![](http://www.thdarimi.in/images/logo.png)
![Image](http://www.thdarimi.in/login/photo/images.jpeg)
പ്രാർത്ഥന തന്നെയാണ് ആരാധന
10-11-2021
Web Design
15 Comments
അൽ അൻബിയാഅ് അധ്യായത്തിൽ വിശുദ്ധ ഖുർആൻ ഏതാനും പ്രവാചകൻമാരുടെ ജീവിതം നേരിട്ട പ്രതിസന്ധികൾ പറഞ്ഞു പോകുന്നുണ്ട്. അവയിലൊന്ന് അയ്യൂബ് നബിയുടേതാണ്. വളരെ പ്രയാസകരമായ ഒരു രോഗം അദ്ദേഹത്തെ പിടികൂടി. ഈ സംഭവത്തിന്റെ വ്യാഖ്യാനങ്ങളിൽ നിന്നും രോഗം അതീവ ഗുരുതരമായിരുന്നു എന്നു മനസ്സിലാക്കാം. ജനങ്ങളും ഭാര്യമാർ പോലും വെറുത്തകന്നു പോയ ഒരു രോഗമായിരുന്നു അത് എന്നാണ്. ഒരു ഭാര്യയല്ലാത്ത മറ്റെല്ലാവരും ഇട്ടുപോയി. അത്തരമൊരു രോഗം ഒരിക്കലും ഭേതമാവില്ല എന്ന് ആ കാലം ഉറപ്പിച്ചതു കൊണ്ടായിരുന്നു അത് എന്ന് ആ വിവരണങ്ങൾക്കിടയിൽ നിന്ന് മനസ്സിലാക്കാം. ആശയറ്റ ആ സന്ദർഭത്തിൽ അദ്ദേഹം ചെയ്ത പ്രാർഥന ഇപ്രകാരമായിരുന്നു. നാഥാ, എന്നെ ഉപദ്രവം പിടികൂടിയിരിക്കുന്നു. നീ ഉദാരരിൽ ഉദാരനാണല്ലോ. തുടർന്ന് പറയുന്നത് അദ്ദേഹത്തിന് രോഗമുക്തി ലഭിച്ചുവെന്നും നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടി എന്നുമാണ്. (83, 84). ഭേതമാവില്ല എന്ന് കാലവും ലോകവും വിധിച്ച രോഗം മാറിയ ഈ സംഭവം ബൈബിളും പറയുന്നുണ്ട്. (ഇയ്യോബിന്റെ പുസ്തകം, യാക്കോബ് 5:11)
തുടർന്ന് അൻബിയാഅ് അധ്യായം പറയുന്നത് യൂനുസ് നബിയുടെ ഒരു അനുഭവമാണ്. നീനുവായിലേക്ക് നിയുക്തനായ ഈ പ്രവാചകൻ ദൈവ സമ്മതമില്ലാതെ അവിടം വിടുകയാണ്. അതിനുള്ള ശിക്ഷ എന്ന നിലക്ക് അദ്ദേഹം കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് ചാടാൻ നിർബന്ധിതനായി. കടലിൽ അദ്ദേഹം വീണത് നേരെ തിമിംഗലത്തിന്റെ വയറ്റിലേക്കായിരുന്നു. വായിൽ വന്നു വീണ ഇരയുമായി മത്സ്യം അടിക്കടലിലേക്ക് ഊളിയിട്ടു. അതോടെ കടലിന്റെയും ആഴിയുടെയും മത്സവയറിന്റെയും രാത്രിയുടെയുമെല്ലാം ഇരുട്ടിനുള്ളിൽ പെട്ടു യൂനുസ് നബി. അങ്ങനെ ഒരാൾ അവിടെ ഉണ്ട് എന്നത് ലോകത്തൊരാൾക്കും അറിയുകയുമില്ലായിരുന്നു. അറിയുമായിരുന്നു എങ്കിൽ ആരെങ്കിലും അദ്ദേഹത്തെ സഹായിച്ചേനെ. ഇതോടെ പ്രതീക്ഷയുടെ എല്ലാ ഭൗതിക കവാടങ്ങളും അദ്ദേഹത്തിനു മുമ്പിൽ അടക്കപ്പെട്ടു. ഇനി അദ്ദേഹത്തിനു പ്രതീക്ഷയേകാൻ ഒന്നുമില്ല എന്ന അവസ്ഥ. ആ അവസ്ഥയിൽ അദ്ദേഹം പ്രാത്ഥിച്ചു. നാഥാ ഞാൻ അക്രമം കാണിച്ചു പോയി, നീ അല്ലാതെ രക്ഷിക്കാൻ ഒരു ആരാധ്യനുമില്ല എന്ന്. പിന്നെ നാം കാണുന്നത് തികച്ചും അൽഭുതകരമായി ജീവനോടെ യൂനുസ് നബി കരയിലെത്തുന്നതാണ്. (78, 79). ബൈബിളിലും ഈ കഥയുണ്ട്. (രാജാക്കൻമാർ 14: 25)
മൂന്നാമത്തേത് സക്കരിയ്യാ നബിയുടേതാണ്. വാർദ്ധക്യത്തിന്റെ അവസാന യാമത്തിൽ അദ്ദേഹത്തെ നാം കാണുന്നത് വിശുദ്ധ ബൈത്തുൽ മുഖദ്ദസിന്റെ മിഹ്റാബിൽ ഇരുന്ന് കണ്ണ് നനച്ച് തേടുന്നതായാണ്. കുട്ടികളുണ്ടായിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം. മക്കൾ ജനിക്കാനുള്ള പ്രതീക്ഷകൾ ജീവിക്കുന്ന കാലം എന്നേ പിന്നിട്ടിരുന്നു. ഭാര്യ വന്ധ്യയായിരുന്നു. ഇവിടെയും നിരാശ എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്. സക്കരിയ്യാ എന്ന തങ്ങളുടെ ശ്രേഷ്ഠ പുരോഹിതൻ ഈ പ്രായത്തിൽ ഇങ്ങനെ ഒന്നിനു വേണ്ടി തേടുന്നത് പരിഹാസ്യമായി തോന്നിയിരുന്നു അവിടെത്തെ അൽമായർക്ക്. അവർ കളിയാക്കി ചിരിക്കുമായിരുന്നു എന്ന് വ്യാഖ്യാനങ്ങളിൽ കാണാം. പക്ഷെ, അദ്ദേഹം പ്രതീക്ഷ വിട്ടില്ല. അൽഭുതകരമെന്നു പറയട്ടെ, ആ പ്രാർഥനയും കേൾക്കപ്പെട്ടു. അദ്ദേഹത്തിന് യഹിയാ എന്ന കുത്തിനെ കിട്ടി. (89, 91) ജീവനറ്റ ചുക്കിച്ചുളിഞ്ഞ വിരലുകളിൽ അദ്ദേഹം സ്വന്തം മകനെ കോരിയെടുത്ത് ഉമ്മവെച്ചു. ലൂക്കോസിന്റെ സുവിശേഷo 1:5 ൽ ബൈബിൾ ഇതും പറയുന്നുണ്ട്.
മൂന്ന് രംഗങ്ങളും തമ്മിൽ സാമ്യതയുണ്ട്. മൂന്നും നിരാശയുടെ കൊടുമുടിയിലാണ് നടക്കുന്നത്. നടക്കില്ല എന്ന് ലോകവും കാലവും തീർത്തു പറഞ്ഞ രംഗങ്ങൾ. മൂന്നിടത്തും ആ നിരാശയെ മറികടക്കുന്നത് പ്രാർത്ഥനയുടെ കരുത്തിലാണ്. പ്രാർത്ഥന അസാധ്യമായതിനെ സാധ്യമാക്കിയതിന്റെ നേർസാക്ഷ്യങ്ങളാണ് മൂന്നും. പ്രാത്ഥനയുടെ പ്രാധാന്യം കുറിക്കുകയാണ് ഇവ. പ്രാർത്ഥന തന്നെയാണ് ആരാധന എന്നും പ്രാർത്ഥന ആരാധനയുടെ മജ്ജയാണ് എന്നും നബി(സ) പറഞ്ഞതിന്റെ പൊരുളും ഇതാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ആരാധനകളൊക്കെയും ഒരു പ്രാർത്ഥന തന്നെയാണ്. നിസ്കാരത്തിൽ ഒരു വിശ്വാസി ചെയ്യുന്ന ഓരോ കർമ്മങ്ങുടെയും ആകെത്തുക പ്രാർത്ഥനയാണല്ലോ. വികാര വിചാരങ്ങളും അന്നപാനാദികളും ഉപേക്ഷിച്ച് ഒരാൾ നോമ്പെടുക്കുമ്പോൾ അയാൾ നാഥാ, എന്റെ വികാരങ്ങളേക്കാൾ ഞാൻ നിന്റെ വിധേയത്വത്തിന് വില കൽപ്പിക്കുന്നു, അതിനാൽ നീ എന്നോട് കാരുണ്യം കാണിക്കേണമേ എന്ന് തേടുകയാണ്. ഹജ്ജിൽ ചെയ്യുന്ന കർമ്മങ്ങളൊക്കെയും സമർപ്പണവും പ്രാർത്ഥനയും തന്നെ. എന്തിനധികം, വലതുകാൽ വെച്ച് സ്വന്തം ഭവനത്തിലേക്ക് ബിസ്മി ചൊല്ലി പ്രവേശിക്കുന്ന ആൾ സത്യത്തിൽ തനിക്കും ഭവനത്തിനും നൻമയും ക്ഷേമവും ഉണ്ടാവട്ടെ എന്ന് മനസ്സാ തേടുകയാണ്.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയുടെ ഈ ആശയം ഗ്രഹിക്കുവാൻ പ്രയാസമൊന്നുമില്ല. കാരണം ഈ പ്രപഞ്ചത്തിന്റെ സകല ചലനങ്ങളും സ്രഷ്ടാവിന്റെ കരങ്ങളിലാണ്. സൃഷ്ടികൾ ഓരോ കാര്യങ്ങളും ആഗ്രഹിക്കുകയും പദ്ധതിയിടുകയും ആവിഷ്കരിക്കുകയുമൊക്കെ ചെയ്യുന്നുവെങ്കിലും അതൊന്നും നടക്കുന്നതിൽ അവന് പങ്കൊന്നുമില്ല. സൃഷ്ടാവിന്റെ താൽപര്യങ്ങളാണ് നടക്കുന്നതെല്ലാം. എല്ലാ കാര്യങ്ങളും കണിശമായി പുലർത്തിയിട്ടും കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് ഓരോരുത്തരുടെ ജീവിതത്തിലും ഉദാഹരണങ്ങൾ എമ്പാടുമുണ്ട്. നടക്കേണ്ടാത്തത് നടക്കുകയും നടക്കേണ്ടത് നടക്കാതിരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഭാവി പ്രവചനാതീതവുമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സൃഷ്ടാവായ അല്ലാഹുവിന്റെ കയ്യിലാണ് കാര്യങ്ങളെല്ലാം എന്നാണ്. ഈ കാര്യങ്ങളിൽ സൃഷ്ടിക്ക് നൻമയും ക്ഷേമവും ഭാഗ്യവും അനുഗ്രഹവും മാത്രം ഉണ്ടാകണമെങ്കിൽ അതു നേടിയെടുക്കുവാൻ അവനോട് ചോദിച്ചു വാങ്ങുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അവന്റെ മുമ്പിൽ അവകാശവാദമുന്നയിക്കുവാനോ തട്ടിപ്പറിച്ച് വാങ്ങിക്കാനോ കട്ടെടുക്കുവാനോ ഒന്നും കഴിയില്ലല്ലോ. ഇങ്ങനെയാണ് പ്രാർത്ഥനയുടെ അർഥതലത്തിലേക്കും പ്രാധാന്യത്തിലേക്കും വിശ്വാസികൾ എത്തിച്ചേരുന്നത്.
പുതിയ കാലത്തെ പ്രാർത്ഥനയെ കുറിച്ചുളള ചിന്തകളിൽ പ്രത്യേകം പറയേണ്ട ഒരു കാര്യം ഉണ്ട്. അത് എല്ലാ ആത്മീയ വികാരങ്ങൾക്കും സംഭവിക്കുന്നതു പോലെ പ്രാർത്ഥനയും ഒരു ചടങ്ങും ആചാരവുമായി ചുരുങ്ങുന്നു എന്നതാണത്. കേവലം ഒരു താളമല്ല, ആയിരിക്കേണ്ടതല്ല പ്രാർത്ഥന. അത് ഹൃദയത്തിന്റെ ആത്മാർഥമായ ഒരു അർച്ചനയായിരിക്കേണ്ടതാണ്. അർച്ചനയുടെ അർഥത്തിൽ നിന്ന് ഭാഷ, പ്രയോഗം, ശൈലി, ഒഴുക്ക് തുടങ്ങിയവയിലേക്കൊക്കെ പ്രാർത്ഥനകൾ വഴി മാറുമ്പോഴാണ് അത് വഴി മാറുന്നത്. അപ്രകാരം തന്നെ വെറും ചിട്ടപ്പെടുത്തിയ പദപ്രയോഗവുമല്ല പ്രാർത്ഥന. അത് ഉയരേണ്ടത് ഒരു പശ്ചാതലത്തിൽ നിന്നാണ്. അതായത് പ്രാർഥനക്ക് ചില അകമ്പടികൾ അനിവാര്യമാണ്. ഉദ്ധൃത സംഭവങ്ങൾക്കു ശേഷം ആ പ്രവാചകൻമാരെ അവർ നേരിട്ട പ്രതിസന്ധികളിൽ കൈപിടിച്ചത് എന്തൊക്കെ ചേർന്നായിരുന്നു എന്ന് അല്ലാഹു പറയുന്നുണ്ട്. അത് ഇപ്രകാരമാണ്: (തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു)(അമ്പിയാഅ്:90)
മൂന്ന് കാര്യങ്ങളാണ് ഇവിടെ അല്ലാഹു പറയുന്നത്. ഒന്നാമതായി നൻമയോടുള്ള അഭിനിവേശമാണ്. രണ്ടാമത്തേത് അവരുടെ പ്രാർത്ഥനകളിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായ പ്രതീക്ഷയും ഭയവും ഉണ്ടായിരുന്നു എന്നതാണ്. മൂന്നാമത്തേത് അവർ പുലർത്തിയിരുന്ന വിനയമാണ്. ഈ ഘടകങ്ങൾ ഒരുക്കുന്ന ആത്മീയ സാഹചര്യമാണ് ശരിയായ പ്രാർത്ഥനയുടെ പശ്ചാതലം. ഇത്തരം പരിസത്തുവെച്ച് ഉയരുന്ന പ്രാർഥനകൾ കേൾക്കപ്പെടുക തന്നെ ചെയ്യും. അല്ലാഹു വാക്കുതന്ന കാര്യമായതിനാൽ പ്രത്യേകിച്ചും.
അതോടൊപ്പം ഈ പശ്ചാതലത്തിന് കൂടുതൽ പ്രതീക്ഷാത്മകത നൽകുന്ന ഘടകങ്ങൾ വേറെയുമുണ്ട് പരിഗണിക്കുവാൻ. പ്രതീക്ഷ കൂടുതലുളള സന്ദർഭങ്ങൾ, ഇടങ്ങൾ, സാഹചര്യങ്ങൾ, സാന്നിദ്ധ്യങ്ങൾ, രീതികൾ തുടങ്ങി അതൊരു നീണ്ട പട്ടികയാണ്. ചോദിച്ച് ചോദിച്ച് സ്വർഗത്തിൽ പോകണം, ചോദിക്കാൻ നാണിച്ച് നരകത്തിൽ പോകരുത് എന്ന പൊതു വർത്താനം കൂടി ഇതിലേക്ക് ചേർത്തി വായിക്കാം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso