തും സഹിച്ചും സമസ്ത നടത്തിയ ആദർശ സംരക്ഷണത്തിൽ അസ്വസ്ഥരാകുന്നവരായിരിക്കും എന്നു മനസ്സിലാക്കാം.
(1) 1921 മലബാര്‍ ലഹള – കെ കോയാട്ടി മൗലവി
(2) മാപ്പിളമാര്‍ – കെ.ബി.കെ മുഹമ്മദ് മൗലവി
(3) മലബാര്‍ ഗസ്റ്റ്
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso