മാസവിശേഷം / ജമാദുൽ അവ്വൽ തണുത്തുറഞ്ഞ സങ്കടങ്ങൾ
20-11-2021
Web Design
15 Comments
പുരാതന അറബ് ജനതയുടെ കാലാവസ്ഥ വസന്തം കഴിഞ്ഞാൽ തുറക്കുക തണുപ്പിലേക്കായിരുന്നു. അവരുടെ ഭൂപ്രകൃതി കാലാവസ്ഥയോട് ഇണങ്ങാൻ മടിക്കുന്നതായിരുന്നതിനാൽ അവരുടെ തണുപ്പ് കാലവും കഠിനമായിരുന്നു. മരം കോച്ചുന്ന തുടങ്ങിയ പ്രയോഗങ്ങളെ ശരിക്കും അന്വർഥമാക്കുമായിരുന്നു അവരുടെ തണുപ്പ്. കാലം ഇങ്ങനെ തണുത്തുറയുന്നതിനാൽ അവർ ഇതു കടന്നു പോകുന്ന രണ്ടു മാസങ്ങളെ ജുമാദാ എന്നു വിളിച്ചുപോന്നു എന്നാണ് ഐതിഹ്യം. പിൽക്കാലത്ത് വ്യാവസായികതയും വനനശീകരണവുമെല്ലാം ഭൂഗോളത്തിന്റെ തന്നെ കാലാവസ്ഥയിൽ ഇടപെട്ടപ്പോൾ തണുപ്പും മഞ്ഞുരുക്കവുമെല്ലാം കലണ്ടറിൽ ഒതുങ്ങി. ഹിജ്റ കലണ്ടറിലെ അഞ്ചാം മാസമാണ് ജമാദുൽ അവ്വൽ എന്ന ഒന്നാം ജുമാദാ. ഹിജ്റ 3 ലെ ഹർറാൻ യുദ്ധം, ഹിജ്റ 4 ൽ നബി പുത്രി റുഖിയ്യ (റ) യുടെയും ഉസ്മാൻ(റ) വിന്റെയും മകൻ അബ്ദുല്ല(റ) എന്ന പേരക്കിടാവിന്റെ വേർപാട്, ഹിജ്റ 8 ലെ മുഅത്ത സൈനിക നിയോഗം തുടങ്ങിയവയാണ് നബിയുഗത്തിന്റെ ജമാദുൽ അവ്വൽ ഓർമ്മകൾ.
ഈ മാസവും വിശ്വാസികളുടെ മനസ്സുകളിൽ ഓർമ്മകളുടെ ഓളങ്ങൾ ഉണ്ടാക്കുന്നത് ഏതാനും പ്രധാന വേർപാടുകൾ തന്നെയാണ്. അതോടൊപ്പം ഏതാനും ശ്രദ്ധേയമായ സംഭവങ്ങളും. വിശ്വാസ സംഹിതയെ പശ്ചാത്തലമാക്കി ചരിത്രം രചിക്കുമ്പോഴും അയവിറക്കുമ്പോഴും ഇതു സ്വാഭാവികമാണ്. കാലത്തിന്റെ പ്രവാഹത്തെ ഓർമ്മയായി മനസ്സുകളിൽ തടഞ്ഞുനിറുത്തുക ഇത്തരം സംഭവങ്ങൾ തന്നെയാണ്. വേർപാടുകളിൽ ആദ്യം ഓർമ്മയിലെത്തുന്ന ഒന്ന് ഇമാം അബൂഹനീഫ(റ)യുടേതാണ്. കർമ്മശാസ്ത്രത്തിലെ നാലു സരണികളിൽ ഒന്ന് തെളിയിച്ചെടുക്കുകയും അവതരിപ്പിക്കുകയും ചെയ്ത മഹാനായിരുന്നു ഇമാം അബൂ ഹനീഫ(റ). ശരിയായ പേര് നുഅ്മാനുബ്‌നു സാബിത് എന്നായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം എന്നിവയിലെല്ലാം ആധികാരികമായ അവഗാഹമുണ്ടായിരുന്നു മഹാനവർകൾക്ക്. അധികാരികളുടെ ഭീഷണിയും പ്രലോഭനങ്ങളും അവഗണിച്ചുകൊണ്ട് തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. വ്യവസ്ഥാപിതമായ പഠനത്തിലൂടെയും അധ്യാപനത്തിലൂടെയും സ്വന്തം വീക്ഷണങ്ങള്‍ സമര്‍ഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രഗത്ഭരായ ശിഷ്യന്‍മാര്‍ വഴി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് വന്‍ പ്രചാരവും സിദ്ധിച്ചു.
ഇമാം അബൂഹനീഫയുടെ പിതാമഹന്‍ കാബൂള്‍ നിവാസിയായിരുന്നു. ഖലീഫ ഉമർ(റ) വിന്റെകാലത്ത് പ്രസ്തുത പ്രദേശം മുസ്‌ലിംകള്‍ വിമോചിപ്പിച്ചപ്പോള്‍ സൂത്വാ എന്നറിയപ്പെടുന്ന പിതാമഹന്‍ ബന്ദിയായി പിടിക്കപ്പെട്ടു. അങ്ങനെ അദ്ദേഹം തൈമുബ്‌നു സഅ്‌ലബ ഗോത്രത്തിന്റെ അടിമയായിത്തീര്‍ന്നു. അങ്ങനെ കൂഫയിലെത്തിച്ചേര്‍ന്ന അദ്ദേഹം പിന്നീട് അടിമത്തത്തില്‍ നിന്ന് മോചിതനായി. ഖലീഫ ഉമർ(റ)വിന്റെ ഭരണകാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ച സൂത്വാ കച്ചവടക്കാരനായി ജീവിച്ചു. ഇമാം അബൂഹനീഫയുടെ പിതാവ് സാബിതും കൂഫയിലെ പ്രമുഖ വ്യാപാരിയായിരുന്നു.
സൂക്ഷ്മമായ അഭിപ്രായമനുസരിച്ച് എ ഡി 699ല്‍ (ഹി: 80) ഇറാഖിന്റെ ആസ്ഥാനമായിരുന്ന കൂഫയിലാണ് ഇമാമിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി. ഹദീസ്, അറബിവ്യാകരണം, സാഹിത്യം, ഇല്‍മുല്‍ കലാം തുടങ്ങി അന്ന് പ്രചരത്തിലുണ്ടായിരുന്ന വിജ്ഞാനങ്ങളെല്ലാം വളരെ പെട്ടന്ന് സ്വായത്തമാക്കി. കൂടുതല്‍ ശ്രദ്ധചെലുത്തിയത് ഇല്‍മുല്‍ കലാമിലായിരുന്നു. ഇവ്വിഷയകമായി ഇസ്‌ലാമികാദര്‍ശങ്ങള്‍ക്ക് നിരക്കാത്ത വാദഗതികളുന്നയിച്ചിരുന്ന വിഭാഗങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തിയായി നിലകൊണ്ടു. അവരുമായി സംവാദങ്ങളിലേര്‍പ്പെട്ട് അഹ്‌ലുസ്സുന്നതി വല്‍ജമാഅത്തിന്റെ വീക്ഷണങ്ങള്‍ സമര്‍ഥിച്ചു.
രണ്ട് കൊടിയ പരീക്ഷണങ്ങളെ ഇമാമവർകൾക്ക് നേരിടേണ്ടി വന്നു. ആദ്യത്തേത് അമവി യുഗത്തിലായിരുന്നു. അന്നത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ ഒരു പക്ഷത്തെ നയിച്ചിരുന്നു ഇമാം സൈദ് ബിൻ അലിയുടെ പക്ഷത്ത് ചേർന്ന് പ്രവർത്തിച്ചു എന്നതായിരുന്നു കുറ്റം. കൂഫയിലെ ഗവർണ്ണറായിരുന്ന യസീദ് ബിൻ ഹുബൈറ യുടെ കീഴിൽ ഖാളിയായി സേവനം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചതോടെ അദ്ദേഹത്തെ ഗവർണ്ണർ അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു. അതിനെ തുടർന്ന് ഹിജ്റ 130 ൽ മക്കയിലേക്ക് മാറി. പിന്നെ അധികാരം അബ്ബാസികളുടെ കയ്യിൽ വന്നപ്പോൾ ഖലീഫ അബൂ ജഅഫറുൽ മൻസ്വൂറിന്റെ കാലത്തായിരുന്നു അദ്ദേഹം മടങ്ങിയെത്തിയത്. വീണ്ടും കൂഫയിൽ ജീവിതമാരംഭിച്ച ഇമാമവർകൾ വീണ്ടും വിവാദത്തിൽപെട്ടു. ഇമാം മുഹമ്മദ് സകിയ്യയുടെ പക്ഷത്തു ചേർന്ന് ഭരണകൂടത്തിനെതിരെ നിലകൊണ്ടു എന്നതായിരുന്നു പുതിയ പ്രശ്നം. ഇമാമവർകളെ അനുനയിപ്പിക്കുവാൻ ഖാളി പദം വെച്ചു നീട്ടിയെങ്കിലും അദ്ദേഹം അതു സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ അബ്ബാസീ ഭരണകൂടം അദ്ദേഹത്തെ വീണ്ടും തടവിലാക്കി. ആ ശിക്ഷയിൽ നിന്ന് മോചിതനായി പുറത്തുവരാൻ ബഹുമാനപ്പെട്ടവർക്ക് ഭാഗ്യമുണ്ടായില്ല. ഹിജ്റ 150 ജമാദുൽ അവ്വൽ 11 ന് മഹാൻ വിടവാങ്ങി.
ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കിയ ആധ്യാത്മിക മഹത്തുക്കളില്‍ പ്രസിദ്ധരാണ് ശൈഖ് അഹ്മദുല്‍ കബീറു രിഫാഈ(റ) തങ്ങളുടെ വഫാത്താണ് മറ്റൊന്ന്. ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന്‍ എന്നവരുടെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന്‍ ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് സമ്മാനിച്ചത്. തിരു നബി(സ)യുടെ ജീവിത ശൈലിയും പാരമ്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. ആത്മീയാന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന രിഫാഈ ചെറുപ്രായത്തില്‍ തന്നെ അദ്ധ്യാത്മിക വിഷയങ്ങളില്‍ അങ്ങേയറ്റം തല്‍പരനായിരുന്നു. ശൈഖ് മന്‍സൂറില്‍ നിന്ന് പ്രാഥമിക വിദ്യ നുകര്‍ന്ന ശൈഖ് രിഫാഈ(റ) നെ ഉന്നത വിദ്യാഭ്യാസത്തിന് മന്‍സൂര്‍(റ) ബസ്വറയിലെ അലിയ്യുല്‍ വാസിത്വിയുടെ അടുക്കല്‍ ഏല്‍പിച്ചു. പഠന സപര്യയിലും ഗുരു സമ്പര്‍ക്കത്തിലും യുവത്വം തളച്ചിട്ട രിഫാഈ(റ) എല്ലാ വിജ്ഞാന ശാഖകളിലും ഔന്നിത്യം പ്രാപിക്കുകയും ഇരുപതാം വയസ്സില്‍ ഉസ്താദ് വാസിത്വിയില്‍ നിന്ന് എല്ലാ വിഷയങ്ങളിലും ഇജാസത്ത് നേടുകയും ചെയ്തു. പഠന കാലത്തു തന്നെ രിഫാഈ(റ) പ്രമുഖ ശാഫിഈ പണ്ഡിതനായ അബൂ ഇസ്ഹാഖു ശ്ശീറാസീ(റ)ന്‍റെ കിതാബുത്തന്‍ബീഹ് മനപാഠമാക്കുകയും ശേഷം അതിന് അല്‍ ബഹ്ജ എന്ന വ്യാഖ്യാനം രചിക്കുകയും ചെയ്തു. നബി(സ) തങ്ങളെ വാക്കിലും പ്രവൃത്തിയിലും സമ്പൂര്‍ണമായി അനുധാവനം ചെയ്തിരുന്നു മഹാനവർകൾ. അതു കൊണ്ടു തന്നെ അല്ലാഹുവിന്‍റെ പ്രത്യേക അനുമതിയായി ഒട്ടേറെ കറാമത്തുകള്‍ തിരു തേജസ്സില്‍ നിന്ന് പ്രകടമായിട്ടുണ്ട്. മനസ്സിനെ നന്മകളില്‍ തളച്ചിട്ട് കഠിന പ്രയത്നത്തിലൂടെ അധ്യാത്മിക പടവുകള്‍ താണ്ടി ലക്ഷങ്ങള്‍ക്ക് ആത്മീയ ലഹരി നുകര്‍ന്നു നല്‍കിയ ഈ അനുപമ വ്യക്തിത്വം ഹിജ്റ 578 ജുമാദുല്‍ ഊലാ 12 നാണ് വഫാത്തായത്.
ഈ മാസത്തിന്റെ മറ്റൊരു നഷ്ടം ഉമർ മുഖ്താറിന്റേതാണ്. കോളനിവത്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ഇറ്റാലിയന്‍ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ട വീര്യത്തിന്റെ പേരാണ് ഉമര്‍ മുഖ്താര്‍. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇറ്റലിക്കെതിരെ ഉമര്‍ മുഖ്താറിന്റെ നേതൃത്വത്തില്‍ സൈന്യം നടത്തിയത് 74 വന്‍പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. ഇതുമൂലം അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറല്‍ മുസ്സോളിനിക്ക് ലിബിയയിലെ ജനറല്‍മാരെ മാറ്റേണ്ടി വന്നത് അഞ്ചു തവണയാണ്. ലിബിയയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം സമരം നയിച്ച ധീരസേനാനിയായിരുന്നു ഉമര്‍ മുഖ്താര്‍. ലിബിയയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അല്‍ബത്വ്‌നാനിനടുത്ത ദഫ്‌നയില്‍ 1857ലാണ് ഉമര്‍ മുഖ്താറിന്റെ ജനനം. പിതാവ് മുഖ്ത്വാറുബ്‌നു ഉമര്‍. മാതാവ് ആഇശ. അഞ്ച് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹത്തെ ജഗ്ബൂബില്‍ സനൂസി പ്രസ്ഥാനക്കാര്‍ നടത്തുന്ന പാഠശാലയിലേക്ക് അയച്ചു പഠിപ്പിക്കുകയായിരുന്നു രക്ഷാകർത്താക്കൾ. അവിടെ നിന്നായിരുന്നു പോരാട്ടവീര്യവും അദ്ദേഹം സ്വായത്തമാക്കിയത്.
1911 ലാണ് കൊളോണിയല്‍ സ്വപ്‌നങ്ങളുമായി ഇറ്റലി ലിബിയയിലേക്ക് കടന്നുവരുന്നത്. ഇറ്റലിയെ പ്രതിരോധിക്കാന്‍ ശക്തമായ ചെറുത്തു നില്പുമായി സനൂസികള്‍ രംഗത്തുവന്നു. ഉമര്‍ മുഖ്താറായിരുന്നു ആദ്യം മുതലേ സൈന്യത്തെ നയിച്ചിരുന്നത്. ഗറില്ലാ യുദ്ധമായിരുന്നു മുഖ്താര്‍ ആവിഷ്‌കരിച്ചിരുന്നത്. പലപ്പോഴും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഇറ്റലി, യോദ്ധാക്കളെ ഭിന്നിപ്പിക്കുവാനും വശീകരിക്കുവാനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. തന്ത്രശാലിയായി മാറിക്കഴിഞ്ഞിരുന്ന ഉമര്‍ മുഖ്താറിനെ വധിക്കാന്‍ കരയിലും കടലിലും പാത്തും പതുങ്ങിയും ഇറ്റാലിയന്‍ സൈന്യം കാത്തുനിന്നു. ഉമർ മുഖ്താറും സേനയും ശക്തമായി ചെറുത്തുനിന്നു.
പക്ഷേ, ശ്രമം വിജയം കണ്ടെത്തും മുമ്പ് ഒരു പോരാട്ടത്തില്‍ കുതിരപ്പുറത്തുനിന്ന് തെറിച്ചുവീണ ഉമര്‍ മുഖ്താര്‍ ശത്രുക്കളുടെ പിടിയലകപ്പെട്ടു. 1931 സപ്തംബര്‍ 11നായിരുന്നു അത്. ബന്ധനത്തിലായ മുഖ്താറിനെ സുശക്തമായ പട്ടാളക്കാവലില്‍ യുദ്ധവിമാനത്തില്‍ തലസ്ഥാനമായ ബന്‍ഗാസിയിലേക്കു കൊണ്ടുപോയി ജയിലിലടച്ചു. സപ്തംബര്‍ 15നു ഔദ്യോഗിക വിചാരണ ആരംഭിക്കുന്നതിനു മുമ്പ് സമരയോദ്ധാക്കളോട് ആയുധം വെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടാല്‍ നിരുപാധികം വിട്ടയക്കാമെന്ന അവർ നൽകിയ വാഗ്ദാനം അദ്ദേഹം തള്ളി. അന്യായമായ വിചാരണക്കുശേഷം 1931 സപ്തംബര്‍ 16 (ഹി. 1350 ജമാദുൽ അവ്വൽ 4) ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ഇരുപതിനായിരത്തോളം പേരുടെ സാന്നിധ്യത്തില്‍ സലൂഖ് എന്ന സ്ഥലത്ത് വെച്ച് ധീര പോരാളി ഉമര്‍ മുഖ്താറിനെ അവര്‍ തൂക്കിലേറ്റി.
ഈ മാസത്തിന്റെ സങ്കട സ്മരണകളിലൊന്നാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ആഭ്യന്തര കലഹമായിരുന്ന ജമൽ യുദ്ധം. ഹിജ്റ 36 ൽ ജമാദുൽ ഊലാ 10 നായിരുന്നു ഇതിന്റെ തുടക്കം. നാലാം ഖലീഫയായിരുന്ന അലി (റ)വിന്‍റെ ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഉസ്മാൻ(റ)ന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ഉത്തരവാദിത്വം. കാരണം അദ്ദേഹത്തിന്റെ വധത്തോടെയായിരുന്നു അലി(റ) ഖലീഫയായത്. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നതും അവരുടെ പേരുകൾ തിരിച്ചറിയാതിരുന്നതുമായിരുന്നു അതിന് ഒരു തടസ്സം. പ്രക്ഷോപകാരികൾ അക്രമാസക്തരായി വീട്ടിലേക്ക് ഇരച്ചു കയറിയായിരുന്നു ഉസ്മാൻ(റ) വിനെ വധിച്ചത്. മതിയായതും പ്രാമാണികമായതുമായ സാക്ഷി കൾ ഇല്ലാതിരുന്നതും കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. അക്രമികളിൽ പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലി(റ)യുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു.
പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലി(റ)ക്കതിരെ രംഗത്തു വന്നു. അവര്‍ ഹസ്റത്ത് ഉസ്മാന്റെ (റ) ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് അലി(റ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ പ്രിയപത്നി ആഇശ(റ), ത്വല്‍ഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ഹസ്റത്ത് ആയിശ(റ)യുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലി(റ)യും അവടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ(റ) തങ്ങളുടെ ആവശ്യം ഹസ്റത്ത് അലി(റ)യെയും അലി(റ) തന്റെ വിഷമാവസ്ഥ ആഇശ(റ)യെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു.
എന്നാൽ കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തി. മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഹസ്റത്ത് അലി(റ)വിനായിരുന്നു വജയം. സംഭവത്തിന്റെ യഥാസ്ഥിതി ആഇശ(റ)യെ ധരിപ്പിച്ച ശേഷം അലി(റ) അവരെ മദീനയിലേക്ക് യാത്രയയച്ചു. ആയിശ (റ) ഒരു ഒട്ടകപ്പുറത്തായിരുന്നു സംഭവ സ്ഥലത്ത് എത്തിയിരുന്നതിനാൽ ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്.
ഈ മാസത്തിന്റെ വിജയാരവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹിജ്റ 13 ൽ നടന്ന അജ്നാദീൻ യുദ്ധം. ശാമിനു നേരെ ഒന്നാം ഖലീഫ അബൂബക്കർ(റ) നിയോഗിച്ച സേന ഹിറാക്ലിയസിന്റെ ബൈസൈൻ ടൈൻ സേനയുമായി ഏറ്റുമുട്ടി വിജയിച്ച സംഭവമാണിത്. ഖാലിദ് ബിൻ വലീദ്(റ), അബൂ ഉബൈദ(റ), അംറ് ബിൻ ആസ്(റ), ശുറഹ്ബീലു ബിൻ ഹസന(റ), യസീദ് ബിൻ അബീ സുഫ്‌യാൻ(റ), ളിറാർ ബിൻ അസ് വർ(റ) മുതലായവരായിരുന്നു നായകൻമാർ. പലസ്തീനിലെ റാമല്ലയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഒരു താഴ് വരയാണ് അജ്നാദീൻ. റാഷിദീ ഖിലാഫത്തിന്റെ കാലത്ത് റോമൻ സേനയുമായി നടന്ന ആദ്യ യുദ്ധമായിരുന്നു ഇത്. ഒരു ലക്ഷത്തിലധികം വരുന്ന റോമൻ സേനയെ നേരിട്ട് തോൽപ്പിച്ചത് വെറും 30,000 വരുന്ന മുസ്ലിം സേനയാണ്. ചരിത്ര പ്രസിദ്ധമായ യർമൂക്ക് യുദ്ധത്തിന്റെ മുന്നോടിയാട്ടായിരുന്നു ഈ യുദ്ധം നടന്നത്. ശത്രുനിരയിൽ ആയിരങ്ങൾ മരിച്ചുവീണ ഈ യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് 450 പേരാണ് രക്തസാക്ഷികളായത്.
നമ്മുടെ ഓർമ്മകളിൽ അനിവാര്യമായും വരേണ്ട ഒന്നാണ് സമസ്തയുടെ ഉലമാക്കളുടെ വിയോഗങ്ങൾ. ജമാദുൽ അവ്വലിനും ഉണ്ട് അങ്ങനെ ചില ഓർമ്മകൾ അയവിറക്കുവാൻ. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ശൈഖുനാ സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദിന്റെ വഫാത്ത്. കൊണ്ടോട്ടിയിലെ ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും മൊറയൂരിലെ ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി 1937 (ഹി 1356 റജബ് 20) ഒക്ടോബറില്‍ മാതൃ ഗൃഹത്തിലായിരുന്നു മഹാനായ മര്‍ഹൂം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ജനനം. പള്ളിപ്പറമ്പില്‍ ശൈഖ് മൊല്ലാക്കയുടെ ഓത്ത് പള്ളിയില്‍ അല്‍പകാലവും കൊണ്ടോട്ടി സ്കൂളില്‍ എട്ട് വര്‍ഷവുമായിരുന്നു ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പിതാവ് മുഹമ്മദ് മുസ്ലിയാരിലൂടെ കിതാബുകളുടെ ലോകത്തേക്ക് തിരിഞ്ഞു. പിതാവിന്‍റെ സന്നിദ്ധിയില്‍ ഏഴ് വര്‍ഷത്തോളം മതവിഷയങ്ങളെല്ലാം ഗഹനമായി പഠിച്ച ശേഷം മഞ്ചേരിയില്‍ ഓവുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷം വീണ്ടും വിജ്ഞാനം കരസ്ഥമാക്കി.
പഠന ശേഷം ആദ്യമായി ദര്‍സ് തുടങ്ങിയ കോടങ്ങാട്ട് മൂന്ന് വര്‍ഷം അദ്ധ്യാപനം നടത്തി. വീണ്ടും വിജ്ഞാന ദാഹിയായി അവിടെ നിന്നും ലീവെടുത്ത് പല ദര്‍സുകളിലും വെച്ച് കിതാബുകള്‍ പഠിച്ചു. മൊത്തം ഇരുപത്തിയെട്ട് വര്‍ഷം പഠനങ്ങളില്‍ ഏര്‍പ്പെട്ടു. ചെറുശ്ശേരി ഉസ്താദിന്‍റെ പ്രധാന സേവന രംഗം അദ്ധ്യാപനമായിരുന്നു.(1957-2016)വരെയുള്ള ആറ് പതിറ്റാണ്ട് നീണ്ട് നിന്ന അദ്ധ്യാപന ജീവിതവും ഉസ്താദിനെ വിജ്ഞാന വലയമാക്കി. മുസ്ലിം ഉമ്മത്തിന് താങ്ങും തണലുമായിരുന്ന ഉസ്താദ് സമസ്തയുടെ നാലാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു.1996 ല്‍ ശംസുല്‍ ഉലമയുടെ വിയോഗാനന്തരമാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി പദവി ഉസ്താദിനെ ഏല്‍പ്പിക്കപ്പെടുന്നത്. സമസ്തയുടെ പരമ്പരാഗത പണ്ഡിതരെ പോലെ ഇല്‍മും അമലും ഒത്തിണങ്ങിയ മഹാനായിരുന്നു ചെറുശ്ശേരി ഉസ്താദ്.
സുകൃതങ്ങളാല്‍ ധന്യമായിരുന്നു മര്‍ഹൂം ചെറുശ്ശേരി ഉസ്താദിന്റെ വഫാത്ത് 2016 (1437 ജമാദുൽ അവ്വൽ) ഫെബ്രുവരി 18 നായിരുന്നു. ചെമ്മാട് ദാറുല്‍ ഹുദയുടെ തിരുമുറ്റത്ത് അവർ അന്തിയുറങ്ങുന്നു.
മറ്റൊരു വിരഹ സ്മരണ എം എം ബഷീർ മുസ്ലിയാരുടേതാണ്. മലപ്പുറംജില്ലയിലെ ചേറൂരില്‍ പണ്ഡിതനായ വലിയ അഹമ്മദ് മുസ്ലിയാരുടെയും കല്ലന്‍കദിയുമ്മയുടേയും മകനായിട്ടാണ് 1929 ഫെബ്രു. 3 ന് എം എം ബഷീര്‍ മുസ്ലിയാര്‍ ജനിക്കുന്നത്. ചെറുപ്പകാലത്തു തന്നെ നല്ല വിദ്യാഭ്യാസം കരസ്ഥമാക്കുവാന്‍ കഴിഞ്ഞ അദ്ദേഹം ഇസ്ലാമിക ശാസ്ത്രങ്ങളിൽ അനിതര സാധാരണമായ അവഗാഹം നേടി. നിരവധി മഹാന്മാരില്‍ നിന്നും അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. മർഹും കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ് ഓതിപ്പഠിച്ചത്. 1953 വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി. തുടർന്ന് അധ്യാപന മേഖലയിലേക്ക് കടന്നു. വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ ഭാഷയിലുള്ള അധ്യാപനരീതി ആയിരുന്നു മഹാന്‍റേത്. പ്രധാന അധ്യാപക കാലഘട്ടമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിലും, കൊണ്ടോട്ടി പഴയങ്ങാടി ജുമാഅത്ത് പള്ളിയിലും ബഷീര്‍ മുസ്ലിയാരുടെ അധ്യാപനരീതി വളരെ വ്യത്യസ്തമായിരുന്നു.
സമന്വയ വിദ്യാഭ്യാസം, കോളേജുകളുടെ അക്കാദമിക വികസനം, സിലബസ് പരിഷ്കരണം, വര്‍ഷാവസാനം മൂല്യ നിര്‍ണയ പരീക്ഷകള്‍, കലാ പരിശീലന പരിപാടികൾ തുടങ്ങി പല വിപ്ലവകരമായ പരിഷ്കാരങ്ങളും മതവിദ്യാഭ്യാസ മേഖലയിൽ കൊണ്ടു വന്ന അദ്ദേഹം 1987 ൽ (1407 ജമാദുൽ അവ്വൽ) ലോകത്തോട് വിടപറഞ്ഞു.
സമസ്തയുടെ ചലനങ്ങൾക്ക് ആളും അർഥവും നൽകിയ ഉമറാക്കളിൽ പ്രധാനിയായിരുന്ന മര്‍ഹൂം ഡോ.യു.ബാപ്പുട്ടി ഹാജിയുടെ ഓർമ്മകൾ തികട്ടിവരുന്ന മാസം കൂടിയാണിത്. 2003 ജൂലൈ 22 ചൊവ്വാഴ്ച നമ്മോട് മഹാനവർകൾ വിടപറഞ്ഞു. 1423 ലെ ജമാദുൽ അവ്വൽ 22 നായിരുന്നു ആ വിയാേഗം. 1929ൽ ഉള്ളാട്ട് കുഞ്ഞാലൻ കുട്ടി വൈദ്യരുടെയും പുതുക്കുടി കുഞ്ഞിക്കദിയുമ്മയുടെയും മകനായി ജനിച്ച ബാപ്പുട്ടി ഹാജി എസ് എസ് എൽ സിക്കു ശേഷം കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ നിന്ന് വൈദ്യ പഠനം പൂർത്തിയാക്കി പിതാവിന്റെ വഴിയെ ഒരു ചികിൽസകനായി ജീവിതമാരംഭിച്ചതായിരുന്നു. കുടുംബത്തിന്റെയും നാടിന്റെയും പശ്ചാതലം ഒരുക്കിയ വഴിയിലൂടെ അദ്ദേഹം ചെമ്മാട് നഗരത്തിലെ ഒരു മതപ്രവർത്തകനായി ചെറുപ്പത്തിലേ മാറുകയായിരുന്നു. സുന്നീ മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തിൽ 1983 ൽ ചെമ്മാട് ദാറുൽ ഹുദാ അക്കാഡമിക്ക് തുടക്കം കുറിക്കുമ്പോൾ മുതൽ ഹാജിയുടെ പ്രധാന കർമ്മ മേഖല ദാറുൽ ഹുദ ആയി മാറുകയായിരുന്നു. പിന്നീട് അതൊരു ഇസ്ലാമിക സർച്ചകലാശാലയായി വളരുന്നതുവരേയും തന്റെ മരണം വരേയും ബാപ്പുട്ടി ഹാജിയുടെ തട്ടകം ദാറുൽ ഹുദ തന്നെയായിരുന്നു. ദാറുൽ ഹുദാ ജനറൽ സെക്രട്ടറി, എസ് എം എഫ് ട്രഷറർ, ചെമ്മാട് മഹല്ല് പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചു കൊണ്ടിരിക്കെയായിരുന്നു അവരുടെ വഫാത്ത്.
അരീക്കൽ ഇബ്റാഹിം മുസ്ലിയാർ, പ്രൊഫ. ഇ മുഹമ്മദ്, സി.കെ കൈമലശേരി തുടങ്ങിയവരുടെ വേർപാടുകളും ഈ മാസത്തിന്റെ സ്മരണകളിൽ പെടുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso