Thoughts & Arts
Image

വാമൊഴി വിജ്ഞാനത്തിന്റെ കേരളീയ പരിസരം

18-12-2021

Web Design

15 Comments






ഇസ്ലാമിക പൈതൃകത്തിൽ വാമൊഴിക്ക് വരമൊഴി പോലെത്തന്നെയുള്ള ആധികാരികതയുണ്ട്. കാരണം മതത്തിന്റെ നാലിൽ രണ്ട് പ്രമാണങ്ങളും ലഭിച്ചത് വാമൊഴിയായിട്ടാണ്. വിശുദ്ധ ഖുർആൻ ജിബ്രീൽ(അ) വന്ന് നബി(സ)ക്ക് ഓതിക്കൊടുക്കുകയായിരുന്നു. രണ്ടാം പ്രമാണമായ ഹദീസുകളാവട്ടെ നബി തിരുമേനിയുടെ വാമൊഴിയും ചെയ്തിയും അനുവാദവുമാണ്. അവ വാമൊഴിയായി മാത്രമാണ് പഠിക്കപ്പെട്ടതും പഠിപ്പിക്കപ്പെട്ടതും. എന്നല്ല, ഖുർആനല്ലാത്ത മറ്റൊന്നും നിങ്ങൾ എന്നെ തൊട്ട് എഴുതിവെക്കരുത്, അങ്ങനെ വല്ലവരും എഴുതി വെച്ചിട്ടുണ്ടെങ്കിൽ അവ മായ്ച്ചു കളയണം എന്ന് നബി(സ) പറയുകയും ചെയ്തിട്ടുണ്ട് (മുസ്ലിം). എന്നാൽ വാമൊഴിയിൽ മാത്രം അവ നിലനിൽക്കണം എന്ന് നബി (സ) ശഠിച്ചു എന്ന് ഇതിനർഥമില്ല. കാരണം അന്നത് പറയുവാൻ കാലികമായ ചില കാരണങ്ങളുണ്ടായിരുന്നു. ഇത് ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യ കാലത്തേക്ക് മാത്രമായിരുന്നു. ഖുർആനിന്റെ കാര്യത്തിൽ അതു വാമൊഴിയായതിനാൽ നഷ്ടപ്പെട്ടു പോകും എന്ന ആശങ്ക വേണ്ട എന്ന് അല്ലാഹു തന്നെ ഉറപ്പുനൽകിയിരുന്നു. വഹ് യ് വരുമ്പോൾ അത് മനസ്സിലുറപ്പിക്കുവാൻ നബി(സ്വ) സാഹസപ്പെടുന്നത് കണ്ട് അല്ലാഹു പറഞ്ഞു: ഖുര്‍ആന്‍ തത്രപ്പെട്ട് ഹൃദിസ്ഥമാക്കാനായി താങ്കളതുകൊണ്ട് നാവ് ചലിപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും പാരായണം ചെയ്തു തരലും നമ്മുടെ ചുമതലയാണ്. അങ്ങനെ നാം ഓതിത്തരുമ്പോള്‍ താങ്കളത് അനുധാവനം ചെയ്യുക. പിന്നീടതിന്റെ പ്രതിപാദനവും നമ്മുടെ ബാധ്യതതന്നെ (അൽ ഖിയാമ : 16 - 19). പക്ഷെ, പിന്നീട് ഇതു വരമൊഴിയായി രൂപാന്തരപ്പെട്ടു. വഹ് യ് എഴുതി വെക്കുവാൻ അക്ഷരജ്ഞാനികളായ സ്വഹാബിമാരെ നബി തിരുമേനി തന്നെ ചുമതപ്പെടുത്തി. നബി(സ) യുടെ വഫാത്തിന് ശേഷം വിശുദ്ധ ഖുർആൻ ഗ്രന്ഥത്തിൽ ക്രോഡീകരിക്കപ്പെട്ടു.



ഹദീസിന്റെ കാര്യവും ഇപ്രകാരം തന്നെയായിരുന്നു. അത് എഴുതിവെക്കരുത് എന്ന് പറഞ്ഞത് ഖുർആനുമായി ഇടിക്കലരുമോ എന്ന ഭയത്താലായിരുന്നു. കാരണം അനുവാചകരെ സംബന്ധിച്ചിടത്തോളം രണ്ടും അവർ കേൾക്കുന്നത് നബിയിൽ നിന്നാണ്. രണ്ടും ജീവിതത്തിന്റെ ആത്മീയ പാഠങ്ങൾ ആണു താനും. ഇത് പൊതുജനത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയേക്കും. എന്നാൽ ഇത്തരം ആശങ്ക നീങ്ങിയ നബി ജീവിതത്തിന്റെ അവസാന കാലത്ത് ഇത് അനുവദിക്കപ്പെടുകയുണ്ടായി. മക്കാ വിജയത്തിന്റെ അന്ന് നബി(സ്വ) ചെയ്ത പ്രസംഗം എഴുതുവാൻ അബൂ ശാഹ് എന്ന സ്വഹാബി ശ്രമിച്ചതും നബി അതിനെ പ്രോത്സാഹിപ്പിച്ചതും ഒരു ഉദാഹരണമാണ്. ഇബ്നു ഉമർ(റ)വും താനും തമ്മിലുള്ള വ്യത്യാസം അദ്ദേഹം നബിയിൽ നിന്ന് കേൾക്കുന്നതെല്ലാം എഴുതിവെക്കുമായിരുന്നു എന്ന് അബൂഹുറൈറ (റ) പറയുന്നതും അതിനുദാഹരണമാണ്. എന്നാൽ അതു പൊതു ആയിരുന്നില്ല. സ്വഹാബിമാർ പൊതുവെ അക്ഷരജ്ഞാനമില്ലാത്തവരായിരുന്നതും അനന്യമായ ഓർമ്മശക്തിയുടെ ഉടമകളായിരുന്നതും ഒരു കാരണമാണ്. മേൽ പറഞ്ഞ സ്വഹാബിമാരാണെങ്കിൽ നല്ല ശ്രദ്ധയും ആത്മവിശ്വാസവും ഉള്ളവരുമായിരുന്നു. സ്വഹാബിമാരുടെ കാലത്ത് വാമൊഴി വരമൊഴിയിലേക്ക് മാറ്റി സംരക്ഷിക്കപ്പെട്ടില്ല എങ്കിലും അത്തരമൊരു ചിന്ത സജീവമായിരുന്നു. രണ്ടാം ഖലീഫ ഉമർ(റ) വിന്റെ കാലത്ത് നബിയുടെ ഹദീസുകൾ എഴുതിവെക്കേണ്ടുന്നതിന്റെ ആവശ്യം ഉയർന്നു വരികയുണ്ടായി. സ്വഹാബിമാരിൽ പ്രമുഖർക്കെല്ലാം അങ്ങനെ അഭിപ്രായമുണ്ടായിരുന്നു. അതീവ സൂക്ഷ്മാലുവായിരുന്ന ഉമർ തുടക്കത്തിലേ അതിനു തയ്യാറായില്ല.



ഖുർആനുമായി തിരിച്ചറിയാതിരിക്കുമോ എന്നതു മുതൽ നബി തിരുമേനിയുടെ വാക്കുകളിൽ വല്ല പിഴവും സംഭവിക്കുമോ എന്നതുവരെയായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. മാത്രമല്ല, ഹദീസുകൾ എഴുതി വെച്ചാൽ ജനങ്ങൾ അതിൽ മാത്രം ചടഞ്ഞുകൂടുമോ എന്നുമദ്ദേഹം ഭയപ്പെട്ടിരുന്നു. കാരണം ഹദീസുകൾ നബിയുടെ ജീവിതം തന്നെയാണ്. അതിൽ നിന്നും ഓരോ അദ്ധ്യായങ്ങളിലുമായി ഏതാനും ഹദീസുകൾ മാത്രം രേഖപ്പെടുതപ്പെട്ടാൽ രേഖപ്പെടുത്തപ്പെടാത്ത ആയിരക്കണക്കിന് ജീവിത പാഠങ്ങൾ അവഗണിക്കപ്പെടുമോ എന്ന ആശങ്ക സ്ഥാനത്തു തന്നെയാണ്. എങ്കിലും പ്രമുഖ സ്വഹാബിമാർ അതിന്റെ ആവശ്യകത പറഞ്ഞപ്പോൾ ഞാൻ ഇസ്തിഖാറത്ത് ചെയ്തു നോക്കട്ടെ എന്നായി അദ്ദേഹം. ഒരു മാസത്തെ ഇസ്തിഖാറത്ത് അദ്ദേഹത്തോട് മന്ത്രിച്ചത് അത് ഇപ്പോൾ വേണ്ട എന്നായിരുന്നു. സച്ചരിത തലമുറ പിന്നിട്ടു തുടങ്ങിയപ്പോൾ പിന്നെ വാമൊഴി വരമൊഴിയായി സൂക്ഷിക്കാതെ വയ്യ എന്നു വന്നു. അതിന് നേതൃത്വം നൽകിയത് ഖലീഫ ഉമർ ബിൻ അബ്ദിൽ അസീസായിരുന്നു. അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം മദീനയിലെ തന്റെ ഗവർണ്ണർ അബൂബക്കർ ബിൻ ഹസ്മിന് മദീനയിലെ നിലവിലുളള സച്ചരിതരിൽ നിന്നും ഹദീസ് ക്രോഡീകരിക്കുവാൻ നിർദ്ദേശം നൽകുകയായിരുന്നു.



വാമൊഴി വഴക്കത്തെ പ്രോൽസാഹിപ്പിക്കുന്ന സാമുദായിക സാഹചര്യങ്ങൾ ഇസ്ലാമിൽ സജീവമാണ് എന്നതിനാൽ വാമൊഴിക്കുള്ള പ്രാധാന്യം നിലനിന്നു പോന്നു. അവയിലൊന്ന് വിശുദ്ധ ഖുർആന്റെ പാരായണമായിരുന്നു. പൊതുവെ പാരായണം എന്നത് വാമൊഴിയാണ്. കാരണം വായനയെ താളാത്മകമായി നീട്ടുന്നതാണ് ഓത്ത് എന്ന പാരായണം. അത് വരയിലല്ല വായയിലാണ് ഉണ്ടാകുന്നത്. ഖുർആൻ പാരായണമാകട്ടെ മതത്തിന്റെ വലിയ വികാരങ്ങളിൽ പെടുന്നു. കാരണം അത് ആരാധനയാണ്. പഠനം, ചിന്ത, ജീവിത തത്വം എന്നതിൽ നിന്നെല്ലാം അത് ആരാധന എന്ന അർഥത്തിലേക്ക് കടക്കുന്നത് തന്നെ അതിനെ പാരായണ നിയമങ്ങൾക്കനുസരിച്ച് ഓതുമ്പോഴാണ്. അതിനാൽ വാമൊഴി വഴക്കത്തിന് അത് ഒരു ഉപോൽഭലകമായി. മറ്റൊന്നാണ് നസ്വീഹത്തുകളും ഉപദേശങ്ങളും. ഇസ്ലാം ഒരു മതമാണ്. മതം എന്നതിന് ഇസ്ലാം കൽപ്പിക്കുന്ന നിർവചനം മനുഷ്യനെ അവന്റെ ഐഹികവും പാരത്രികവുമായ വിജയങ്ങളിലേക്ക് നയിക്കുന്ന ദൈവ നിർദ്ദിഷ്ഠിത ജീവിത വ്യവസ്ഥിതി എന്നാണ്. അത് കൈമാറ്റം ചെയ്യപ്പെടുക നിരന്തരമായ ഉപദേശങ്ങളിലൂടെയാണ്. ജനങ്ങളെ സൻമാർഗത്തിലേക്ക് ക്ഷണിക്കുവാൻ സദുപദേശത്തെ ഒരു മാധ്യമമായി സ്വീകരിക്കുവാൻ ഖുർആൻ തന്നെ ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു: സയുക്തികമായും സദുപദേശപൂര്‍വവും താങ്കള്‍ നാഥന്റെ വഴിയിലേക്ക് ക്ഷണം നിര്‍വഹിക്കുകയും അത്യുദാത്ത ശൈലിയില്‍ പ്രതിയോഗികളുമായി സംവാദം നടത്തുകയും ചെയ്യുക. (അന്നഹ്ൽ : 125 ). വിശ്വാസികൾക്ക് ഉദ്ബോധനം ഉപകാരപ്പെടും എന്ന് മറ്റൊരിടത്തു കാണാം. അല്ലാഹു പറയുന്നു: താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം നിശ്ചയം സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു (അദ്ദാരിയാത്ത്: 55). നിരന്തരമായ ഉപദേശങ്ങളും ഉദ്ബോധനങ്ങളും പ്രബോധനത്തിന്റെ പ്രധാന ഭാഗമാണ് എന്നർഥം. നബി (സ) നിരന്തരമായ ഉപദേശങ്ങൾ വഴിയാണ് അൽഭുതകരമായ മാറ്റത്തിലേക്ക് ജനതയെ ആനയിച്ചത്.



നബിതിരുമേനിയുടെ മാത്രം പ്രത്യേകതയല്ല ഇത്. മുൻ പ്രവാചകൻമാരുടെയും പ്രത്യേകത ഇതു തന്നെയായിരുന്നു. ദാവൂദ് നബിക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ വാചാലതയെ എടുത്തെണ്ണുന്നുണ്ട് (38:20). ദൗത്യം ഏൽപ്പിക്കപ്പെട്ടപ്പോൾ മൂസാ നബി തന്റെ സഹോദരൻ ഹാറൂനിനെ കൂടി പ്രവാചകത്വം നൽകി തന്നോടൊപ്പം അയക്കുവാൻ ആവശ്യപ്പെടുന്നത് കാണാം. അതിന് പറഞ്ഞ ന്യായവും ഈ വാമൊഴി വാചാലതയാണ്. അദ്ദേഹം പറഞ്ഞു: എന്നെക്കാള്‍ സ്പഷ്ടമായ സംസാരവൈഭവമുള്ളയാളാണ് എന്റെ സഹോദരന്‍ ഹാറൂന്‍. അതുകൊണ്ട് എന്നെ പിന്തുണക്കുന്ന സഹായിയായി അദ്ദേഹത്തെ ഞാനൊന്നിച്ച് നിയോഗിക്കേണമേ. അവരെന്നെ വ്യാജനാക്കിത്തള്ളുമെന്ന് നിശ്ചയം ഞാന്‍ ഭയപ്പെടുന്നു (ഖസ്വസ്: 34 ). പ്രബോധനത്തിൽ ആശയം സമർഥിക്കുവാനും എതിരാളികളെ മറികടക്കാനും പ്രബോധകർക്ക് വാചാലത വേണമെന്ന് ഈ സൂക്തം കുറിക്കുന്നു. ഇബ്റാഹിം നബി നംറൂദിനെ മുട്ടുകുത്തിക്കുന്നത് ആശയ തീവ്രത വാചാലതയുമായി ചേർന്നിട്ടാണല്ലോ.



ഈ വസ്തുതകൾ രണ്ടും തന്നെയായിരുന്നു കേരളീയ ഇസ്ലാമിക പരിസരത്തിലും വാമൊഴിക്ക് ഇടമുണ്ടാക്കിക്കൊടുത്തത്. സച്ചരിത നൂറ്റാണ്ടിൽ തന്നെ കേരളത്തിലെത്തിയ ഇസ്ലാം ആദ്യം പള്ളികൾ നിർമ്മിക്കുകയായിരുന്നു. ഈ പളളികൾ കേന്ദ്രീകരിച്ചു നടന്നിരുന്ന മത വിദ്യാഭ്യാസം വെറും വാമൊഴിയായിട്ടായിരുന്നു നടന്നിരുന്നത്. കാരണം ഏറ്റവുമാദ്യം പഠിപ്പിക്കപ്പെട്ടിരുന്നത് ഖുർആൻ പാരായണം, പ്രാർഥനകൾ, ദിക്റ് . ദുആകൾ എന്നിവയായിരുന്നു. ഇവ പ്രധാനമായും ശൈലിയെയാണ് കേന്ദ്രീകരിച്ചിരുന്നത്. ശൈലി വാമൊഴിയായില്ലാതെ പഠിപ്പിക്കുവാൻ കഴിയില്ല. അതോടൊപ്പം തന്നെ വളരെ ആദ്യ കാലത്ത് ഗ്രന്ഥങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യത ചരിത്രകാരൻമാർ കാണുന്നില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി അറേബ്യയിൽ നിന്നും വന്നവരായിരുന്നു പ്രബോധകർ എങ്കിലും പ്രബോധിതർ തദ്ദേശീയരായിരുന്നു. അറബി ഭാഷ അവർക്ക് തികച്ചും അജ്ഞാതമായിരുന്നു. അതിനാൽ ഗ്രന്ഥങ്ങൾ വല്ലതും പ്രബോധനത്തിന് വന്നവരുടെ കൈകളിൽ ഉണ്ടെന്നു വന്നാൽ തന്നെ ആ വരമൊഴിക്ക് വിധേയരാകുവാൻ തദ്ദേശീയർക്ക് കഴിയുമായിരുന്നില്ല. അതിനാൽ അവർ വായിച്ചു തുടക്കുന്നതു തന്നെ വളരെ വൈകിയായിരിക്കാനാണ് സാധ്യത. വായിച്ചു തുടങ്ങിയിട്ടും പിന്നെ കുറേ കഴിഞ്ഞേ അവർക്ക് എഴുതി വെക്കാൻ പഠിക്കാൻ കഴിയൂ. രണ്ടാമതായി കേരളത്തിൽ അച്ചുകൂടം വരുന്നത് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണ്. 1821-ൽ ഇംഗ്ലീഷ് മിഷനറി പ്രവർത്തകനായിരുന്ന ബെഞ്ചമിൻ ബെയ്ലി കോട്ടയത്ത് സ്ഥാപിച്ച സി എം എസ് പ്രസ്സാണ് കേരളത്തിലെ ആദ്യത്തെ പ്രസ്. അപ്പോൾ അതൊന്നും മാപ്പിളമാർക്ക് പ്രാപ്യമാകുമായിരുന്നില്ല. പിന്നീട് മുസ്ലിംകളുടെ സാംസ്കാരിക താവളങ്ങളായിരുന്ന തലശേരി, പൊന്നാനി, തിരൂരങ്ങാടി എന്നീ കേന്ദ്രങ്ങളിൽ ഇത്തരം ചിന്ത വരികയും 1865-ൽ തലശേരിയിൽ അറബി മലയാളം പ്രസ്സ് സ്ഥാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം.



അതേ സമയം പ്രാചീന ഓത്തുപളളികളിൽ അധികം വിദൂരമല്ലാത്ത കാലത്തിനുള്ളിൽ തന്നെ എഴുത്തു വിദ്യ ആരംഭിച്ചിരുന്നു. അതുപക്ഷെ അറിവുകളുടെ ഒരു വരമൊഴി സംരക്ഷണം എന്ന അർഥത്തിൽ ഉള്ളതായിരുന്നുമില്ല. മതപഠനത്തിന് അക്ഷരങ്ങൾ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും അതില്ലാതെ പോയാൽ ആശയങ്ങൾ അറിയാതെ പോകുമെന്നുമുളള തിരിച്ചറിവിന്നെ തുടർന്നായിരുന്നു ഇത്. മരപ്പലകകളിൽ ചവിടി മണ്ണ് തേച്ചുപിടിപ്പിച്ച് അതിൻമേൽ എഴുതിയായിരുന്നു അക്ഷര പഠനം. ഇത് അക്ഷരങ്ങൾക്കപ്പുറത്തേക്ക് കടക്കുമായിരുന്നില്ല എന്നതും ഓരോ ദിവസവും എഴുതുന്നത് അന്നു തന്നെ വെള്ളത്തിൽ കലക്കി മായ്ച്ച് ഭക്തിപൂർവ്വം കുടിക്കുയായിരുന്നു പതിവ് എന്നതും ഈ പ്രക്രിയ വരമൊഴി സംരക്ഷണമാണ് എന്ന് പറയുന്നതിന് വിഘാതമാണ്.



രണ്ടാമതു പറഞ്ഞ മതോപദേശങ്ങളും നസ്വീഹത്തുകളും കേരളീയ മുസ്ലിം സംസ്കാരത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ളതാണ്. വഅളുകളും ഉറുദികളും കേരളത്തിൽ എന്നും പ്രകമ്പനം കൊണ്ടിട്ടുള്ളതാണ്. അത് ആധുനിക കാലത്തും സജീവമായി നിലനിൽക്കുന്നു. വിശ്വാസികളുടെ വിശ്വാസം ഊതിക്കാച്ചിയെടുക്കുക എന്നതാണ് ഈ ഉദ്ബോധനങ്ങളുടെ പ്രധാന ദൗത്യം. ഒരു ഗൗരവ ഭാവുള്ള വിദ്യാഭ്യാസമായി പൊതു വഅളുകളെ പണ്ടും ഇപ്പോഴും കാണുന്നില്ല. ജനങ്ങളെ മാനസികമായി ഉദ്വീപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നതിനാൽ അവയുടെ ഉള്ളടക്കം പ്രധാനമായും കഥകൾ, ചരിത്രങ്ങൾ തുടങ്ങിയവയായിരിക്കും. പ്രഭാഷകന്റെ സ്വര ഗാംഭീര്യം, ഹൃദയസ്പൃക്കായ ശൈലി, വിഷയങ്ങളുടെ സ്വാധീനം തുടങ്ങിയവയെല്ലാം വഅളിൽ പ്രധാനമാകുന്നതും അതിന്റെ വിജയത്തിന്റെ മാനദണ്ഡമാകുന്നതും അതുകൊണ്ടാണ്. പൊതു വേദിയിൽ വളരെ ആഴത്തിലുളളതോ ദൃർഗ്രാഹ്യമായതോ ആയ വിഷയങ്ങൾ അവതരിപ്പിച്ചാൽ അതു കാര്യമായി വിജയിക്കാത്തത് അതുകൊണ്ടാണ്. ഇത് പക്ഷെ കേരളീയ മുസ്ലിം വിചാര വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ആചാരനിഷ്ഠകൾ തെറ്റിക്കാതെയും ബൗധിക ദേഹേഛകളിൽ മുഖം കുത്തി വീഴാതെയും നല്ല ഈമാനും ഇഖ്ലാസ്വുമുള്ള ഒരു ജനതയെ നൂറ്റാണ്ടുകളായി നിലനിറുത്തിയ ഘടകങ്ങളിൽ ഒന്ന് ഈ മത പ്രഭാഷണങ്ങൾ തന്നെയാണ്. പാതിരാ വരെ നീളുന്ന വഅളുകൾ പിരിയുമ്പോൾ ഓരോ വിശ്വാസിയും കഴിഞ്ഞ കാലത്തിന്റെ അപശ്രുതികളെ മറികടന്ന് പുതിയ വിശുദ്ധി പൂകിയിരിക്കും.



മത പ്രഭാഷണങ്ങളുടെ സ്വാധീനങ്ങളിൽ രണ്ടു കാര്യങ്ങൾ നമ്മുടെ വിഷയവുമായി ബന്ധമുള്ളതല്ലെങ്കിലും ഓർക്കേണ്ടതുണ്ട്. ഒന്നാമതായി ഈ പ്രഭാഷണങ്ങൾ ഏറെ സ്വാധീനിച്ചത് സ്ത്രീജനങ്ങളെ ആണ് എന്നതാണ്. ഇത് വലിയ ഫലമുണ്ടാക്കി. കാരണം ഓരോ വീട്ടിലേയും സാംസ്കാരിക മേൽനോട്ടത്തിന്റെ ചുമതല ഏറ്റെടുക്കുന്നതും നിർവ്വഹിക്കുന്നതും കേരളീയ സാഹചര്യത്തിൽ സ്ത്രീകളാണ്. അവർക്ക് പ്രഭാഷണങ്ങൾ വഴി ലഭ്യമാകുന്ന ആത്മാംശങ്ങൾ അതിവേഗം അവരുടെ കുട്ടികളിലേക്കും ഒരളവോളം വീട്ടിലെ മുതിർന്ന ആണുങ്ങളിലേക്കും പടരും. ഇത് കുടുംബത്തിന് മുഴുവൻ ആത്മീയ അച്ചടക്കത്തിന് വഴിയൊരുക്കും. രണ്ടാമത്തെ കാര്യം ഈ പ്രഭാഷണങ്ങളാൽ ആത്മ വിജ്രംബിതമായ മനസ്സുകൾ നൽകിയ സംഭാവനകളാണ് പള്ളികളും മദ്റസകളും ഇസ്ലാമിക പാഠശാലകളുമൊക്കെയായി പരിണമിച്ചതും വളർന്നതും. ഈ വഴിക്ക് ലഭിക്കുന്ന സംഭാവനകൾക്ക് അസാധാരണമായ ഒരു ഐശ്വര്യമുണ്ട്. കാരണം ഇത് പ്രഭാഷണങ്ങൾ പകർന്ന വികാരത്തിൽ നൽകപ്പെടുന്നതാണ്. അപ്പോൾ അതത്രയും തുമ്മാർഥമായിരിക്കും. ആദ്യ പ്രബോധക സംഘം പത്തോളം പളളികൾ മാത്രമായിരുന്നു പണിതത്. പിന്നെ അവയുടെ ഇടകൾ നിറയെ പള്ളികളാലും മതസ്ഥാപനങ്ങളാലും നിറച്ചത് ഈ സംഭാവനകൾ തന്നെയായിരുന്നു. വാമൊഴി ഒരു വരദാനമായി മാറുന്ന മനോഹര കാല കൂടിയാണിത്.



ഈ പ്രഭാഷണ വേദികൾക്ക് പിൽക്കാലത്ത് പല ഭാവഭേതങ്ങളും സംഭവിച്ചു. ആദ്യത്തിൽ അത് സീറാ പാരായണമായി മാറുകയായിരുന്നു. ഇസ്ലാമിക വികാരങ്ങൾ പെയ്തിറങ്ങിയ യുദ്ധഭൂമികൾ മുതൽ ശ്രേഷ്ഠരായ വ്യക്തിത്വങ്ങൾ വരേയുള്ളവരുടെ ചരിത്രങ്ങൾ പാടിയും പറയുകയും ചെയ്യുന്ന വേദികളായിരുന്നു അത്. ദിവസങ്ങളോളം മനസ്സുകളെ ആകാംക്ഷയിൽ നിറുത്തുവാനും ആത്മീയതയിൽ അലിയുവാനും ഈ സദസ്സുകൾ അവസരമേകി. ഇത് കാലത്തിനന രിച്ച് പരിഷ്കരിച്ചാണ് കഥ പ്രസംഗം എന്ന കല ഉണ്ടായത്. കഥാപ്രസംഗം എന്ന പുതിയ പേരും ശൈലിയും വന്നതോടെ പരിഷ്കൃത സമൂഹത്തെ അത് കൂടി സ്വാധീനിച്ചു എന്നു പറയാം. കാരണം അതിനുവേണ്ടി ഉണ്ടാക്കുന്ന ഗാനങ്ങൾ പലപ്പോഴും ജനങ്ങളുടെ ചുണ്ടിലും മനസ്സിലും തത്തിക്കളിക്കുന്ന ഈരടികളായിരിക്കും. പിന്നീട് പഠന ക്ലാസുകൾ കൂടി ഈ രംഗത്തു വന്നു. വീണ്ടും കാലം പരിഷ്കരിക്കപ്പെട്ടപ്പോൾ ഈ വാമൊഴികളല്ലാം ഇലക്ട്രോണിക്ക് ഇടങ്ങളിലേക്ക് ഇപ്പോൾ സ്ഥലം മാറിയിരിക്കുന്നു. ആത്മീയതയുടെ കൂട്ടും ചേരുവയും കുറഞ്ഞിരിക്കുന്നു എങ്കിലും ഈ വാമൊഴിക്കു പിന്നാലെ ഇപ്പോഴും മനസ്സുകൾ ഉണ്ട്. പ്രാചീന കാലത്തെ ഉന്നത മതപഠന കേന്ദ്രങ്ങളായിരുന്നു ദർസുകൾ. ദർസുകളിലെ വിദ്യാഭ്യാസവും പ്രധാനമായും വലം വെച്ചിരുന്നത് വാമൊഴിയെ തന്നെ ആയിരുന്നു.



വാമൊഴി ചരിത്രത്തെ കുറിച്ച് ഭൗതിക ലോകത്ത് രണ്ട് പക്ഷങ്ങൾ ഉണ്ട്. ഒന്ന് അതിനെ സ്വീകരിക്കുന്നതും മറ്റൊന്ന് നിരാകരിക്കുന്നതും. വാമൊഴിയെ ഒരു ചരിത്രരേഖയായി കാണുന്നവരാണ് പ്രമുഖ ചരിത്രകാരൻമാരെല്ലാവരും. വാമൊഴി ചരിത്രം തന്നെയാണ് എന്ന് തീർത്തു പറയുന്നുണ്ട് എം ജി എസ്. വാമൊഴിയെ ചരിത്ര രേഖയായി സ്വീകരിച്ചില്ലെങ്കിൽ സംഭവിക്കുന്ന അപകടം വലുതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാരണം സംസ്കാരങ്ങൾക്ക് അസ്ഥിവാരമിട്ടതെല്ലാം മതങ്ങളാണ്. ഈ മതങ്ങളുടെയെല്ലാം ചരിത്രം ആദ്യമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത് വാമൊഴിയിലാണ്. ഉദാഹരണമായി കേരളത്തിലെ അവസ്ഥ തന്നെ എടുക്കാം. കേരളത്തിലെ ഇസ്ലാം ആഗമനത്തിന്റെ കഥയായ ചേരമാൻ ചരിത്രം വാമൊഴിയായി മാത്രം ലഭിച്ചതാണ്. ക്രിസ്തുമതവുമായി സെന്റ് തോമസ് കേരളത്തിൽ വന്നു എന്ന് ഇപ്പോൾ ചരിത്ര പുസ്തകങ്ങളിലും പഠനങ്ങളിലുമുണ്ടെങ്കിലും അത് വാമൊഴിയിൽ നിന്നും എടുത്തതാണ്. വാമനന്റെയും മഹാബലിയുടെയും പരശുരാമന്റെയുമെല്ലാം അടിസ്ഥാനം വാമൊഴി തന്നെയാണ്. ഇതെല്ലാം നിരാകരിക്കപ്പെട്ടാൽ ചരിത്രത്തിന് തന്നെ നിലനിൽപ്പില്ലാതെയായിത്തീരും. എന്നാൽ സൂക്ഷ്മശാലികളായ ചില നിരീക്ഷകരുടെ പക്ഷം, വാമൊഴികൾ പലതും കൈ കടത്തലിനും ഭാവഭേതങ്ങൾക്കും വിധേയമായതായിരിക്കുമെന്നതിനാൽ അതിനെ ഒരു ആധികാരിക രേഖയായി കരുതാൻ വയ്യ എന്നാണ്. കാരണം വാമൊഴി ചരിത്രങ്ങളുടെ പ്രചോദനം ചിലപ്പോൾ വൈകാരികമായിരിക്കാം. വൈകാരികമാകുമ്പോൾ അതുദ്ധരിക്കുന്നവന്റെ താൽപര്യങ്ങൾ അതിൽ കലർന്നെന്നുവരും. ഉദാഹരണമായി ക്രിസ്തു മതവുമായി കേരളത്തിൽ വന്നത് സെന്റ് തോമസാണ് എന്ന് ഒരു ക്രിസ്ത്യൻ ചരിത്രകാരൻ ഉദ്ധരിക്കുമ്പോൾ അവിടെ ഈ വാമൊഴി ക്രിസ്തുമതം ക്രിസ്തുവിന്റെ നേർ ശിഷ്യൻ തന്നെ കൊണ്ടുവന്നതിനാൽ അത്രയും ആധികാരികവും വിശുദ്ധവുമാണ് എന്ന് വരുത്താനുള്ള ശ്രമമാണോ എന്നു സംശയിക്കാം. സ്വഹാബിമാർ തന്നെ ആദ്യം ഇസ്ലാമുമായി വന്നു എന്ന് വാമൊഴിയുടെ അടിസ്ഥാനത്തിൽ ഒരു മുസ്‌ലിം ചരിത്രകാരൻ പറയുമ്പോഴും ഇതേ ന്യൂനത പ്രകടമാകും. ഈ പറഞ്ഞതും ശരിയാണ് എങ്കിലും വാമൊഴിയെ കണക്കിലെടുക്കാതിരുന്നാൽ ഉണ്ടാവുന്ന അപകടമാണ് താരതമ്യേന വലുത്.



ഈ നിരീക്ഷണങ്ങളെല്ലാം നമ്മെ കൊണ്ടു പോകുന്ന യാധാർഥ്യങ്ങൾ സംഗ്രഹിക്കുക ഇങ്ങനെയാണ്. ഒന്ന്, വാമൊഴിയെ അവഗണിക്കുവാൻ കഴിയില്ല. രണ്ട്, വാമൊഴിയിൽ ഭാവഭേതങ്ങൾ സംശയിക്കേണ്ടതുണ്ട്. അതിനാൽ സ്രോത്രസ്സിന്റെ പരമാവധി ഉറപ്പ് ആയിരിക്കണം അതു സ്വീകരിക്കാനുള്ള മാനദണ്ഡം. മൂന്ന്, വാമൊഴിയെ വരമൊഴിയാക്കി സൂക്ഷിക്കാനുളള ശ്രമം ഉണ്ടായിരിക്കണം. അല്ലാതെ വന്നാൽ കൂടുതൽ ദുർബ്ബലമായിത്തീരും അത്. അതുകൊണ്ടാണ് വിശുദ്ധ ഖുർആനും ഹദീസുകളും ശാസ്ത്രങ്ങളും പിൽക്കാലത്ത് വരമൊഴിയായി സംരക്ഷിക്കപ്പെട്ടത്. വാമൊഴിയുടെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടം അതു തന്നെയാണ്. സൂഷ്മതക്കുറവുളളവർ ശ്രദ്ധയില്ലാതെ പലരും പലതും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നതു കാണാം. അതിന് ഈയിടെ ഉണ്ടായ ഒരു ഉദാഹരണം ഓർത്തു പോകുന്നു. പ്രസിദ്ധനായ ഒരു പണ്ഡിതൻ മരണപ്പെട്ടപ്പോൾ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ സദസ്സിൽ ഒരു പ്രസംഗകൾ മൗത്തുൽ ആലിമി മൗത്തുൽ ആലം - പണ്ഡിതന്റെ മരണം ലോകത്തിന്റെ തന്നെ മരണമാണ് - എന്ന് നബി(സ) പറഞ്ഞിട്ടുണ്ട് എന്ന് ശോകത്തോടും വൈകാരികതയോടും കൂടി പറയുകയുണ്ടായി. അദ്ദേഹത്തെ തിരുത്തണമെന്നു തോന്നി എങ്കിലും അനൗചിത്യം തോന്നി ചെയ്തില്ല. പക്ഷെ, പിന്നെ ഒത്തുവന്നപ്പോൾ അതു ഓർമ്മപ്പെടുത്തി. അത് നബി വചനമല്ല, അതൊരു അറബി ആപ്തവാക്യം മാത്രമാണ് എന്ന്. പക്ഷെ, പിറ്റേ ആഴ്ച മറ്റൊരു പണ്ഡിതന്റെ അനുസ്മരണത്തിൽ വീണ്ടും അദ്ദേഹം അതു തന്നെ ഹദീസായി പറയുകയുണ്ടായി. വാമൊഴിയെ എക്കാലത്തും അങ്ങനെ വിശ്വസിക്കാൻ കഴിയില്ല എന്നു പറയുകയാണ് ഈ അനുഭവം.



വാമൊഴി നമ്മുടെ പ്രമാണങ്ങൾ കടന്നു വന്ന വഴിയാണ്. അതിനാൽ അതു നമുക്ക് പ്രധാനം തന്നെയാണ്. ആ പ്രാധാന്യം സംരക്ഷിക്കുവാൻ നാം ബാധ്യസ്ഥരുമാണ്. അതിന്നായി നാം ചെയ്യേണ്ടത് അതിൽ വല്ലതും കലർന്നിട്ടുണ്ടോ, കലരുന്നുണ്ടോ എന്ന് ജാഗ്രതയോടെ ശ്രദ്ധിക്കലും സമയാസമയങ്ങളിൽ അതിനെ വരമൊഴിയാക്കി സംരക്ഷിക്കലുമാണ് എന്ന് ചുരുക്കം.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso