Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുൽ മുജാദില -2

30-12-2021

Web Design

15 Comments




സൂക്ഷിക്കുക!, മറ്റൊരാൾ കേൾക്കുന്നുണ്ട്..



(5) നിശ്ചയം അല്ലാഹുവിനോടും ദൂതനോടും ശത്രുത പുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികളെന്ന പോലെ അപമാനിതരാകും. പല സ്പഷ്ടദൃഷ്ടാന്തങ്ങളും നാം അവതരിപ്പിച്ചിട്ടുണ്ട്. നിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ടാകും.



അല്ലാഹുവിനോടും പ്രവാചകനോടും ശത്രുത പുലർത്തുകയും അവർ നൽകിയ നിർദ്ദേശങ്ങളെയും ഉപദേശങ്ങളെയും ധിക്കരിക്കുകയും ചെയ്യുന്നവർക്കുളള ശക്തമായ താക്കീതാണ് ഈ സൂക്തം. വിശാലമായ ഒരു അർഥതലമാണ് ഈ സൂക്തത്തിന്റെ ആശയത്തിനുള്ളത്. നബിയുടെ കാലത്ത് ഇങ്ങനെ ശത്രുത പുലർത്തിയിരുന്നത് പരസ്യമായി ജൂതരും മുശ്രിക്കുകളും രഹസ്യമായി പെട വിശ്വാസികമായിരുന്നു. അവരുടെ ഈ ശത്രുത അവരുടെ മനസ്സിലാണ് പ്രധാനമായും ഉണ്ടായിരുന്നത്. അതിന്റെ പേരിൽ അവർ പ്രകടിപ്പിച്ചിരുന്നതെല്ലാം രഹസ്യമായിട്ടായിരുന്നു. അതിനാൽ തന്നെ നേരിട്ട് അവരെ ശിക്ഷിക്കാനോ മറ്റോ കഴിയുമായിരുന്നില്ല. അവർ അതിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. നേരിട്ടുള്ളതല്ലാത്ത നീക്കങ്ങൾക്ക് നേരിട്ടുള്ളതല്ലാത്ത ശിക്ഷയാണ് അവർക്ക് ലഭിക്കുന്നത്. ആ ശിക്ഷ പല വഴിക്കുമായി അവർ അപമാനിതരാകുകയും മാനം കെട്ടുപോകുകയുമാണ്. ഈ സൂക്തത്തിന്റെ പരിധിയിൽ അല്ലാഹുവിന്റേതല്ലാത്ത നിയമങ്ങളും വ്യവസ്ഥകളും സ്വീകരിക്കുന്നവരും വരും. കാരണം അവരുടെ ആ നിരാകരണത്തിന്റെ അടിസ്ഥാനവും അല്ലാഹുവിനോടും റസൂലിനോടുമുള്ള ശത്രുത തന്നെയാണല്ലോ.



(6) സൃഷ്ടികളെ ഒന്നടങ്കം അല്ലാഹു പുനര്‍ജീവിപ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അവരെയവന്‍ അറിയിക്കുകയും-അവനത് തിട്ടപ്പെടുത്തിയിട്ടും അവരത് വിസ്മരിച്ചിട്ടുമുണ്ട്-ചെയ്യുന്ന ദിവസം. സര്‍വകാര്യങ്ങള്‍ക്കും അല്ലാഹു സാക്ഷിയാകുന്നു.



ഈ നിന്ദ്യത അന്ത്യനാളിലായിരിക്കും ഉണ്ടാവുക എന്നാണ് ഈ ആയത്തിന്റെ സാധ്യം. അപ്പോൾ ഉണ്ടാകുന്ന മാനക്കേടായിരിക്കും ഏറ്റവും അചിന്തനീയും. കാരണം അന്നത്തെ മാനക്കേട് മുഴുവൻ സൃഷ്ടികളുടെയും മുമ്പിൽ വെച്ചും അവരെല്ലാവരും അറിയുന്ന നിലക്കുളളതുമായിരിക്കും. ദുനിയാവിൽ പകൽമാന്യൻമാരായി ജീവിച്ചവരുടെ തനിനിറം അല്ലാഹു വിചാരണയിലൂടെ തുറന്നു കാട്ടുന്നത് തന്നെ ഒരു അസഹനീയമായ മാനക്കേടായിരിക്കും. ദുനിയാവിൽ അവർക്ക് മാനക്കേട് ഉണ്ടാവില്ല എന്നതിന് അർഥമില്ല. ദുനിയാവിലും അതുണ്ടാവും. പക്ഷെ, ദുനിയാവിലെ അവരുടെ സാമൂഹ്യസ്ഥാനങ്ങൾ ഉപയോഗിച്ചും ധനം തുടങ്ങിയവ ചെലവഴിച്ചും അവർ അത് മറച്ചു പിടിക്കുകയോ തൽക്കാലം ഓട്ടയടക്കുകയോ ചെയ്യും. അല്ലാഹുവിന്റെ വിചാരണയുടെ അന്യൂനതയും ഈ ആയത്ത് ദ്യോതിപ്പിക്കുന്നുണ്ട്. അല്ലാഹു എല്ലാം കൃത്യമായി രേഖപ്പടുത്തുന്നുണ്ട് എന്നും അവർ അത് മറന്നു പോകുകയായിരിക്കും എന്നും പറയുന്നതിന്റെ ആശയമതാണ്. അഥവാ ശത്രുക്കൾ അവർ ചെയ്യുന്ന തിൻമകളെ അത്ര ഗൗരവത്തിലെടുക്കില്ല. മനസ്സിൽ ഓർത്തു വെക്കുവാൻ മാത്രമുള്ള ഒരു ഗൗരവം അതിനവർ കൽപ്പിക്കില്ല എന്നർഥം.



(7) ഭുവന-വാനങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നീ ഗ്രഹിക്കുന്നില്ലേ? മൂന്നാളുടെ രഹസ്യസംഭാഷണത്തില്‍ നാലാമനായും അഞ്ചുപേരുടേതില്‍ ആറാമനായും അല്ലാഹു ഉണ്ടാവാതിരിക്കില്ല. അതിലും കൂടുകയോ കുറയുകയോ ചെയ്യുന്നവരുടെ സംഭാഷണമായാലും അവര്‍ എവിടെയാണെങ്കിലും അവരൊന്നിച്ച് അവനുണ്ടായേതീരൂ. പിന്നെ പുനരുത്ഥാനദിവസം അവരുടെ പ്രവൃത്തികളെ കുറിച്ച് അവനവരെ വിവരമറിയിക്കുന്നതാണ്. സര്‍വകാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ് അല്ലാഹു.



ഏത് രഹസ്യവും അല്ലാഹു അറിയുന്നു എന്ന തിരിച്ചറിവാണ് ഈ ആയത്ത് നൽകുന്നത്. അത് അല്ലാഹു പ്രത്യേകം അവന്റെ മലക്കുകൾ മുഖേന എഴുതിവെക്കുന്നു. അത് വെച്ച് ഖിയാമത്തു നാളിൽ അവൻ പരമമായ വിധി കൽപ്പിക്കുകയും ചെയ്യുന്നു. ഈ അർഥത്തിന്റെ ആഴം വ്യക്തമാക്കുവാനാണ് ഗൂഢമായ സംസാരങ്ങൾ പോലും അവൻ കേൾക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഏതാനും പേർ അടക്കിപ്പിടിച്ച് നടത്തുന്നതാണ് ഇത്തരം രഹസ്യ സംഭാഷണങ്ങൾ. അതിൽ രണ്ടാളാണ് ളളതെങ്കിൽ മൂന്നാമനായി അല്ലാഹു അതിൽ പങ്കാളിയാവുന്നു എന്നത് രണ്ട്, മൂന്ന്, നാല്, അഞ്ചു പേർ എന്നിങ്ങനെ പരത്തി വിശദമായി പറഞ്ഞിരിക്കുന്നത് ഈ ആശയം എല്ലാവർക്കും സുതരാം വ്യക്തമാകുവാൻ വേണ്ടിയാണ്. രഹസ്യ സംഭാഷണങ്ങളെ കുറിച്ചുളള ഈ സൂക്തത്തിലെ പരാമർശം താഴെ വരാനിരിക്കുന്ന ആയത്തുകളുടെ ആശയത്തിന്റെ ഒരു ആമുഖം കൂടിയാണ്. അത് ഗ്രഹിക്കുവാൻ അടുത്ത ആയത്ത് സൂചിപ്പിക്കുന്ന ജൂത ജനതയെ കുറിച്ച് ചെറുതായ ഒരു മുന്നറിവ് നാം നേടേണ്ടതുണ്ട്.



സൂറത്തുൽ മുജാദിലയുടെ ഇതു മുതൽ 10 കൂടിയ സൂക്തങ്ങളുടെ പൊതുവായ ആശയം ഗൂഢാലോചനകളാണ്. മദീനയിലെ ഒരു പ്രബല ജനവിഭാഗമായിരുന്നു ജൂതൻമാർ. അവർ മദീനയിൽ തമ്പടിച്ചതിനെ കുറിച്ച് ചില ചരിത്രാനുമാനങ്ങളുണ്ട്. ഇമാം സംഹൂദി തന്റെ വഫാഉൽ വഫായിൽ പറയുന്നത് ജുതൻമാർ മൂസാ നബിയുടെയോ ബുക്കഡ് നസ്റിന്റെയോ കാലത്താകാം യത് രിബിൽ എത്തിയിരിക്കുക എന്നാണ്. മദീനയിലെ ജൂതന്മാര്‍ മുഖ്യമായും മൂന്ന് ഗോത്രങ്ങളായിരുന്നു. ഇവർ യത്രിബിൽ വന്നതിനും വളർന്നതിനും പിന്നിൽ പല കഥകളുമുണ്ട് എങ്കിലും ഏറ്റവും പ്രധാനപ്പെട്ട പ്രചോദനം കൃഷി, കച്ചവടം തുടങ്ങിയവയിലുള്ള കണ്ണായിരുന്നു എന്ന് മനസ്സിലാക്കാം. നബി(സ) മദീനയിൽ എത്തുമ്പോഴുള്ള ചിത്രത്തിൽ കൃഷി, നിർമ്മാണങ്ങൾ, കച്ചവടം എന്നിവ മൂന്നിലും പ്രാദേശിക ഔസ്-ഖസ്റജുകളെ പോലും പിന്തള്ളി അടക്കിവാഴുകയായിരുന്നു ജൂതൻമാർ. ഇത് അവരുടെ കുടുംബ പേരുകളും സൂചിപ്പിക്കുന്നുണ്ട്. ബനൂ ഖൈനുഖാഅ്, ബനൂന്നളീര്‍, ബനൂ ഖുറൈള എന്നിവയായിരുന്നു അവരുടെ കുടുംബങ്ങൾ. ഭാഷാപരമായി, ഖൈനുഖാഅ് എന്ന വാക്കിന്റെ അര്‍ഥം സ്വര്‍ണപ്പണിക്കാരന്‍ എന്നാണ്. നളീര്‍ എന്നാല്‍ ഇലകളുടെ പ്രസാദാത്മകതയാണ്. ഇത് കൃഷിയെ ഓര്‍മിപ്പിക്കുന്നു. ഖുറൈള എന്നു പറഞ്ഞാല്‍ മൃഗങ്ങളുടെ തോല് ഊറക്കിടാൻ ഉപയോഗിക്കുന്ന ഒരുതരം സസ്യമാണ്. ഈ പേരുകള്‍ ഈ ഗോത്രങ്ങളുടെ മുഖ്യ തൊഴിലുകളിലേക്ക് സൂചന നല്‍കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് മദീനാ ഹിജ്റ നടക്കുമ്പോഴെങ്കിലും ഇതായിരിക്കാം അവസ്ഥ.



അതോടൊപ്പം കൂട്ടത്തിൽ അറിവുള്ളവരായി ഗണിക്കപ്പെട്ടിരുന്നതും അവരെയായിരുന്നു. തോറ എന്ന ദൈവിക ഗ്രന്ഥം കയ്യിലുള്ളതും പുരോഹിതർ, പ്രത്യേക ആരാധനാ കർമ്മങ്ങൾ തുടങ്ങിയവക്കെല്ലാം അറബികളെ സംബന്ധിച്ചിടത്തോളം അതിശയകരങ്ങളും ആകർഷകങ്ങളുമായിരുന്നു. അത് അവർക്ക് പൊതുജനങ്ങളിൽ നിന്നുള്ള ബഹുമാനവും നേടിക്കൊടുത്തു. സാമൂഹ്യമായ ഈ അധീശത്വം സാംസ്കാരികമായ സ്വാധീനത്തിനും വഴിവെച്ചു. അങ്ങനെ ജുതൻമാരുടെ സ്വഭാവങ്ങളും ശീലങ്ങളും അറബികൾക്കും പഠിഞ്ഞു. നബി(സ)യും ഇസ്ലാമും എത്തിയതോടെ അവരുടെ കുത്തക തകർന്നു. അതിലുള്ള അരിശം കാരണം അവർ നബിക്കും അനുയായികൾക്കുമെതിരെ പലതും ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതിനു വേണ്ടി അവർ ചെയ്തിരുന്ന ഒരു സ്വഭാവമാണ് ഗൂഢാലോചനകൾ. രണ്ടോ മൂന്നാേ പേർ കൂടിയിരുന്ന് രഹസ്യസ്വഭാവത്തിൽ വർത്തമാനം പറയുന്ന ഈ സ്വഭാവം പിന്നീട് പൊതുവെ അറബികളിലേക്കും പകർന്നു. ഇത്തരം സംസാരങ്ങൾ ചില സാമൂഹ്യ ആശാന്തിയായി വളരുകയും പരിണമിക്കുകയും ചെയ്യുന്നത് കണ്ട ഇസ്ലാം അങ്ങനെ ചെയ്യുന്നത് വിലക്കി. പക്ഷെ ജൂതൻമാർ പിന്നെയും അതേ പണി തുടർന്നു. വെറുതെ സംസാരിച്ചിരിക്കുന്നത് ഇതിലപ്പുറം തടയാനൊന്നും നിയമമുണ്ടായിരുന്നില്ല.



ഇത് മുസ്ലിംകളിൽ പല ആശയക്കുഴപ്പവുമുണ്ടാക്കി. ജൂതൻമാർക്കിടയിലൂടെ മുസ്ലിംകൾ കടന്നു പോകുമ്പോൾ അവർ അടക്കം പറയുന്നത് തങ്ങളെ പറ്റിയായിരിക്കുമോ എന്ന ആധിയായിരുന്നു പ്രധാനമായും. ഈ അനുഭവം മുനാഫിഖുകളിൽ നിന്നും ഉണ്ടായിരുന്നു. ഈ സങ്കടം അവർ നബി(സ) യോട് പറഞ്ഞപ്പോൾ ആണ് താഴെ പറയുന്ന ആയത്ത് അവതരിച്ചത്.



(8) രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് നിരോധിക്കപ്പെടുകയും എന്നിട്ടുമത് ആവര്‍ത്തിക്കുകയും കുറ്റത്തിനും അതിക്രമത്തിനും നബിയ്ക്ക് വിരോധം പ്രവര്‍ത്തിക്കുന്നതിനും ഗൂഢസംസാരം നടത്തുകയും ചെയ്യുന്നവരെ താങ്കള്‍ കാണുന്നില്ലേ? അങ്ങയുടെ സന്നിധിയിലെത്തിയാല്‍ അല്ലാഹു ചെയ്തിട്ടില്ലാത്ത വിധം അവര്‍ താങ്കളെ അഭിവാദ്യം ചെയ്യുന്നു. ഇപ്പറയുന്നതിന്റെ പേരില്‍ അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത് എന്ന് പരസ്പരം അവര്‍ ജല്‍പിക്കുകയാണ്! നരകം അവര്‍ക്ക് എത്രയോ പര്യാപ്തം! അവരതില്‍ പ്രവേശിക്കുന്നതാണ്. എത്ര ഹീനമാണ് ആ സങ്കേതം!



ഈ സൂക്തത്തിൽ അവരുടെ ചെയ്തി വിവരിക്കുന്നതിനു ശേഷം അവർ നല്ലപിള്ള ചമയുവാൻ വേണ്ടി ചെയ്തിരുന്ന ചില വിദ്യകളും അല്ലാഹു വെളിച്ചത്തു കൊണ്ടു വരുന്നു. നബി(സ്വ)യുടെ അടുത്തുവരുമ്പോള്‍ അവർ സലാം നേരുമായിരുന്നു എന്നതു തന്നെയാണ് അതിലൊന്ന്. സലാം പറയുന്നവരെ സംശയിക്കില്ലല്ലോ. മറ്റൊന്ന് അവർ അവരുടെ സലാമിൽ ഒളിപ്പിച്ചു വെച്ച ദുരർഥമാണ്. അസ്സലാമു അലൈകും എന്നതിനു പകരം അസ്സാമുഅലൈക്കും എന്നായിരുന്നു അവര്‍ അഭിവാദ്യം ചെയ്യുമായിരുന്നത്. നിനക്ക് മേൽ നാശമുണ്ടാവട്ടെ എന്നാണതിന്റെ അര്‍ത്ഥം. പെട്ടന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഒരു വിദ്യയായിരുന്നു ഇത് എങ്കിലും നബി(സ) അതു കണ്ടുപിടിച്ചു. അവർക്കിതൊരു പതിവായിരുന്നു. ഒരിക്കൽ ആയിഷ(റ) തന്നെ ഇതു കണ്ടുപിടിച്ചു. ആയിഷാ ബീവി അതേ നാണയത്തിൽ അതിന് ഉത്തരം നൽകി. അതു കേട്ടതും നബി(സ) അതു വിലക്കുകയുണ്ടായി. അമാന്യത ഒന്നും അല്ലാഹു ഇഷ്ടപ്പെടില്ല എന്ന് നബി ഉദ്ബോധിപ്പിച്ചു. അവർ നമുക്കെതിരെ നടത്തുന്ന പ്രാർഥനകൾ സ്വീകരിക്കപ്പെട്ടില്ല എന്ന് അവരെ സമാധാനിപ്പിച്ചുകൊണ്ട് പറയുകയും ചെയ്തു. ഇത്തരം സലാമുകൾക്ക് വ അലൈക്കും എന്നു മാത്രം സലാം മടക്കുവാനാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. അവരെന്താണോ നമുക്ക് പ്രാർഥിച്ചത് അതു തന്നെ അവർക്കും ഭവിക്കട്ടെ എന്നാണ് അതിന്റെ ആശയം.



(9) സത്യവിശ്വാസികളേ നിങ്ങള്‍ നടത്തുന്ന രഹസ്യസംഭാഷണങ്ങള്‍ പാപത്തിനും അതിക്രമത്തിനും ദൂതരെ നിഷേധിക്കുന്നതിനുമാകരുത്; നന്മയുടെയും ഭയഭക്തിയുടെയും വിഷയത്തില്‍ രഹസ്യോപദേശം നടത്തുക. അല്ലാഹുവിനെ സൂക്ഷിക്കുക അവങ്കലേക്കാണ് നിങ്ങള്‍ സംഗമിപ്പിക്കപ്പെടുക.



സ്വകാര്യമായോ രഹസ്യമായോ പരസ്യമായോ എങ്ങനെയും കാര്യങ്ങള്‍ സംസാരിക്കാം. യാതൊരു കുഴപ്പവുമില്ല. പക്ഷേ, നല്ല കാര്യങ്ങള്‍ മാത്രമാകണം സംസാരിക്കുന്നത്. പാപകര്‍മങ്ങളുമായോ അതിക്രമ സംബന്ധമായോ മറ്റു ദുഷിച്ച വിഷയങ്ങളെക്കുറിച്ചോ ആകരുത്. സത്യവിശ്വാസിയില്‍ നിന്ന് നിഷേധാത്മകമായി യാതൊന്നും ഉണ്ടാകാന്‍ പാടില്ല; മഹ്ശറില്‍ വിശ്വസിക്കുന്നവനാണല്ലോ അവന്‍. സര്‍വകാര്യങ്ങളും അവിടെ വിചാരണക്ക് വിധേയമാകും. ഇതാണ് ഈ സൂക്തത്തിന്റെ ആശയം. നബി(സ) പറഞ്ഞു: നിങ്ങൾ മൂന്നു പേരുണ്ടായിരുന്നാൽ നിങ്ങളിൽ രണ്ടു പേർ മൂന്നാമനെ കൂട്ടാതെ രഹസ്യ സംസാരത്തിൽ ഏർപ്പെടരുത്. കാരണം അതവനെ വിഷമിപ്പിക്കുന്നതാണ്. (ബുഖാരി, മുസ്ലിം)



(10) വിശ്വാസികളെ മനോവിഷമത്തിലാക്കാനായി പിശാചില്‍ നിന്നുമാത്രമുള്ളതാണ് ആ ഗൂഢാലോചന. എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്കത് ഒരുവിധ ദ്രോഹവും ചെയ്യില്ല. സത്യവിശ്വാസികള്‍ അവന്റെ മേല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കട്ടെ.



സത്യവിശ്വാസികളെ പിഴപ്പിക്കുക എന്നത് പിശാചിന്റെ പ്രഖ്യാപിത നയമാണ്. അതിനാൽ ഇതെല്ലാം അവന്റെ വേലകളാണ്. അതിനവൻ തനിക്ക് ആദ്യം കീഴടക്കുന്നവരെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുക. ഇവിടെ അത് ജൂതരും മുനാഫിഖുകളുമാണ്. തന്റെ ഇംഗിതത്തിനൊത്ത് തുള്ളുന്ന അവരെ ഉപയോഗപ്പെടുത്തുന്നത് അവർക്കെന്തെങ്കിലും നൽകുവാനല്ല. മറിച്ച് വിശ്വാസികളെ വഴി തെറ്റിക്കുവാനാണ്. ഇതെല്ലാം ഇബ്ലീസ് ചെയ്യുന്നതും ചെയ്യിക്കുന്നതും അവന്റെ കഴിവുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. അവന് അല്ലാഹുവിൽ നിന്ന് കിട്ടുന്നതല്ലാതെ സ്വയം ആർജ്ജിതമായ കഴിവുകൾ ഒന്നുമില്ല. എന്നാൽ ഇത്തരമൊരു കഴിവ് എന്തിനാണ് അല്ലാഹു പിശാചിന് നൽകിയത് എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. അത് ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന ലക്ഷ്യമായ പരീക്ഷയുടെയും പരീക്ഷണത്തിന്റെയും ഭാഗമാണ്. രണ്ടും ഉണ്ടാകാനുള്ള സാധ്യതയുള്ളിടത്തു മാത്രമാണ് പരീക്ഷക്കും പരീക്ഷണത്തിനും അർഥമുണ്ടാകുക.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso