സൂറത്തുൽ മുജാദില / ഒന്ന് / പെണ്ണും കണ്ണീരും
27-10-2021
Web Design
15 Comments
ആമുഖം: പരിശുദ്ധ ഖുർആനിലെ 58-ാം അധ്യായമാണ് സൂറത്തുൽ മുജാദില. ഇത് മദനിയ്യായ സൂറത്തുകളിൽപെടുന്നു. മക്കിയ്യായതും മദനിയ്യായതുമായ സൂറത്തുകളും ആയത്തുകളും തമ്മിൽ പാരായണത്തിന്റെ ശ്രേഷ്ഠതയുടെ കാര്യത്തിൽ പോലും വ്യത്യാസമൊന്നുമില്ല. എന്നാൽ ആശയത്തിന്റെ കാര്യത്തിൽ ചില വ്യത്യാസങ്ങൾ അനുഭവപ്പെട്ടേക്കാം. അതു പ്രധാനമായും കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. മക്കാ യുഗം പ്രധാനമായും ജനങ്ങളെ വിശ്വാസത്തിന് സജ്ജരാക്കുന്ന കാലമായിരുന്നു. അതിനാൽ ഈമാൻ, തൗഹീദ്, ദൃഷ്ടാന്തങ്ങൾ, വിശ്വാസികൾക്കുള്ള പ്രതിഫലങ്ങൾ, അവിശ്വാസികൾക്കുള്ള താക്കീതുകൾ തുടങ്ങിയവയായിരിക്കും മക്കിയ്യായ ആയത്തുകളുടെയും സൂറത്തുകളുടെയും ആശയമധികവും. മദീനാ യുഗമാവട്ടെ പ്രധാനമായും വിശ്വാസികളെ ഇസ്ലാമിക കർമ്മ - ജീവിത സരണിയിൽ വളർത്തിയെടുക്കുവാനുള്ളതായിരുന്നു. അതിനാൽ ആരാധനാ കർമ്മങ്ങൾ, സാമൂഹ്യ പാഠങ്ങൾ, വ്യവഹാരങ്ങൾ, ജീവിതത്തിന്റെ മറ്റു അനിവാര്യമായ മുഖങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾക്കു വേണ്ട ഉദ്ബോധനങ്ങളും നിയമങ്ങളുമായിരിക്കും മദനിയ്യായ സൂക്തങ്ങളുടെയും സൂറത്തുകളുടെയും പൊതു ആശയം.
ഇതിവൃത്തം: ഈ സൂറത്തിന്റെ പേര് അൽ മുജാദില എന്നാണ്. അൽ മുജാദല എന്നാണ് എന്നും അഭിപ്രായമുണ്ട്. മുജാദില എന്നാകുമ്പോൾ അത് കർതൃനാമം അഥവാ കർമ്മം ചെയ്ത ആളെ സൂചിപ്പിക്കുന്നതും മുജാദല എന്നാകുമ്പോൾ അതു കർമ്മത്തെ അഥവാ കർമ്മത്തിനു വിധേയനായ ആളെ സൂചിപ്പിക്കുന്നതുമായിരിക്കും എന്നാണ് ഭാഷാനിയമം. അതനുസരിച്ച് മുജാദില എന്നാൽ തർക്കിക്കുന്നവൾ എന്നും മുജാദല എന്നാൽ തർക്കത്തിന് വിധേയയായവൾ എന്നുമായിരിക്കും അർഥം. ഇങ്ങനെ ഈ സൂറത്തിന് പേര് വരുവാൻ ഒരു കാരണമുണ്ട്. അതാണ് ഈ സൂറത്തിലെ ആദ്യത്തെ നാലു സൂക്തങ്ങൾ അവതരിക്കുന്നതിനുണ്ടായ കാരണം. ഔസ് ബിൻ സ്വാമിത്ത്(റ) എന്ന സ്വഹാബിയും തന്റെ ഭാര്യ കൗല ബിൻതു ത അ്ലബ(റ) യും തമ്മിലുണ്ടായ ഒരു പ്രശ്നമായിരുന്നു അത്. സന്തോഷത്തോടെ സകുടുംബം ജീവിച്ചു വരികയായിരുന്നു അവർ. പൊതുവെ ഒരു വൃദ്ധനായിരുന്ന ഔസ്(റ)ന്റെ സ്വഭാവത്തിൽ പ്രായം കൂടി വന്നതോടെ മാറ്റങ്ങൾ പ്രകടമായി. ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് കോപിക്കുന്ന പ്രകൃതക്കാരനായി മാറിയ അദ്ദേഹം ഭാര്യയുമായുള്ള ചെറിയ ഏതോ അഭിപ്രായ അനൈക്യത്തെ തുടർന്ന് ഭാര്യയെ ള്വിഹാർ ചെയ്തു. ഇത് അക്കാലത്തെ അറബികൾ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന ഒരു ശൈലിയാണ്. നീ എനിക്ക് എന്റെ മാതാവിനെപ്പോലെ (നിഷിദ്ധ) യാണ് എന്ന് പറയുന്നതാണ് ള്വിഹാർ. മാതാവിന് തത്തുല്യരായ വിവാഹ ബന്ധം പാടില്ലാത്ത ആരെയെങ്കിലും പോലെയാണ് എന്നും പറയാറുണ്ട്. ജാഹിലിയ്യാ സമ്പ്രദായത്തിൽ ഇത് വിവാഹ മോചനമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്.
ഇസ്ലാമിക സമൂഹം നിലവിൽ വന്നതിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു കേസ് ഉണ്ടാകുന്നത്. ള്വിഹാറിന്റെ കാര്യത്തിൽ ഇസ്ലാമിന്റെ നയം ഇതപര്യന്തം വിവരിക്കപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. അതിനാൽ പഴയപടി ഇത് വിവാഹ ബന്ധം മുറിക്കുവാനുള്ള വാചകമായി തന്നെയായി ഖൗല(റ) കരുതുകയും താനും തന്റെ മക്കളും നിരാശ്രയരായിപ്പോയി എന്ന് കരുതുകയും അതിൽ ഉൽക്കണ്ഠപ്പെട്ട് നബി(സ) തിരുമേനിയുടെ മുമ്പിൽ വന്ന് സങ്കടം പറയുകയും ചെയ്തു. ഖൗല(റ) പറഞ്ഞു: ഔസ് എന്നെ വിവാഹം ചെയ്യുമ്പോൾ ഞാനൊരു യുവതിയായിരുന്നു. ഇപ്പോൾ എനിക്ക് വയസ്സായി. കുറെ മക്കളുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം എന്നെ ള്വിഹാർ ചെയ്തിരിക്കുന്നു. അദ്ദേഹത്തിനും ഖേദമുണ്ട്. അതിനാൽ ഞങ്ങളുടെ കാര്യത്തിൽ വല്ല ഒഴിവുകഴിവുമുണ്ടെങ്കിൽ അത് ഞങ്ങൾക്ക് ആശ്വാസകരമായിരുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ ഒന്നും എനിക്ക് അവതരിച്ചു കിട്ടിയിട്ടില്ല. നിങ്ങൾ അദ്ദേഹത്തിന് നിഷിദ്ധമായി എന്നല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല അതു കേട്ടതും അവർ നബി(സ്വ) തങ്ങളോട് തർക്കിക്കുവാൻ തുടങ്ങി. അദ്ദേഹം എന്നെ ത്വലാഖ് ചൊല്ലിയിട്ടൊന്നുമില്ലല്ലോ എന്നായിരുന്നു ആദ്യത്തെ ന്യായവാദം. തുടർന്ന് അവർ ഇതു വഴി തങ്ങളുടെ ബന്ധം വേർപെട്ടാൽ അതിനാൽ ഉണ്ടാകുന്ന ഒരു ഉൽക്കണ്ഠ അല്ലാഹുവോട് തന്നെ തുറന്നുപറഞ്ഞു. അവർ പറഞ്ഞു: അല്ലാഹുവെ, എനിക്ക് ചെറിയ കുട്ടികളുണ്ട്. അവരെ അദ്ദേഹത്തിനൊപ്പം വിട്ടാൽ അവർ പാഴായിപ്പോകും. എന്റെ ഒപ്പം നിറുത്തിയാലോ അവർ വിശന്നു പോവുകയും ചെയ്യും. അതിനാൽ ഞാൻ നിന്നോട് സങ്കടം സമർപ്പിക്കുന്നു. നിന്റെ പ്രവാചകന് എന്റെ കാര്യത്തിൽ വഹ്‌യ് നൽകേണമേ അപ്പോഴായിരുന്നു ഈ സൂറത്തിലെ ആദ്യത്തെ നാലു സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
(1) - നബിയേ, തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ അങ്ങയോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കല്‍ പരിഭവം പറയുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു ശ്രവിക്കുക തന്നെ ചെയ്തിരിക്കുന്നു. നിങ്ങളിരുവരുടെയും സംഭാഷണം അവന്‍ ശ്രവിക്കുന്നുണ്ട്. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണവന്‍.
മനസ്സിൽ തട്ടിയുളള ഒരു വിശ്വാസിനിയുടെ അർഥന അല്ലാഹു കേൾക്കുകയും പരിഹാരം കാണിക്കുകയും ചെയ്യുന്നു എന്ന ശുഭാപ്തിയാണ് ഈ സൂക്തത്തിന്റെ പ്രധാന പൊരുൾ. അതിലേക്ക് നയിച്ച നബി(സ) യുമായുള്ള സംവാദവും അല്ലാഹു കേൾക്കുന്നുണ്ട്. ആ സംഭാഷണവും അല്ലാഹുവിന്റെ ഇഷ്ടത്തെ ഉദ്വീപിപ്പിക്കുന്നതു തന്നെയാണ്. കാരണം ഉണ്ടായ അബദ്ധം മറച്ചുവെക്കാതെ അത് നബി(സ)യുടെ മുമ്പിൽ അവതരിപ്പിക്കുവാൻ അവർ മനസ്സു കാണിക്കുമ്പോഴും നബി വഴി പരിഹാരം തേടുമ്പോഴും അല്ലാഹുവിന്റെ പ്രവാചകനോടുള്ള വിധേയത്വം ഈ സ്വഹാബീ വനിത പ്രകടിപ്പിക്കുകയാണ്. മാത്രമല്ല, തനിക്ക് താങ്ങാനാവാത്ത ഒരു മറുപടി ലഭിക്കുമ്പോൾ അവർ വിനയാന്വിതയായി അല്ലാഹുവിലേക്ക് തിരിയുകയും തന്റെ സങ്കടങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു. ഇതിലെല്ലാം അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമുള്ള വിധേയത്വം നന്നായി പ്രകടിപ്പിക്കുന്നതു കാരണമാണ് അല്ലാഹു ആ പെണ്ണിന്റെ കണ്ണീർ തുടക്കുവാൻ കൈ നീട്ടുന്നത്.
(2) - നിങ്ങളില്‍ സ്വപത്‌നിമാരെ ളിഹാര്‍ ചെയ്യുന്നവര്‍ (നിഷിദ്ധകൃത്യമാണ് അനുവര്‍ത്തിക്കുന്നത്). ആ പത്‌നിമാര്‍ അവരുടെ ഉമ്മമാരല്ല അവരെ പ്രസവിച്ച പെണ്ണുങ്ങളേ ഉമ്മമാരാകൂ. ഹീനമായ വാക്കും അസത്യവുമാണ് അവര്‍ പറയുന്നത്. ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനുമാണ് അല്ലാഹു.
പ്രാകൃതമായ ഈ വിവാഹ മോചന സമ്പ്രദായത്തിന്റെ അയുക്തി ആദ്യം ബോധ്യപ്പെടുത്തുകയാണ് അല്ലാഹു. പ്രസവിച്ച സ്ത്രീകളേ ഉമ്മമാരാകൂ എന്നും മാതൃത്വം എന്നത് ആരോപിക്കാറുന്നതോ അടിച്ചേൽപ്പിക്കാവുന്നതോ ആയ ഒരു കേവല വിശേഷണമല്ല എന്നും ഈ ആയത്തിലൂടെ അല്ലാഹു തെര്യപ്പെടുത്തുന്നു. എന്നിരിക്കെ നിങ്ങൾ ഭാര്യയെ ഉമ്മയോട് തുല്യപ്പെടുത്തുന്നതിൽ അർഥമില്ല. അങ്ങനെ വാക്യത്തിൽ പ്രയോഗിക്കുന്നത് തന്നെ തെറ്റാണ്. കാരണം രണ്ട് വ്യത്യസ്ഥവും ധ്രുവങ്ങളിലുളളതുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സംജ്ഞകളാണ് ഭാര്യ, ഉമ്മ എന്നിവ. തികച്ചും വിരുദ്ധമായ രണ്ട് അർഥ വികാരങ്ങളെ ഇവ്വിധം ആശ്രദ്ധമായി ഉപയോഗിക്കുന്നത് വലിയ അക്രമം തന്നെയാണ് എന്ന് അല്ലാഹു പറയുന്നു. അതേ സമയം ഇങ്ങനെ എത്രയോ വിവാഹങ്ങൾ പേർപെടുത്തപ്പെട്ടിട്ടുണ്ടാകും. അതെല്ലാം ഇസ്ലാമിക നിയമ സംഹിത സ്ഥാപിക്കപ്പെടുന്നതിന് മുമ്പാണ്. അതിനാൽ തന്നെ അങ്ങനെ സംഭവിച്ചതെല്ലാം അല്ലാഹു മാപ്പാക്കുകയും ചെയ്യുന്നു.
(3) - സ്വപത്‌നിമാരെ ളിഹാറ് ചെയ്യുകയും പിന്നെയതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ അന്യോന്യം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കുള്ള സദുപദേശമാണിത്. നിങ്ങളുടെ ചെയ്തികളെപ്പറ്റി സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു.
ഇസ്ലാം പക്ഷെ ഇതിനെ ഒരു വിവാഹ മോചനമായി പരിഗണിക്കുന്നില്ല. വിവാഹ മോചനങ്ങൾ മിക്കവയും പ്രക്ഷുബ്ദമായ സാഹചര്യത്തിലായിരിക്കും നടക്കുക. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട് പല വാക്കും ശൈലിയും ഉപയോഗിച്ച് വിവാഹച്ചരട് പൊട്ടിച്ചെറിയുന്ന സാഹചര്യമുണ്ടാവാം. ഈ സാഹചര്യങ്ങളെ കുറിച്ച് വീണ്ടുവിചാരം നടത്തുമ്പോഴാവട്ടെ താൻ പ്രയോഗിച്ച വാക്കിനെ കുറിച്ച് പലതരം വ്യാഖ്യാനങ്ങളും ഉണ്ടായേക്കും. ഇതു മുന്നിൽ കണ്ടു കൊണ്ടു തന്നെ ഇസ്ലാം വിവാഹ മോചനത്തിന് ഖുർആൻ പ്രയോഗിച്ചിട്ടുളള നേർ വാക്കുകളായ ത്വലാഖ്, സറാഹ് തുടങ്ങിയവയോ തന്നെ പ്രയോഗിച്ചിരിക്കണം എന്ന് ഉപാധി വെച്ചിട്ടുണ്ട്. ള്വിഹാറിന് വേണ്ടി ഉപയോഗിക്കുന്ന വാചകം അത്തരം നേർവാചകമല്ലാത്തതിനാൽ അതു ത്വലാഖാ കുന്നില്ല. എങ്കിലും അതിന്റെ ഗൗരവം ചെറുതല്ല. അതിനാൽ ഇത്തരം വാചകം പ്രയോഗിക്കുന്നവർ പിന്നീട് ആ ഭാര്യയെ സ്പർശിക്കും മുമ്പ് പ്രായശ്ചിത്തം നൽകണം. പൊറുക്കപ്പെടാവുന്ന സാഹചര്യത്തിൽ സംഭവിച്ചു പോകുന്ന പിഴവുകൾക്കാണ് ഒരു പരിഹാരം എന്ന നിലക്ക് ഇസ്‌ലാം പ്രായശ്ചിത്തം നിർദ്ദേശിക്കുന്നത്. അത് പ്രധാനമായും ലക്ഷ്യമാക്കുന്നത് ഇത്തരം ആശ്രദ്ധകൾ സംഭവിക്കാതിരിക്കാനുള്ള ഒരു താക്കീതും സൂചനയും എന്നതെല്ലാമാണ്. കുടുംബ ബന്ധം, മാതൃത്വം, ഭാര്യത്വം, ഭർതൃജാഗ്രതകൾ തുടങ്ങി പല ഗൗരവ പരിഗണന അർഹിക്കുന്ന വിഷയങ്ങളും ള്വിഹാറിന്റെ കാര്യത്തിൽ വരുന്നതിനാൽ അതിന് ഏറ്റവും വലിയ പ്രായശ്ചിത്തം തന്നെയാണ് ചുമത്തിയിരിക്കുന്നത്. അത് ഒരു അടിമയെ മോചിപ്പിക്കലാണ്.
(4) - ഇനിയൊരാള്‍ക്ക് അടിമയെ ലഭിച്ചില്ലെങ്കില്‍ പരസ്പര സ്പര്‍ശനത്തിനുമുമ്പ് രണ്ടുമാസം തുടരെ വ്രതമനുഷ്ഠിക്കണം. അതിനുമൊരാള്‍ക്കായില്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കണം. അല്ലാഹുവിലും ദൂതനിലും ശരിയാംവണ്ണം നിങ്ങള്‍ വിശ്വസിക്കാനാണിത് നിയമമാക്കുന്നത്; ഇവ അല്ലാഹുവിന്റെ നിയമപരിധികളാണ്. നിഷേധികള്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ടാകും.
ള്വിഹാർ ചെയ്ത ശേഷം ഒരാൾ അതിൽ നിന്ന് മടങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഭാര്യ എന്ന നിലക്ക് അവളെ പിന്നീട് സ്പർശിക്കുന്നതിനു മുമ്പായി പ്രായശ്ചിത്തമായി ഒരു അടിമയെ സ്വതന്ത്രനാക്കണം. ഇസ്ലാമിലെ പല പ്രായശ്ചിത്തങ്ങളും തുടങ്ങുന്നത് അടിമകളെ മോചിപ്പിക്കുക എന്നതിൽ നിന്നാണ്. ഇത് അടിമത്വത്തോടുള്ള ഇസ്ലാമിക നയത്തിന്റെ കൂടി സവിശേഷത കുറിക്കുന്നുണ്ട്. മനുഷ്യന് മോചനങ്ങളുടെ വാതായനങ്ങൾ തുറന്നുവെച്ചു എന്ന് അവകാശപ്പെടുന്ന ഇസ്‌ലാം എന്തുകൊണ്ട് അടിമത്വം നിരോധിച്ചില്ല എന്ന വിലപിക്കാറുണ്ട്. ഇത് ഒരിക്കലും സത്യസന്ധമായ ഒരു നിരൂപണമല്ല. കാരണം ഒറ്റയടിക്ക് നിറുത്താവുന്ന ഒരു കാര്യമായിരുന്നില്ല അടിമത്വം. അത് ഇസ്ലാം തുടങ്ങിവെച്ചതുമായിരുന്നില്ല. ഇസ്ലാം വരുമ്പോൾ അറേബ്യയിൽ അടിമകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഒറ്റയടിക്ക് അതു നിറുത്തലാക്കുന്ന പക്ഷം സാമൂഹ്യവും സാമ്പത്തികവുമായ പ്രയാസങ്ങൾക്ക് അതു വഴിവെക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഇസ്ലാം ശാസ്ത്രീയമായ ഒരു നിരോധനത്തിലേക്ക് പോകുകയായിരുന്നു. നിർബന്ധവും ഐഛികവുമായ നിലകളിലായി അടിമത്വം മോചിക്കപ്പെടാൻ മതപരമായി ബാദ്ധ്യതപ്പെടുത്തുക വഴിയായിരുന്നു അത്. ഒരു ആസ്തിയായി ഗണിക്കപ്പെടുന്നതായിട്ടും അടിമകളെ ദാനം ചെയ്യാനല്ല, മോചിപ്പിക്കാനാണ് ഇസ്ലാം പറഞ്ഞത് എന്നതും ഈ നിലപാടിന് അടിവരയിടുന്നു.
ക്രമാനുഗതമായി അടിമത്വം നിലക്കും എന്ന് നിർബന്ധമായും പ്രതീക്ഷിക്കുന്നതിനാലും അടിമത്വം എന്നും എല്ലായിടത്തും ഉണ്ടായിരിക്കണമെന്നില്ല എന്ന് കാണുന്നതിനാലും അടിമകളെ പ്രായശ്ചിത്തമായി മോചിപ്പിക്കാൻ പറഞ്ഞിടത്തെല്ലാം അവരെ കിട്ടാതെ വന്നാൽ ചെയ്യാനുള്ള കാര്യങ്ങൾ ഇസ്ലാമിക നിയമസംഹിത പറയുന്നുണ്ട്. അതാണ് നാലാം സൂക്തത്തിൽ തുടർന്നു പറയുന്നത്. അടിമകളെ ലഭിക്കാത്ത പക്ഷം തുടർച്ചയായ രണ്ടു മാസം നോമ്പനുഷ്ഠിക്കുക, അതിനും സാധ്യമാകാത്ത പക്ഷം അറുപത് സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക എന്നിവയാണ് തുടർന്നുളള പരിഹാരങ്ങൾ. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ ള്വിഹാർ നടപ്പില്ലാത്തതിനാൽ ഈ സൂക്തങ്ങൾക്കിടയിൽ നിന്നും അവയുടെ പശ്ചാതല വിവരണങ്ങളും അവയിൽ ഉള്ളടങ്ങുന്ന വിധിവിലക്കുകളും സമീപനങ്ങളും എല്ലാം തന്നെയാണ് പഠിക്കാനുള്ളത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso