സ്നേഹ പ്രപഞ്ചത്തിന്റെ സ്നേഹ സുൽത്വാൻ
13-10-2021
Web Design
15 Comments
പ്രപഞ്ചത്തിന്റെ സുഗമമായ നിലനിൽപ്പിന്റെ രഹസ്യവും രസതന്ത്രവുമാണ് സ്നേഹം. സ്നേഹം വഴി മനുഷ്യന് തനിക്കു ചുറ്റുമുള്ള ആരിലേക്കും എന്തിലേക്കും പകരാം, പടരാം. സ്നേഹമല്ലാത്ത ഒന്നിനും ഈ ശക്തിയുണ്ടാവില്ല. ഒരു ആപേക്ഷിക ഉദാഹരണം വഴി ഇത് വേഗം ഗ്രഹിച്ചെടുക്കാം. പണമാവട്ടെ ഉദാഹരണം. പുതിയ പ്രപഞ്ചത്തിന്റെ ജീവവായു അതാണെന്ന ധാരണ ഇന്ന് വ്യാപകമാണല്ലോ. പണം കൊണ്ട് ഇവ്വിധം പകരാനും പടരാനും ശ്രമിക്കുമ്പോൾ അതു ഭാഗികം മാത്രമേ ആകൂ. മാത്രമല്ല, അത് നിർവ്വികാരവുമായിരിക്കും. ഇനി പണം കൊണ്ട് വല്ലതും വെട്ടിപ്പിടിക്കുവാൻ കഴിഞ്ഞാൽ തന്നെ അതിനൊപ്പം അസൂയ, മാത്സര്യം, വിദ്വേഷം തുടങ്ങിയവ ഒപ്പത്തിനൊപ്പം വളരുകയും ചെയ്യും. അതോടെ ഫലത്തിൽ ഒരു ലാഭവും നേട്ടവും ഇല്ലാത്ത അവസ്ഥ വരും. പണത്തിന്റെ മാത്രം പരിമിതിയല്ല ഇത്. സ്നേഹത്തിനു പകരം എന്തു വെച്ചാലും ഫലം ഇതായിരിക്കും. മനുഷ്യരെ പരസ്പരം കോർത്തും ചേർത്തും കെട്ടുന്നതോടൊപ്പം സ്നേഹം അവരുടെ ബന്ധങ്ങൾ, പ്രകൃതി, ജീവജാലങ്ങൾ, കാലാവസ്ഥ തുടങ്ങിയവക്കെല്ലാം പോഷകവും വളവുമായിത്തീരുന്നു. മനുഷ്യർ ഇവ ഓരോന്നിനെയും പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുക അവയോട് സ്നേഹമുണ്ടാകുമ്പോഴാണല്ലോ.
സ്നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാൽ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീം കരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞു പോയാൽ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്നേഹം കയ്പ്പായിരിക്കും. ഈ അർഥങ്ങളെല്ലാം സമ്മേളിച്ച സ്നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാൽ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിർവഹിക്കുവാൻ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്നേഹമായിരുന്നു എന്ന് ഒറ്റവാക്കിൽ പറയാം. സ്നേഹത്തിന്റെ സ്പർശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയിൽ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.
ഇതു പറയുമ്പോൾ പുതിയ ലോകത്ത് ചിലരെങ്കിലും കുരച്ചു ചാടും. അവർ ആദ്യം വിചാരണ ചെയ്യുക യുദ്ധക്കളത്തിൽ നിൽക്കുന്ന നബിയെയായിരിക്കും. നബി(സ) യുദ്ധം ചെയ്തിട്ടുണ്ട് എന്നതു ശരിയാണ്. ബദർ ഉദാഹരണമായി എടുക്കാം. യുദ്ധമുണ്ടായി എന്നതു മാത്രമാണ് ഇവർ വിളിച്ചു കൂവുന്നത്. അതിലേക്ക് ഉരുണ്ടു കൂടിയ കാര്യങ്ങൾ അവർ ഒളിപ്പിച്ചു വെക്കും. തന്റെ ആശയം പുലർത്താനും പ്രചരിപ്പിക്കാനും ഉള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണ്. അതു നിഷേധിച്ചതും എങ്കിൽ താൻ മാറിത്തരാം എന്ന നിലപാടിൽ പലായനം ചെയ്യാൻ പോലും വിടാതിരുന്നതും എന്നിട്ടും സ്വകാര്യമായി കളം മാറിയപ്പോൾ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ ഇനാം പ്രഖ്യാപിച്ചതുമെല്ലാം ഇവർ വിഴുങ്ങും. എല്ലാം കഴിഞ്ഞ് മദീനയിൽ അഭയം തേടിയപ്പോൾ അവിടെ വന്നും അവർ ശത്രുത കാണിക്കുകയായിരുന്നു. അപ്പോഴാണ് ബദറ് ഉണ്ടായത്. ഒരു ചെറിയ പോക്കിരിക്കൂട്ടത്തെ അന്നങ്ങനെ നേരിടുന്നത് മനുഷ്യന്റെ മൗലികാവകാശം രക്ഷിക്കുവാൻ വേണ്ടിയാണ്. അപ്പോൾ ഒരു ചെറിയ കൂട്ടത്തെ എതിർക്കേണ്ടി വന്നത് വലിയ ഒരു കുലത്തിന്റെ രക്ഷക്കും നിലനിൽപ്പിനും വേണ്ടിയായിരുന്നു. യുദ്ധത്തടവുകാരോട് പ്രവാചകൻ കാണിച്ച സ്നേഹാർദ്രമായ വിട്ടുവീഴ്ചകളടക്കം മറ്റൊന്നും ഇത്തരക്കാർ കാണാതെ പോകുന്നു.
ഇവിടെ ഇങ്ങനെ അവകാശനൈതികതയെ സ്നേഹിക്കുകയായിരുന്നു നബി(സ) എന്നു പറയുമ്പോൾ അത് സ്വീകരിക്കാൻ ഇവർക്ക് കഴിയാതെ വരുന്നത് അന്ധമായ ഇസ്ലാം വിരോധം കൊണ്ടു മാത്രമാണ്. എന്നാൽ സമാനമായ പലതും ഒരു അസ്വസ്ഥതയുമില്ലാതെ ഇവർക്ക് വിഴുങ്ങാൻ കഴിയുന്നുണ്ട് എന്നതാണ് ഇവരുടെ രോഗ ലക്ഷണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധവും സമരവും ചെയ്തവരാണ് നാം. എന്നാൽ അതൊന്നും നമ്മുടെ ഒരു ആക്ഷേപവുമാകുന്നില്ലാത്തത് യുദ്ധമല്ല അതിന്റെ ലക്ഷ്യങ്ങളാണ് പ്രധാനം എന്നു ചിന്തിക്കുവാൻ സ്വന്തം ബുദ്ധിയോട് നീതി പുലർത്തുന്നവർക്ക് പ്രയാസമുണ്ടാവില്ല. അടിമത്വം മറ്റൊന്നാണ്. എടുത്തു മാറ്റാനാവാത്ത വിധം അന്നത്തെ ലോക ക്രമവുമായി ഇഴുകിച്ചേർന്ന ഈ വ്യവസ്ഥിതിയെ നബി(സ) നിരോധിച്ചില്ല എന്നാണ് ആക്ഷേപം. എന്നാൽ അടിമകൾക്ക് സ്വന്തം ഉടമയോടൊപ്പം നിൽക്കുവാനും അവർ കഴിക്കുന്നതും ഉടുക്കുന്നതും അനുഭവിക്കാനും അവകാശം സ്ഥാപിച്ചു കൊടുത്തത് ആക്ഷേപക്കാർ മറക്കുകയാണ്. അടിമകളെ മോചിപ്പിക്കുന്നതിനെ മതപരമായ ഒരു പരിഹാരവും പ്രായശ്ചിത്തവുമായി നിശ്ചയിക്കുക വഴി മേലാളൻമാരെ പിടിച്ചുലക്കാതെ സൂത്രത്തിൽ അടിമത്വത്തെ നേരിട്ടതിലെ സ്നേഹസ്പർശം കണ്ണടച്ചവർ ഇരുട്ടാക്കുകയാണ്. ക്രമപ്രവൃദ്ധമായ ഒരു അടിമത്വ നിരോധനമായി ഈ നീക്കങ്ങളെ കാണാനും അംഗീകരിച്ചുതരാനും ഇത്തരക്കാർക്ക് കഴിയാതെ പോവുകയാണ്. പ്രത്യക്ഷത്തിൽ സ്നേഹത്തിന് വിഘാതമെന്ന് കരുതപ്പെടുന്ന രംഗങ്ങൾ പോലും ഇങ്ങനെ സ്നേഹം കിനിയുന്നവയായിരുന്നു എന്നു ചുരുക്കം.
സ്നേഹം എന്ന വികാരത്തെ നബി(സ) ഉപയോഗപ്പെടുത്തിയ രീതി കൗതുകകരമാണ്. ആദ്യം തന്നിൽ അതു നിറച്ചും തുടർന്ന് മറ്റുള്ളവരിൽ അതു നിറപ്പിച്ചും ആ നിറവിനെ അവരിൽ നിലനിൽക്കുന്നു എന്നുറപ്പ് വരുത്തിയുമായിരുന്നു അത്. തന്നിൽ നിറക്കുക എന്ന ഘട്ടം പ്രവാചകത്വത്തിനു മുമ്പേ തുടക്കം കുറിക്കുന്നുണ്ട്. സ്വഭാവത്തിന്റെ ഒരു പ്രധാനാംശമായതിനാൽ അത് പ്രബോധനത്തിനിറങ്ങും മുമ്പെ ജീവിതത്തിൽ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. പിതൃവ്യൻ അബൂത്വാലിബും പത്നി ഖദീജാ ബീവിയും വളർത്തു മകൻ അലിയും ദത്തുപുത്രൻ സൈദ് ബിൻ ഹാരിസയുമെല്ലാം ആ സ്നേഹത്തിന്റെ ചൂടറിഞ്ഞവരാണ്. വീട്ടിനുളളിൽ മാത്രം അതൊരുങ്ങി എന്നു കരുതരുത്. കഅ്ബാലയ നിർമ്മാണത്തിനിടെ ചോര ചീറ്റാൻ മക്കാ നാട് പല്ലിറുമ്പുമ്പോൾ നബി മാധ്യസ്ഥത വഹിക്കുന്നത് നാടിന്റെ സ്വൈര്യ ജീവിതത്തോടുള്ള സ്നേഹം മാത്രമായിരുന്നു. ഈ സ്നേഹ ദാനങ്ങൾക്കെല്ലാം തിരിച്ച് നബിക്ക് സ്നേഹം കിട്ടി. ഞാൻ മണ്ണിന്റെ തലയിണ വെക്കപ്പെടും വരെ നിനക്കൊന്നും പറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് അബൂത്വാലിബ് ആണയിടുമ്പോഴും നിങ്ങൾക്കൊന്നും സംഭവിക്കില്ല അബുൽ ഖാസിം എന്നു പറഞ്ഞ് ഖദീജാ ബീവി ആശ്വസിക്കുമ്പേഴും അതു നാം കാണുന്നു. സ്വന്തം പിതാവ് വന്ന് വിളിച്ചിട്ടും പോവാതെ സൈദ് എന്ന ബാലൻ ചേർന്നു നിൽക്കുമ്പോഴും ജീവൻ പണയപ്പെടുത്തി പലായന രാവിൽ വിരുപ്പിൽ പകരം കിടന്ന് അലി(റ) ത്യാഗം ചെയ്യുമ്പോഴും ആബാലവൃദ്ധം മക്കക്കാർ അൽ അമീൻ എന്ന് മുദ്ര ചാർത്തുമ്പോഴും അതു നാം അനുഭവിക്കുന്നു.
പ്രബോധനത്തിലുടനീളം ഈ സ്നേഹം ആയിരുന്നു ആധാരം. വിശ്വാസം കൊണ്ട് രണ്ട് ജീവിതവും സുരക്ഷിതമാക്കാൻ ഉപദേശിക്കുമ്പോൾ ആ സ്നേഹം ആകാശച്ചു വടാകെ നിറയുകയാണ്. മാതാവ്, പിതാവ്, മക്കൾ, കുടുംബം എന്നിങ്ങനെ ബന്ധങ്ങളെ സ്നേഹത്തിന്റെ നൂലിൽ കോർക്കുകയായിരുന്നു. അയൽക്കാർ മുതൽ അന്യ മതക്കാരിലേക്കെല്ലാം ആ സ്നേഹക്കാറ്റ് വീശിയിറങ്ങി. അവിടെ നിന്നും മുന്നോട്ടു പോയി ആ സ്നേഹം മൃഗങ്ങളുടെ അടുത്തു വരെ തലോടിയെത്തി. മേയാൻ വിടാതെ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമയോട് നീ പടച്ചവനെ പടിക്കുന്നില്ലെ എന്നു ചോദിക്കുമ്പോഴും കരിഞ്ഞു കിടക്കുന്ന ഉറുമ്പിൻ കൂട്ടത്തിലേക്ക് നോക്കി വേപഥു പ്രകടിപ്പിക്കുമ്പോഴുമെല്ലാം അത് ഇന്ത്യലോകത്തിന്റെ വിശാലതയിലേക്കു വളരുന്നു. ഭാര്യയെ തല്ലുന്നവനോട് കോപിക്കുമ്പോഴും അടിമകളെ കൊണ്ട് താങ്ങാനാവാത്ത പണി ചെയ്യിപ്പിക്കുമ്പോൾ ഒന്നു കൂടിക്കൊടുക്കൂ എന്നു പറയുമ്പോഴും ജൂതനും മനുഷ്യനാണ് എന്ന് പറഞ്ഞ് അവന്റെ ശവമഞ്ചത്തെ ബഹുമാനിക്കുമ്പോഴും യുദ്ധത്തടവുകാരുടെ മോങ്ങലും മൂളലും കേട്ട് അസഹ്യനായി ഉറങ്ങാതിരിക്കുമ്പോഴും അൻപതു വഖ്തിൽ നിന്ന് അഞ്ചാക്കി ക്കുറക്കാൻ വീണ്ടും വീണ്ടും അല്ലാഹുവിന്റെ സിംഹാസനത്തിലേക്ക് കയറയിറങ്ങുമ്പോഴെല്ലാം ആ സ്നേഹം വിവിധ തലങ്ങളിലേക്ക് പകരുകയാണ്.
അതു തന്റെ സമുദായത്തിൽ നിറച്ചതും നിറഞ്ഞത് ഉറപ്പുവരുത്തിയതുമായിരുന്നു അടുത്ത ഘട്ടം. അതിനൊരു ദൃശ്യം മാത്രം മതി. യുദ്ധക്കളത്തിൽ ലോകത്തെ എല്ലാ ജലാശയങ്ങളും കുടിച്ചു തീർക്കുവാനുള്ള ദാഹത്തിനു മുമ്പിൽ സ്വന്തം ദാഹം മറന്ന് തൊട്ടടുത്ത് കിടന്ന് അവസാന ശ്വാസത്തിനു വേണ്ടി സാഹസപ്പെടുന്ന സഹോദരന്റെ ദാഹത്തെ സ്വാംശീകരിക്കുന്ന സ്വഹാബിമാരുടെ രംഗം. തനിക്കു വേണ്ടത് തന്റെ സഹോദരനും വേണ്ടതായിരിക്കും വരെ നിങ്ങളിലൊരാളും സത്യ വിശ്വാസിയാവില്ല എന്ന അധ്യാപനം അവർ ഏറ്റെടുക്കുകയായിരുന്നു. അത് പിന്നെ അവരുടെ ജീവിത വിചാരമായി മാറി. സ്നേഹം തന്നെയാണ് നബിയും പ്രബോധനവും ഇസ്ലാമും എന്ന തിരിച്ചറിവാണ് ഇതു വഴിയെല്ലാം വിശ്വാസികൾക്ക് ലഭിച്ചത്. മാത്രമല്ല, അതാണ് മോചനത്തിന്റെ രഹസ്യവും രസതന്ത്രവുമെന്നും. അനാഗരികനായ ഒരാൾ നബി(സ) തിരുമേനിയോട് ആരാഞ്ഞു. എന്നാണ് അന്ത്യനാളെന്ന്. അതിനെന്താണ് നീ തയ്യാറാക്കിയിരിക്കുന്നത് എന്ന് നബി(സ) തിരിച്ചു ചോദിച്ചു. അല്ലാഹുവിലും അങ്ങയിലും ഉളള സ്നേഹമല്ലാതെ മറ്റൊന്നുമില്ല എന്ന് ആഗതൻ കൈമലർത്തി. നീ ആരെ സ്നേഹിക്കുന്നുവോ അവരോടെപ്പമായിരിക്കും എന്ന് നബി(സ) പറഞ്ഞു കൊടുത്തു. അതിലുണ്ട് സ്നേഹമെന്ന വികാരത്തിന്റെ എല്ലാ അർഥതലങ്ങളും.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso