ഫാഷിസം നമ്മെ കീഴടക്കുക ഇങ്ങനെയാണ്.
19-10-2021
Web Design
15 Comments
പതിനാറാം ലോകസഭയിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ അതിനെ പലരും ഗൗരവമായല്ല കണ്ടത്. അവരുടെ കണ്ണുകൾ കണക്കുകളിൽ ഉടക്കിക്കിടക്കുകയായിരുന്നു. വെറും 31 ശതമാനം വോട്ടാണ് മോദിയുടെ പിന്തുണയുടെ ഘനമെന്നും അവശേഷിക്കുന്ന അറുപത്തി ഒമ്പത് ശതമാനത്തെ ഒരിക്കലും മറികടക്കുവാൻ ഈ സംഖ്യക്ക് കഴിയില്ലെന്നും അവർ പലരും വിളിച്ചു പറഞ്ഞു. ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ കണക്കു കളി മാത്രമാണ് വിഷയത്തിലെ വില്ലൻ, അതിനാൽ അതു വെറും താൽക്കാലിക പ്രതിഭാസം മാത്രമാണ്, ഏതു സമയവും നിലംപൊത്താവുന്ന അത്ര ദുർബ്ബലമാണ് പുതിയ ഗവൺമെന്റിന്റെ അടിത്തറഎന്നുമെല്ലാം അവർ നാവു കുഴയുവോളം വിശദീകരിച്ചു ആശ്വസിച്ചു. ഇത്തരം വിശദീകരണ വ്യാഖ്യാനങ്ങളുടെ പ്രചോദനം വെറും വൈകാരികതയാണ്. വൈചാരികതയെ ബലമായി ചേർത്തുപിടിക്കാത്ത ഇത്തരം വൈകാരികതകൾ അന്ധതയാണ്. അതുകൊണ്ടാണല്ലോ അന്നുവരേക്കും ദേശീയ രാഷ്ട്രീയ ചിത്രത്തിലില്ലാത്ത ഒരാളെ മുന്നിൽ നിറുത്തുന്നതിനു പിന്നിലെ ചേതോവികാരം കാണാതെ പോയത്. ഉപപ്രധാനമന്ത്രിയും കുറച്ചൊക്കെ പൊതുസമ്മതനുമായിരുന്ന ആദ്വാനിയെ പോലും അടക്കുന്നതും ഒതുക്കുന്നതും മുതൽ പരിവാർ രാഷ്ട്രീയത്തിന്റെ പുതിയ ശീലങ്ങൾ ഒന്നും ശ്രദ്ധയിൽ പെടാതെ പോയതും. മാത്രമല്ല, കിട്ടിയ 31 ശതമാനത്തിന്റെ സോഴ്സിനെ കുറിച്ചോ അതു തെരഞ്ഞെടുപ്പ് കാമ്പയിനിലുടനീളം ഒരു പ്രത്യേക വിഭാഗത്തിന്റെ വൈകാരികതയെ ഉത്തേചിപ്പിച്ചുണ്ടാക്കിയെടുത്തതാണ് എന്ന സത്യത്തെ കുറിച്ചോ ഒന്നും ചർച്ചകൾ കാര്യമായി നടന്നില്ല.
പതിനേഴാം ലോക സഭാ തെരഞ്ഞെടുപ്പിന് രാജ്യം തയ്യാറാകുമ്പോഴേക്കും മതേതര ചേരി നല്ല ആത്മവിശ്വാസത്തിലെത്തിയിരുന്നു. അതും നേരത്തെ പറഞ്ഞ പോലെ വിചാരം തൊടാത്ത വികാരം തന്നെയായിരുന്നു. അതുകൊണ്ട് അഞ്ചു വർഷം മോദിയുടെ ന്യൂനപക്ഷ സർക്കാർ എല്ലാ വൈതരണികളേയും മറികടന്നതും അതേ ദുർബ്ബലത വെച്ച് തന്നെ വലിയ വലിയ ലക്ഷ്യങ്ങൾ നേടിയതും മുത്തലാഖ് നിരോധനം, നോട്ടുനിരോധനം തുടങ്ങി രാജ്യത്തെ പിടിച്ചുലച്ച വിഷയങ്ങൾ കൂളായി അവർ കൈകാര്യം ചെയ്ത രീതിയും ഒന്നും കാര്യമായി ശ്രദ്ധിച്ചതേയില്ല. പശുവിന്റെയും ഇറച്ചിയുടെയും പേരിൽ കാട്ടിക്കൂട്ടിയ മൃഗയാവിനോദങ്ങൾ തെരഞ്ഞെടുപ്പ് തുലാസിൽ മുകളിലേക്കോ താഴേക്കോ എന്നും നോക്കിയില്ല. മതേതര കക്ഷി യിലെ ഓരോ പാർട്ടിയും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ ഉദ്യമിക്കുന്നതിന്റെ അർഥവും ആശയവും പോലും ആരും കണ്ടില്ല, കേട്ടില്ല. ഇനിയൊരിക്കൽ അങ്ങനെ ഒരു തെറ്റ് പറ്റില്ല എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. ഫലം വന്നപ്പോൾ വർദ്ധിത ശക്തിയോടെ, വേണമെങ്കിൽ ഒറ്റക്കു തന്നെ ഭരിക്കാവുന്ന ഭൂരിപക്ഷവുമായി വീണ്ടും മോദി തന്നെ അധികാരത്തിലേക്ക്. സകല കണക്കും കണക്കുകൂടലുകളും തെറ്റി. രാഹുലും പ്രിയങ്കയും ഒഴുക്കിയ വിയർപ്പുകൾ നിഷ്ഫലം. മമതയും മായാവതിയും കണ്ട സ്വപ്നങ്ങളും.
ഇത് നമ്മെ പഠിപ്പിക്കുന്നത് എന്താണെന്ന് പറയും മുമ്പ് പതിനേഴാം ലോകസഭ ജയിച്ചടക്കിക്കഴിഞ്ഞ് ഏറ്റവുമാദ്യം നരേന്ദ്ര മോദി ചെയ്ത ട്വീറ്റ് ഒന്നു കൂടി വായിക്കേണ്ടതുണ്ട്. ഇന്ത്യ വിജയിച്ചു എന്നായിരുന്നു ആ ട്വീറ്റ്. ഈ വാചകം അകത്തിറങ്ങി പഠിക്കാതെ നമുക്കു ചുറ്റും നടക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാവില്ല. എന്നാണ് ഫാഷിസമെന്നും അതെങ്ങനെയാണ് നമ്മെ കീഴടക്കുന്നതെന്നും നമുക്ക് മനസ്സിലാവില്ല. ഇന്ത്യ വിജയിച്ചു എന്ന് നരേന്ദ്ര മോദി ഇത്തരം ഒരു സാഹചര്യത്തിൽ പറഞ്ഞാൽ അതിനർഥം കേവലം താൻ തെരഞ്ഞെടുപ്പിൽ ജയിച്ചു എന്നല്ല. മറിച്ച് തങ്ങൾ ആധിപത്യത്തിനായി സ്വീകരിക്കുന്ന ആശയം വിജയിച്ചു എന്നാണ്. അതിന്റെ ചുരുക്കെഴുത്താണ് ഫാഷിസം സ്ഥാപിക്കപ്പെട്ടു എന്നത്. നമുക്ക് സമ്മതിച്ചു കൊടുക്കുവാൻ ഇത്തിരി പ്രയാസമുണ്ടെങ്കിലും അതാണ് വസ്തുത. വർത്തമാന കാല ഇന്ത്യയുടെ സകല അനക്കങ്ങളും അടക്കങ്ങളും അതാണ് വിളിച്ചു പറയുന്നത്.
ഇതോടെ എന്താണ് ഫാഷിസമെന്നും അതെങ്ങനെയാണ് കടന്നുവരുന്നത് എന്നും എങ്ങനെയാണ് ഒരു ജനതയെ ജയിച്ചടക്കുന്നത് എന്നും മനസ്സിലാക്കുവാൻ നമുക്കു മുന്നിൽ വഴി തുറക്കുന്നു. ഒരു രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ തങ്ങളുടെ വൈകാരികമായ താൽപര്യങ്ങൾ ഭൂരിപക്ഷമോ അത്രക്കോ വരുന്ന മറു വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഫാഷിസം. ഇതു പക്ഷെ പെട്ടന്ന് തിരിച്ചറിയുവാൻ കഴിയില്ല. അതുകൊണ്ടു തന്നെ സാമൂഹ്യ ശാസ്ത്രജ്ഞരും ചിന്തകരും ഫാഷിസത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അത് വെച്ച് നമുക്ക് സംഭവങ്ങളുടെ ഗതി ഫാഷിസമാണോ എന്നു കണ്ടെത്താം. ലോകം ഫാഷിസത്തെ പുതിയ കാലത്ത് കണ്ടതും തിരിച്ചറിഞ്ഞതും ജർമ്മനിയിലും ഇറ്റലിയിലുമാണ്. നാസിസവും ഫാഷിസവും കൈകോർത്തു നിന്ന് നൃത്തമാടിയ ആ കാലത്തെ പശ്ചാതലമാക്കിയാണ് ഇത്തരം പഠനങ്ങൾ നടന്നിട്ടുള്ളത്. അവയിൽ പ്രധാനപ്പെട്ട ഒരു പഠനമാണ് പ്രമുഖ ഇറ്റാലിയന്‍ തത്വചിന്തകനും നോവലിസ്റ്റുമായ ഉംബര്‍ട്ടോ എക്കോ നടത്തിയിട്ടുള്ളത്. അദ്ദേഹം എഴുതിയ നിതാന്ത ഫാഷിസം എന്ന ലേഖനത്തില്‍ ഫാഷിസത്തിന്റെ വ്യത്യസ്തമായ പതിനാലോളം ലക്ഷണങ്ങള്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് 20 വർഷം മുന്‍പായിരുന്നു ഫാഷിസത്തെ കൃത്യമായി നിര്‍വ്വചിച്ച് ഉംബര്‍ട്ടോ ലേഖനമെഴുതിയത്. അതില്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും ഫാഷിസ്റ്റുകളുടെ ആശയങ്ങളോടും പ്രവര്‍ത്തന രീതികളോടും അക്ഷരംപ്രതി യോജിച്ചുപോകുന്നതാണ്.
എക്കോയുടെ പഠനം തെല്ലു ദീർഘമായതിനാലും പുതിയ കാലത്ത് കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത കൈവന്നിരിക്കുന്നതിനാലും ഇന്ത്യൻ സാഹചര്യങ്ങളോട് ഇതിനേക്കാൾ കുറച്ചുകൂടി ആശയ അടുപ്പം പുലർത്തുന്ന മറ്റൊരു പഠനത്തെ ഉപജീവിക്കുന്നതാണ് നമുക്ക് കൂടുതൽ എളുപ്പം. അത് പ്രമുഖ ചിന്തകനും ബുദ്ധിജീവിയുമായ പ്രഭാത് പട്നായിക്കിന്റേതാണ്. ഇന്ത്യയിലെ ഒരു പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും ഇടത് പക്ഷ ചിന്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സെന്റർ ഫോർ ഇക്കണോമിക് സ്‌റ്റഡീസ് ആന്റ് പ്ലാനിംഗിൽ അദ്ധ്യാപകനും മുൻകേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനുമായിരുന്ന പട്നായിക് എക്കോയുടെ നീരീക്ഷണങ്ങളെ സംഗൃഹിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണം പ്രത്യേകിച്ചും ഇന്ത്യൻ സാഹചര്യത്തിൽ കടുതൽ പ്രസക്തമാണ്. കാരണം പഠനം എന്നതിലപ്പുറം ഒരു അനുഭവം കൂടിയാണ് അദ്ദേഹത്തിന് ഫാഷിസം. നാല് സവിശേഷതകൾ വിരിച്ചു കൊണ്ടാണ് അദ്ദേഹം ഫാഷിസത്തെ കുറിച്ചുള്ള തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രസ്തുത സവിശേഷതകളില്‍ ഒന്നാമത്തേത് വംശമേധാവിത്വപരത(supremacism)യാണ്.
തങ്ങൾ ഉന്നതരും സവർണ്ണരും യഥാർഥ രാഷ്ട്ര മക്കളുമാണ് എന്ന കേവല അവകാശവാദമല്ല ഈ വംശ മേധാവിത്വത്തിന്റെ ആശയം. മറിച്ച് തങ്ങളുടെ ഈ അവകാശ വാദം സ്ഥാപിക്കുവാനും തങ്ങളുടെ സ്വന്തം അസ്തിത്വം വരച്ചെടുക്കുവാനും വേണ്ടി അവർ ഒന്നോ ഒന്നിലധികമോ ശത്രുക്കളെ സൃഷ്ടിക്കുകയും അവരെ നാട്ടക്കുറിയായി സ്ഥാപിച്ച് വേട്ട നടത്തുകയും ചെയ്യുന്നതാണ്. ഇത് എക്കാലത്തെയും ലോക ഫാഷിസത്തിന്റെ ഒരു പൊതു രീതിയാണ്. എല്ലാ തീവ്രഭാവമുള്ള ആശയങ്ങൾക്കും മുമ്പിൽ ഇത്തരം പ്രതിയോഗികൾ ഉണ്ടായിരുന്നതിന് പട്നായിക് ഉദാഹരണം നിരത്തുന്നുണ്ട്. മതങ്ങൾക്കാണെങ്കിൽ മത നിഷേധികൾ, മതനിഷേധികൾക്കാണെങ്കിൽ മതവാദികൾ തുടങ്ങി ആ പട്ടികയിൽ കമ്യൂണിസം വരെ വരുന്നുണ്ട്. ബൂർഷ്വാസി എന്ന പൊതു ശത്രുവിനെ മുമ്പിൽ നിറുത്തിയാണല്ലോ കമ്യൂണിസം വളർന്നിടത്തോളം വളർന്നത്. അതിനാൽ ഈ ആധിപത്യം ഒരുതരം അപരത്വമാണ്. ഇന്ത്യയുടെ പുതിയ മട്ടും മാതിരിയും ഭ്രാന്തമായ നീക്കങ്ങുമെല്ലാം പട്നായികിന്റെ നിരീക്ഷണത്തെ ശരിവെക്കുന്നു എന്ന് ആരും സമ്മതിച്ചുതരും.
രണ്ടാമത്തേത് അയുക്തി(unreason) ആണ്. ഇത് ശരിക്കും പറഞ്ഞാൽ മറ്റു അഭിപ്രായങ്ങളോടുളള ഒരുതരം അസഹിഷ്ണുതയാണ്. ഇതിന്റെ തുടക്കം വിദ്യാഭ്യാസം, ചിന്ത, യുക്തിയോടുള്ള തദാത്മ്യം തുടങ്ങിയവയോടുളള നീരസത്തിൽ നിന്നാണ് തുടങ്ങുന്നത്. സ്വതന്ത്ര ചിന്തകരോടുള്ള ശത്രുത, യുക്തിവിചാര വിരോധം, വിയോജനാവകാശത്തോടുള്ള പക, മാധ്യമങ്ങളോടുള്ള വിദ്വേഷം, എഴുത്തുകാർക്കെതിരെയുള്ള വേട്ട തുടങ്ങിയ വയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. സോക്രട്ടീസിനെ വധിച്ച പ്രാചീന ഗ്രീസിലെ ഭരണാധികാരിയും മധ്യകാല ചക്രവര്‍ത്തിമാരും ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞവരുടെ തല കൊയ്ത മതമേധാവികളും തൊട്ട് ആധുനികകാല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ വരെയുള്ള എല്ലാ സ്വേച്ഛാധിപത്യ വാഴ്ചക്കാരും സ്വതന്ത്രചിന്തയെ നിര്‍ദ്ദയം വേട്ടയാടിയതിന്റെ ചരിത്ര സാക്ഷികളാണ്. കൽബുറഗിയും ഗൗരി ലങ്കേഷും അരുംകൊല ചെയ്യപ്പെട്ട, വർഗീയതയുടെ പേരിൽ സിനിമക്കെതിരെ പോലും ഉറഞ്ഞു തുള്ളുന്ന നമ്മുടെ മണ്ണിൽ ഈ ലക്ഷണവും നാം കാണുന്നുണ്ടല്ലോ.
മൂന്നാമത്തെ ലക്ഷണം ബഹുജനമുന്നേറ്റ രൂപത്തിലുള്ള ആവിര്‍ഭാവമാണ് എന്ന് പട്നായിക് പറയുന്നു. ഇത് സത്യത്തിൽ വൈകാരികതയെ ഉദ്വീപിപ്പിച്ചു നിറുത്തുക വഴിയാണ് പ്രധാനമായും രൂപപ്പെടുന്നത്. തങ്ങൾ ഒരു വലിയ ശക്തിയാണ് എന്നു വരുത്തുവാനുള്ള ത്വരയാണ് ഇതിന്റെ പ്രചോദനം. അതിനാൽ ഈ ബഹുജനമുന്നേറ്റം സ്വതന്ത്ര്യ സമരമോ ഖിലാഫത്ത് പ്രസ്ഥാനമോ ഒന്നും പോലെ ഒരു പൊതു നൻമ ലക്ഷ്യം വെക്കുന്നതല്ല. കൃത്രിമമായി ഉണ്ടാക്കുന്ന വൈകാരികതയെ ഒരു അനുയായി വൃന്ദത്തെ ഒപ്പം നിറുത്തുവാനുള്ള വഴിയായി കാണുക മാത്രമാണ്. ഹിന്ദു എന്ന വികാരത്തെ ഊതിയുയർത്തിയായിരുന്നു ഫാഷിസം ഇന്ത്യയിൽ കാലുറപ്പിച്ചത് എന്നത് വ്യക്തമാണല്ലോ.
പട്‌നായികന്റെ നിരീക്ഷണത്തിന്റെ നാലാം ഭാഗം കോര്‍പ്പറേറ്റ് മുതലാളിത്തവുമായി അവർ എപ്പോഴും രഹസ്യധാരണകളുണ്ടാക്കുന്നു എന്നതാണ്. പൊതുവെ അധികാര രാഷ്ട്രീയത്തിന്റെ ഒരു രീതിയാണ് കോര്‍പ്പറേറ്റ് ഹൗസുകളുമായി രഹസ്യബന്ധവും ധാരണകളുമുണ്ടാക്കുക എന്നത്. ഭരിക്കുന്നത് ബി.ജെ.പിയായാലും കോണ്‍ഗ്രസ്സായാലും ആ രണ്ടു പാര്‍ട്ടികളുമില്ലാത്ത രാഷ്ട്രീയ സംവിധാനങ്ങളായാലും അംബാനിക്കും അദാനിക്കും ടാറ്റയ്ക്കും ബിര്‍ളയ്ക്കും ഇവിടെ യാതൊരു ഭീഷണിയും അലോസരവുമുണ്ടാകാറില്ല എന്നത് അതാണല്ലോ സൂചിപ്പിക്കുന്നത്. പൊതുവെ മുതലാളിത്വത്തോട് രാജിയാക്കാൻ പ്രയാസമുള്ളവരെന്ന് നാം കരുതുന്ന ഇടതുപക്ഷം പോലും ഇതിന്നപവാതമല്ല. അവർ മൂന്നര പതിറ്റാണ്ടോളം കാലം പശ്ചിമബംഗാള്‍ ഭരിച്ചപ്പോള്‍ അവിടെയും കോര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പു പരവതാനി വിരിച്ചത് നാം കണ്ടതാണ്. ഗെയിൽ തുടങ്ങിയ വൻകിടകളുടെ വിഷയങ്ങളിൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ നയത്തിൽ അധികാരം കിട്ടുന്നതിനു മുമ്പും പിമ്പും എന്നിങ്ങനെ രണ്ടു അധ്യായങ്ങൾ തന്നെ ഉണ്ടായത് അങ്ങനെയാണല്ലോ. ഫാഷിസ്റ്റുകൾക്കും ഭരണത്തിലെത്തിയാൽ ഇത് ഉണ്ടാകും. കാരണം അധികാരം നിലനിറുത്തുക എന്നത് പുതിയ സാഹചര്യത്തിൽ വലിയ പണച്ചെലവുള്ള കാര്യമാണ്. അതിന് കോർപ്പറേറ്റുകൾ കയ്യയക്കണമെങ്കിൽ അവരെ പ്രസാദിപ്പിക്കുക തന്നെ വേണം. ഇവിടെ ഇപ്പോൾ ഫാഷിസവും കോർപ്പറേറ്റ് ക്യാപ്പിറ്റലിസവും തമ്മിലുള്ള അവിശുദ്ധ ബാന്ധവം തെളിയിക്കേണ്ടതില്ലല്ലോ. ഒരു വർഷത്തോളമായി തുടരുന്ന കർഷക സമരം മുതൽ എന്നും ഉയരുന്ന ഇന്ധന വിലയുമെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാകുമ്പോൾ പ്രത്യേകിച്ചും.
ഈ പറഞ്ഞതിനെയെല്ലാം താത്വിക വസ്തുതകളായി കാണാം. പഠനത്തിന്റെയും ചിന്തയുടെയും ലോകത്താണ് പ്രധാനമായും അതിന്റെ പ്രസക്തി. ഇവ പ്രയോഗതലത്തിൽ സാധാരണക്കാരിലേക്ക് ഊർന്നിറക്കുന്നത് പക്ഷെ പല കൈവഴികളിലൂടെയാണ്. കൃത്യമായ ഒരു പഠനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ആ പഠനം ആദ്യം ജനങ്ങളെ പൊതുവെ മൂന്നു വിഭാഗമായി വിഭജിക്കുന്നു. ഒന്നാം വിഭാഗം സ്വന്തം അണികളാണ്. രണ്ടാമത്തേത് ഒരിക്കലും കയ്യിലൊതുങ്ങാത്ത വരും. ഇവ രണ്ടിനുമിടയിൽ ഒരു മൂന്നാം ഭാഗമുണ്ട്. നിസ്സംഗരാണവർ. ഇവരെ കൈക്കലാക്കലാണ് തങ്ങളുടെ ആശയത്തിന്റെ നിലനിൽപ്പായി അവർ കാണുന്നത്. കാരണം അവരെ ഒപ്പം നിറുത്താൻ കഴിഞ്ഞാൽ ഭൂരിപക്ഷം ഉറപ്പാകും. ഇവരെ പാട്ടിലാക്കും മുമ്പ് തങ്ങുടെ സ്വന്തം അനുകൂലികളെ വിജ്രംബിപ്പിച്ചു നിറുത്തേണ്ടതുണ്ട്. അതിന് മതപരവും സാമൂഹ്യവുമായ വൈകാരികതയെ എപ്പോഴും ഉത്തേജിപ്പിച്ചു നിറുത്തുവാൻ ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രാമ ജൻമഭൂമിയും ജയ് ശ്രീ രാമും മുതൽ ഇതൊരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്ന് താഴെ തട്ടിലെ പലരെ കൊണ്ടും ഇടക്കിടെ വിളിച്ചു പറയിക്കുന്നതുമെല്ലാം അതാണ്. പെട്രോൾ വിലയും നോട്ടുനിരോധനവും എല്ലാം ഒരു ജയ് ശ്രീരാമിനു മുമ്പിൽ നിലച്ചു പോകുന്നത് അതാണ് സൂചിപ്പിക്കുന്നത്.
നിസ്സംഗ മൂന്നിലൊന്നിനെ പല രീതിയിലാണ് ഒപ്പം നിറുത്തുന്നത്. അവയിലൊന്ന് പൊതു ഖജനാവ് ഉപയോഗിച്ചുളള സാമ്പത്തിക പ്രലോഭനങ്ങളാണ്. മറ്റൊരു വഴി ഭീഷണിയാണ്. ഇത് സാധ്യമാക്കുന്നത് ചിലരെ കഠിനമായി ശിക്ഷിച്ചും മറ്റു ചിലരെ ക്രൂരമായി തല്ലിക്കൊന്നും ഒക്കെയാണ്. ഇങ്ങനെ കുറേയൊക്കെ ചെയ്യുമ്പോൾ ഈ നിസ്സംഗർ ഒന്നുകിൽ സുരക്ഷയോർത്ത് ഒപ്പം നിൽക്കും. ഇല്ലെങ്കിൽ പ്രതികരണം ഒഴിവാക്കുകയെങ്കിലും ചെയ്യും. ഇതിനൊപ്പം മേമ്പൊടിയായി ചരിത്രങ്ങൾ വെട്ടിത്തിരുത്തലും ദേശീയതയിൽ വിലയം പ്രാപിച്ചവരെ അടർത്തിമാറ്റലും ചില്ലറ കയ്യാളികളും എല്ലാം ചേരുമ്പോൾ ഫാഷിസം ഈ മൂന്നിലൊന്നിനെ കൂടി വിഴുങ്ങും. പിന്നെ ബാക്കിയുള്ള മൂന്നിനൊന്നിന് ഒന്നും ചെയ്യാനാവില്ല അനുഭവിക്കുകയല്ലാതെ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso