ജീലാനീ ദർശനം: പരിത്യാഗത്തിലൂടെ പരിപൂർണ്ണതയിലേക്ക്..
29-09-2021
Web Design
15 Comments
നമ്മുടെ സമുദായത്തിൽ പണ്ടേ നിലനിന്നുവരുന്ന ഒരു സംസ്കാരമാണ് ആണ്ടറുതികൾ ആചരിക്കുക എന്നത്. പുതിയ തലമുറയിൽ ചിലർ വെറും പരിഷ്കാരത്തിന്റെയും അതുവഴി ഉണ്ടാകുന്ന അഹങ്കാരത്തിന്റെയും പേരിൽ ഇതിനെ ഒരു പരിഹാസമായി കാണാറും തള്ളിക്കളയാറുമുണ്ട് എങ്കിലും ആണ്ടറുതികൾ ആചരിക്കപ്പെടുന്നതിലൂടെ പല ആശയങ്ങളും അർഥങ്ങളും ഗുണങ്ങളുമെല്ലാം ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അനുസ്മരിക്കപ്പെടുന്നവരുടെ നൻമകൾ സമൂഹത്തിൽ സംരക്ഷിച്ചു നിറുത്തുക എന്നത്. അവരുമായുളള ബന്ധത്തിന്റെ വൈകാരികതയാണല്ലോ അവരെ അനുസ്മരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ആ ബന്ധത്തിൽ അവരുടെ മഹത്വങ്ങളും മറ്റും ഒരിക്കൽ കൂടി ഓർക്കാൻ അവസരം ലഭിക്കുന്നു. അങ്ങനെ മക്കുമ്പോഴേക്കും അവ വീണ്ടും തിളങ്ങുന്നു. ആത്മീയതയും ആത്മഭാവങ്ങളുമെല്ലാം ഇങ്ങനെയാണ് നിലനിൽക്കുന്നത്. ആണ്ടറുതികളെ തളളിക്കളയുന്നവർക്ക് ആത്മീയ വികാരങ്ങൾ ഇല്ലാത്തതിന്റെയും കുറവാകുന്നതിന്റെയും ഒരു പ്രധാന കാരണം കൂടിയാണ് ഇത്.
ഇത്തരം ഒരു ആണ്ടറുതി റബീഉൽ ആഖിർ മാസവും ഉൾക്കൊളളുന്നു. വിശ്വാസികളുടെ ചിന്ത ആത്മീയതയിലേക്കു തിരിച്ചുവിടുകയും അതിനുവേണ്ടി പരിപക്വമായ ഒരു വഴി വിവരിച്ചുതരികയും ചെയ്ത ഗൗസുൽ അഅ്ളം മുഹിയുദീൻ അബ്ദുൽ ഖാദിറുൽ ജീലാനീ(റ) യുടെ ഓർമ്മകളുടെ ആണ്ടറുതിയാണത്.
സച്ചരിത നൂറ്റാണ്ടുകൾക്കു ശേഷം ആത്മീയതയുടെ രംഗത്ത് ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ട ആ വ്യക്തിത്വം തെന്റെ ദൗത്യം പൂർത്തിയാക്കി ലോകത്തോട് വിട പറഞ്ഞത് ഇതുപോലെ ഒരു റബീഉൽ ആഖിർ മാസത്തിലായിരുന്നു. ഹിജ്റ 561 ലെ റബീഉല്‍ ആഖിര്‍ മാസത്തിൽ. ശൈഖവർകളുടെ ജീവിതത്തെ അനാവരണം ചെയ്യുമ്പോൾ ചർച്ചകൾക്കെല്ലാം ഏതാണ്ട് ഒരേ സ്വരമാണ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച മഹോന്നതനായ ഒരു സമുദായ പരിഷ്‌കര്‍ത്താവ്, മതപ്രബോധകന്‍, ഹമ്പലീ, ശാഫിഈ സരണികളിലെ കര്‍മശാസ്ത്രപണ്ഡിതന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഒരു മഹാനായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) എന്ന് എല്ലാവരും സമ്മതിക്കും. പക്ഷെ, ചിലർ അദ്ദേഹത്തെ സ്വൂഫീ വര്യൻ, ആദ്ധ്യാത്മിക മാർഗ്ഗദർശി എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ ചിലർ നെറ്റിചുളിക്കും. അവർക്കത് ദഹിക്കില്ല. അവരുടെ ഈ ദഹനക്കേട് കണ്ടുകണ്ട് നമ്മളിൽ ചിലർക്ക് തന്നെ ചെറിയ ആശങ്കകൾ തുടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ജീലാനീ ദർശനത്തിന് ചില ആമുഖങ്ങൾ ആദ്യം പറയേണ്ടതുണ്ട്.
വേണ്ടത്ര അറിവ് ഇല്ലാത്തവരെയാണ് ഇത്തരം ശങ്കകൾ പിടികൂടുന്നത്. അത്തരക്കാരെ വേഗത്തിൽ വഴിതെറ്റിക്കാൻ പാകത്തിലുള്ള ചില കുനിഷ്ട് ചോദ്യങ്ങളാണ് ഉൽപ്പതിഷ്ണുക്കൾ എയ്തുവിടാറുള്ളത്. അവര് ചോദിക്കും, ഈമാൻ മനസ്സിലുറപ്പിച്ച് ഇസ്ലാം കാര്യങ്ങൾ ചെയ്ത് ജീവിക്കാനല്ലേ ദീൻ പറയുന്നത് ?, പിന്നെ എന്തിനാണ് ഒരു തസ്വവ്വുഫും ആത്മീയതയുമൊക്കെ? എന്ന്. കേൾക്കുമ്പോൾ തോന്നിപ്പോകും അതു ശരിയാണല്ലോ എന്ന്. എന്നാൽ ഇത് തെറ്റാണ്. ദീൻ എന്നത് എന്താണ് എന്ന് മനസ്സിലാക്കാത്തതിനാൽ വരുന്ന ഒരു ഭീമാബദ്ധമാണിത്. ഇതു മനസ്സിലാക്കാൻ ഉമർ(റ) അടക്കം പ്രമുഖ സ്വഹാബികൾ ഉദ്ധരിച്ച ഒരു ഹദീസ് മാത്രം മനസ്സിലാക്കിയാൽ മതി. അതിൽ നബി(സ) യുടെ സമീപത്ത് ഒരു മനുഷ്യ രൂപത്തിൽ ജിബ്രീൽ(അ) വരികയാണ്. എന്നിട്ട് ഏതാനും ചോദ്യങ്ങൾ ചോദിക്കുന്നു. ആദ്യത്തെ ചോദ്യം ഈമാനിനെ കുറിച്ചായിരുന്നു. അതിന് ഈമാൻ കാര്യങ്ങൾ പറഞ്ഞു കൊണ്ട് നബി(സ) മറുപടി നൽകി. ജിബ്രീൽ അതു ശരിവെക്കുകയും ചെയ്തു. പിന്നീട് ഇസ്ലാം കാര്യങ്ങളെ കുറിച്ചായിരുന്നു ചോദ്യം. അതിന് നബി(സ) ഇസ്ലാം കാര്യങ്ങൾ പറഞ്ഞും മറുപടി നൽകി. അതും ശരിവെക്കുകയുണ്ടായി മലക്ക്. ഇവിടെ ആ ചോദ്യങ്ങൾ അവസാനിച്ചില്ല. ഇവർ പറയുന്നതുപോലെ വെറും ആറും അഞ്ചും കാര്യങ്ങളിൽ ദീനിനെ ചുരുട്ടിക്കെട്ടാമെങ്കിൽ വീണ്ടും ഒരു ചോദ്യം വേണ്ടിയിരുന്നില്ല. തുടർന്ന് ജിബ്രീൽ ചോദിച്ചത് ഇഹ്സാനിനെ കുറിച്ചായിരുന്നു. അതിനും നബി(സ) മറുപടി നൽകി. പിന്നെയും ചോദ്യങ്ങൾ ഉണ്ടായി. അന്ത്യ നാളിനെ കുറിച്ചും അതിന്റെ അടയാളങ്ങളെ കുറിച്ചുമായിരുന്നു അവ. അതിനെല്ലാം നബിയുടെ മറുപടിയും ജിബ്രീലിന്റെ ശരിവെക്കലും കഴിഞ്ഞതിനു ശേഷം നബി(സ) പറഞ്ഞു: അത് ദീൻ എന്നത് എന്താണ് എന്ന് പഠിപ്പിച്ചു തരുവാൻ വന്ന ജിബ്രീലാണ്. ഈ ഹദീസിൽ നിന്ന് വ്യക്തമാണ്, ദീൻ എന്നതിന്റെ ഘടകങ്ങളാണ് ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവ മൂന്നും എന്ന്.
ഈ ഇഹ്സാനാണ് മേൽ പറഞ്ഞ ആത്മീയതയുടെയും തസ്വവ്വുഫിന്റെയുമെല്ലാം അടിസ്ഥാനം. അപ്പോൾ ഇഹ്സാൻ ദീനിൽ പെട്ടതാണ് എങ്കിൽ അതിനർഥം തസ്വവ്വുഫ് ദീനിൽ പെട്ടതാണ് എന്നാകും. അതിനാൽ ഇഹ്സാൻ കൂടി ഈ വിവരണത്തിൽ ഗ്രഹിക്കേണ്ടതുണ്ട്. അല്ലാഹുവിനെ കാണുന്നു എന്ന ഭാവേന അല്ലാഹുവിനെ ആരാധിക്കലാണ് ഇഹ്സാൻ എന്നാണ് നബി(സ) പറഞ്ഞതും ജിബ്രീൽ ശരിവെച്ചതും. അതിന് അല്ലാഹുവിനെ നാം കാണുന്നില്ലല്ലോ എന്നാണെങ്കിൽ അവൻ നിന്നെ തീർച്ചയായും കാണുന്നുണ്ട് എന്ന് ഓർക്കണം എന്നുകൂടി ഈ ആശയം സ്ഥിരീകരിക്കുവാനായി നബി തിരുമേനി പറഞ്ഞിട്ടുണ്ട്. ഇതോടെ ദീനിന്റെ മൂന്ന് ഘടകങ്ങളും ക്രമപ്രവൃദ്ധമായി ക്രമീകൃതങ്ങളായി. അവയിൽ ഈമാൻ കാര്യങ്ങൾ വിശ്വസിക്കാനുള്ളതും ഇസ്ലാം കാര്യങ്ങൾ ചെയ്യുവാനുള്ളതും ആകുമ്പോൾ അവരണ്ടും പ്രാവർത്തികമാക്കുന്നതിന് അവലംബിക്കേണ്ട ശൈലിയും സമീപന രീതിയുമെല്ലാമാണ് ഇഹ്സാൻ. ഈ ശൈലിയിലും രീതിയിലുമുള്ളതല്ലാതെ ഒന്നും സ്വീകരിക്കപ്പെടില്ല എന്നത് ഇസ്ലാം ഊന്നിപ്പറയുന്ന കാര്യമാണ്.
മേൽ വിവരിച്ചതിൽ നിന്നും ഇഹ്സാൻ എന്ന ആത്മീയത മനസ്സിന്റെ വ്യാപാരമാണ് എന്നതു വ്യക്തമായി. മനുഷ്യ മനസ്സ് ഒരു പിടികിട്ടാത്ത അൽഭുതമാണ്. അതിനെ മേൽപറഞ്ഞ ഭാവത്തിലേക്ക് കൊണ്ടുവരിക, ആ ഭാവത്തിലായി നിലനിറുത്തക എന്നതൊന്നും എളുപ്പമല്ല. കാരണം അത്തരം ചിന്തകൾക്ക് തികച്ചും വിരുദ്ധമായ വൈകാരിക ഇഛകളുടെ താവളമാണത്. പൈശാചികമായ ആ ഇഛകളെയെല്ലാം മറികടന്ന് അല്ലാഹുവിന്റെ ദൃഷ്ടിയിലെന്നോണം ജീവിതം മുഴുവനും ജീവിക്കുക എന്നത് പറയുന്നത് പോലെ എളുപ്പമുളള കാര്യമല്ല. അതിന് നിരന്തരമായ ഉപദേശവും മാനസിക ഇടപെടലുകളുമെല്ലാം വേണ്ടതുണ്ട്. ആത്മീയതയെ ഉദ്വീപിപ്പിക്കുവാൻ സഹായകമായ ചിട്ടകളും പതിവുകളും കൊണ്ട് മനസ്സിനെ നിയന്ത്രണ വിധേയമാക്കണം. ഇതൊന്നും ഒരാൾക്ക് സ്വന്തമായി അഭ്യസിക്കാവുന്ന കാര്യങ്ങളല്ല. ഇവിടെയാണ് ആത്മീയ നായകൻമാരായ മുറബ്ബിയായ ശൈഖുമാരുടെ ആവശ്യം തെളിഞ്ഞു വരിക. അത്തരത്തിൽ സരളമായ ഒരു വഴി ലോകത്തിന് വിവരിച്ചു കൊടുത്ത അതുല്യനായ ഒരു ശൈഖായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ). അദ്ദേഹം കാണിച്ചു തന്ന വഴിയുടെ പ്രത്യേകതയും പ്രാധാന്യവും ലോകത്തിന്റെ ശ്രദ്ധയിൽ സജീവമാക്കി നിറുത്തുകയാണ് ജീലാനീ ദിനത്തിന്റെ ദൗത്യം.
ക്രി.1077-ല്‍ കാസ്പിയന്‍ കടലിനു തെക്കുള്ള ജീലാന്‍(ഗീലാന്‍) എന്ന പേര്‍ഷ്യന്‍ പ്രവിശ്യയിലായിരുന്നു മഹാനവർകളുടെ ജനനം. അദ്ദേഹത്തിന്റെ പിതാവിന്റെ വംശപരമ്പര ഇമാം ഹസൻ(റ)വുമായും മാതാവിന്റെത് ഇമാം ഹുസൈൻ(റ)വുമായും സന്ധിക്കുന്നു എന്നാണ് മിക്ക ഗ്രന്ഥകാരന്‍മാരും രേഖപ്പെടുത്തുന്നത്. മഹാനവർകളുടെ പിതാവ് അബൂസ്വാലിഹ് മൂസാ എന്നവരെപ്പറ്റി ജീവചരിത്രക്കുറിപ്പുകള്‍ അധികമൊന്നും പറയുന്നില്ല. ബാല്യത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ അദ്ദേഹം മാതാവായ ഉമ്മുല്‍ഖൈര്‍ എന്ന ഫാത്വിമ(റ)യുടെ സംരക്ഷണയിലാണ് വളര്‍ന്നതും വിദ്യയഭ്യസിച്ചതും. ക്രി.1095 -ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ഉപരിപഠനാര്‍ഥം മഹാനവർകൾ ബഗ്ദാദിലേക്ക് പോയി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സിദ്ധി ജനങ്ങളെ സംസ്‌കരിക്കുവാനും നേര്‍വഴിയിലാക്കുവാനുമുള്ള കഴിവായിരുന്നു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, നഹ്‌വ്, കര്‍മശാസ്ത്ര ഭിന്നതകള്‍ (ഖിലാഫ്) എന്നീ വിഷയങ്ങളില്‍ അദ്ദേഹം പഠനവും അധ്യാപനവും നടത്തി. ശാഫിഈ, ഹന്‍ബലീ കര്‍മശാസ്ത്രങ്ങളനുസരിച്ച് ഫത്‌വകള്‍ നല്‍കുകയും ചെയ്തു.
ഹി. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും മുസ്‌ലിം ലോകം രാഷ്ട്രീയമായും ചിന്താപരമായും വിശ്വാസപരമായും ശൈഥില്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. അതിനൊരു ഉദാഹരണമാണ് ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന വാദം. ഇത്തരം ജീര്‍ണതക്കെതിരായി രംഗത്തുവന്ന പരിഷ്‌കര്‍ത്താക്കളാണ് ഇമാം ഗസ്സാലിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയും. അറിവിലേക്കും ആത്മീയതയിലേക്കും വിശ്വാസികളെ തിരിച്ചെത്തിക്കുവാനും അതിൽ നിലനിറുത്തുവാനും ആയിരുന്നു രണ്ടു പേരും ശ്രമിച്ചത്. ആ കാലഘട്ടത്തില്‍ തസ്വവ്വുഫുമായി ജനങ്ങൾക്ക് ബന്ധം കുറവായിരുന്നു. ഭൗതികതയോടും അധികാരത്തോടുമുള്ള ഇഛകൾ വളർന്നാണ് ആത്മീയത മങ്ങിപ്പോയത്. അതിനാൽ ജനങ്ങളെ സമുദ്ധരിക്കുവാൻ ആത്മീയമായ ഒരു നവജാഗരണം അനിവാര്യമായിരുന്നു. അതേ സമയം അത് സാധാരണക്കാർക്ക് പോലും ഉൾക്കൊളളുവാനും അയത്നമായി ജീവിതത്തിൽ പകർത്തുവാനും പറ്റുന്നത് ആകേണ്ടിയിരുന്നു. അത്തരമൊരു സ്വൂഫീ പാത ലോകത്തിന് തെളിയിച്ചു കൊടുത്തതാണ് ഗൗസുൽ അഅ്ളം തങ്ങൾ സമുദായത്തിന് ചെയ്ത ഏറ്റവും മഹത്തായ സേവനം. ഈ പാത ഖാദിരീ ത്വരീഖത്ത് എന്നറിയപ്പെടുന്നു.
ആത്മീയതയെ പ്രാപിക്കുവാൻ ശൈഖ വർകൾക്കുണ്ടായ നിമിത്തം അല്ലാഹുവിൽ നിന്നുള്ള പ്രത്യേക തൗഫീഖായിരുന്നു. എല്ലാ തിന്മകളുടെയും കേന്ദ്രമായി ബഗ്ദാദ് നഗരം മാറിയതു കണ്ട് ഉണ്ടായ നിരാശയിൽ നിന്നായിരുന്നു തുടക്കം. ക്രമേണ ജനങ്ങളെ സൻമാർഗത്തിലേക്ക് നയിക്കുന്നതിനെ കുറിച്ചുളള ആലോചനകൾ മുറുകി. ഇതോടെ അദ്ദേഹത്തിന്റെ ജീവിതം ഏകാന്തതയിൽ വിലയം പ്രാപിച്ചു. അപ്പോൾ ആധ്യാത്മിക ജ്ഞാനികൾക്ക് അനുഭവപ്പെടുന്ന തരത്തിലുള്ള അനുഭവങ്ങളും ശൈഖവർകക്ക് അനുഭവപ്പെട്ടു തുടങ്ങി. ഒറ്റപ്പെട്ടു ജീവിക്കുക, ഭൗതികതയോട് വിരക്തിയാവുക തുടങ്ങി പലതും ശൈഖിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജീലാനി തങ്ങൾ തന്നെ പറയുന്നു ഒരിക്കൽ എനിക്ക് ബുദ്ധിഭ്രംശം സംഭവിച്ചു. ഉന്മാദാവസ്ഥ പിടികൂടി. ആളുകൾ എന്നെ ചികിൽസിക്കുവാൻ കൊണ്ട് പോയി. ഞാൻ മരിച്ചു എന്ന് ആളുകൾ കണക്ക് കൂട്ടി. കഫൻ പുടവ കൊണ്ട് വന്നു. എന്നെ മയ്യിത്ത് കുളിപ്പിക്കാൻ കിടത്തി. അപ്പോഴാണ് എനിക്ക് ബോധം തിരിച്ചു കിട്ടിയത്, ഞാൻ ഉണർന്നെണീറ്റു (സിയറു അഅ്ലാമുന്നുബലാഅ - 20 / 444)
ഈ മാറ്റത്തിൽ അദ്ദേഹം തന്റെ ശരിയായ കരയിൽ എത്തിച്ചേർന്നു. അക്കാലത്ത് ബാഗ്ദാദിലെ പ്രശസ്തനായ സൂഫി ഗുരു ശൈഖ് ഹമമാദ് ഇബ്നു മുസ്‌ലിം(റ) എന്നവരുടെ ശിഷ്യത്വമായിരുന്നു അത്. ഇസ്ലാമിക വിജ്ഞാനീയങ്ങളിലും ആത്മീയ ജ്ഞാനത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു ഹമ്മാദ് ബിൻ മുസ്ലിം തങ്ങൾക്ക്. അദ്ദേഹം കഠിന പരീക്ഷണങ്ങളിലൂടെ തന്റെ ശിഷ്യനെ സംസ്കരിച്ചെടുത്തു. തന്റെ പിൻഗാമിയായി സമൂഹത്തിൽ തജ്ദീദ് ചെയ്യാൻ എല്പ്പിക്കേണ്ട അരുമ ശിഷ്യൻ പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ നിൽക്കാൻ പരിശീലിപ്പിക്കെണ്ടാത് ഗുരുവിന്റെ കർത്തവ്യത്തിൽ പെട്ടതാണ്. ജീലാനി തങ്ങൾ പറയുന്നു ഒരിക്കൽ ഞങ്ങൾ ഗുരുവര്യരുടെ കൂടെ ജുമുഅ നിസ്ക്കരിക്കനായി യാത്ര പോവുകയാണ്. ടൈഗ്രിസ് നദിയുടെ പാലത്തിലൂടെയാണ് യാത്ര. പാലത്തിലെത്തിയപ്പോൾ ഗുരു പെട്ടെന്ന് നിൽക്കുകയും എന്നെ പിടിച്ചു നദിയിലേക്ക് തള്ളിയിടുകയും ചെയ്തു. വെള്ളത്തിനു അതി കഠിനമായ തണുപ്പായിരുന്നു. ജുമുഅക്ക് വേണ്ടി കുളിക്കുന്നു എന്ന നിയ്യത്ത് ചെയ്തു ഞാൻ മുങ്ങി. കമ്പിളി ജുബ്ബയയിരുന്നു ഞാൻ ധരിച്ചിരുന്നത്. പോക്കറ്റിലെ പഠന കുറിപ്പുകളും നോട്സുകളും നനയാതിരിക്കാൻ ഞാനവ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചു. ഗുരുവും സംഘവും എന്നെയും വിട്ടേച്ചു നടന്നു നീങ്ങി. ഞാൻ കരക്ക് കയറി ജുബ്ബ പിഴിഞ്ഞെടുത് അവരെ പിന്തുടർന്നു (ഖലാഇദുൽ ജവാഹിർ) തന്റെ ശിഷ്യനായ അബ്ദുൽ ഖാദിർ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനും സത്യത്തിൽ അചഞ്ചലനായി ഉറച്ചു നിൽക്കാനും വേണ്ടിയാണ് താനത് ചെയ്തതെന്ന് ശൈഖ് ഹമ്മാദ് (റ) തന്നെ പറഞ്ഞിട്ടുണ്ട്. മശാഇഖൻമാർ ഇവ്വിധം കഠിനമായ വഴികളിലൂടെയാണ് തങ്ങളുടെ മുരീദുമാരെ തർബിയ്യത്ത് ചെയ്തെടുക്കുന്നത്.
ഖാളിയും മഹാ പണ്ഡിതനുമായിരുന്ന ശൈഖ് അബൂ സഈദ് മുബാറക് ബിൻ അലി (റ)യുടെ ശിഷ്യത്വം സ്വീകരിച്ച മഹാൻ അദ്ദേഹത്തിൽ നിന്നും ഫിഖ്ഹും ത്വരീഖത്തും സ്വീകരിച്ചു. ബാഗ്ദാദിലെ ബാബുൽ അസജ് എന്ന പ്രദേശത്ത് ശൈഖ് അബൂ സഈദ് സ്ഥാപിച്ച മദ്രസ്സയുടെ ഉത്തരവാദിത്ത്വം ജീലാനി തങ്ങളെ അദ്ദേഹം ഏൽപ്പിച്ചു. ആദ്യമാദ്യം ശൈഖവർകൾ അധ്യാപന വൃത്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന് വലിയ ആത്മീയ ജ്ഞാനിയായി മാറിയതോടെ ജനങ്ങളെ തർബിയത് ചെയ്യാനുള്ള അപാര സിദ്ധി അദ്ദേഹത്തിനു കൈവന്നു. ഭൗതികമായ ത്വരകളെയെല്ലാം മുറിച്ചു കളഞ്ഞ മഹാനവർകൾ അല്ലാഹു എന്ന വികാരത്തിൽ ലയിച്ചലിഞ്ഞുചേർന്നു. ആരുടെ മുമ്പിലും തല കുമ്പിടാതെ, കൈ നീട്ടാതെ, ഐഹിക ജീവിത വിരക്തനായി. ധനത്തോടും സൗകര്യത്തോടും വിരക്തിയായി ജീവിച്ചതുടങ്ങിയപ്പോൾ ജനം അദ്ദേഹത്തെ തേടിയെത്തി. എന്നല്ല, ലോകം തന്നെ തേടിവന്നു. ഖലീഫമാരും മന്ത്രിമാരും ഉന്നതന്മാരും അവിടത്തെ മുന്നിൽ വിനയാന്വിതരായി നിലകൊണ്ടു. ഇന്നും ആ ഒഴുക്ക് തുടരുകയാണ്. ആ വിയോഗത്തിനു ശേഷം ഇത്ര നൂറ്റാണ്ടുകളായിട്ടും. അദ്ദേഹത്തിന്റെയും വഴിയുടെയും ബറക്കത്താണ് അതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഇന്നും ഏവുമധികം അനുയായികളുള്ളത് ഖാദിരീ ത്വരീഖത്തിനാണ്.
മഹാനവർകളുടെ ഉപദേശങ്ങൾ സമാഹരിച്ച് അല്‍ഫത്ഹുര്‍റബ്ബാനി, ഫുതൂഹുല്‍ ഗൈബ് എന്നീ പേരുകളില്‍ പുറത്തിറക്കപ്പെട്ടിട്ടുണ്ട്. ഗുന്‍യതുത്ത്വാലിബീന്‍ അദ്ദേഹത്തിന്റെ മൗലിക ചിന്തകള്‍ പ്രതിഫലിപ്പിക്കുന്ന ഗ്രന്ഥമാണ്. അല്‍ഫുയൂദാതുര്‍റബ്ബാനിയ്യ, ബശാഇറുല്‍ ഖൈറാത്ത്, തുഹ്ഫതുല്‍ മുത്തഖീന്‍, ഹിസ്ബുര്‍റജാ വല്‍ഇന്‍തിഹാ, അര്‍രിസാലതുല്‍ ഗൗസിയ്യ, അല്‍കിബ്‌രീതുല്‍ അഹ്മര്‍ തുടങ്ങിയവയാണ് ശൈഖവർകൾ കേന്ദ്ര വിഷയമായ മറ്റു പ്രമുഖ ഗ്രന്ഥങ്ങള്‍.
561 റബീഉല്‍ ആഖിര്‍ 10, 1166 ഏപ്രില്‍ 11ന് 91ാമത്തെ വയസില്‍ ശൈഖവർകൾ വഫാത്തായി. ബഗ്ദാദിലാണ് അവർ അന്തിയുറക്കുന്നത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso