വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകൾ
30-09-2021
Web Design
15 Comments
ഖത്വീബുൽ ബഗ്ദാദി തന്റെ താരീഖു ബഗ്ദാദിൽ ഒരു സംഭവം പറയുന്നുണ്ട്, എ ഡി 775 മുതൽ 785 വരെ ഇസ്ലാമിക സാമ്രാജ്യം ഭരിച്ച അബ്ബാസീ ഖലീഫ മഹ്ദിയെ തൊട്ട്. കഥ മറ്റൊന്നുമല്ല, ഒരാൾ ഒരു തൂവാലയിൽ പൊതിഞ്ഞ എന്തോ ഒന്നുമായി ഭവ്യതയോടെ ഖലീഫയുടെ രാജസദസ്സിലേക്ക് കടന്നുവന്നു. വേണ്ടതിലധികം വിനയവും ബഹുമാനവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു ടിയാൻ. കക്ഷി പൊതി കാണിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി: അമീറുൽ മുഅ്മിനീൻ, ഇത് നബി(സ) യുടെ ചെരുപ്പുകളാണ്. ഇത് ഞാൻ അങ്ങേക്ക് സമ്മാനിക്കുവാൻ കൊണ്ടുവന്നതാണ്.. സദസ്സ് ഒന്നു നടുങ്ങി. എല്ലാ കണ്ണുകളും ഖലീഫയിലേക്ക് നീണ്ടു. ബുദ്ധിശാലിയും യുക്തി സമ്പന്നനും ആയിരുന്നു ഖലീഫ മുഹമ്മദുൽ മഹ്ദി. അതിനാൽ തന്നെ ഖലീഫ എന്തു ചെയ്യാൻ പോകുന്നു എന്നത് എല്ലാവരുടെയും ജിജ്ഞാസയായിരുന്നു.
ഖലീഫ ഇങ്ങോട്ടു തന്നേക്കു എന്ന് പറഞ്ഞ് പൊതിക്ക് കൈനീട്ടി. ആഗതൻ പൊതി ആദരവോടെ കൈമാറി. ഖലീഫ വളരെ ആദരവോടെ സംഗതി വാങ്ങി. നെഞ്ചോടും കണ്ണോടും ചേർത്തുപിടിച്ചതായി കാണിച്ചു. നല്ലൊരു തുക സമ്മാനമായി നൽകാൻ ഉത്തരവിടുകയും ചെയ്തു. കക്ഷിക്കു വേണ്ടത് അതായിരുന്നു. അതു കിട്ടി. അയാൾ പോവുകയും ചെയ്തു. രംഗത്തിനു സാക്ഷികളായി സദസ്സിലുണ്ടായിരുന്ന പണ്ഡിതരടക്കം സ്തബ്ദതയിൽ നിന്ന് ഞെട്ടിയുണർന്ന് ഖലീഫയെ തുറിച്ചു നോക്കി. യാതൊരു അടിസ്ഥാനവും തെളിവുമില്ലാതെ ഒരാൾ നബിയുടെ ചെരുപ്പെന്നും പറഞ്ഞ് ഒരു പൊതി തരുമ്പോൾ ഖലീഫ അതു വാങ്ങുകയും ബഹുമാനം പ്രകടിപ്പിക്കുകയും അതിന് സമ്മാനം കൊടുക്കുകയും ചെയ്തത് സത്യത്തിൽ അവരെ ഞെട്ടിച്ചിരുന്നു. കാരണം അങ്ങനെ ചെയ്യുന്ന ആളല്ല ഖലീഫാ മഹ്ദി. അവരിൽ ചിലർ അത് ചോദിക്കുക തന്നെ ചെയ്തു.
ഖലീഫ പറഞ്ഞു: നിങ്ങൾ സൂചിപ്പിക്കുന്ന ഈ സംഭവത്തിലെ നിരർഥകത എനിക്ക് ബോധ്യമുള്ളതു തന്നെയാണ്. പക്ഷെ, ഞാൻ ഇപ്പോൾ അതു ഇപ്രകാരം വാങ്ങിയില്ലായിരുന്നുവെങ്കിൽ അയാൾ, ഖലീഫ തിരുനബിയുടെ തിരുചെരുപ്പിനെ അവമതിച്ചു എന്നും പറഞ്ഞ് രാജ്യത്ത് ആഭ്യന്തര ആശയക്കുഴപ്പമുണ്ടാക്കും. കുറേ ആൾക്കാർ അയാൾക്കൊപ്പം ചേരും. ഭരണാധികാരി ഒരു വശത്തും ഭരണീയൻ ഒരു വശത്തും വന്നാൽ കുറേ അധികം ജനങ്ങൾ അയാളുടെ കൂടെക്കൂടും. കൂട്ടത്തിൽ കൂടുതൽ ദുർബലന്റെ കൂടെ കൂടി രംഗം കൊഴുപ്പിക്കുവാൻ എല്ലാവർക്കും പൊതുവെ ഉൽസാഹമായിരിക്കുമല്ലോ. അങ്ങനെവന്നാൽ അതോടെ സംഗതി നിയന്ത്രണം വിടും. ഇപ്പോൾ ഇനി ആ പേടിയില്ലല്ലോ. ഖലീഫയുടെ മറുപടി കേട്ടതിൽപിന്നെ ആരും ഒന്നും പറഞ്ഞില്ല. അത്രക്കും ക്ലിയറായിരുന്നുവല്ലോ ആ മറുപടി. ഈ സംഭവം ഒരു പാട് സന്ദേശങ്ങൾ നൽകുന്നുണ്ട്. വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് പണ്ടെ ഉള്ളതാണ് എന്നതാണ് അവയിലൊന്ന്. അതിന് പ്രത്യേക നാടോ മതമോ ഒന്നുമില്ല. ചൂഷണത്തിനും തട്ടിപ്പിനും അങ്ങനെ ഏതെങ്കിലും പ്രത്യേക ഭൂമിക വേണ്ടതില്ല. അനിഷേധ്യമായ ബഹുമാനങ്ങളെയാണ് ഇതിന്നായി ഉപയോഗപ്പെടുത്തുക എന്നത് മറ്റൊന്ന്. ഈ കഥയിൽ കണ്ടില്ലേ, നബിയുടെ പാദരക്ഷകളെയാണ് മുസ്ലിംകളുടെ ഖലീഫയെ കയ്യിലെടുക്കുവാൻ ഉപയോഗപ്പെടുത്തുന്നത്. നബിയെ സ്വന്തം മാനസമായി കരുതുന്നവർക്കു മുമ്പിൽ എളുപ്പത്തിൽ അവരുടെ ചെരുപ്പുകൾ വിൽക്കുവാൻ കഴിയും. അത്തരക്കാരുടെ ലക്ഷ്യം വെറും സാമ്പത്തികമാണ് എന്നത് മറ്റൊന്ന്. ഏതാനും നാണയം സമ്മാനമായി നേടിയതോടെ ഒരു വിവരണവും നൽകാതെ കഥയിലെ കക്ഷി സ്ഥലം വിട്ടതു കണ്ടല്ലോ.
മൂസാ പ്രവാചകന്റെ വടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാൻ കൈപ്പറ്റിയ വെള്ളിക്കാശ്, യേശു വെള്ളം വീഞ്ഞാക്കിയ ഭരണി, എഴുത്തഛന്റെ താളിയോല, ടിപ്പുവിന്റെ സിംഹാസനം തുടങ്ങിയവയുമായി ഒരു വിരുതൻ പ്രബുദ്ധ കേരളത്തിലെ പണക്കാരെയും ഭരണാധികാരികളെയും കലാകാരൻമാരെയും എല്ലാം വെറും പൊട്ടൻമാരാക്കിയ വാർത്ത വന്നപ്പോഴാണ് ഖലീഫാ മഹ്ദിയുടെ കൊട്ടാരം ഓർമ്മ വന്നത്. ആ രംഗത്ത് തട്ടിപ്പിന്റെ വേട്ടക്കാരനും ഇരയും ഇസ്ലാമും മുസ്ലിംകളും മാത്രമായിരുന്നതിനാൽ സംഗതി നബിയുടെ ചെരുപ്പിൽ ഒരുങ്ങി. ഈ വിരുതൻ പക്ഷെ, അങ്ങനെ ഒരു ചെരുപ്പ് മാത്രം കൊണ്ടു വന്നിട്ട് കാര്യമില്ല. കാരണം ഇയാൾ ജീവിക്കുന്നത് ഒരു ബഹുമത സമൂഹത്തിലാണ്. കക്ഷി ക്രിസ്ത്യാനി യൊക്കെയാണെങ്കിലും കയ്യിലിരിപ്പിൽ ക്രിസ്ത്യാനിറ്റി മാത്രമാണെങ്കിൽ കീശ നിറയില്ല. അതുകൊണ്ട് ബുദ്ധിപരമായി എല്ലാവരെയും കക്ഷി മനോഹരമായി പരിഗണിച്ചിരിക്കുന്നു. ജൂതരുടെ മോശ, ക്രൈസ്തവരുടെ യേശു, ഹിന്ദുക്കളുടെ ശ്രീകൃഷ്ണൻ, മലയാത്തിന്റെ എഴുത്തഛൻ, മുസ്ലീംകളുടെ ടിപ്പു.. അങ്ങനെ പോകുന്നു കോപ്പുകളുടെ ക്രമം. ശരിക്കും വിലയിരുത്തിയാൽ കക്ഷി തികഞ്ഞ ബുദ്ധിമാനായ ഒരു വിരുതൻ തന്നെ.
നമ്മുടെ ചിന്ത വിശ്വാസത്തെ കുറിച്ചാണ്. വിശ്വാസം എന്നാൽ ഉറപ്പുളള ധാരണയാണ്. ഉപോൽഭലകമായി ആശ്രയിക്കുന്ന തെളിവുകളുടെയും ഉന്നയിക്കുന്ന ന്യായങ്ങളുടെയും അടിസ്ഥാനത്തിലാണ് അത് ഉറപ്പുള്ളതും ഉറപ്പില്ലാത്തതുമൊക്കെയായി മാറുന്നത്. ഇക്കാര്യത്തിൽ മനുഷ്യൻ ചെയ്യേണ്ടത് ചിന്തകളും ന്യായങ്ങളും തെളിവുകളും വഴി സ്വന്തം വിശ്വാസത്തെ ഉറപ്പിച്ചു നിറുത്തുക എന്നതാണ്. ഇക്കാര്യത്തിൽ പക്ഷെ ചില തെറ്റുകൾ ചിലർക്ക് പറ്റാറുണ്ട്. വിശ്വാസത്തെ ഒരു തിരിച്ചറിവായും ജീവിതത്തിന്റെ ചുവടുകളെ നിയന്ത്രിക്കുന്ന വഴിയായും ജീവിതം തന്നെയായും കാണുന്നതിന്റെ സമീപനരീതിയിൽ വരുന്ന തെറ്റാണത്. അത് ഈ പറഞ്ഞ പരിധിയിൽ നിന്ന് വിശ്വാസം പുറത്തുകടന്ന് ഒരു വികാരം മാത്രമായി മാറുന്നു എന്നതാണ്. അത്തരക്കാരാണ് ഇത്തരം ചതികളിൽ പെട്ടു പോകുന്നത്. മതവും വിശ്വാസവും ശരിയായി മനസ്സിലുറപ്പിച്ച് ജീവിക്കുന്നവരെ ഇത്തരം തിരുശേഷിപ്പുകൾ വെച്ച് പറ്റിക്കാൻ കഴിയില്ല. തിരുശേഷിപ്പുകളും ചരിത്രശേഷിപ്പുകളും ഇല്ല എന്നു ഈ പറഞ്ഞതിനർഥമില്ല. ഉണ്ട്, ഉണ്ടാവുകയും ചെയ്യാം. പക്ഷെ അവ കച്ചവടം ചെയ്യുന്ന സാഹചര്യത്തിലേക്ക് വരുന്നതോടെ അത് വെറുമൊരു കച്ചവടച്ചരക്കായി മാറുകയാണ്. അപ്പോഴാവട്ടെ, വെറും ഒരു വസ്തു എന്ന അർഥത്തിലേക്ക് അതു താഴുകയും ചെയ്യും.
വിശ്വാസത്തെ ഈ വിധത്തിൽ ക്രമീകരിച്ചെടുക്കുന്നതിൽ ഏറെ വിജയിച്ച മതമാണ് ഇസ്ലാം. കർമ്മങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയെല്ലാം രൂപപ്പെടുന്നതിനു മുമ്പ് വിശ്വാസത്തെ ഉറപ്പിച്ചെടുക്കാനാണ് ഇസ്ലാം ശ്രമിച്ചത്. ആദ്യമായി അവതരിച്ച ഖുർആൻ സൂക്തങ്ങളുടെ ധ്വനിയിൽ നിന്നു തന്നെ അതു മനസ്സിലാക്കാം. സൂറത്തുൽ അലഖിലെ ആ ആദ്യ ആയത്തുകളിൽ സൃഷ്ടിപ്പും ഭ്രൂണവും എഴുത്തു വിദ്യയും ഗ്രഹണ ശേഷിയും എല്ലാമാണ് പ്രതിപാദ്യ വിഷയം. ഈ ചിന്തകൾ വഴി വിശ്വാസത്തെ ഉറപ്പിച്ചില്ലെങ്കിൽ പിന്നീട് വരുന്ന ആരാധനാ കർമ്മങ്ങളും ജീവിത നിയമങ്ങളും എല്ലാം വെറും യാന്ത്രികങ്ങളായി മാറും. മാത്രമല്ല ആശയമില്ലാത്ത വെറും വൈകാരിക അഭിനയങ്ങളായി അവയൊക്കെ മാറും. അതിനാൽ വിശ്വാസം അചഞ്ചലമാക്കിയെടുത്തതിനു ശേഷം മാത്രമേ വൈകാരികത തുടങ്ങാവൂ. അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ അനസ്യൂതം തുടരുക തന്നെ ചെയ്യും. അറിവിലും ചിന്തയിലും മാനോവ്യാപാരങ്ങളിലും ഇത്രയേറെ വികാസം പ്രാപിച്ച ഈ കാലത്തും സാമൂഹ്യമായും സാംസ്കാരികമായും ഏറെ വളർന്നവർ പോലും ഇവ്വിധം പറ്റിക്കപ്പെട്ടു എങ്കിൽ ഓരോ മതക്കാരും ഇപ്പോൾ ചെയ്യണ്ടത് സ്വന്തം വിശ്വാസികളെ വിശ്വാസം അരക്കിട്ടുറപ്പിക്കുവാൻ വേണ്ടതു ചെയ്യുകയാണ്. അല്ലാതെ അങ്ങുമിങ്ങും കുതിരകയറുകയല്ല.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso