കുരിശു യുദ്ധങ്ങൾ വീണ്ടും വായിക്കുമ്പോൾ
21-09-2021
Web Design
15 Comments
പുതിയ കാലത്തിന്റെ പ്രത്യേകതകൾ നമ്മെ നിർബന്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ചരിത്രവും സംസ്കാരവും വരച്ചുവെച്ച ഇന്നലകളെ ഒന്നുകൂടി പുറത്തെടുത്തിടേണ്ടതുണ്ട് എന്നതാണത്. സാമുദായിക സമവാക്യങ്ങൾ ആവശ്യമില്ലാത്ത പിടിവലികളിൽ പെട്ട് താളം തെറ്റിയതോടെയാണ് ഈ നിർബന്ധിതാവസ്ഥ സംജാതമായിരിക്കുന്നത്. പുതിയ കാലത്തിന്റെ വാശിക്കാരായ മക്കൾ മസിലുപിടിച്ച് മേനി നടിച്ച് അഹങ്കാരത്തിന്റെ സ്വരത്തിൽ പലതും പറഞ്ഞ് നടക്കുകയാണ്. തങ്ങളെപ്പൊക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടി അവരുടെ കയ്യിൽ ഈ മേനി പറച്ചിലും കയ്യൂക്കുമല്ലാതെ മറ്റൊന്നുമില്ല. അന്ധമായ വിരോധമാണ് അവരുടെ ആകെത്തുക എന്നതിനാൽ അവരെ തിരുത്താൻ ശ്രമിച്ചാലും അവർക്ക് മറുപടി നൽകിയാലും അവർ കൂടുതൽ വയലന്റാവുകയേയുള്ളൂ. ഒരു കശപിശ വലിയ ഒരു കോലാഹലമായി മാറുകയല്ലാതെ കാര്യമായ ഫലമൊന്നുമുണ്ടാവില്ല. എന്നു വെച്ച് മിണ്ടാതിരുന്നു കൂടാ. അത് അതിലേറെ വലിയ അപകടങ്ങൾ വരുത്തി വെച്ചേക്കും. അതിനാൽ ഏറ്റവും വലിയ ബുദ്ധിയും ശരിയും ശാസ്ത്രീയമായും ഇടവും വിടവുമില്ലാത്ത വിധവുമുള്ള വായടപ്പൻ മറുപടി നൽകുക എന്നതാണ്. അതിനുള്ള ഒറ്റമൂലിയാണ് ചരിത്രവും സംസാകരവും. കാരണം നേരത്തെ പറഞ്ഞവർ തങ്ങളുടെ കാര്യലാഭം നേടുന്നത് ചിലതെല്ലാം ഒളിച്ചു വെച്ചും മറച്ചുവെച്ചുമാണല്ലോ, അവയാണ് ചരിത്രവും സാംസ്കാരിക അധ്യായങ്ങളും. ചരിത്രവും സംസ്കാരിക അധ്യായങ്ങളും മറച്ചുവെച്ചാണ് പല സമുദായങ്ങളും മറ്റുളവരുടെ മേലിൽ കുതിര കയറുന്നത്.
ഇന്നുകളേക്കാൾ ശുദ്ധവും മാന്യവുമായിരുന്നു ഇന്നലെകൾ. അതുകൊണ്ട് ആ ഇന്നലെകൾ സാക്ഷ്യം വഹിച്ച അധ്യായങ്ങൾക്ക് കൃത്യതയും വ്യക്തതയും കൂടുതൽ ഉണ്ടായിരിക്കും. അവ ഉൾക്കൊള്ളുന്ന ചരിത്രങ്ങൾ ചികഞ്ഞാൽ കൃത്യമായ നയങ്ങളിലേക്കും നിലപാടുകളിലേക്കും എത്തിച്ചേരുവാൻ അനായാസം സാധിക്കും. ഒരു സമുദായത്തിന്റെ നിലനിൽപ്പിനുളള അവകാശവും അധികാരവും സ്ഥാപിക്കാൻ ഇത്ര വലിയ ഒരു തെളിവും പ്രമാണവും വേറെയില്ല എന്നാതാണ് വസ്തുത. അതിനാൽ ഏറ്റവും നല്ല വഴി ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന അധ്യായങ്ങൾ ഒരിക്കൽ കൂടി പുറത്തെടുത്തിടുക എന്നതാണ്. അതോടെ അത് അവർക്ക് നല്ലൊരു മറുപടിയും ഇരുട്ടടിയുമാകും. അതോടൊപ്പം നമ്മുടെ സ്വന്തം തലമുറക്ക് വലിയ പ്രചോദനവും ആത്മാഭിമാനം കൊളള സഹായകവുമായിത്തീരും. അത്തരത്തിൽ ഇപ്പോൾ പറയേണ്ട ഒരു വിഷയമാണ് കുരിശു യുദ്ധങ്ങൾ.
മധ്യകാല ലോകം കണ്ട ഏതാനും യുദ്ധങ്ങളുടെ ഒരു ശ്രേണിയാണ് കുരിശു യുദ്ധങ്ങൾ. ഇവകളെ ശ്രദ്ധേയമാക്കുന്ന ചില വസ്തുതകളുണ്ട്. അവയിലൊന്ന് ഈ യുദ്ധങ്ങളുടെ പ്രചോദനം തികച്ചും മതപരമായിരുന്നു എന്നതാണ്. മറ്റൊന്ന് ഒരോ യുദ്ധവും കൊടിയിറങ്ങുമായിരുന്നത് അടുത്ത യുദ്ധത്തിനുള്ള കേളികൊട്ടോടെയായിരുന്നു എന്നതാണ്. അപ്രകാരം തന്നെ പിന്നീട് ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ സംഭവിച്ച അകല്‍ച്ചകള്‍ക്കെല്ലാം ഈ യുദ്ധങ്ങളായിരുന്നു
നിദാനം. ഇങ്ങനെയാണ് കുരിശു യുദ്ധങ്ങള്‍ പൊതുവേ വായിക്കപ്പെടാറുള്ളത്. ചരിത്രപരമായി ഈ യുദ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് കുരിശു യുദ്ധങ്ങള്‍ ആരംഭിച്ചതെങ്കിലും അത് തുടര്‍ന്ന് പോകുന്നതിന് പിന്നില്‍ മതപരമായ കാരണങ്ങള്‍ക്കൊപ്പം രാഷ്ട്രീയവും സാംസ്‌കാരികവുമായ ചില കാരണങ്ങള്‍ കൂടി വലിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകം കണ്ട മതബന്ധിയായ വിഷയങ്ങൾക്കെല്ലാം സംഭവിച്ചതു തന്നെയാണ് ഇത്. മതവികാരം എന്ന നിലക്കാണ് എല്ലാം ആരംഭിക്കുന്നത്. പിന്നീട് രാഷ്ട്രീയം മുതൽ സാമ്പത്തികം വരെ കാര്യങ്ങൾ പല കൈവഴികളിലൂടെ കടന്നുവരുന്നു.
മുസ്ലിംകളും ക്രിസ്ത്യാനികളും മതവികാരത്തോടെ മുഖാമുഖം നിന്ന യുദ്ധങ്ങൾ എന്ന നിലക്ക് കുരിശു യുദ്ധങ്ങളുടെ കേന്ദ്ര ഭൂമിക ജറൂസലമായിരുന്നു. അവിടെയാണല്ലോ സ്വാഭാവികമായോ കയേറ്റമായാേ ഈ രണ്ടു ജനതയും കണ്ടുമുട്ടുന്നത്. അതിനാൽ തന്നെ തുടര്‍ന്നുള്ള ഫലസ്തീന്റെ ചരിത്രത്തില്‍ കുരിശു യുദ്ധങ്ങളും അതുണ്ടാക്കിയ പ്രതിഫലനങ്ങളും വലിയ സ്വാധീനങ്ങൾ ചെലുത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന പ്രതിസന്ധിയിലേക്ക് ഫലസ്തീനെ എത്തിക്കുന്നതില്‍ പോലും അതിന്റെ അനുരണനങ്ങളെ കാണാന്‍ സാധിക്കും. അത്തരത്തിലേക്കൊക്കെ സംഭവങ്ങളെ എത്തിച്ചത് പ്രധാനമായും വ്യാഖ്യാനങ്ങളുടെ ചുവടു പിടിച്ചാണ്. ഓരോ മത നേതൃത്വവും തങ്ങൾക്കനുസരിച്ച് വാഖ്യാനിക്കുവാൻ ശ്രമിക്കുകയായിരുന്നു. ഇങ്ങനെ ഒരു ബലപ്രയോഗം നടത്തുവാൻ ഏറെ വ്യഗ്രതപ്പെടുത്തുക തത്വത്തിൽ പരാചയപ്പെട്ടവരാണ്. ജേതാക്കൾക്ക് അതിന്റെ ആവശ്യം വരുന്നില്ല. ജയം തന്നെ മതി അവർക്ക്. കാര്യങ്ങൾ അനുകൂലമാക്കി മാറ്റുവാൻ അവർക്ക് മറ്റൊന്നും വേണ്ടതില്ല.
ലോകത്ത് ക്രിസ്തുമതത്തിന്റെ ആധിപത്യം നിലനിര്‍ത്തുക എന്നതായിരുന്നു അവരെ സംബന്ധിച്ചിടത്തോളം കുരിശു യുദ്ധങ്ങളുടെ പ്രചോദനം. ക്രിസ്തുമതത്തിന്റെ എന്നു പറഞ്ഞാൽ ആ മതത്തിലെ മുഖ്യധാരയായ കത്തോലിക്കാ സഭയുടെ എന്ന് ഉദ്ദേശ്യം. ഈ പേര് തന്നെ അത്തരമൊരു അർഥത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്നതാണ് എന്നാണ് ചരിത്രം. മറ്റു മതക്കാരുമായി കൊമ്പുകോർക്കുമ്പോൾ മാത്രമല്ല, സ്വന്തം മതത്തിലെ അവാന്തര വിഭാഗങ്ങളുമായി ഏറ്റുമുട്ടുമ്പോൾ പോലും കത്തോലിക്കർ അങ്ങനെ കുരിശിനെ കൂട്ടുപിടിക്കാറുണ്ട്. ലാറ്റിൻ കത്തോലിക്കർ തങ്ങളുടെ മേധാവിത്വത്തിനു വേണ്ടി നടത്തുന്ന എല്ലാ ഉന്തുകളും തള്ളുകളും ഇത്തരത്തിൽ കുരിശുവൽക്കരിക്കുന്നതിനു പിന്നിലുള്ള കള്ളക്കണ്ണ് മതവികാരത്തെ ഒപ്പം നിറുത്തുക എന്നതാണ്. പൗരോഹിത്യമടക്കമുള്ള അവരുടെ എല്ലാ കാര്യങ്ങളും ഇതേ ചൂഷണത്തിനു വേണ്ടിയുളളതാണല്ലോ. അതു കൊണ്ട് അവർ വലിയ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ നേടിയിട്ടുമുണ്ട്. ഇതിന്റെ ഏറ്റവും സരളമായ ഒരു ഉദാഹരണമാണ് കന്യാസ്ത്രീകൾ എന്ന വിഭാഗം. ഭൗതിക ജീവിത മോഹങ്ങളിൽ നിന്നെല്ലാം അകറ്റിയും കർത്താവിന്റെ മണവാട്ടിമാരാണ് എന്നു വിശ്വസിപ്പിക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് സ്കൂളുകളും ആശുപത്രികളും നടത്തിക്കൊണ്ടുപോകാൻ ഏതാണ്ട് ഫ്രീ ആയി സമ്പന്നമായ ഒരു സ്റ്റാഫിനെ കിട്ടുകയാണ്.
എ ഡി 1095 മുതല്‍ 1291 വരെ ആഗോള തലത്തില്‍ യൂറോപ്പ് കേന്ദ്രീകരിച്ച് ക്രിസ്ത്യാനികളും അക്കാലത്തെ മുസ്‌ലിം ഭരണകൂടങ്ങളും തമ്മില്‍ മതത്തിന്റെ താൽപര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എന്ന പേരില്‍ നടത്തിയ വിവിധ യുദ്ധങ്ങളെപ്പറ്റിയാണ് നാം ഇവിടെ പറയുന്നത്. കാരണം അവ മുഖ്യമായും നടന്നത് ജറൂസലമിന്റെ പേരിലായിരുന്നു. എന്തെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ട് പെട്ടെന്ന് സംഭവിച്ച ഒരു യുദ്ധമായിരുന്നില്ല ഇത്. നിരവധി കാരണങ്ങളും സാഹചര്യങ്ങളും അതിന് പിന്നിലുണ്ട്. ഖലീഫ ഉമര്‍(റ) ഹിജ്റ 16-ൽ ജറൂസലം കീഴടക്കിയെങ്കിലും അക്കാലത്ത് മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ കാര്യമായ സംഘര്‍ഷങ്ങളൊന്നുമുണ്ടായിരുന്നില്ല. വളരെ സമാധാനപരമായിരുന്നു അൽ ഖിയാമ ചർച്ചിൽ നടന്ന അധികാരകൈമാറ്റം. അവർക്കിടയിൽ അസ്വസ്ഥതകൾ തീരെയുണ്ടായിരുന്നില്ല എന്ന് ഈ പറഞ്ഞതിനർഥമില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളൊക്കെഎടുത്ത് കാണിക്കാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കാം. പക്ഷേ, യേശു ക്രിസ്തുവിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് കൊണ്ടും, വിഗ്രഹങ്ങളല്ലാത്ത ക്രൈസ്തവ ചിഹ്നങ്ങളെ മുസ്‌ലിംകള്‍ അനാദരിക്കാത്തത് കൊണ്ടും ഇത്തരം അസ്വസ്ഥകളെന്നും ഗുരുതരമായില്ല.
ആ സൗഹാര്‍ദ സ്ഥിതി കുറേക്കാലം കൂടി തുടര്‍ന്നു. എങ്കിലും ആ പ്രദേശത്ത് മതപരമായ ഒരു ആധിപത്യം മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്നു. ഇസ്ലാമിക രാജ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നുവല്ലോ പലസ്തീൻ.
പിന്നീട് അമവികളും അബ്ബാസികളും അവരെ തുടര്‍ന്ന് ഫാത്വിമികളുമൊക്കെ ജറൂസലമിന്റെ ഭരണം നിലനിര്‍ത്തി. ഫാത്വിമികള്‍ വരുന്നത് വരെ നിലനിന്നു പോന്ന സമാധാനത്തിന് അവരുടെ കാലത്ത് ഭംഗം നേരിട്ടു. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവിടെ നിന്നാണ് ഖുദ്സിൽ അശാന്തി പടർന്നു തുടങ്ങുന്നത്. ഫാത്വിമി ഭരണാധികാരിയായിരുന്ന ഹാകിം ബി അംരില്ലാഹി ഖുദ്സിലെ ചരിത്ര പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയം അൽ ഖിയാമ ചർച്ച് പൊളിച്ചു കളഞ്ഞു. മുസ്ലിം സാമ്രാജ്യത്തിന്റെ ശക്തിയും പ്രഭാവവും നന്നായി നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നതിനാൽ ഉടനടി കാര്യമായ എതിർപ്പൊന്നുമുണ്ടായില്ല എന്നു പറയാം. പക്ഷെ ഈ സംഭവം അകത്ത് കിടന്ന് രണ്ടു സമുദായങ്ങൾക്കുമിടയിലുളള ബന്ധം വഷളാക്കുന്നുണ്ടായിരുന്നു. ഉടനെ അതൊരു യുദ്ധമായി വളർന്നില്ല. പിന്നെയും ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷമാണ് കുരിശു യുദ്ധങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചത്.
ഇതേ സമയത്ത് വിവിധ മുസ്ലിം ഭരണകൂടങ്ങൾ കടുത്ത ആഭ്യന്തര കലഹങ്ങളിലായിരുന്നു. രണ്ട് ത്വരകളായിരുന്നു അവരെ പ്രചോദിപ്പിച്ചിരുന്നത്. ഒന്ന് സാക്ഷാൽ ഇസ്ലാമിക ഖിലാഫത്ത് തങ്ങളുടേതാണ് എന്നും ലോക മുസ്ലിംകളുടെ നേതൃത്വം തങ്ങൾക്കാണ് എന്നും സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ നിന്നാണ് അത് വന്നത്. രണ്ടാമത്തേത് സ്വന്തം രാജ്യത്തെ ഒരു സാമ്രാജ്യമായി പരിവർത്തിച്ചെടുക്കാനുള്ള വ്യഗ്രതയിൽ നിന്നുണ്ടായതായിരുന്നു. മൊത്തത്തിൽ രണ്ടാം വ്യഗ്രതയുടെ ഫലം കാണുകയും ചെയ്തു. പശ്ചിമേഷ്യയില്‍ നിന്ന് മധ്യേഷ്യയും പിന്നിട്ട് ഇസ്‌ലാമിക സാമ്രാജ്യം യൂറോപ്പിന്റെ അതിരുകളിലേക്ക് വളരുകയുണ്ടായി. സല്‍ജൂഖികളായിരുന്നു യൂറോപ്പിലേക്ക് പട നയിച്ചത്. അറബികളായിരുന്നില്ല, തുര്‍ക്കി വംശജരായിരുന്നു സല്‍ജൂഖികള്‍. അറബ് വംശജരല്ലാത്ത സല്‍ജൂഖികളുടെ മുന്നേറ്റത്തില്‍ അറബികളായ മറ്റ് ഖലീഫമാര്‍ക്ക് ചില മാനസിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തിരുന്നു. സൽജൂഖികളായിരുന്നു പ്രകടമായും പ്രധാനികൾ എങ്കിലും ഒരു ഭാഗത്ത് അബ്ബാസിയാ ഖിലാഫത്തും ഫാത്വിമി ഖിലാഫത്തും അവരുടെ ഭരണം നടത്തുന്നുണ്ടായിരുന്നു. പലതരം ആഭ്യന്തര പടലപ്പിണക്കങ്ങൾ നേരിടുന്നതിനാലും കഴിവുറ്റ ഭരണാധികാരികളുടെ അഭാവം കാരണത്താലും അവ രണ്ടും ദുർബ്ബലങ്ങളായിരുന്നു. ഇങ്ങനെയിരിക്കെ
യൂറോപ്പിലെ ക്രിസ്ത്യന്‍ ഭരണകൂടമായിരുന്ന ബൈസാന്റിയയയുടെ കീഴിലുളള പ്രദേശങ്ങള്‍ ഏതാണ്ട് മുഴുവനും സല്‍ജൂഖികള്‍ പിടിച്ചെടുത്തു. ഇത് യൂറോപ്പിലേക്കുള്ള മുസ്‌ലിം കടന്നുകയറ്റമായി ക്രൈസ്തവ യൂറോപ്പ് മനസ്സിലാക്കി. ക്രിസ്ത്യൻ ഭരണാധികാരികളും മത പുരോഹിതരും ഇതിൽ അങ്ങേയറ്റം അസ്വസ്ഥരായിരുന്നു.
അബ്ബാസിയ്യ ഖിലാഫത്തിന്റെ തകർച്ചയോടെയാണ് അടിസ്ഥാനപരമായി പ്രശ്നങ്ങൾ തുടങ്ങിയത്. ഇസ്ലാമിക ഖിലാഫത്ത് ഒട്ടും ശക്തിയില്ലാത്ത ചെറു കഷ്ണങ്ങളായി മാറിയതോടെ മൊത്തത്തിൽ ശക്തി ക്ഷയിച്ചു. സമുദായങ്ങൾക്കിടയിൽ പഴയ സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും ശീലങ്ങൾ അകന്നുപോയി. ഓരോ ഖലീഫയും അധികാരത്തിന്റെ തുടര്‍ച്ചക്കും സാമ്രാജ്യങ്ങളുടെ വളര്‍ച്ചക്കും വേണ്ടി മാത്രം ഭരണം നടത്തിവന്നു. മറ്റുളളവരോട് കാണിക്കേണ്ട മര്യാദകളും മാന്യതകളുമെല്ലാം ഭരണകൂടങ്ങളുടെയും ഭരണാധികാരികളുടെയും പരിഗണയിൽ നിന്ന് വേറിട്ടുപോയി. ഇത്തരമൊരു സാഹചര്യത്തിൽ പൊതുവെ ഓരോ കാര്യങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുക സ്വഭാവികമാണല്ലോ. ആശയത്തെറ്റ് സംഭവിച്ചാൽ പിന്നെ മുന്നോട്ടു പോകുംതോറും ഇത്തരം തെറ്റായ ധാരണകൾ പരക്കുകയും ചെയ്യും. ജറുസലേം സന്ദര്‍ശനത്തിന് പോകുന്ന ക്രിസ്ത്യന്‍ തീര്‍ഥാടകരോട് മുസ്‌ലിംകള്‍ മോശമായി പെരുമാറുന്നു തുടങ്ങി പലതും അങ്ങനെ വന്ന അക്കാലത്തെ കിംവദന്തികളായിരുന്നു.
ക്രിസ്ത്യാനികളുടെ വിശുദ്ധ സ്ഥലങ്ങളോട് മുസ്‌ലിംകള്‍ അനാദരവ് കാണിക്കുന്നു എന്ന പ്രചാരണങ്ങള്‍ കൂടി അവിടെ പരന്നു. അതിനിടയിലാണ് ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലേക്ക് മുസ്‌ലിംകള്‍ - നേരത്തെ പറഞ്ഞ സൽജൂഖികൾ - രാഷ്ട്രീയമായി ആധിപത്യമുറപ്പിച്ച് കൊണ്ട് കടന്ന് വരുന്നത്. തങ്ങളുടെ സ്വന്തം സാമ്രാജ്യത്തിലെ മണ്ണ് ചോരുകയാണ് എന്ന് ധരിച്ചതോടെ യൂറോപ്പിലാകമാനം മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തി. ഇങ്ങനെയാണ് കുരിശുയുദ്ധങ്ങുടെ ഭൂമിക ഒരുങ്ങുന്നത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso