Thoughts & Arts
Image

കേരളീയ സംസ്കാര നിർമ്മിതിയിലെ സ്വൂഫീ പങ്ക്

18-12-2021

Web Design

15 Comments







ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക വികാസം എന്നാണ് രാമലിംഗംപിള്ള തന്റെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവിൽ കൾച്ചർ എന്ന വാക്കിന് നൽകുന്ന അർഥം. ഈ സംജ്ഞയുടെ നിർവ്വചനം തേടി നടക്കുമ്പോൾ ഇങ്ങനെ ചിലതൊക്കെയല്ലാതെ കൃത്യമായ ഒരു നിർവ്വചനം കണ്ടുകിട്ടുക പ്രയാസമാണ്. സംഗീത നാടക അക്കാഡമി സെക്രട്ടരിയായിരുന്ന എം രാധാകൃഷ്ണൻ നായർ പറഞ്ഞതാണ് സത്യം. സംസ്‌കാരം എന്ന പദത്തിന്റെ നിര്‍വചനം എന്താണെന്ന് ഇന്നും തിരിച്ചറിയാനാവാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ ഏത് വിപണിക്കും അനുയോജ്യമാണ് സംസ്‌കാരം. വ്യാവസായികോത്പന്നമായി, വില്പനച്ചരക്കായി സംസ്‌കാരം മാറിക്കഴിഞ്ഞു എന്നായിരുന്നു അദ്ദേഹം പരിതപിച്ചത് (മാതൃഭൂമി 18 നവ. 2016) എന്നിരുന്നാലും ഈ ചർച്ചക്കു വേണ്ടി ലഭ്യമായ ഉദ്ധരണികളിൽ നിന്ന് നാം പൊതുവെ അംഗീകരിക്കാവുന്ന ഒന്ന് വേർതിരിച്ചെടുക്കേ ണ്ടതുണ്ട്. ചർച്ചയെ മുന്നോട്ടു നയിക്കാൻ കഴിയുക അത്തരമൊരു ചവിട്ടുകല്ലിൽ നിന്നുകൊണ്ടു മാത്രമാണല്ലോ. അതിനാൽ ചില ചേർക്കലുകൾ നടത്തുവാൻ നാം നിർബന്ധിതരാകുന്നു. അങ്ങനെവരുമ്പോൾ രാമലിംഗം പിള്ളയുടെ അർഥത്തിലേക്ക് നൻമയുളള എല്ലാ പശ്ചാതലങ്ങളെയും ഉൾക്കൊള്ളാൻ കഴിയുകയും ചെയ്യുന്ന എന്നു കൂടി വികാസത്തെ വിശേഷിപ്പിക്കേണ്ടിവരും. അത്തരമൊരു കൂടിച്ചേർക്കലിലേക്ക് പോകേണ്ടി വരുന്നത് സംസ്‌കാരം എന്ന വാക്കിനെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പം എല്ലാ വിധത്തിലുമുള്ള ആശയങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും സ്വീകരിക്കുകയും പരിശോധിക്കുകയും അതിനെ സംശോധിച്ച് വിമലീകരിക്കുകയും ചെയ്യുക എന്നാണ് എന്ന തികച്ചും സ്വീകാര്യമായ വിശദീകരണത്തിൽ നിന്നാണ്. മറ്റൊരു കോണിൽ നിന്ന് വായിക്കുമ്പോൾ ലാറ്റിന്‍ വാക്കായ Culturaയില്‍നിന്നാണ് Culture എന്ന ഇംഗ്ലീഷ് വാക്ക് രൂപപ്പെട്ടത് എന്നു കാണാം. ലാറ്റിനില്‍ സംരക്ഷണം(Care), നിലമുഴുതല്‍(Trilling Land) എന്നൊക്കെ ഈ വാക്കിന് അര്‍ത്ഥമുണ്ട്. ഇവിടെയും പ്രക്രിയ മേൽപ്പറഞ്ഞതു തന്നെയാണ്.



സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നത് ഇതിനോട് ചേർത്തു വെക്കാവുന്നതാണ്. അദ്ദേഹം സംസ്കാരത്തെ വിവരിക്കുന്നത് ശ്രീ ശങ്കരാ ചാര്യന്റെ ബ്രഹ്മസൂത്ര ഭാഷ്യത്തിൽ നിന്നുള്ള ഒരു ശ്ലോകം ഉദ്ധരിച്ചു കൊണ്ടാണ്. ശങ്കരാചാര്യ൪ സംസ്കാരമെന്തെന്ന് രണ്ട് വിധത്തിൽ പറയുന്നു,
ദോഷാപനയനേന ഗുണാധാനേന ച
ദോഷാപനയനേന എന്നാൽ ദോഷങ്ങളെയെല്ലാം പൂ൪ണ്ണമായും ഇല്ലാതാക്കുന്നതിനുവേണ്ടി,
ഒരുവ൯ ചെയ്യുന്ന ക൪മ്മങ്ങളിലെ ദോഷങ്ങൾ സമൂഹത്തിനു ദു:ഖമുണ്ടാകാതിരിക്കണമെങ്കിൽ അവനെ സംസ്കരിക്കേണ്ടിയിരിക്കുന്നു എന്നാണ്.
നമ്മളിലെ മാലിന്യത്തെ ഇല്ലാതാക്കുന്ന പ്രക്രിയയെയാണ് ദോഷാപനയനേന എന്നതിലൂടെ വിശേഷിപ്പിച്ചത് എന്നർഥം.
ഗുണാധാനേന ച എന്നാലാകട്ടെ, ഗുണങ്ങളെ പൂ൪ണ്ണമായും സ്വീകരിക്കുന്നതിനു വേണ്ടി,
സത് ഗുണങ്ങളെ ആധാനം ചെയ്യുകയെന്നാൽ മൂല്യങ്ങളെ സ്വ ജീവിതത്തിലേക്കു കൊണ്ടു വരിക എന്നുമാണ്. ചുരുക്കത്തിൽ തിന്മയെ നിരാകരിക്കുകയും നന്മയെ സ്വീകരിക്കുകയും ചെയ്യുന്നതാണ് സംസ്കാരം.
തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുന്നതേതോ അതുതന്നെ സംസ്കാരം. (ഫേസ്ബുക്ക് ഒക്ടോ 2016). ഈ വിവരണങ്ങളിൽ നിന്നെല്ലാം സമാഹരിക്കപ്പെടുന്ന ആശയം വെച്ച് ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു വിളിക്കാം. കേരളം പോലെ ഒരു ബഹുമുഖ ബഹുമത സമൂഹത്തിന്റെ സംസ്കാരമാണെങ്കിലോ മേൽ പറഞ്ഞ ഓരോന്നിനും പുറമെ സഹ സംസ്കാരങ്ങളോടുള്ള സമീപനം കൂടി സംസ്കാരത്തിന്റെ പരിധിയിൽ വരും.



കേരളത്തിന്റെ സംസ്കാരം ഉരുവം പ്രാപിക്കുന്നത് വിവിധ മതസംസ്കാരങ്ങളുടെ ഇടയിലാണ്. അതുകൊണ്ട് സാംസ്കാരികവൈവിധ്യത്തിന്റെ സ്വന്തം നാടായാണു കേരളം അറിയപ്പെട്ടു പോന്നത്. വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് ഇവിടത്തെ സംസ്കാരം. പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാലയോട് അതിനെ ഉപമിക്കാം. മലയാളഭാഷയാണ് ആ മാലയുടെ നൂല്‍. അറബിക്കടലിനും മഴക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി (പശ്ചിമഘട്ടം) പര്‍വ്വതനിരകള്‍ക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും പൗരാണികമായ വിദേശവ്യാപാരബന്ധങ്ങളും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളും കാര്‍ഷികസംസ്കൃതിയും ഭക്ഷണരീതിയും കലാ-സാഹിത്യ-ശാസ്ത്രപാരമ്പര്യങ്ങളും ചേര്‍ന്ന് മെനഞ്ഞെടുത്താണ് കേരളത്തിന്‍റെ സാംസ്കാരികവൈവിധ്യം രൂപപ്പെട്ടത്. പൗരാണികകാലം തൊട്ട് കേരളം സവിശേഷമായ സാംസ്കാരികമേഖലയായി നിലനിന്നുവെങ്കിലും അതിന് രാഷ്ട്രീയമായ ഒരു ഏകത കൈവരുന്നത് കേരളസംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെയാണ്. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രീട്ടീഷുഭരണത്തിനു കീഴിലുള്ള മദ്രാസ്പ്രസിഡന്‍സിയിലെ മലബാര്‍ജില്ലയുമായി വേര്‍തിരിഞ്ഞുകിടന്ന കേരളം 1956 നവംബര്‍ ഒന്നിന് ഒറ്റസംസ്ഥാനമായി മാറി. കിഴക്കും തെക്കും തമിഴ്നാടും വടക്കും വടക്കുകിഴക്കും കര്‍ണ്ണാടകവും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. അറബിക്കടലിലുള്ള കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപും പുതുച്ചേരിസംസ്ഥാനത്തിന്റെ കേരളത്തിനുള്ളില്‍ കിടക്കുന്ന എന്‍ക്ലൈവായ മാഹിയും ഭാഷാപരമായും സാംസ്കാരികമായും കേരളസംസ്കാരത്തിന്‍റെ ഭാഗമാണ്.



നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് കേരളത്തിന്റെ സാംസ്കാരിക പൈത്യകത്തെ വ്യത്യസ്ഥമാക്കുന്നത് ഇവിടത്തെ തനതായ കലകള്‍, ഭാഷ, സാഹിത്യം, വാസ്തുശില്പരീതി, സംഗീതം, ഉത്സവങ്ങള്‍, ഭക്ഷണരീതി, പുരാവസ്തുക്കൾ, സ്മാരകങ്ങള്‍, പൈതൃകകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളസംസ്കാരം. ഇപ്പറഞ്ഞവയാകട്ടെ എല്ലാവരുടെയും ദാനങ്ങളുടെ ആകെത്തുകയാണു താനും. അതിനാൽ തന്നെ അത് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം കുത്തകയവകാശപ്പെടുവാൻ സാധ്യമാകില്ല. ആരെങ്കിലും അങ്ങനെ അവകാശപ്പെടുന്നു എങ്കിൽ അത് അവരുടെ ചിന്തയുടെയും ഗ്രാഹ്യതയുടെയും സങ്കുചിതത്വം കൊണ്ടോ വെറും അഹന്ത കൊണ്ടോ മാത്രമായിരിക്കും. ഈ ആമുഖത്തിൽ നിന്നു കൊണ്ടാണ് നമുക്ക് നമ്മുടെ വിഷയം ചർച്ച ചെയ്യാനുള്ളത്. അതിൽ ഓരോരുത്തരുടെയും ദാനങ്ങൾ നമ്മുടെ ചർച്ചയിൽ ഇവിടെ വരുന്നില്ല. സംസ്കാരത്തിന്റെ നിർമ്മിതിയിൽ സ്വൂഫികൾ വഹിച്ച പങ്ക് മാത്രമാണ് നാം ചർച്ചക്കെടുക്കുന്നത്.



ഇതിൽ സ്വൂഫികളുടെ പങ്കാളിത്തം കാണുവാൻ ആദ്യം സ്വൂഫികളുടെ അസ്തിത്വം എങ്ങനെയാണ് രൂപം പ്രാപിക്കുന്നത് എന്ന് പറയേണ്ടതുണ്ട്. മേൽപ്പറഞ്ഞ കേരളീയ സംസ്കാരത്തെ പരിരക്ഷിക്കാൻ ഉപര്യുക്തമായ ദാനങ്ങൾ ചെയ്യുവാൻ കഴിയുന്നവർ തന്നെയാണോ അവർ എന്ന് ആദ്യം ഗ്രഹിക്കേണ്ടതുണ്ടോ. ഇസ്ലാം മതത്തിന്റെ അടിസ്ഥാന ശിലകളെ വർഗ്ഗീകരിക്കുമ്പോൾ അത് മൂന്നായിരിക്കും. ഒന്നാമത്തേത് വിശ്വസിക്കാനുള്ള കാര്യങ്ങളാണ്. രണ്ടാമത്തേത് ചെയ്യുവാനുള്ള കർമ്മങ്ങളാണ്. മൂന്നാമത്തേത് മേൽ പറഞ്ഞ രണ്ടും നിർവ്വഹിക്കാൻ അഭിലഷിക്കപ്പെട്ടിരിക്കുന്ന രീതിയുമാണ്. ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നീ മൂന്ന് സംജ്ഞകളിലാണ് ഈ മൂന്നും വ്യവഹരിക്കപ്പെട്ടിട്ടുളളത്. ദീൻ എന്നാൽ എന്തൊക്കെയാണ് എന്ന് ഒരു പരസ്യമായ ചോദ്യോത്തരം വഴി പഠിപ്പിക്കുവാൻ ജിബ്രീൽ(അ) ഒരു അപരിചിതന്റെ രൂപത്തിൽ വന്ന സംഭവത്തിൽ നിന്നും ഇതു വ്യക്തമാണ്. (ഉമർ(റ)വിൽ നിന്ന് ഇമാം മുസ്ലിം). ഇതിലെ മൂന്നാം കാര്യമായ ഇഹ്സാനിന്റെ വളർച്ചയും ഉറപ്പുമാണ് സ്വൂഫിയുടെ അസ്തിത്വം. അത് മനസ്സിന്റെ ഏറ്റവും ഉന്നതമായ മട്ടും സംശുദ്ധമായ ഭാവവുമാണ്. കാരണം കർമ്മങ്ങൾ അല്ലാഹുവിന്റെ മുമ്പിലെന്ന പോലെ നിർവ്വഹിക്കുവാൻ കഴിയലാണ് ഇഹ്സാൻ എന്ന് നബി(സ) വിവരിച്ചിട്ടുണ്ട്. ഈ കഴിവ് കേവലം അഭിനയം മുതൽ കോറിപ്പിടിച്ചു നിൽക്കൽ കൊണ്ടു വരെ ഉണ്ടാക്കിയെടുക്കാവുന്നതല്ല. മുൻപിൽ നിൽക്കുന്നു എന്ന് സങ്കൽപ്പിക്കപ്പെടുന്ന സൃഷ്ടാവിനെ സകല പ്രഭാവത്തോടും കൂടി പ്രത്യക്ഷപ്പെടുത്തുവാൻ മനസ്സിനെ പ്രാപ്തമാക്കുന്ന പ്രക്രിയയാണത്. ദേഹിയെ ദേഹത്തിൽ നിന്നും ദേഹത്തിന്റെ വിതാനമായ ഭൂമിയിൽ നിന്നു തന്നെയും അടർത്തിയെടുത്ത് ഉയർത്തിപ്പിടിക്കാതെ അതു സാധ്യമാവില്ല. അതിനു സാധിച്ചവനും സാധിക്കുന്നവനും മാത്രമേ സ്വൂഫിയാകൂ.



ഇതിന്നുള്ള പ്രക്രിയ എങ്ങനെയാണ് സംഭവിക്കുന്നത് എന്നു കൂടി പറയാം. അത് മനസ്സിന്റെ ഭാരങ്ങൾ ഇറക്കിവെക്കുക വഴിയാണ്. മനുഷ്യന്റെ ഇഛകൾ ഉണ്ടാക്കുന്ന ഭൗതികത്വരകളും താൽപര്യങ്ങളുമാണ് മനസ്സിന്റെ ഭാരമായി പരിണമിക്കുന്നത്. ഭാരം വർദ്ധിക്കുന്നതോടെ അവൻ ഭൂമിയോട് അടുക്കുന്നു. ഭാരം കുറക്കുന്നതിനനുസരിച്ച് അവന്റെ മനസ്സ് ഉയരുകയും ഭൂമിയിൽ നിന്നും അതിന്റെ താൽപര്യങ്ങളിൽ നിന്നും ഉയരുന്നു. ഒന്നുകൂടി സരളമായി പറഞ്ഞാൽ മനുഷ്യൻ ഇഛകളെ പരിത്യജിക്കുന്നതോടെ അവന്റെ മനസ്സിന്റെ ഭാരം കുറഞ്ഞുവരും. തുലാസിന്റെ തട്ടിൽ നിന്ന് ഓരോന്ന് എടുത്തൊഴിവാക്കുന്നതിനനുസരിച്ച് തട്ട് ഉയരുന്നതു പോലെ. ഇങ്ങനെ എല്ലാ ഇഛകളെയും എടുത്തൊഴിവാക്കി ഭൗതിക വിരക്തരായി അഭൗമികതയിൽ വിലയം പ്രാപിക്കുകയാണ് സ്വൂഫി ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥ കൈവരുന്നതോടു കൂടി അവന്റെ മനസ്സ് ശുദ്ധവും സ്വഛന്ദവും നിഷ്കളങ്കവും ഏതിന്റെയും നൻമയെ ഉൾക്കൊള്ളുവാൻ വിശാലവും രസങ്ങളിൽ നിന്ന് മാറിനിൽക്കാൻ കഴിവുള്ളതുമെല്ലാമായിത്തീരുന്നു. ശരീരത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ പോലും കരിമ്പടം കൊണ്ട് സംതൃപ്തനാകുവാൻ അവർക്ക് കഴിയുന്നതു കൊണ്ടാണല്ലോ അവർക്ക് സ്വൂഫികൾ എന്ന വിളിപ്പേര് തന്നെ വീണത്.



ഇവ്വിധം വിശാല ഹൃദയരും ഭൗതിക വിരക്തരുമാണ് എന്നത് നാം പറഞ്ഞു വരുന്ന സ്വൂഫികളിൽ നിന്നും അവർ ജീവിക്കുന്ന പരിസരത്തിന്റെ സാംസ്കാരികത നിലനിറുത്തുവാനും പരിരക്ഷിക്കുവാനും വേണ്ട ദാനങ്ങൾ പ്രതീക്ഷിക്കുക എന്നത് തീർത്തും ന്യായമാണ് എന്നാണ് ഈ രണ്ടാം ആമുഖം സ്ഥാപിക്കുന്നത്. കേരളത്തിൽ അതുണ്ടായി. അത് അടിസ്ഥാനമായി ഗ്രഹിക്കാൻ സ്വൂഫിസം ഇവിടെ എത്തിച്ചേർന്ന വഴിയും വീഥിയും രീതിയും ഗ്രഹിക്കണം. അത് ഈ പഠനത്തിൽ പ്രധാനമാണ്. കാരണം വടക്കൻ ഇന്ത്യയിലേക്ക് ഖൈബർ ചുരം കടന്നുവന്ന രാഷ്ട്രീയ ഇസ്ലാമല്ല കേരളത്തിൽ വന്നത്. അത് തികച്ചും ആദ്ധ്യാത്മകമായിരുന്നു. സ്വൂഫികാളാണ് കേരളത്തിലേക്ക് ഇസ്ലാമിനെ വഹിച്ചത് എന്നത് ഒരു ചരിത്രപരമാർഥമാണ്. അവർ പ്രധാനമായും വന്നത് യമനിൽ നിന്നായിരുന്നു. തുടക്കം മുതലേ കാര്യമായി രാഷ്ട്രീയം കലരാത്ത ഒരു ഇസ്ലാമിക ദേശമായിരുന്നു യമൻ. യമനികളുടെ വിശ്വാസം, വിജ്ഞാനം എന്നിവയെ നബി(സ) പ്രകീർത്തിച്ചതായി വിശ്വാസയോഗ്യമായ ഹദീസുകളിൽ കാണാം. ഇസ്ലാമിക വികാരങ്ങളുമായി യമനിൽ നിന്നും വന്നവർ സാദാത്തുക്കളും പൺഡിതൻമാരുമായിരുന്നു. അവരെ അറബി കച്ചവടക്കാർ എന്ന് പൊതുവൽക്കരിക്കുന്ന ഒരു രീതി ചരിത്രങ്ങളിൽ ഉണ്ട്. അത് ജാഗ്രമായ സൂക്ഷ്മതക്കുറവ് കാരണമായിരിക്കാം. ആദ്യം വന്ന അറബികളെ നമുക്ക് കച്ചവടക്കാർ എന്നു തന്നെ വിളിക്കാം. കാരണം അവരുടെ പ്രധാന ആഗമനോദ്ദേശം കച്ചവടം തന്നെയായിരുന്നു. എന്നാൽ അവിടെ ഏതാനും പ്രത്യേകതകൾ ഈ കച്ചവടയാത്രകളിൽ ഉണ്ടായിരുന്നു. അവയിലൊന്ന് കച്ചവടം എന്ന വ്യവഹാരത്തിന്റെ പൊതുസ്വഭാവമാണ്. അത് വാങ്ങലിനും വിൽക്കലിനും അപ്പുറത്തേക്ക് വ്യക്തിത്വങ്ങളിലേക്കും സമീപനങ്ങളിലേക്കുമെല്ലാം ചെറുതായെങ്കിലും പകര്യം. മറ്റൊന്ന് അറബികളുടെ കച്ചവടത്തിന്റെ സവിശേഷ ഭാവങ്ങളാണ്. അവരുടെ വാങ്ങലിലും വിൽക്കലിലുമെല്ലാം അവരുടേതായ സാംസ്കാരിക സ്പർശങ്ങൾ ഉണ്ടായിരുന്നു. അവരിൽ നിന്ന് ഇസ്ലാമിക യുഗത്തിൽ വന്നവരിൽ നിന്ന് ബഹിർസ്ഫുരിച്ച സാംസ്കാരികാംശങ്ങൾ ഇസ്ലാമികടച്ചുളള വയുമായിരുന്നു. സനേഹം, സൗഹാർദ്ദം, സമഭാവം തുടങ്ങിയ ഉന്നത മൂല്യങ്ങളാണ് അതിന്റെ ഉള്ളടക്കം. ഇങ്ങനെ വന്ന ആദ്യ കച്ചവടക്കാർ സത്യത്തിൽ ഒരു വഴിവെട്ടുകയായിരുന്നു എന്നു പറയാം.



ഈ കച്ചവടക്കാരിൽ ചിലരെങ്കിലും ഇവിടെ തന്നെ താമസമാക്കി. ഇവർ തെളിയിച്ച വഴിയിലൂടെ വന്ന സാദാത്തുക്കളും പണ്ഡിതരുമാണ് സത്യത്തിൽ ഇസ്ലാം ഇവിടെ അവതരിപ്പിച്ചതും സ്ഥാപിച്ചതും. പതിമ്മൂന്നാം നൂറ്റാണ്ടിൽ പൊന്നാനി കേന്ദ്രീകരിച്ച് പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഫരീദുദ്ദീൻ ഖുറാസാനീ എന്ന സ്വൂഫിയെ പറ്റി ഇസ്ലാം ഇൻ കേരള എന്ന പുസ്തകത്തിൽ സയ്യിദ് മൊയ്തീൻ ഷാ പറയുന്നുണ്ട്. ഗൗസുൽ അഅ്ളമിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. പൊന്നാനിയിലെ പ്രാചീനമായ തോട്ടുങ്ങൽ പള്ളി സ്ഥാപിച്ചത് അദ്ദേഹമാണ്. ഇബ്നു ബത്തൂത്തയുടെ സഞ്ചാരത്തിനിടെ നിരവധി സ്വൂഫികളെ കണ്ടുമുട്ടിയ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്വൂഫികളെ മാത്രമല്ല, സ്വൂഫീ ഖാൻഖാഹുകൾ വരെ അദ്ദേഹം സന്ദർശിച്ചതായി പറയുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലായിരുന്നു ഇബ്ൻ ബത്തൂത്തയുടെ സന്ദർശനം. തലശേരി പെരിങ്ങത്തൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന അലിയ്യുൽ കൂഫീ, കോഴിക്കോട് ഇടിയങ്ങരയിൽ അന്ത്യവിശ്രമം കൊളളുന്ന അലാവുദ്ദീൻ അൽ ഹിംസ്വി, കുറ്റിച്ചിറയിലെ മുഹമ്മദ് സ്വാലിഹ്, ഇബ്നു ബത്തൂത്ത കോഴിക്കോട് വെച്ച് കണ്ട ശിഹാബുദീൻ കാസറൂനീ, വളപട്ടണത്തെ ഖാളി സയ്യിദ് അബൂബക്കർ, കോഴിക്കോട്ടെ ഖാളി മുഹമ്മദ്, ഏഴിമലയിലെ ശൈഖ് നൂറുദ്ദീന്‍, കൊല്ലത്തെ ഖാളി ഖസ്‌വീനി മുഹമ്മദ് ഷാ ബന്തര്‍, ശൈഖ് ഫഖ്‌റൂദ്ധീന്‍തുടങ്ങിയ മഹാരഥൻമാരുടെ ജീവചരിത്രങ്ങൾ ചേർത്ത് വെച്ച് മഖ്ദൂമുമാരുടെയും മമ്പുറം തങ്ങളുടെയുമെല്ലാം ജീവിതങ്ങൾ അനുബന്ധമായി ചേർക്കുന്നതോടെ കേരളത്തിലെ വിദേശ സ്വൂഫികളുടെ സാന്നിദ്ധ്യം 19-ാം നൂറ്റാണ്ടു വരെ നമുക്ക് ചേർത്തും കോർത്തും എടുക്കാനാകും.



പുതിയ കാലം എല്ലാം സംജ്ഞകളെയും പുനർ നിർവ്വചിച്ചതിൽ സംസ്കാരം എന്നതിന് കല എന്ന ഒരർഥം വന്നിരിക്കുന്നു. കലാകാരൻമാരെയും സാഹിത്യകാരൻമാരെയും മാത്രമാണ് സാംസ്കാരിക നായകൻമാരായി കണക്കുകൂട്ടുന്നത്. എന്നാൽ ശരിക്കും മനുഷ്യജീവിതത്തിന്റെ എല്ലാ നല്ല ഗുണങ്ങളുടെയും സമാഹാരമാണ് സംസ്കാരം. അതിനാൽ ഒരു ദേശത്തിന്റെ സംസ്‌കൃതി നിര്‍ണ്ണയിക്കുന്നതില്‍ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും വിശ്വാസാചാരങ്ങള്‍ക്കുമൊക്കെ വരെ വലിയ പങ്കുണ്ട്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇതില്‍ മുഖ്യപ്രാധാന്യം വിശ്വാസാചാരങ്ങള്‍ക്കാണ്. കാരണം, അവയാണ് സമൂഹ്യ ജീവിതത്തിന്റെ പ്രധാന പ്രചോദനം. ഇവയിലുള്ള മാറ്റമാണ് സമൂഹത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നത്. ഒരു ബഹുസ്വര സമൂഹത്തിലാവട്ടെ ഇതു രൂപപ്പെടുന്നത് ആ ബഹുസ്വരതയിൽ പങ്കാളിത്തം വഹിക്കുന്ന ഓരോ സംഘത്തിന്റെയും സമുദായത്തിന്റെയും ദാനങ്ങൾ കൂടിച്ചേർന്നാണ്. ഈ അർഥത്തിൽ കേരളത്തിലെ മുസ്ലിംകൾക്ക് ശരിയായ സാംസ്കാരികത പകരുന്നതിൽ ഏറ്റവും വലിയ പങ്കാളിത്തം വഹിച്ചത് സ്വൂഫികളാണ്. കേരളത്തില്‍ മുസ്‌ലിം സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ മികച്ച പങ്കുവഹിച്ചവരാണ് സൂഫികള്‍ കേരളീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ തന്നെ കാഴ്ചവെച്ചു. നിലവിലുള്ള കേരളീയ സംസ്‌കാരത്തെ സമുദ്ധരിക്കുകയും ഇസ്‌ലാമിക വിരുദ്ധമല്ലാത്ത ആചാരങ്ങളും ജീവിത രീതികളും സ്വീകരിക്കുകയും ഭാഷ, കല, ആചാരം എന്നിവക്ക് ഇസ്‌ലാമികമായ മാനം നല്‍കുകയും ചെയ്തത് സൂഫികളായിരുന്നു. കേരളത്തിലെ സവിശേഷ ജീവല്‍ സംസ്‌കൃതി ഒരുക്കിക്കൊടുക്കുന്നതില്‍ ചാലകശക്തിയായി നിന്നത് സയ്യിദുമാരും, ഉലമാക്കളും, സൂഫികളും ഉള്‍ചേര്‍ന്ന ആത്മീയ-പണ്ഡിത നേതൃത്വമാണ്. മത മേഖലകളില്‍ മാത്രം ഒതുങ്ങങ്ങുന്നതല്ല ഈ നേതൃത്വത്തിന്റെ പ്രഭാവം.



സ്വൂഫികളുടെ സാംസ്കാരിക ഇടപെടലുകൾ കേവല സാഹചര്യങ്ങളേക്കാൾ അടിസ്ഥാന ഗുണങ്ങളെയാണ് വലം വെച്ചിരുന്നത്. അവരുടെ വിശ്വാസ-വൈജ്ഞാനിക-രാഷ്ട്രീയ-സാമൂഹിക ജീവിതങ്ങളെ അവർ പരിഷ്കരിച്ചെടുത്തു. അതിനുള്ള ഉദാഹരണങ്ങളിൽ മുന്നിൽ നിൽക്കുന്നത് പൊന്നാനിയിലെ മഖ്ദൂമുകൾ ചെയ്ത സേവനങ്ങളാണ്. യമനില്‍ നിന്നുമാണ് മഖദൂം കുടുംബത്തിലെ പൂര്‍വികര്‍ കായല്‍ പട്ടണത്തിലേക്ക് എത്തിച്ചേര്‍ന്നത്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാവായ ശൈഖ് അഹ്മദ് മഅ്ബരിയാണ് ആദ്യമായി കേരളത്തിലെത്തിയ മഖ്ദൂം. കൊച്ചിയിലായിരുന്നു അദ്ദഹം എത്തിയത്. പൊന്നാനിയായിരുന്നു സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ പ്രവര്‍ത്തന മണ്ഡലം. 1518 ല്‍ അദ്ദേഹം അവിടെ പള്ളി നിര്‍മിക്കുകയും ചെയ്തു. ആ പള്ളി വിജ്ഞാനസമ്പാദനത്തിന്റെ കേന്ദ്രമായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം മുസ്‌ലിം സമൂഹത്തെ സാമൂഹിക രാഷ്ട്രീയ ഉണര്‍വുകള്‍ക്ക് വഴിയൊരുക്കി. മഖ്ദൂം ഒന്നാമന്‍ മുസ്‌ലിംകളെ അധിനിവേശ ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്നതിന് തഹ്‌രീളു അഹ്‌ലുല്‍ ഈമാന്‍ അലല്‍ ജിഹാദ് എന്ന യുദ്ധകാവ്യം രചിക്കുകയുണ്ടായി. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ഹിദായത്തുല്‍ അദ്കിയാഅ്. ഹൃദയ സംസ്കരണമാണ് അതിന്റെ ഇതിവൃത്തം. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ മഖ്ദൂം പരമ്പരയിലെ മറ്റൊരു പ്രധാന വ്യക്തിയാണ് വിജ്ഞാന മേഖലയില്‍ ലോകത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയത്.



ശൈഖ് ജിഫ്രി ഹളര്‍ മൗത്തില്‍ നിന്നും മലബാറിലെത്തിയ മറ്റൊരു സൂഫീ വര്യനാണ്. സാമൂതിരി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ടിപ്പു സുല്‍ത്താനുമായി അദ്ദേഹം ഉഷ്മള ബന്ധം സ്ഥാപിച്ചിരുന്നു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ നിത്യസ്മാരകമാണ് കോഴിക്കോട് മാനാഞ്ചിറ എന്ന് ചരിത്രം. ഇദ്ദേഹത്തിന്റെ മരുമകനായ മമ്പുറം സയ്യിദ് അലവി തങ്ങളും മകന്‍ ഫസല്‍ തങ്ങളും സാമൂഹിക സേവനങ്ങള്‍ക്കും അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് കേരള സംസ്കാരത്തിന് മറക്കാനാവാത്തതാണ്. വെളിയങ്കോട് ഉമര്‍ ഖാളിയും, പരപ്പനങ്ങാടിയിലെ അവുകോയ മുസ്‌ലിയാരും മമ്പുറം തങ്ങളുടെ ഇഷ്ട ശിഷ്യന്‍മാരായിരുന്നു. മത-സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അനല്‍പമായ സംഭാവനകള്‍ അര്‍പ്പിച്ച വെളിയങ്കോട് ഉമര്‍ ഖാളി മമ്പുറം തങ്ങളുടെ സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്നു.
ഖാദി മുഹമ്മദാണ് കോഴിക്കോട് ഖാദി കുടുംബത്തിലെ ഏറ്റവും പ്രസിദ്ധനായ പണ്ഡിതന്‍. 40 ഓളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം വളരെ പ്രശസ്തവും മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിന്റെ മഹത്തായ ഈടുവെപ്പുമാണ്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന മുഹ്‌യുദ്ധീന്‍ മാലയും, ഫത്ഹുല്‍ മുബീനുമാണ് അവ. സാംസ്കാരികതയുടെ ഭാഗമായ സാഹിത്യത്തിലും കേരള മുസ്ലിംകൾക്കുവേണ്ടി ഹാജർ പറയുന്നതിന്റെ കാഴ്ചയാണിത്. ചുരുക്കത്തിൽ ജിഫ്രി താവഴി കേരളീയ മുസ്ലിംകളുടെ സാംസ്കാരികവും രാഷ്ട്രീയ പരവുമായ അസ്തിത്വത്തിന് വലിയ ദാനങ്ങൾ ചെയ്തവരാണ് എന്നു ചുരുക്കം.



കേരളത്തിലെ മത സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന മറ്റൊരു സൂഫി-സയ്യിദ് കുടുംബമാണ് ബാഫഖികള്‍. ഏകദേശം 1770-ല്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും പ്രബോധനാര്‍ത്ഥം കുടിയേറിയവരാണ് ബാഫഖികള്‍. ശൈഖ് മുഹമ്മദ് ഷാഹിര്‍ ബാഫഖിയില്‍ നിന്നാണ് ഈ കുടുംബത്തിന്റെ ഉല്‍ഭവം. ശൈഖ് മുഹമ്മദ്ബ്‌നു അഹമ്മദ് ആണ് ആദ്യത്തെ ബാഫഖി. അവരും സ്വാധീനിച്ചത് മുസ്ലിംകളുടെ സാമൂഹ്യ സാംസ്കാരികതയെയാണ്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്ത ഹാശിം ബാഫഖി തങ്ങള്‍, മലബാറിലെ പ്രമുഖ വ്യവസായായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍, മത സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയവരാണ് ബാഫഖി പരമ്പരയിലെ പ്രധാനികള്‍. സാംസ്കാരികതക്ക് വലിയ സംഭാവനകൾ അർപ്പിച്ച കുടുംബമാണ് പാണക്കാട് തങ്ങന്‍മാര്‍. 18ാം നൂറ്റാണ്ടില്‍ യമനില്‍ നിന്നുവന്ന് കണ്ണൂരില്‍ താമസമാക്കിയ സയ്യിദ് അലി ശിഹാബ് തങ്ങളിലൂടെയാണ് പാണക്കാട് ശിഹാബ് കുടുംബം കേരളത്തിലെത്തുന്നത്. കേരള മുസ്‌ലിംകളുടെ സ്‌നേഹാദരവുകള്‍ നേടിയ സൂഫീ സയ്യിദീ കുടുംബമാണ് പാണക്കാട്ടെ ശിഹാബുദ്ദീന്‍ കുടുംബം. സയ്യിദ് ഹുസൈന്‍ ശിഹാബുദ്ധീന്‍ തങ്ങള്‍ മലപ്പുറം ജില്ലയിലെ പാണക്കാട്ടേക്ക് താമസം മാറിയതോടെയാണ് പാണക്കാട് ശിഹാബുദ്ദീന്‍ കുടുംബത്തിന്റെ കേന്ദ്രമാവുന്നത്. മത - സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളുടെ മത സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍, മുഹമ്മദാലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഈ ശ്രേണിയിലുള്ളവരാണ്.



കേരള മുസ്‌ലിം ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച സൂഫീ പണ്ഡിതകുടുംബമാണ് ഓടക്കല്‍ കുടുംബം. മലപ്പുറം ജില്ലയിലെ തിരൂര്‍ പൊന്നാനി, തിരൂരങ്ങാടി, വേങ്ങര, ഊരകം, കുഴിപ്പുറം, മറ്റത്തൂര്‍, ഒതുക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരന്നുകിടക്കുന്ന ഈ കുടുംബത്തിന്റെ വേര് യമനിലാണ്. മാതൃപരമ്പരയുടെ വേര് പൊന്നാനി മഖ്ദൂം കുടുംബത്തിലും, തിരൂരങ്ങാടിയില്‍ ഖാളിയായിരൂന്ന പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അലിഹസന്‍ മുസ്‌ലിയാരാണ് ഓടക്കല്‍ കുടുംബത്തിന്റെ പിതാവ്. അപ്രകാരം തന്നെ വടക്കേ മലബാറില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് വളപ്പട്ടണം ഖാദിമാര്‍. ആദ്യകാല മുസ്‌ലിം പ്രബോധകരില്‍പെട്ട സയ്യിദ് അബൂബക്കര്‍, സഹോരന്‍ സയ്യിദ് ഹുസൈന്‍, സയ്യിദ് മുഹമ്മദ് തുടങ്ങിയവരാണ് വളപട്ടണം ഖാദിമാരുടെ മുന്‍ഗാമികള്‍. ഇവര്‍ക്ക് ശേഷമാണ് ബുഖാരി തങ്ങന്‍മാര്‍ വളപ്പട്ടണം ഖാദിമാരാകുന്നത്. കേരള മസ്ലിംകളുടെ സാംസ്കാരിക വളർച്ചയെ മുന്നിൽ നിന്നുനയിച്ച സ്വൂഫീ സയ്യിദൻമാരാണ് കൊണ്ടോട്ടി തങ്ങന്‍മാര്‍. നയതന്ത്രജ്ഞന്‍മാരും ഭാഷാജ്ഞാനികളും ഭൂമിശാസ്ത്ര പണ്ഡിതന്‍മാരും പ്രശ്‌ന പരിഹാരകരും സമാധാന കാംക്ഷികളുമായിരുന്നു ഇവര്‍.
ബോംബെ കല്യാണ്‍ സ്വദേശിയായ മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങന്‍മാരുടെ പിതാവ്. അറബി പേര്‍ഷ്യന്‍ ഭാഷയിലും സൂഫിസത്തിലും നല്ല അവഗാഹം നേടിയ അദ്ദേഹം ടിപ്പു സുല്‍ത്താന്റെ അടുത്ത പരിചയക്കാരനായിരുന്നു. അല്‍പകാലത്തിനകം മുഹമ്മദ് ഷായുടെ സിദ്ധി നാടെങ്ങും പ്രചരിച്ചു. ബ്രിട്ടീഷ് അധിനിവേശ അനുഭവത്തിൽ തെല്ലു വ്യത്യസ്ഥമാണെങ്കിലും കൊണ്ടോട്ടി തങ്ങൻമാർ തങ്ങളുടേതായ സാമൂഹിക ദൗത്യം നിർവ്വഹിക്കാൻ മുമ്പിലുണ്ടായിരുന്നു.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso