Thoughts & Arts
Image

കുരിശു യുദ്ധങ്ങൾ വീണ്ടും വായിക്കുമ്പോൾ 2

27-09-2021

Web Design

15 Comments





1073 മുതൽ 1085 വരെ കത്തോലിക്കൻ സിംഹാസനം വാണ ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പയാകുന്നതോടെയാണ് കുരിശ് യുദ്ധങ്ങള്‍ക്ക് അടിത്തറ രൂപപ്പെടുന്നത്. പത്താം നൂറ്റാണ്ടും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദവും കത്തോലിക്കാ സഭയെ സംബന്ധിച്ചടത്തോളം ആത്മീയത അധികാരത്തിന് കീഴടങ്ങിക്കൊടുത്ത കാലമായിരുന്നു. രാജാക്കൻമാരുടെ ഇഷ്ടാനിഷ്ടങ്ങളായി മാറിയിരുന്നു സഭയുടെ ന്യായങ്ങളും പ്രമാണങ്ങളും. രാജാക്കൻമാർക്കും പ്രഭുക്കൾക്കും തങ്ങളുടെ താൽപര്യങ്ങൾ നടപ്പിൽ വരുത്തുവാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു പുരോഹിതർ. അവർ നിർല്ലോഭം നൽകുന്ന സുഖങ്ങളുടെ ശീതളിമയിൽ അതിനോട് പുരോഹിതർ രാജിയാവുകയും ചെയ്തു. ഇതിന്റെ ഖേദകരവും അമാന്യവുമായ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത് 1049 ല്‍ ലിയോ ഒന്‍പതാമൻ മാർപ്പാപ്പയാകുന്നതോടെയാണ്. കാര്യങ്ങൾ ശരിയായ പാതയിലേക്ക് കൊണ്ടുവരണം എന്നദ്ദേഹം തീരുമാനിച്ചു. അത് എളുപ്പമായിരുന്നില്ല. ആദ്യം നിലവിലുള്ള അവസ്ഥകൾ പഠിക്കുകയും തന്നെ അക്കാര്യം ബോധ്യപ്പെടുത്തുകയും വേണ്ടതുണ്ട്. അതിനായി അദ്ദേഹം ഹില്‍ഡെബ്രാന്‍ഡ് എന്ന ഒരു യുവസന്ന്യാസിയെ തന്റെ ഉപദേശകനായി നിയമിച്ചു. ഈ ഹല്‍ഡെബ്രാന്‍ഡാണ് പിന്നീട് 1073-ൽ ഗ്രിഗറി ഏഴാമന്‍ എന്ന പേരിൽ മാര്‍പ്പാപ്പായായത്. സഭയില്‍ കടന്നു കൂടിയ തിന്മകള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ആത്മീയാധികാര വിൽപ്പന, പുരോഹിതരുടെ വിവാഹം, മെത്രാൻമാരെ നിയമിക്കുന്നതിലുള്ള പരമാധികാരം തുടങ്ങി സഭാ നേതൃത്വത്തിന് കൈമോശം വന്ന പലതും അദ്ദേഹം ബലമായി തിരിച്ചു പിടിച്ചു. മെത്രാന്‍മാരെ നിയമിക്കാനുള്ള അധികാരം കയ്യാളിയിരുന്ന ഹോളി റോമാ ചക്രവര്‍ത്തി ഹെന്‍ റി നാലാമൻ രാജാവിനെ ഏതിര്‍ക്കാന്‍ അദ്ദേഹം മടിച്ചില്ല.സഭയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന എല്ലാ ബാഹ്യശക്തികളെയും അദ്ദേഹം എതിര്‍ത്തു. അതിന്റെ കൂലിയായി അന്ത്യകാലം നാടുകടത്തപ്പെട്ടാണ് അദ്ദേഹം ചെലവഴിച്ചത്.



അദ്ദേഹത്തിന്റെ കാലത്താണ് യൂറോപ്പിലെ ക്രിസ്ത്യന്‍ ഭരണാധികാരികള്‍ക്കിടയില്‍ മാര്‍പ്പാപ്പയുടെ സ്വാധീനം ശക്തമാകുന്നത്. ജനങ്ങളെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും സാധിക്കുന്ന വ്യക്തിത്വമായിരുന്നു പോപ്പ് ഗ്രിഗറിയുടേത്. സാമുദായികാസ്തിത്വം തിരിച്ചു പിടിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു തീവ്രവികാരമായിന്നു. അതിന്റെ ഭാഗമായി യൂറോപ്പിലേക്കുള്ള മുസ്‌ലിം കടന്ന് വരവിനെ പ്രതിരോധിച്ചില്ലെങ്കില്‍ അത് സാമുദായികമായ വൻ നഷ്ടങ്ങൾ വരുത്തിവെക്കും എന്നദ്ദേഹം മനസ്സിൽ കരുതി. ഈ പ്രതിരോധത്തിനു വേണ്ടി ഒരു വലിയ പദ്ധതി തന്നെ പോപ്പ് ആവിഷ്കരിച്ചു. അതു നടപ്പിലാക്കുവാൻ ആദ്യം കത്തോലിക്കാ പുരോഹിതരെ അദ്ദേഹം ഈ അപകടത്തിനെതിരില്‍ ജാഗരൂഗരാക്കി. തുടർന്ന് ക്രിസ്ത്യന്‍ ഭരണാധികാരികളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു. പോപ്പിനെ അംഗീകരിക്കാത്തവർക്കെതിരെ മതവിരുദ്ധ വിധി പ്രകടിപ്പിച്ചും ഇഷ്ടക്കാര്‍ക്ക് പിന്തുണ നല്‍കിയും അദ്ദേഹം ക്രിസ്ത്യന്‍ ഭരണാധികാരികളെ നിയന്ത്രിച്ച് നിര്‍ത്തി.



ഈ സമയത്ത് സൽജൂഖുകളുടെ മുന്നേറ്റത്തിൽ അധികാരം നഷ്ടപ്പെട്ട ബൈസെന്റിയന്‍ ചക്രവര്‍ത്തി തന്റെ രാജ്യം തിരിച്ചു പിടിക്കുവാൻ മതത്തെ മുന്‍നിര്‍ത്തി ഇസ്‌ലാമിക ഭരണകൂടങ്ങളോട് പോരിനിറങ്ങാന്‍ പോപ്പിന്റെ പിന്തുണ അഭ്യര്‍ഥിച്ചു. ഇത്തരം പ്രതികാരങ്ങളുടെ ചിന്തയും സ്വാധീനവും വളർന്നു കിട്ടിയാൽ ആഗോള ക്രിസ്ത്യാനികളുടെ അഭിമാനമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് പള്ളി പിടിച്ചെടുക്കാന്‍ ഈ മുന്നേറ്റത്തിന് സാധിക്കുമെന്ന് കണക്ക് കൂട്ടിയ പോപ്പ് ഗ്രിഗറി കുരിശ് യുദ്ധം എന്ന ആശയത്തിന് അംഗീകാരം നല്‍കി. അതേസമയം മറ്റൊരു താത്പര്യം കൂടി ഇതിനു പിന്നിലടണ്ടായിരുന്നു. ക്രൈസ്തവ ലോകത്തിന്റെ നെടുനായകത്വം കത്തോലിക്കർക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കലായിരുന്നു അത്. ഓര്‍ത്തഡോക്‌സ് എന്നും കത്തോലിക്കര്‍ എന്നും രണ്ട് കക്ഷികളായി ഭിന്നിച്ച് നില്‍ക്കുന്ന കാലമായിരുന്നു അത്. ഇതിൽ ഓര്‍ത്തഡോക്‌സുകാരനായിരുന്നു ബൈസെന്റിയന്‍ ചക്രവര്‍ത്തി. ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ഉദ്യമത്തിനും പിന്തുണ നൽകുമ്പോൾ രൂപപ്പെടുന്ന വിശാല ക്രിസ്തീയ ലോകം കത്തോലിക്കര്‍ക്ക് ആധിപത്യമുള്ളതായിരിക്കും എന്ന കണ്ണായിരുന്നു അത്.



ഇങ്ങനെ തീവ്രമായ ഒരു മതാവേശം കത്തിച്ചു നിറുത്തിയെങ്കിലും യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പോപ്പ് ഗ്രിഗറി ഏഴാമന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്നത് ശിഷ്യന്‍ കൂടിയായിരുന്ന അര്‍ബന്‍ രണ്ടാമനാണ്. ഫ്രാൻസിൽ നിന്നായിരുന്നു പാപ്പുറപ്പാട്. വിശ്വാസത്തിന്റെ പേരിൽ
ഈ യുദ്ധത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് സ്വര്‍ഗം വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു. കുരിശു യോദ്ധാക്കള്‍ക്ക് മാര്‍പ്പാപ്പ പ്രായശ്ചിത്ത പ്രവര്‍ത്തികളില്‍ നിന്ന് ഒഴിവ് കൊടുത്തു. കുരിശുയുദ്ധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് എതിരേ കേസുകളുണ്ടെങ്കില്‍ അവയുടെ വിചാരണ സാധാരണ കോടതികളില്‍ നിന്ന് സഭാ കോടതികളിലേക്ക് മാറ്റി നല്‍കി. അവര്‍ക്ക് ശിക്ഷകളില്‍ ഇളവുകള്‍ നല്‍കപ്പെട്ടു. അത് വഴി ധാരാളം കുറ്റവാളികള്‍ യോദ്ധാക്കളായി മുന്നോട്ട് വന്നു. യോദ്ധാക്കളുടെ സമ്പത്ത് സംരക്ഷിക്കാന്‍ സഭാ നേതൃത്വം നേരിട്ട് സംവിധാനങ്ങള്‍ ഉണ്ടാക്കി. മതഭ്രഷ്ട് നില നിന്നിരുന്നവര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതോടെ അവരുടെ ഭ്രഷ്ട് നീക്കപ്പെട്ടു. ഇങ്ങനെ സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും കുരിശ് സേനയിലേക്ക് ആളുകളെ ആകര്‍ഷിച്ച് കൊണ്ടിരുന്നു. നീണ്ട യുദ്ധങ്ങളിൽ തകരാതെ തളരാതെ മതവികാരത്തെ ജ്വലിപ്പിച്ചു നിറുത്തുകയായിരുന്നു ഈ നീക്കങ്ങളുടെയെല്ലാം പൊതുലക്ഷ്യം.



ഇതേ കാലത്താണ് മുസ്ലിം സ്പെയിൽ തകരുന്നത്. ആ സംഭവം ക്രിസ്തീയ പോരാളികളുടെ പോരാട്ടവീര്യം വർധിപ്പിക്കുകയും ചെയ്തു. ഒരു ഗോത്രവർഗ്ഗ ഭരണത്തിന് സമാനമായ ഒരു ഭരണം നിലനിൽക്കുന്ന കാലത്തായിരുന്നു മുസ്ലിംകൾ സ്പെയിൻ കീഴടക്കിയത്. തുടർന്ന് ആ രാജ്യം സമൃദ്ധമായി. അതോടെ ഭരണാധികാരികൾ അധികാര മോഹികളായി മാറുകയും തമ്മിൽ തല്ലും യുദ്ധവും പതിവാകുകയും ചെയ്തു. അതിന്റെ സ്വാഭാവിക പരിണിതിയായിരുന്നു സ്പെയിൻ എന്ന ശക്തിയുടെ ക്ഷയം. സ്‌പെയിന്‍ ഭരണകൂടം തകര്‍ന്നപ്പോള്‍ കയ്യില്‍ കിട്ടിയ ഓരോ ഭാഗങ്ങളും കൊണ്ട് ഓരോരോ ചെറു ഭരണകൂടങ്ങളും തട്ടിക്കൂട്ടി നേതാക്കന്മാര്‍ ഓരോരുത്തരും ഓരോ ഭരണാധികാരികളായി മാറി. ഇതില്‍പ്പെട്ട ഒരു ചെറു രാജ്യമായിരുന്നു റ്റൊലിഡോ. എ ഡി 1085ല്‍ റ്റൊലിഡോയെ ക്രിസ്ത്യന്‍ ഭരണകൂടം കീഴടക്കിയപ്പോള്‍ അതൊരു തുടക്കമായി കുരിശ് പോരാളികള്‍ കണ്ടു. ഇതിനെ ആദ്യത്തെ കുരിശു യുദ്ധമായി കണക്കാക്കാം. ഇത് അവർക്ക് ആവേശം പകരുകതന്നെ ചെയ്തു. അതേ സമയം സ്പെയിനിനെ രക്ഷിക്കാൻ ഒരു പൊതു ശക്തി രൂപപ്പെടുത്തുവാൻ മാത്രം മുസ്ലിം ലോകത്തെ അന്നത്തെ ഖലീഫമാർക്കിടയിൽ ഐക്യ സ്വരം ഉണ്ടായിരുന്നുമില്ല.



കുരിശുയുദ്ധങ്ങളുടെ പശ്ചാത്തലമാണ് നാം വിവരിച്ചത്. ഇവ്വിധം ഉരുണ്ടു കൂടിയ ഈ യുദ്ധമനസ്ഥിതിയുടെ പരമലക്ഷ്യം വിശുദ്ധ ഖുദ്സ് കൈക്കലാക്കുകയായിരുന്നു. അതിനാൽ ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന ഫലസ്തീന്‍ രാജ്യം തിരിച്ചു പിടിക്കാന്‍ ഭിന്നതകള്‍ മറന്ന് പോപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നടത്തിയ പോരാട്ടങ്ങളാണ് കുരിശു യുദ്ധങ്ങള്‍.  ഇതില്‍ പങ്കെടുത്ത ഓരോ പോരാളിയുടെയും വലതു കൈയില്‍ മരക്കുരിശ് കെട്ടിക്കൊടുത്തിരുന്നു.  അങ്ങനെയാണ് ഈ യുദ്ധങ്ങള്‍ക്ക് കുരിശു യുദ്ധങ്ങള്‍ എന്ന പേര് വന്നത്. നിരപരാധികളായ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെ ലക്ഷക്കണക്കിന് പച്ച മനുഷ്യരുടെ രക്്തം കൊണ്ട് ചരിത്രത്തെ ചുവപ്പിച്ച ഈ നരനായാട്ട് 152 വര്‍ഷങ്ങള്‍ക്കിടെ ഏഴെണ്ണം അരങ്ങേറി.ഒന്നാം കുരിശുയുദ്ധം (ക്രി. 1096-1099),  രണ്ടാം കുരിശുയുദ്ധം (ക്രി.1147-1149), മൂന്നാം കുരിശുയുദ്ധം (കി: 1189-1192), നാലാം കുരിശുയുദ്ധം (ക്രി.1202-1204), അഞ്ചാം കുരിശുയുദ്ധം (ക്രി.1218-1221), ആറാം കുരിശുയുദ്ധം (ക്രി. 1228-1229), ഏഴാം കുരിശുയുദ്ധം (ക്രി.1248-1254) എന്നിവയാണവ.  



1095ലാണ് കുരിശു യുദ്ധങ്ങൾ ആരംഭിച്ചത്. എഡി 1076 ൽ തുർക്കികൾ ജറുസലേം പിടിച്ചെടുത്തിരുന്നു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരു പോലെ പുണ്യസ്ഥലമായി കണക്കാക്കുന്ന നഗരമാണ് ജറുസലേം. ജറുസലേം നഗരം മുസ്‌ലിം ആധിപത്യത്തിൽ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഒന്നാം കുരിശുയുദ്ധം. ജെറുസലേം തീർഥാടനത്തിന് പോകുന്ന ക്രിസ്ത്യാനികളോട് മുസ്ലീങ്ങൾ ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നതെന്ന തരത്തിൽ പ്രചരിച്ച തെറ്റായ വാർത്ത ഫാദർ പീറ്റർ ദ ഹെർമിറ്റ് അന്നത്തെ പോപ്പ് ആയ അർബൺ രണ്ടാമനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോപ്പ് അർബൺ രണ്ടാമന്റെ അഭ്യർത്ഥന പ്രകാരം ജറുസലേം പിടിച്ചെടുക്കാൻ അലക്‌സിയൻ ചക്രവർത്തി യുദ്ധത്തിനിറങ്ങുകയായിരുന്നു. സെൽജുക്ക് ഭരണാധികാരിയായ ഖുനിയ ആയിരുന്നു അന്നത്തെ തുർക്കി ഭരണാധികാരി. ഈ യുദ്ധത്തിൽ ഖുനിയയുടെ സൈന്യത്തെ പരാജയപ്പെടുത്തി മുന്നേറിയ കുരിശു സൈന്യം ജെറുസലേം മുസ്‌ലിങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും ജെറുസലേം നഗരവാസികളെ കൂട്ടക്കൊല നടത്തുകയും ചെയ്തു. ഇതിലെ വിജയത്തെ തുടർന്ന് ചില ചെറിയ ക്രിസ്ത്യൻ സ്റ്റേറ്റുകളും ജെറുസലേം ക്രിസ്ത്യൻ രാജ്യവും (kingdom of jerusalem) സ്ഥാപിതമായി. പ്രഭുക്കന്മാരുടെ കുരിശുയുദ്ധം എന്നു കൂടി അറിയപ്പെടുന്ന രണ്ടാം കുരിശുയുദ്ധം(1147-1149) ഒന്നാം കുരിശുയുദ്ധത്തിൽ സ്ഥാപിതമായ ഒദേസ എന്ന രാജ്യം ഇമാമുദ്ദീൻ സങ്കിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ പിടിച്ചെടുതതിനെ തുടർന്നാണ്‌ ഉണ്ടായത്. യൂജീനിയസ്ൻ മൂന്നാമൻ ആയിരുന്നു ഇക്കാലത്തെ പോപ്പ്. ജർമനിയിലെ കോൺറാഡ് മൂന്നാമൻ ആയിരുന്നു രണ്ടാം ഇക്കാലത്തെ ക്രിസ്ത്യാനികളുടെ അന്നത്തെ രാജാവ്. കൂടാതെ ഫ്രാൻസിലെ രാജാവായിരുന്ന ലൂയി ഏഴാമനും പിന്തുണച്ചിരുന്നു. രണ്ടു സൈനിക വ്യൂഹമായി എത്തിയ കുരിശു സൈന്യം രണ്ടും സെൽജൂക്ക് സൈന്യത്തോട് ഏറ്റുമുട്ടി .



കുരിശുയുദ്ധങ്ങളിൽ ഏറ്റവും ഏറ്റവും വലുതും പ്രശസ്തവുമായത് മൂന്നാം കുരിശുയുദ്ധം(1189-1291) ആണ്. ഇത് മൂന്ന് വർഷം നീണ്ടു നിന്നു. രാജാക്കന്മാരുടെ കുരിശുയുദ്ധം എന്ന് ഇതറിയപ്പെടുന്നു. മൂന്ന് രാജാക്കന്മാരാണ് ക്രൈസ്തവ പക്ഷത്തെ പിന്തുണച്ച് യദ്ധത്തിൽ പങ്കെടുത്തത്. ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്, ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ്,ജെർമ്മിനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ എന്നിവരായിരുന്നു ഇവർ. സലാഹുദ്ദീൻ അയ്യൂബി ആയിരുന്നു മുസ്‌ലിം സേനയുടെ നേതാവ്. മുസ്ലീങ്ങൾ തമ്മിൽ കലുഷിതമായ ആഭ്യന്തര യുദ്ധങ്ങളുണ്ടായിരുന്നെങ്കിലും അവസാനം അവർ സ്വലാഹുദീൻ അയ്യൂബിയുടെ കീഴിൽ ഒന്നിക്കുകയും അദ്ദേഹം ശക്തമായ ഒരു സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തു. ഹിത്തീൻ യുദ്ധത്തിൽ വിജയിച്ച അദ്ദേഹം 1187 സപ്തംബർ 29 ന് ജറുസലേം കീഴടക്കുകയും ചെയ്തു. യൂറോപ്പിനെയാകമാനം നടുക്കിയ വിജയമായിരുന്നു അത്. ജറൂസലേം കീഴടക്കി എന്ന വാർത്ത കേട്ട അന്നത്തെ പോപ്പ് അർബൺ മൂന്നാമൻ 1187 ഒക്ടോബർ 19 ന് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു എന്നത് ഈ ആഘാതത്തെ കുറിക്കുന്നു.



തുടർന്ന് വന്ന പോപ്പായ ജോർജ്ജ് എട്ടാമൻ 1187 ഒക്ടോബർ 29-ന് മൂന്നാം കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തു. ജെർമ്മിനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ (1152-1190), ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ്(1180-1223), ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്(1189-1199) എന്നിവർ ഒത്തുചേർന്നാണ് ഈ യുദ്ധത്തിനൊരുങ്ങിയത്. യുദ്ധത്തിനായി ഫലസ്തീനിലേക്ക് നീങ്ങവെ ഫ്രെഡറിക് ബർബറോസ ഒരു നദി കടക്കുന്നതിനിടെ മുങ്ങി മരിച്ചു. മറ്റു രണ്ട് സൈന്യങ്ങളും ജറൂസലേമിലെത്തിയെങ്കിലും രാഷ്ട്രീയമായ പ്രശ്‌നങ്ങൾമൂലം ഫ്രാൻസിലെ രാജാവായ ഫിലിപ്പും തിരിച്ചുപോയി. പിന്നീടങ്ങോട് റിച്ചാർഡ് ദ ലയേൺ ഹേർട്ടാണ് യുദ്ധത്തെ കാര്യമായി നയിച്ചത്. 1191 ൽ ബൈസന്റിയനിൽ നിന്ന് സൈപ്രസ് ദ്വീപ് പിടിച്ചെടുത്ത അദ്ദേഹം ഏറെ നാളത്തെ ഉപരോധത്തിനൊടുവിൽ ആക്രെ(Acre)പട്ടണവും തിരിച്ചുപിടിച്ചു. 1191 സെപ്റ്റംബര്‍ 7ന് ജറൂസലേം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോട റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തിനിലുള്ള അര്‍സൂഫില്‍ വെച്ച് സ്വലാഹുദ്ദീൻ അയ്യൂബിയുടെ സൈന്യത്തിനോട് ഏറ്റുമുട്ടിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. നിരന്തമായി നടന്ന യുദ്ധങ്ങള്‍ക്ക് വിരാമമുണ്ടായത് 1192 സെപ്റ്റംബര്‍ 2ന് സ്വലാഹുദ്ദീനും റിച്ചാര്‍ഡും തമ്മിലുണ്ടാക്കിയ സന്ധിയോടു കൂടിയാണ്. ജറൂസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും എന്നാല്‍ നിരായുധരായ ക്രൈസ്തവരെ അവിടെയുള്ള ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു കരാര്‍. കുരിശു യുദ്ധങ്ങുടെ ചരിത്രത്തിൽ ഏറെ സവിശേഷമായ പല അധ്യായങ്ങളും ലോകം കാണുകയും പഠിക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്.



ശത്രുവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് സഭയില്‍ നിന്ന് പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത റിച്ചാർഡ്സിനും സമരസഖാക്കൾക്കും അത് പഠിപ്പിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ യുദ്ധരംഗത്തെ സമീപനങ്ങളായിരുന്നു.
യുദ്ധരംഗത്തായിരിക്കുമ്പോള്‍ പോലും ശത്രുവിന്റെ മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സന്നദ്ധമായി. റിച്ചാര്‍ഡിന് പനിപിടിച്ചപ്പോള്‍ തന്റെ വൈദ്യനെ അയച്ച് ചികില്‍സിക്കുകയും മരുന്ന് നല്‍കുകയും നല്ല പഴങ്ങളും ശുദ്ധമായ തണുത്ത ജലവും കൊടുത്തയക്കുകയും ചെയ്തത് സ്വലാഹുദ്ദീൻ അയ്യൂബിയായിരുന്നു. യുദ്ധത്തിനിടയില്‍ റിച്ചാര്‍ഡിന് കുതിര നഷ്ടപ്പെട്ടപ്പോള്‍ പകരം രണ്ടു കുതിരകളെ നല്‍കിയതും അദ്ദേഹം തന്നെ. അതുകൊണ്ടു തന്നെ കുരിശുയോദ്ധാക്കള്‍ക്കിടയില്‍ പോലും  സ്വലാഹുദ്ദീന്‍ നായകനായിത്തീര്‍ന്നു. തന്റെ സേഹാദരിയും സിസിലിയിലെ രാജ്ഞിയുമായ ജോനിനെ സ്വലാഹുദ്ദീന്റെ സഹോദരന് വിവാഹം ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ടാണ് റിച്ചാർഡ് ജറൂസലേം വിട്ടത് എന്നത് സ്വലാഹുദീന്റെ സംസ്കാരം എത്ര കണ്ട് ആ സിംഹഹൃദയനെ സ്വാധീനിച്ചു എന്നതിനു തെളിവാണ്. തീവ്ര ശത്രുതയും വിദ്വേഷവും മാത്രം മാറ്റുരയ്ക്കപ്പെടുന്ന രണഭൂമിയെപ്പോലും മാനവവല്‍ക്കരിക്കാന്‍ കഴിയുമെന്നത് തെളിയിച്ച അനുഭവങ്ങളായിരുന്നു മുസ്ലിംകൾക്ക് കുരിശുയുദ്ധങ്ങൾ. അത്രക്കും സത്യസന്ധവും ആത്മാർഥനുമായിരുന്നു സത്യവിശ്വാസികൾക്ക് കുരിശു പിടിച്ച് ഇരച്ചുകയറിയവരോട് പോലും ചെയ്തത് എന്നിടത്ത് കുരിശുയുദ്ധങ്ങുടെ സാക്ഷാൽ ജേതാക്കളായി മാറുകയാണ് മുസ്ലിംകൾ.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso