മാസ വിശേഷം / റജബ് / വ്യതിരിക്തതകളുടെ റജബൊളി ..
17-01-2022
Web Design
15 Comments
ഹിജ്റ കലണ്ടറിലെ ഏഴാമത് മാസമായ റജബ് നാല് വിശുദ്ധ മാസങ്ങളിൽ ഒന്നും കൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നുതുമാണ്. ഇസ്ലാമിക സംസ്കൃതിയിൽ വലിയ മാനസികവും സാമൂഹ്യവുമായ അർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് വിശുദ്ധ മാസങ്ങൾ എന്ന ആശയം. മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന കാലുഷ്യങ്ങൾക്കും തദ്വാരാ ഉണ്ടാകുന്ന സംഘർഷങ്ങൾക്കും ഒരു നിർബന്ധിതമായ ഇടവേള ലഭിക്കുവാൻ വേണ്ടി ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസികൾ യുദ്ധം തുടങ്ങുന്നതിനാണ് വിലക്കുളളത്. എന്നാൽ ഇങ്ങോട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് വിലക്കില്ല. ഇത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്. യുദ്ധം ചെയ്യാതിരിക്കുക എന്നതിൽ മാത്രം ഈ ആശയം ഒതുങ്ങുന്നില്ല. സമാധാനത്തോടും ശാന്തിയോടും കൂടി മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതമാകുക കൂടി ഇതിന്റെ അർഥത്തിൽ വരുന്നുണ്ട്. അതിനാൽ ഈ മാസം ബഹുമാനത്തിന്റെയും ആദരവിന്റെയും മാസമാണ്. റജബ് എന്ന അറബീ ശബ്ദത്തിന്റെ അർഥവും അങ്ങനെയാണ്. അറബികൾ പണ്ടു മുതൽ തന്നെ വളരെ ആദരവോടെ കണ്ടിരുന്ന മാസമാണ് റജബ്.
റജബിനെ ഹദീസുകളിൽ മുളർ ഗോത്രത്തിന്റെ മാസം എന്ന് വിവരിക്കുന്നതു കാണാം. ഇതിനു കാരണമായി വ്യാഖ്യാനങ്ങൾ ഉദ്ധരിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി മുളർ ഗോത്രക്കാർ ഈ മാസത്തെ വല്ലാതെ ആദരിക്കുമായിരുന്നു എന്നതാണ്. മറ്റൊന്ന് അറബികളുടെ കാലം കൊണ്ടുള്ള കളിയുടെ ഭാഗമാണ്. അവർ പലരും തങ്ങളുടെ സൗകര്യങ്ങൾക്കു വേണ്ടി മാസങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന സ്വഭാവമുണ്ടായിരുന്നു. നസീഅ് എന്നാണ് ഇത് വ്യവഹരിക്കപ്പെടുന്നത്. അത്തൗബ അധ്യായം 37-ാം സൂക്തത്തിൽ വിശുദ്ധ ഖുർആൻ ഈ ദുസ്സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ റജബിന്റെ കാര്യത്തിൽ ഒരു തരം മാറ്റത്തിരുത്തലുകളും ചെയ്യാത്തവരായിരുന്നു മുളർ ഗോത്രക്കാർ. ഹദീസിൽ ഈ മാസം അസ്വബ്ബ് എന്നും വിശേഷിക്കപ്പെടുന്നുണ്ട്. അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന മാസം എന്നാണ് ഇത് വിവക്ഷിക്കപ്പെടുന്നത്. ഈ മാസത്തിൽ ഈ ആദരവുകളുടെ ഭാഗമെന്നോണം പല ആചാരങ്ങളും അറബികൾ നടത്തിയിരുന്നു. അതിൽ ഒരു തരം ബലി വരെയുണ്ടായിരുന്നു. അതീറ എന്നാണ് ഈ ബലി അറിയപ്പെടുന്നത്. ഇസ്ലാമിന്റെ ആദ്യ ഘട്ടം വരെ ഇതുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്. പിന്നീട് ഇത് നബി (സ്വ) നിരോധിച്ചു. ചുരുക്കത്തിൽ ഇസ്ലാമിനു മുമ്പ് തന്നെ ഏറെ ആദരിക്കപ്പെട്ടിരുന്ന മാസമായിരുന്നു റജബ് മാസം.
ഇസ്ലാമിക സംസ്കാരത്തിൽ ഏറെ അടയാളപ്പെടുത്തപ്പെട്ട മാസമാണിത്. ഇവയിൽ ഒന്ന് ഇസ്റാഅ്, മിഅ്റാജ് സംഭവങ്ങൾ ഈ മാസത്തിന്റെ 27-നായിരുന്നു ഉണ്ടായത് എന്നതാണ്. നബി(സ്വ)യെ മക്കയിലെ തന്റെ വീട്ടിൽ നിന്ന് ഈ രാത്രിയിൽ ജറൂസലമിലെ മസ്ജിദുൽ അഖ്സ്വയിലേക്ക് രാപ്രയാണം ചെയ്യിച്ച സംഭവമാണ് ഇസ്റാഅ്. അവിടെ നിന്നും ഏഴ് ആകാശങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും കൊണ്ടുപോയ സംഭവമാണ് മിഅ്റാജ് എന്ന ആകാശാരോഹണം. ബുറാഖ് എന്ന വാഹനത്തിൽ ജിബ്രീൽ എന്ന മലക്കിനോടൊപ്പമായിരുന്നു യാത്ര. ദേഹവും ദേഹിയും കൂടിയ യാത്ര തന്നെയായിരുന്നു ഇത്. നബി(സ്വ)യുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഇവ. ഈ രാത്രിയിലാണ് അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കപ്പെട്ടത്. ഇത് ഉണ്ടായ രാവിനെ കുറിച്ച് പൺഡിതർക്കായിൽ പക്ഷാന്തരമുണ്ട്. മദീന ഹിജറയുടെ തൊട്ടു മുമ്പുള്ള വർഷത്തിലെ റജബ് 27നായിരുന്നു ഇത് എന്ന് ഇമാം സുഹിരി, ഇമാം നവവീ തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായങ്ങൾ ചേർത്തു വെച്ചാൽ മനസ്സിലാക്കാം. ഏതായാലും ഖദീജാ ബീവിയുടേയും അബൂത്വാലിബിന്റെയും മരണത്തിനു ശേഷമാണ് എന്നത് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. മുസ്ലിം സമുദായത്തിന്റെ ഇതപര്യന്തമുള്ള പൊതു അഭിപ്രായങ്ങളിലും ഇതിനാണ് മുൻതൂക്കമുള്ളത്. ഈ മുൻതൂക്കം രൂപപ്പെട്ടത് നിരവധി സ്രോതസ്സുകളുടെ പിൻബലമുള്ളതു കൊണ്ടല്ലാതെ വരാൻ സാധ്യതയില്ല.
റജബിൽ ഉണ്ടായ മറ്റൊരു സംഭവം തബൂക്ക് യുദ്ധമാണ്. നബി(സ്വ)യുടെ അവസാന യുദ്ധമാണ് തബൂക്ക് യുദ്ധം. ഹിജ്റ 9 ലെ റജബ് മാസത്തിലായിരുന്നു ഇത്. ഹിജ്റ എട്ടിൽ നടന്ന മക്കാ വിജയത്തോടെ അറേബ്യയുടെ ഭീഷണികളെയെല്ലാം മറികടന്ന നബി(സ്വ)യെ പുതിയ ശത്രു വേട്ടയാടാൻ തുടങ്ങിയ കാലമായിരുന്നു അത്. അത് റോമൻ സാമ്രാജ്യമായിരുന്നു. ചെറിയ കാലയളവിനുളളിൽ അറേബ്യയെ ജയിച്ചടക്കിയ മുഹമ്മദും മതവും തങ്ങൾക്ക് ഭീഷണിയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊതുവെ അവർ ശത്രുത പുറത്തെടുത്തത്. പെട്ടെന്നുണ്ടായ കാരണം ബുസ്റായിലേക്കുള്ള നബി(സ്വ) യുടെ ദൂതനായിരുന്ന ഹാരിസ് ബിൻ ഉമൈർ അൽ അസ്ദിയെ റോമൻ ഗവർണ്ണർ ശുറഹ്ബീൽ ബിൻ അംറ് അൽ ഗസ്സാനീ വധിച്ചതായിരുന്നു. ഹിജ്റ ഒമ്പതിൽ അന്നത്തെ ലോക ഭരണാധികാരികൾക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കുവാൻ വേണ്ടി നിയോഗിച്ച ദൂതൻമാരിൽ ഒരാളായിരുന്നു ഹാരിസ്. ദൂതൻമാരെ വധിക്കുക എന്നത് എക്കാലത്തും ഏറ്റവും വലിയ ധിക്കാരമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിനു പ്രതികാരമായി സൈദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഒരു ദൗത്യ സേനയെ നബി തിരുമേനി നിയോഗിച്ചു എങ്കിലും മുഅ്ത്തത്തിൽ കാര്യമായ വിജയം നേടാനാവാതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ഒരു സൈനിക നീക്കം അനിവാര്യമായി വന്നത്.
വലിയ വെല്ലുവിളികൾ നേരിട്ട നീക്കമായിരുന്നു തബൂക്കിലേക്കുളളത്. ദൃർഘടമായ നീണ്ട വഴി അവർക്ക് താണ്ടേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ശക്തമായ ചൂട് കാലവുമായിരുന്നു. ചൂടിന്റെ പ്രശ്നത്തിനേക്കാൾ ഏറെ വൈഷമ്യമുണ്ടാക്കിയത് അത് ഈന്തപ്പഴം പഴുക്കുന്ന കാലമായിരുന്നു എന്നതാണ്. വിളവെടുപ്പിനായി കർഷക സ്വഹാബിമാർക്ക് മദീനയിൽ തന്നെ നിൽക്കേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രയാസങ്ങൾ കാരണം പലരും പല കാരണങ്ങളിലും തൂങ്ങിപ്പിടിച്ച് യുദ്ധത്തിൽ നിന്ന് മാറി നിന്നു എങ്കിലും എല്ലാ പ്രയാസങ്ങളും സഹിച്ച് നബിയും സ്വഹാബിമാരും തബൂക്കിൽ എത്തി. ഇത് റജബ് മാസത്തിലായിരുന്നു. സർവ്വസന്നാഹങ്ങളോടെ മുസ്ലിം സേന എത്തിയത് അറിഞ്ഞ റോമൻ സേനയുടെ ഉളളിൽ ഭയം നിറഞ്ഞു. ഒരു ഏറ്റുമുട്ടലിന് അവർ വന്നില്ല. അതിനാൽ തബൂക്കിൽ കാര്യമായ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല. വലിയ ഗനീമത്തുമായി സൈന്യം തിരിച്ചു പോരുകയാണുണ്ടായത്. ഈ യാത്രയിൽ നബിയും സേനയും തബൂക്കിനടുത്തുള്ള ആദ് ജനത നശിപ്പിക്കപ്പെട്ട താഴ് വരയിലൂടെ കടന്നുപോവുകയുണ്ടായി. അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ അവിടം വേഗം കടക്കുവാൻ നബി(സ്വ) നിർദ്ദേശിക്കുകയുണ്ടായി. ആധുനിക സൗദി അറേബ്യയിലെ തബൂക്കിനടുത്ത് അൽ ഉലാ പ്രവിശ്യയിലാണ് ഇപ്പോൾ ഈ സ്ഥലം. യുണൈറ്റഡ് നാഷൻസിന്റെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഈ ചരിത്ര പ്രദേശം ഇടം പിടിച്ചിട്ടുണ്ട്.
അബ്സീനിയായിലേക്കുള്ള ആദ്യ പലായനവും റജബിലായിരുന്നു. മക്കയിലെ പീഡനങ്ങൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ നബി(സ്വ) അനുയായികളോട് അബ്സീനിയായിലേക്ക് പലായനം ചെയ്യുവാൻ പറയുകയായിരുന്നു. പ്രവാചകത്വത്തിന്റെ അഞ്ചാം വർഷത്തിലായിരുന്നു ഇത്. അസ്സുമർ അധ്യായം പത്താം വചനത്തിൽ ദുരിതമനുഭവിക്കുന്നവരോട് വിശാലമായ ഭൂമി ഉപയോഗപ്പെടുത്തി പലായനം ചെയ്യുവാൻ അല്ലാഹു കൽപ്പിച്ചതോടെയാണ് നബി(സ്വ) അവരോട് ഹിജ്റ പോകുവാൻ പറഞ്ഞത്. ആദ്യ സംഘത്തിന്റെ യാത്രയായിരുന്നു റജബിൽ. ഈ സംഘത്തിൽ 12 പുരുഷൻമാരും 4 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഉസ്മാൻ ബിൻ അഫാൻ(റ), പത്നി നബി(സ്വ)യുടെ മകൾ റുഖിയ (റ) എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നു. രാത്രി അവർ ശുഐബ തുറമുഖത്തെത്തിച്ചേരുകയും ആഫ്രിക്കയിലേക്ക് പോകുന്ന കപ്പലിൽ കയറുകയുമായിരുന്നു. വിവരമറിഞ്ഞ മുശ്രിക്കുകൾ പിന്നാലെ വന്നു എങ്കിലും അപ്പോഴേക്കും കപ്പൽ തുറമുഖം വിട്ടിരുന്നു.
റാശിദീ ഖലീഫമാരുടെ കാലത്തുണ്ടായ പ്രധാന സംഭവങ്ങളിൽ റജബ് വേദിയായ രണ്ട് സംഭവങ്ങളാണ് ഡമാസ്കസ് വിജയവും യർമൂക്ക് യുദ്ധവും. അക്കാലത്തെ ഏറ്റവും വലിയ സാമ്രാജ്യ ശക്തിയായിരുന്ന റോമൻ ബൈസൽടൈൻ സേനക്കുമേൽ ഏതിഹാസികമായ വിജയം നേടുകയും ശാം നാടുകളിലെ ഇസ്ലാമിക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്ത സംഭവങ്ങളായിരുന്നു ഇവ രണ്ടും. ഡമാസ്കസ് വിജയം ഹിജ്റ 13 ൽ ഉമർ(റ) വിന്റെ കാലത്തായിരുന്നു. ജമാദുൽ ആഖിർ 17 ന് ആരംഭിച്ച നീക്കം റജബ് 20 ൽ വിജയത്തിലെത്തി. അബൂ ഉബൈദ, ഖാലിദ് ബിൻ വലീദ് തുടങ്ങിയ നായകൻമാരുടെ നേതൃത്വത്തിലായിരുന്നു മുന്നേറ്റം. ഇവിടെ തുടങ്ങിയ മുന്നേറ്റത്തിന്റെ അന്തിമ വിജയമായിരുന്നു ഹി. 15 ൽ നടന്ന യർമൂക്ക് യുദ്ധം. 6 ദിവസം നീണ്ടു നിന്ന ഈ യുദ്ധത്തിൽ വെറും 36,000 പേരുള്ള മുസ്ലിം സൈന്യത്തിന് രണ്ടര ലക്ഷത്തോളം റോമൻ പടയാളികളെയാണ് നേരിടാനുണ്ടായിരുന്നത്. ഖാലിദ് ബിൻ വലീദിന്റെ സമർഥമായ മുന്നേറ്റത്തിനു മുമ്പിൽ റോമൻ പട നിലംപരിശായി. അബൂ ഉബൈദ, ഖാലിദ് ബിൻ വലീദ്, അംറ് ബിൻ ആസ് എന്നിവരായിരുന്നു നായകൻമാർ. യർമൂക്ക് വിജയത്തോടെ ശാം നാടുകൾ മുഴുവനും ഇസ്ലാമിന് അധീനപ്പെട്ടു.
റജബിന്റെ സങ്കടങ്ങളിൽ പ്രധാനപ്പെട്ട ഏതാനും വിയോഗങ്ങളുണ്ട്. ഒന്നാമത്തേത് നജാശി രാജാവിന്റെ വിയോഗമാണ്. അബ്സീനിയായിലെ രാജാവായിരുന്നു അസ് ഹമ എന്ന നജാശി. റോമാ സാമ്രാജ്യത്തിന്റെ കീഴിൽ ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ സ്ഥാനപ്പേരാണ് നജാശി എന്നത്. അബ്സീനിയായിലെത്തിയ അഭയാർഥി സ്വഹാബിമാരെ യധോചിതം സ്വീകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്ത ഒരു നല്ല ഭരണാധികാരിയായിരുന്നു അസ്ഹമ. നബി(സ്വ) അദ്ദേഹത്തെ ശ്ലാഖിച്ചതായി കാണാം (ബൈഹഖി). അബ്സീനിയയിലെ മുഹാജിറുകളിൽ നിന്ന് ഇസ്ലാമിനെയും നബി തിരുമേനിയെയും മനസ്സിലാക്കിയ നജാശി ആദ്യ നാൾ മുതലേ ഇസ്ലാമിൽ എത്തി. പിന്നീട് നബിയും അദ്ദേഹവും തമ്മിൽ സമ്മാനങ്ങളും സന്ദേശങ്ങളും കൈമാറുമായിരുന്നു. നബി(സ്വ) ഉമ്മുഹബീബ(റ)യെ വിവാഹം കഴിക്കുമ്പോൾ മഹർ നൽകിയത് നജാശീ രാജാവായിരുന്നു. ഹിജ്റയിൽ അവിടെ ഭർതൃ സമേതം എത്തി ജീവിക്കുന്നതിനിടെ ഭർത്താവ് ഉബൈദുല്ലാഹി ബിൻ ജഹ്ശ് മതം ഉപേക്ഷിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും അധികം വൈകും മുമ്പ് മരണപ്പെടുകയും ചെയ്തതായിരുന്നു. ഇതിനെ തുടർന്ന് ഹിജ്റ ഏഴിൽ നബി(സ) അവരെ വിവാഹം ചെയ്തു. അത് നജാശിയുടെ കാർമ്മികത്വത്തിലായിരുന്നു. 400 ദീനാറായിരുന്നു മഹർ. ഹിജ്റ 9 റജബിലായിരുന്നു നജാശിയുടെ മരണം. വിവരമറിഞ്ഞ നബി ഏറെ ദുഖിക്കുകയും അദ്ദേഹത്തിന്റെ പേരിൽ മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയും ചെയ്തു.
രണ്ടാമത്തേത് അമവീ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് (റ) യുടെ വഫാത്താണ്. ഇസ്ലാമിക ചരിത്രത്തിൽ റാശിദീ ഭരണാധികാരികൾക്ക് സമാനനായി പരിഗണിക്കപ്പെടുന്ന നീതി നിഷ്ഠനായ ഭരണാധികാരിയായിരുന്നു ഉമർ ബിൻ അബ്ദുൽ അസീസ്. അമവീ ഖിലാഫത്തിലെ എട്ടാം ഖലീഫയായിരുന്നു അദ്ദേഹം. അക്കാലത്തെ പതിവനുസരിച്ച് നിലവിലെ ഭരണാധികാരിയുടെ മക്കളോ സഹോദരങ്ങളോ ആണ് പിൻഗാമി ആവേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ പിതൃവ്യപുത്രൻ മാത്രമായ ഉമറിനെ ഖലീഫ പിൻഗാമിയായി വാഴിച്ചത് അമവികൾക്കിടയിൽ ഞെട്ടലും അസ്വസ്ഥതയുമുണ്ടാക്കായിരുന്നു. ഏഴാം ഖലീഫ സുലൈമാനുബ്‌നു അബ്ദില്‍ മലിക് നിര്യാതനായി മയ്യിത്ത് ഖബറടക്കും മുമ്പുതന്നെ സുലൈമാന്റെ വിശ്വസ്തനായ റജാഉബ്‌നു ഹൈവ മിമ്പറില്‍ കയറി തന്റെ പിന്‍ഗാമി ആരാണെന്നെഴുതി സുലൈമാന്‍ ഏല്പിച്ച കത്തെടുത്തു പേരു വായിക്കുകയായിരുന്നു. അതിൽ ഉമർ ബിൻ അബ്ദുൽ അസീസിന്റെ പേരായിരുന്നു. പള്ളിയില്‍ കൂടി നില്ക്കുന്നവരില്‍ ഉണ്ടായിരുന്നു അദ്ദേഹം അതുകേട്ട് ഉച്ചത്തില്‍ പറഞ്ഞു. 'ഇന്നാലില്ലാഹ് വഇന്നാ ഇലൈഹി റാജിഊന്‍' പിന്നീടദ്ദേഹം തളര്‍ന്നിരിക്കുകയും ചെയ്തു. ആളുകള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് മിമ്പറില്‍ കയറ്റി. നിറകണ്ണുകളോടെ ഏതാനും വാക്കുകള്‍ സംസാരിച്ചു. ശേഷം അവിടെ കൂടിയവരെല്ലാം അദ്ദേഹത്തിന് ബൈഅത്തും ചെയ്തു.
ഹിജ്‌റ 61ല്‍ ഈജിപ്തിലെ ഹുല്‍വാനിലാണ് ജനനം. മര്‍വാന്റെ പുത്രനും ഈജിപ്ത് ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസ് ആണ് പിതാവ്. മാതാവ്, ഖലീഫ ഉമറിന്റെ കാലത്തെ പാല്‍ക്കാരി പെണ്‍കുട്ടിയുടെ മകള്‍ ലൈല എന്ന ഉമ്മു ആസ്വിം. ഖലീഫ ഉമറിന്റെ പൗത്രിയുടെ മകനാണ് ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നര്‍ഥം. ഖുര്‍ആന്‍ മനപ്പാഠത്തിനുശേഷം ഉപരിപഠനം മദീനയിലെ മസ്ജിദുന്നബവിയില്‍. ഗുരു സ്വാലിഹുബ്‌നു കൈസാന്‍. മാതൃക അമ്മാവനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ). ഈജിപ്ത് ഗവര്‍ണറായിരിക്കെ പിതാവ് കാഴ്ചവെച്ച ഭരണവും ഉമറിന് മാതൃകയായി. അക്കാലത്തെ പ്രമുഖ പണ്ഡിതനായും അറിയപ്പെട്ടു. വലീദ് അമീറായിരിക്കെ ഉമറിനെ മദീനയിലെ ഗവര്‍ണറാക്കി. മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന് നേതൃത്വം നല്‍കിയതും ഇക്കാലത്തു തന്നെയാണ്. അമീറുമാരെ സന്ദര്‍ശിക്കുകയോ അവരില്‍നിന്ന് സഹായങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാത്ത പ്രസിദ്ധ പണ്ഡിതന്‍ സഈദുബ്‌നു മുസ്വയ്യബ്. പക്ഷേ, ഇദ്ദേഹത്തെ സ്‌നേഹിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഖലീഫ ആയതോടെ കൂടുതല്‍ വിനയാന്വിതനായി. ആഡംബരങ്ങളും സുഖസൗകര്യങ്ങളും വേണ്ടെന്നു വച്ചു. ബനൂ ഉമയ്യ അന്യായമായി വച്ചിരുന്ന സ്വത്തുവകകള്‍ പൊതുഖജനാവിലേക്കുമാറ്റി. രണ്ടരവര്‍ഷത്തോളം നീതിയും ധര്‍മവും കളിയാടിയ അദ്ദേഹത്തിന്റെ ഭരണത്തിന് തിരശ്ശീല വീണത് അദ്ദേഹത്തിന്റെ വഫാത്തോടെയായിരുന്നു. ഹിജ്റ 101 ൽ റജബ് 25 ന് വെള്ളിയാഴ്ചയായിരുന്നു ആ വിയോഗം. മരണപ്പെടുമ്പോൾ 39 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മറ്റൊരു വിയോഗം മഹാനായ ഇമാം ശാഫി(റ)യുടേതാണ്. ഭൂലോകം മുഴുവൻ ജ്ഞാനം നിറക്കുന്ന ഒരു പണ്ഡിതൻ ഖുറൈശികളിൽ നിന്ന് ഉത്ഭവിക്കും എന്ന നബി(സ)യുടെ മുൻകൂട്ടിയുള്ള പ്രവചനം ശാഫി ഇമാമിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതർ പറയുന്നു. പണ്ഡിത കുലപതിയായ ഇമാം അബൂഹനീഫ(റ)വിന്റെ വിയോഗ വർഷം തന്നെയാണ് മറ്റൊരു പണ്ഡിതജ്യോതിസായി ശാഫി ഇമാമിനെ ഇസ്‌ലാമിക ലോകത്തിനു കനിഞ്ഞുകിട്ടിയത്. അസാമാന്യ ധീക്ഷണതയും, ആഴമേറിയ ജ്ഞാന സമ്പന്നത കൊണ്ടും, കാലത്തെ വഴി നടത്തിയ മഹാപാണ്ഡിത്വത്തിനുടമയായ ഇമാം മുഹമ്മദ് ബ്നു ഇദ്രീസുശ്ശാഫിഈ (റ) ഹിജ്റ 150-ൽ ഫലസ്തീനിലെ ഗസ്സയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടു. എങ്കിലും എല്ലാ വിധ പരാധീനതകൾക്കിടയിലും മാതാവിന് പ്രിയ പുത്രനെ നന്മയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചു. പിതാവിന്റെ വിയോഗാനന്തരം രണ്ടാം വയസ്സിൽ മക്കയിലേക്ക് കുടുംബ സമേതം പലായനം ചെയ്തു. എട്ടാം വയസ്സിൽ ഖുർആൻ ഹിഫ്ളാക്കി. ചെറുപ്പകാലത്ത് തന്നെ ഒരു ചെറിയ കറാഹത്ത് പോലും ചെയ്യാതെ ജീവിക്കാൻ ശ്രമിച്ചു. പത്താം വയസ്സിൽ മാലിക് ഇമാമിന്റെ മുവത്വ കാണാതെ പഠിച്ചു.പന്ത്രണ്ട് വയസ്സ് ആയപ്പോഴേക്കും പക്വമതിയായ ഒരു ഹദീസ് പണ്ഡിതനായി മാറി. അതിനിടയിൽ ഫിഖ്ഹിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചാം വയസ്സിൽ ഫത് വ കൊടുക്കാൻ ഗുരുവര്യൻമാരിൽ നിന്നും അനുമതി ലഭിച്ചു.
ആ ജീവിതം ജ്ഞാന സഞ്ചാരങ്ങളുടെ ഒരു നൈരന്തര്യം തന്നെയായിരുന്നു. മക്ക, മദീന, യമന്‍, ഇറാഖ് തുടങ്ങിയ നാടുകളിലൂടെ ജ്ഞാന ദാഹവുമായി അലയുകയും ഓരോ ദേശത്തുമുള്ള പണ്ഡിതശ്രേഷ്ഠരില്‍ നിന്നും ജ്ഞാന പ്രഭ സ്വീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വ്യാകരണം, കവിത, വൈദ്യശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 13ാം വയസ്സിൽ ഇമാം ദാരിൽ ഹിജ്റ മാലിക് ബിൻ അനസ് (റ) വിനെ ലക്ഷ്യമാക്കി മദീനയിലേക്ക് നീങ്ങി. അവിടുത്തെ മുൻപിൽ മുവത്വഅ് മുഴുവനും കാണാതെ കേൾപ്പിച്ചു. തന്റെ സഹപാഠികളെക്കാൾ സംവേദന ശേഷിയും ആഴമുള്ള ഉൾകാഴ്ച്ചയും അവിടുന്ന് പ്രകടിപ്പിച്ചിരുന്നു. ഉസ്താദുമാരെല്ലാം ശുഭ പ്രതീക്ഷയായിരുന്നു ഇമാമിൽ കണ്ടിരുന്നത്. ഇമാം മാലിക്(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചതിന് ശേഷം നേരേപോയത് ഇറാഖിലേക്കാണ്. മഹാനവർകൾ ഹദീസ് പ്രചരണത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അക്കാലത്തെ ഇമാമുൽ മുഹദ്ദിസ് എന്ന പേരിനുടമയായി. ഹി-179ൽ ഇമാം മാലിക്(റ)വിന്റെ വഫാത്ത് വരെ അവിടെ ആ സവിധത്തിൽ തന്നെ തുടർന്നു. മാലിക് ( റ ) വിൻ്റെ വിയോഗാനന്തരം യമനിൽ സേവനം തുടങ്ങി. ഇടയിൽ വെച്ച് അന്യായമായി ഹി- 184ൽ ജയിലിലടക്കപ്പെട്ടു. മോചിതനായ ശേഷം ഇറാഖിലെത്തി. അവിടെ കുറച്ച് കാലം താമസിച്ചതിനു ശേഷം മക്കയിലെത്തി പതിനൊന്നു വർഷം വീണ്ടും ദർസ് നടത്തി. സർവ്വ വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യ മുണ്ടായിരുന്ന ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) ഇമാമിന്റെ ശിഷ്യത്വവും മഹാൻ സ്വീകരിച്ചു. ഹി.197ൽ വീണ്ടും മക്കയിലെത്തി. ഒരു വർഷം കഴിഞ്ഞ് അവിടെ നിന്ന് മടങ്ങി 198 ൽ വീണ്ടും ബാഗ്ദാദിലെത്തി. അല്പകാലം അവിടെയും താമസിച്ച് ഹിജ്റ 199ൽ ഈജിപ്തിലെത്തി. ഹിജ്റ 204 റജബ് 29 ന് മഹാൻ ഈജിപ്തിൽ വഫാത്തായി. അവിടെ തന്നെയാണ് ഖബറും.
റജബ് കണ്ട മറ്റൊരു വിയോഗം ഇമാം മുസ്ലിം(റ) വിന്റേതാണ്. സ്വഹീഹു മുസ്‌ലിം എന്ന ഹദീസ് സമാഹാരത്തിന്റെ കര്‍ത്താവ് ഇമാം മുസ്‌ലിം എന്ന പേരില്‍ വിശ്രുതനായ ഹുജ്ജത്തുല്‍ ഇസ്‌ലാം അബുല്‍ ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ് ഇബ്‌നി മുസ്‌ലിം ആണ്. ഹിജ്‌റ 202 ക്രിസ്താബ്ദം 817ലാണ് ഇമാം അവർകളുടെ ജനനം. സ്വന്തം നാടായ നൈസാപൂര്‍ അന്നത്തെ പ്രധാന വൈജ്ഞാനിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. വീട്ടിലും നാട്ടിലും നിറഞ്ഞുനിന്ന മതപരവും വൈജ്ഞാനികവുമായ അന്തരീക്ഷം ഇമാം മുസ്‌ലിമിന്റെ ജീവിതത്തെ അഗാധമായി സ്വാധീനിച്ചു. കൗമാരപ്രായത്തിലേ ഇമാം മുസ്‌ലിമിന്റെ ശ്രദ്ധ ഹദീസ് വിജ്ഞാനീയത്തിലേക്കു തിരിഞ്ഞു. 14-ാമത്തെ വയസ്സില്‍ ഹദീസ് പഠനത്തിന് അദ്ദേഹം ആരംഭം കുറിച്ചു. ജന്മനാട്ടിലുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം ഹദീസുകള്‍ തേടി രാജ്യാന്തര സഞ്ചാരത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അറേബ്യ, ഈജിപ്ത്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി നിരവധി പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. അവരില്‍ നിന്ന് വിജ്ഞാനങ്ങള്‍ സ്വീകരിക്കുകയും ഹദീസുകള്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു. ഒടുവില്‍ നൈസാപൂരില്‍ തിരിച്ചെത്തി അവിടെ സ്ഥിരതാമസമാക്കി ഗ്രന്ഥരചനയില്‍ വ്യാപൃതനായി. ഇസ്‌ലാമിക ചരിത്രത്തില്‍ ഇമാം മുസ്‌ലിമിനെ അനശ്വരനാക്കിയത് അദ്ദേഹത്തിന്റെ ജാമിഉസ്സ്വഹീഹ് എന്ന ഹദീസ് സമാഹാരമാണ്. ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാരങ്ങളുടെ കൂട്ടത്തില്‍ രണ്ടാംസ്ഥാനത്തിന് അര്‍ഹമെന്ന് മുസ്‌ലിം ലോകം ഏകോപിച്ച് അംഗീകരിച്ച ഗ്രന്ഥമാണിത്. ഇതിന് പുറമെ അദ്ദേഹം രചിച്ച ഇതര ഗ്രന്ഥങ്ങളില്‍ ചിലത് അല്‍മുസ്‌നദുല്‍ കബീര്‍ അലര്‍രിജാല്‍, കിതാബു അസ്മാഇല്‍കുനാ, കിതാബുത്തംയീസ്, കിതാബുല്‍ ഇലല്‍, കിതാബുല്‍ വഹ്ദാന്‍, കിതാബുല്‍ അഫ്‌റാദ് തുടങ്ങിയവയാണ്. ഹിജ്‌റ 261 (ക്രി.വ: 874) റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം നൈസാപൂരില്‍ തന്നെയാണ്.
ഇന്ത്യയുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട ഖാജാ മുഈനുദ്ദീന്‍ ചിശ്തി അല്‍ അജ്മീരിയുടെ വഫാത്തും റജബിലായിരുന്നു. ആത്മീയതയും വഹിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫീ വര്യന്മാരില്‍ ഉന്നതനാണ് മഹാനവര്‍കള്‍. കുഞ്ഞുനാള്‍ മുതലേ കറാമത്തുകൾ മഹാനവര്‍കളില്‍ പ്രകടമായിരുന്നു. കുട്ടിക്കാലം തൊട്ടേ അശരണരുടെ ആശാ കേന്ദ്രമായിരുന്നു അദ്ദേഹം. അസുഖം ബാധിച്ചെത്തുന്ന കുട്ടികളെ തലോടി തല്‍ക്ഷണം കുട്ടികളുടെ അസുഖം മാറിയിരുന്നു. ശേഷം ഇന്ത്യയിലെത്തി മുസ്ലിംകള്‍ക്ക് മാത്രമല്ല, സര്‍വ മതക്കാര്‍ക്കും അനുഗ്രഹമായി മാറി. പതിനാല് വയസ്സ് മാത്രമുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ നഷ്ടമായ മഹാനവര്‍കള്‍ക്ക് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അടുപ്പവും കരുത്ത് നല്‍കി. ഹിജ്‌റ 547, റജബ് 14 നായിരുന്നു മഹാനായ ശൈഖ് മുഈനുദ്ദീന്‍ ഹസനുബ്‌നു ഹസനുസ്സന്‍ജരി(റ) ഇറാനിലെ സിജിസ്ഥാന്‍ പ്രവിശ്യയിലെ സഞ്ചര്‍ എന്ന സ്ഥലത്ത് ജനിച്ചത്. മാതാവ് സയ്യിദ ഉമ്മുല്‍ വറഅ് മാഹനൂര്‍ എന്നവരും പിതാവ്സയ്യിദ് ഗിയാസുദ്ദീന്‍ എന്നവരുമായിരുന്നു. നബി പുത്രി ഫാത്വിമ ബീവിയുടെ പതിനൊന്നാമത്തെ തലമുറയിലാണ് പിതാവ് ജനിച്ചത്. മൗലാനാ ഹിസാമുദ്ദീന്‍ ബുഖാരി, ഉസ്മാന്‍ ഹാറൂനി എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍. ഹിജ്റ 588 ല്‍ 40 ശിഷ്യരോടൊപ്പം മഹാനവർകൾ ഇന്ത്യയിലെത്തി തന്റെ ആത്മീയ ദൗത്യങ്ങൾ ആരംഭിച്ചു. ലക്ഷങ്ങൾ അദ്ദേഹത്തിലൂടെ ഇസ്ലാമിന്റെ തണലിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ ഭരണാധികാരികളും സുൽത്വാൻമാരും എന്നും ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ് ഖാജാ തങ്ങൾ. ഇന്നും അത് തുടരുന്നു. ഹിജ്‌റ 633 റജബ് 6, തിങ്കളാഴ്ച തന്റെ തൊണ്ണൂറ്റി ആറാം വയസ്സിൽ മഹാനവർകൾ നമ്മെ വിട്ടുപിരിഞ്ഞു.
കേരളത്തിന്റെ റജബ് നഷ്ടങ്ങൾ നിരവധിയാണ്. അവയിലൊന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രസിഡണ്ടായിരുന്ന ആനക്കര സി കോയക്കുട്ടി മുസ്ലിയാരുടെ വഫാത്ത്. 1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടായിരുന്നു ഉസ്താദിന്റെ ജനനം. ഒ.കെ.സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കടുപ്രം മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടികൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. 1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സൂഫീസരണയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം ആധ്യാത്മികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
റജബ് മാസം ഓർമ്മിപ്പിക്കുന്ന മറ്റൊരു വിയോഗം കണ്യാല അബ്ദുല്ല ഹാജി മൗലാ(റ) അവർകളുടേതാണ്. റജബിൽ തന്നെയായിരുന്നു അവരുടെ ജനനവും. ഹിജ്‌റ 1356 റജബ് 27 ന് പട്ടിക്കാടിന് അടുത്ത കണ്ണ്യാലയിലാണ് അബ്ദുള്ള ഹാജി മൗലയുടെ ജനനം.തമ്പലക്കോടൻ സൂഫി മരക്കാർ എന്ന സൂഫിവര്യൻ ആണ് പിതാവ്.
മാതാവ് ഹാഫിളത്ത് ഫാത്തിമ എന്നവരും.
മഹാനായ പാടത്തക്കായിൽ മുഹമ്മദ് സ്വാലിഹ് മൗലയുടെ മുത് ലഖൻ ഖലീഫ എന്ന പദവിയിൽ ഉള്ള ആളാണ് കണ്യാല മൗല. എല്ലാ മുറബ്ബികൾക്കും ഒരുപാട് ഖലീഫമാർ ഉണ്ടാകും. എന്നാല്‍ അതില്‍ മുത് ലഖൻ ഖലീഫ ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഖലീഫ കണ്ണിയാല മൗലയാണ് എന്നതില്‍ ഒരു തർക്കവും ഇല്ല . മഹാനായ സ്വാലിഹ് മൗല മംഗലാപുരം മൗലയിൽ നിന്നും ഏറ്റ് വാങ്ങിയ തലപ്പാവും വടിയും പിന്നീട് ഏൽപിക്കപ്പെട്ടത് കണ്ണിയാല മൗലയുടെ പക്കലാണ്. ആ പരിശുദ്ധമായ തലപ്പാവും വടിയും ഇപ്പോഴും മൗലയുടെ വീട്ടില്‍ സൂക്ഷിപ്പുണ്ട്. പതിനായിരങ്ങളെ ആത്മീയമായി സമുദ്ധരിച്ച കണ്യാല മൗല ഹിജ്റ 1425 റജബ് 10 ( 2004 ഓഗസ്റ് -26) ന് വെള്ളിയാഴ്ച ബർസഖിയ്യായ ലോകത്തേക്ക് യാത്രയായി.
ജീവിതവും മരണവും സമസ്തക്ക് വേണ്ടി മാറ്റിവെച്ച നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു നാട്ടിക വി. മൂസ മുസ്‌ലിയാര്‍. അവരുടെ വഫാത്തും റജബിലായിരുന്നു. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ എടയാറ്റൂരില്‍ 1952 ഏപ്രില്‍ 2ന് വെമ്പുള്ളി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായിട്ടാണ് ജനനം. അറിവിന്റെ ബാലപാഠങ്ങള്‍ നാട്ടില്‍ നിന്നു തന്നെ അഭ്യസിച്ച മൂസ മുസ്‌ലിയാര്‍ ചെങ്ങര ജുമുഅത്ത് പള്ളിയില്‍ നിന്നും പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ നിന്നും പഠനം പൂർത്തിയാക്കി വെല്ലൂരിലെ ബാഖിയാതുസ്വാലിഹാതിലും ദയുബന്ദിലെ ദാറുല്‍ ഉലൂമിലും ഉപരിപഠനം നടത്തി. പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജോലിചെയ്തു. താന്‍ പഠനം നടത്തിയ പൊന്നാനി മഊനതുല്‍ ഇസ്‌ലാമില്‍ തന്നെയാണ് ആദ്യമായി ജോലിക്ക് കയറിയത്. തുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ സുന്നിയ്യയില്‍ അധ്യാപകനായും നാട്ടിക ജുമാ മസ്ജിദില്‍ മുദരിസായും സേവനം അനുഷ്ഠിച്ചു. ഈ സമയത്താണ് അദ്ദേഹം നാട്ടിക എന്നറിയപ്പെട്ടു തുടങ്ങിയത്. ദേശമംഗലം എം.ഐ.സി, ജാമിഅ ഇസ്‌ലാമിയ മഞ്ചേരി, ദാറുല്‍ ഹികം മേലാറ്റൂർ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ശിൽപ്പിയും അദ്ദേഹമാണ്. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിദ്ധണ്ട്, പ്രസിഡണ്ട് എന്നീ പദവികളും വഹിച്ച നാട്ടിക ഉസ്താദ് തന്റെ 49-ാം വയസ്സില്‍ 2001 ഒക്‌ടോബര്‍ 4-ന് (റജബ് 17) വഫാത്തായി.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso