Thoughts & Arts
Image

കുട്ടികൾ കുട്ടികളാണ് എന്നെങ്കിലും..

19-01-2022

Web Design

15 Comments





അടുത്ത സീറ്റൊഴിഞ്ഞതും അവൻ അതിലേക്ക് വീണതുപോലെ ഇരുന്നു. സമയം ഇരുട്ടിത്തുടങ്ങിയല്ലോ, ഇനി യാത്രക്കാരൊന്നും ഈ റൂട്ടിൽ കാര്യമായി കയറില്ല എന്ന ഉറപ്പുണ്ടായതു കൊണ്ടാണ് ഇരിക്കുവാൻ അവൻ ഇത്ര ധൈര്യം കാണിക്കുന്നത്. അല്ലെങ്കിൽ കണ്ടക്ടറുടെ കണ്ണും കയ്യുമൊക്കെ നോക്കിയേ കുട്ടികൾക്ക് ഇരിക്കാൻ അനുമതിയുള്ളൂ. വലിയ ബാഗ്, ചുളിഞ്ഞു മുഷിഞ്ഞു തുടങ്ങിയ യൂണിഫോം, വിയർത്തു തളർന്ന മട്ടും ഭാവവും ..., എല്ലാം കണ്ടപ്പോൾ അവനോട് സങ്കടം തോന്നി. അവനെ നോക്കി. അവന് തിരിച്ചുനോക്കി. നിഷ്കളങ്കമായ പുഞ്ചിരി കൈമാറിക്കഴിഞ്ഞപ്പോൾ അവനോട് വിവരങ്ങൾ ചോദിച്ചു. ഒമ്പതാം ക്ലാസുകാരൻ ട്യൂഷൻ കഴിഞ്ഞു വരികയാണ്. സ്കൂളിൽ നിന്ന് നേരെ ട്യൂഷനു പോകുകയായിരുന്നു. രാവിലെ എട്ടു മണിക്ക് ഇറങ്ങും. നേരെ സ്കൂളിലേക്ക്. അതു കഴിഞ്ഞാൽ ട്യൂഷൻ മാസ്റ്ററുടെ വീട്ടിലേക്ക്. അതിനിടയിൽ വേണ്ട പ്രധാന ഭക്ഷണങ്ങളൊക്കെ അവന്റെ മടിയിലിരിക്കുന്ന വലിയ ബാഗിനകത്തുണ്ട്. സ്കൂളിലേക്കും ട്യൂഷനും വേണ്ട പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും ചോറ്റുപാത്രവും വെള്ളക്കുപ്പിയും ഒക്കെക്കൂടി ഒരു പതിനഞ്ച് കിലോ വഹിക്കുന്നുണ്ട് ഈ പതിനാലുകാരൻ ഇളം പുറത്ത്. അവനോട് സഹതാപം തോന്നി. ജീവിതത്തിലും പോക്കറ്റിലും മനസ്സിലും താൻ വഹിക്കുന്നതിലധികം ഭാരം വഹിക്കുന്നുണ്ട് ഈ പൈതൽ എന്നോർത്തപ്പോൾ സഹതാപം സങ്കടമായി.



കൂടുതൽ സംസാരിച്ചപ്പോഴാണ് ശരിക്കുമുള്ള അവന്റെ ഭാരം മനസ്സിലായത്. എനിക്കറിയാനുണ്ടായിരുന്നത് സ്കൂളിൽ പഠിക്കുന്നുണ്ടല്ലോ, പിന്നെ എന്താണ് ട്യൂഷന്റെ ആവശ്യം എന്നായിരുന്നു. അപ്പോഴാണ് അവൻ കഥ നിവർത്തിയത്. സ്കൂളിൽ എല്ലാം ഒരു ഓടിച്ചു പോക്കാണ്. ഒന്നും കാര്യമായി വിശദീകരിക്കില്ല. അഥവാ എന്തെങ്കിലും ചോദിച്ചാൽ ഉത്തരം കിട്ടും. പക്ഷെ, ചോദിച്ചത് അപരാധമായി എന്നതിന്റെ ധ്വനി അതിലുണ്ടാകും. അതുകൊണ്ട് ചോദിക്കുവാൻ താൽപര്യം വരില്ല. ചോദിക്കേണ്ടിവന്നതിൽ കടുത്ത കുറ്റപ്പെടുത്തലുകൾ ഉണ്ടാകും. നീ ശ്രദ്ധിക്കാത്തതു കൊണ്ടാണ് എന്നായിരിക്കും അത്. അപ്പോൾ പിന്നെ പരീക്ഷ കടക്കണമെങ്കിൽ ട്യൂഷൻ തന്നെ ശരണം. അവൻ പറഞ്ഞു വെച്ചു. അതേ സമയം നല്ല അദ്ധ്യാപകരുമുണ്ട്. നന്നായി വിശദീകരിച്ചു പഠിപ്പിക്കുന്നവർ. അവർ പക്ഷെ, അവന്റെ സ്കൂളിൽ അധികമില്ല. ഉള്ളവരൊന്നും പ്രധാന വിഷയങ്ങൾ എടുക്കുന്നവരുമല്ല. നല്ല വിനയമുള്ള കുട്ടി. അവൻ ഇറങ്ങിയത് ഉപചാരങ്ങളൊക്കെ പാലിച്ചായിരുന്നു. ഒറ്റക്കായപ്പോൾ വീണ്ടും അതേ വിഷയത്തിലേക്ക് തന്നെ വന്നു ഞാനും മനസ്സും.



സ്കൂൾ അധ്യാപകർ എന്താ നന്നായി പഠിപ്പിക്കാത്തത് എന്നാലോചിച്ചു പോയി. ഗവൺമെന്റ് ശമ്പളം പറ്റുന്ന അദ്ധ്യാപകരാണ് കൂടുതൽ ഉഴപ്പുന്നത് എന്ന് കേട്ടിട്ടുണ്ട്. പ്രൈവറ്റ് സ്കൂളുകളിൽ ഉഴപ്പലിന് ശക്തമായ നിയന്ത്രണമുണ്ട്. മാത്രമല്ല, ബാഹ്യമായ ട്യൂഷൻ ഇല്ലാതെ ഐ എ എസ്സിന് വരെ കോച്ചിംഗ് നൽകുമെന്നത് അവരുടെ പരസ്യ വാചകവുമാണ്. എയിഡഡ് സ്കൂളുകളിൽ സത്യത്തിൽ പല ജാതി ടെൻഷനുകളാവാം ഒരു കാരണം. കുട്ടികളുടെ ബാഹുല്യം മറ്റൊന്ന്. കുട്ടികളിൽ മഹാ ഭൂരിപക്ഷത്തിന്റെ മുഖത്തും പ്രകടമായി കാണുന്ന താൽപര്യക്കുറവ് മറ്റൊന്ന്. ഫീസ് കൊടുത്ത് പഠിക്കുമ്പോഴും ഫീസ് വാങ്ങി പഠിപ്പിക്കുമ്പോഴും ഇത്തരം ഉദാസീനതകൾ പലപ്പോഴും ഉണ്ടാവില്ല. എല്ലാം കൂടി ചേരുമ്പോഴാണ് കാര്യങ്ങൾ അഴകൊഴമ്പനാകുന്നത്. എന്നാൽ ഇതിനെല്ലാം അപവാദങ്ങൾ ധാരാളമുണ്ട്. അവിടെ ഇത്തരം പ്രശ്നങ്ങളുമില്ല. ഈ പ്രവണത കണ്ടുവരുന്ന മറ്റൊരു സാഹചര്യം ക്ലാസിലെ അധ്യാപകർ തന്നെ ട്യൂഷൻ മാഷൻമാർ കൂടി ആവുമ്പോഴാണ്. അപ്പോൾ അവർ തങ്ങളുടെ ബിസ്നസ്സ് പ്രമോഷൻ ചെയ്യുകയാണ്.



ഒരു സംവിധാനം താളപ്പിഴക്ക് വിധേയമാകുമ്പോൾ അതിന്റെ കാരണം കണ്ടുപിടിക്കുവാൻ ആദ്യം ചെയ്യേണ്ടത് സംവിധാനത്തിന്റെ കേന്ദ്ര ബിന്ദു കണ്ടെത്തലാണ്. സംവിധാനം ആ ബിന്ദുവിനെ ശരിക്കും കേന്ദ്രീകരിക്കാതെ വരുമ്പോഴാണ് താളപ്പിഴ സംഭവിക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്ര ബിന്ദു സത്യത്തിൽ വിദ്യാർഥി ആണ്. ആയിരിക്കേണ്ടതാണ്. അതങ്ങനെ ആണെന്നും ആയിരിക്കണമെന്നും സംവിധാനവുമായി ബന്ധപ്പെട്ട എല്ലാവരും ചിന്തിക്കുമ്പോഴാണ് കാര്യങ്ങൾ ശരിയായ റൂട്ടിൽ ഓടുക. അങ്ങനെ വരുമ്പോൾ ഒരോ ചലനത്തിലും നീക്കത്തിലും വിദ്യാർഥിക്ക് ഏതാണ് നല്ലത്, ഗുണകരം എന്നാലോചിക്കപ്പെടും. അധ്യാപകർ വിദ്യാർഥിയുടെ ഭാവി മാത്രം ലാക്കാക്കി പ്രവർത്തിക്കണം. തങ്ങളുടെ മനോനില, താൽപര്യം, കാര്യലാഭം, സമയലാഭം തുടങ്ങിയവയിലേക്ക് കേന്ദ്ര ബിന്ദു തെന്നിമാറുന്നതാണ് മേൽ പറഞ്ഞ എല്ലാ താളപ്പിഴകളുടെയും കാരണം. ഇത് അദ്ധ്യാപകരിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് നേര്. മാതാപിതാക്കൾ കൂടി ഇതിൽ ബാധ്യസ്ഥരാണ്. മാതാപിതാക്കൾ സ്വയം തങ്ങളുടെ മക്കളുടെ കാര്യത്തിൽ അവരാകുന്ന കേന്ദ്ര ബിന്ദുവിനെ ഒട്ടും പരിഗണിക്കാതെ തീരുമാനമെടുക്കുകയാണ്. മറ്റൊരാളോ അയൽക്കാരോ പങ്കുവെച്ച അഭിപ്രായത്തിനനുസരിച്ചാണ് അവർ കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയുടെ ചിത്രം വരക്കുന്നത്. എന്നിട്ട് അതിലേക്ക് അവരെ ഫിറ്റു ചെയ്യുവാൻ യത്നിക്കുന്നു. മകനെ അല്ലെങ്കിൽ മകളെ ഡോക്ടരോ എഞ്ചിനീയറോ ആക്കാനുള്ള തീരുമാനം എടുക്കുമ്പോൾ അവർ കേന്ദ്ര ബിന്ദുവായ തന്റെ കുട്ടിയുടെ താൽപര്യം, കഴിവ്, യോചിപ്പ് തുടങ്ങി ഒന്നിനെയും പരിഗണിക്കുന്നില്ല. തങ്ങൾ കരുതിയതിലേക്ക് അവരെ ചുട്ടുപഴുപ്പിച്ച് പാകപ്പെടുത്തിയെടുക്കുകയാണ്. രക്ഷിതാക്കളുടെ ഈ ത്വരയാണ് ട്യൂഷൻ മാർക്കറ്റിന്റെ ഏറ്റവും വലിയ നീക്കിയിരിപ്പ്. ട്യൂഷൻ സെന്ററുകൾ ഇങ്ങനെ തഴച്ചുവളരുന്നത് അതുകൊണ്ടാണ്.



ഈ ആലോചനയിൽ ട്യൂഷൻ എന്ന ആശയത്തെ കുറിച്ചു കൂടി തന്നെ ചിലത് പറയേണ്ടതുണ്ട്. സത്യത്തിൽ ഒരു വിദ്യാർഥിക്ക് ട്യൂഷൻ വേണ്ടതുണ്ടോ ?. ട്യൂഷൻ എന്നത് സമൂഹത്തിൽ രൂപപ്പെട്ടത് റാങ്ക് നേടാനുള്ള വഴി എന്ന നിലക്കല്ല. മറിച്ച് അത് ഉണ്ടായത് ക്ലാസിലെ സ്ലോ ലേണേർസിനെ ഒപ്പമെത്തിക്കുവാൻ വേണ്ടിയാണ്. അഥവാ ജനിതകമായ കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർഥിയെ തന്റെ ക്ലാസിലെ ശരാശരിയിലെത്തിക്കുവാൻ കഴിയാതെ വന്നാൽ മാതാപിതാക്കൾ അവന് ഏതെങ്കിലും അറിവുള്ള ഒരാളെ കൊണ്ട് ക്ലാസിൽ എടുക്കുന്ന പാഠങ്ങൾ ഒന്നു കൂടി ആവർത്തിച്ച് കൊടുക്കാനും ഒറ്റക്കിരുത്തി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനും സൗകര്യം ഉണ്ടാക്കുമായിരുന്നു. ഇത് പലപ്പോഴും നിലവിലെ അധ്യാപകരുടെ നിർദ്ദേശപ്രകാരവുമായിരിക്കും. ഈ ലക്ഷ്യത്തിൽ തുടങ്ങിയ ട്യൂഷൻ സമ്പ്രദായം അതിന്റെ സ്വാഭാവികതയിൽ വിജയം കാണുമായിരുന്നില്ല. കാരണം മണ്ടൻമാരായ കുട്ടികൾ പൊതുവെ കുറവായിരിക്കും. അതോടൊപ്പം തന്റെ കുട്ടിയെ ശരാശരിയിലെത്തിക്കേണ്ടതുണ്ട് എന്ന് ചിന്തിക്കുന്ന രക്ഷിതാക്കളും കുറവായിരിക്കും. സാമ്പത്തികമായ ബാധ്യത ഓർത്ത് അതിനൊന്നും ശ്രമിക്കാത്തവരും ഉണ്ടാകും. അതിനാൽ ട്യൂഷൻ സമ്പ്രദായം ഇന്നു കാണുന്നതുപോലെ വലിയ ഒരു സാമ്രാജ്യമായി വളരുവാനുള്ള സാധ്യത ഒന്നും ഉണ്ടായിരുന്നില്ല.



പിന്നെ നേരത്തെ പറഞ്ഞതു പോലെ ഈ സമ്പ്രദായത്തിന്റെ കേന്ദ്ര ബിന്ദുവിന് മാറ്റം സംഭവിച്ചു. അല്ലെങ്കിൽ ചില ഗൂഢ സ്വാർഥതക്കാർ അതു മാറ്റി. പിന്നോക്കം നിൽക്കുന്ന കുട്ടി എന്ന സ്ഥാനത്ത് ഏത് കുട്ടിയും എന്നതു കേന്ദ്ര ബിന്ദുവായി. ശരാശരിയിലെത്തിക്കുവാൻ സഹായിക്കുക എന്നത് റാങ്കിലെത്തിക്കുവാൻ സഹായിക്കുക എന്നുമായി. അതോടെ അതിലേക്ക് ജനം ആകർഷിക്കപ്പെട്ടു. അപ്പോൾ ആ മേഖലയിൽ പ്രവർത്തിക്കുന്നവർ ആ ആകർഷണത്തെ ചോദനമാക്കി മാറ്റി. ക്രമേണ അത് ബിസ്നസ്സായി മാറി. ഇന്ന് ഏറ്റവും വലിയ ബിസിനസ്സാണ് ട്യൂഷൻ. ഇത് ഇങ്ങനെ വളരാൻ പല ഘടകങ്ങളുടെയും സഹായമുണ്ടായിട്ടുണ്ട്. ഒന്നാമതായി പ്രത്യേക സ്ഥലമോ വലിയ മുതൽ മുടക്കോ ഒന്നും വേണ്ടതില്ല എന്നതാണ്. മറ്റൊന്ന് നിശ്ചിതമായതോ നീണ്ടതോ ആയ സമയം വേണ്ട എന്നതാണ്. മറ്റൊരു കാര്യം ഒന്നോ ഏതാനുമോ വിദ്യാർഥികൾ മാത്രമായതിനാൽ ചെറിയ അദ്ധ്വാനം മതി എന്നതാണ്. അതോടൊപ്പം പൊതുവെ ആരും ട്യൂഷനെടുക്കുന്നവരോട് കടം പറയില്ല. ഇതെല്ലാം ഹോം ട്യൂഷന്റെ സൗകര്യങ്ങളാണ്. ഈ മേഖല ശരിക്കും ഒരു പരീക്ഷണശാലയായിരുന്നു. ഇതുവഴി പല മിടുക്കൻമാരും എങ്ങനെ കാശുണ്ടാക്കാം എന്നു പഠിച്ചു. അവരിപ്പോൾ ഹൈടെക് ട്യൂഷൻ സെന്ററുകൾ നടത്തിവരുന്നു.



ഇതിനൊരു ഒന്നാം തരം പ്രചോദനമായിരുന്നു കോവിഡ് മഹാമാരി കാലം. സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്ന കാലത്ത് വിദ്യാഭ്യാസം ഓൺലൈനിലേക്ക് ചേക്കേറി. പുറത്ത് നടക്കുന്ന എല്ലാ വിഷയങ്ങളോടും ഒപ്പം ട്യൂഷനും ഓൺലൈനിലേക്ക് മാറി. ഈ സമയത്ത് കണ്ട ഒരു കാഴ്ച സാധാരണ ട്യൂഷൻ ക്ലാസുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നതാണ്. കാരണം സാധാരണ സ്കൂൾ ക്ലാസുകൾ ഒരു തരം ട്യൂഷൻ രീതിയിലുള്ളതായിരുന്നു. ഒരു അദ്ധ്യാപകൻ ഒരു കുട്ടിയോടെന്ന പോലെ ക്ലാസെടുക്കുകയായിരുന്നുവല്ലോ. മാത്രമല്ല, പരീക്ഷ തുടങ്ങിയ കടമ്പകളൊക്കെ വേഗം ചാടിക്കടക്കുവാൻ മാത്രം ഉദാരമാകുകയും ചെയ്തു. ഈ മാറ്റങ്ങൾ പ്രധാനമായും സ്കൂൾ തലത്തിലായിരുന്നു. ട്യൂഷൻ കച്ചവടത്തിന്റെ പ്രധാന മാർക്കറ്റ് ആ തലമാണല്ലോ. ഈ സമയത്ത് മറ്റു ചില ഓൺലൈൻ ട്യൂഷൻ സമാന പഠന പരിശീലനങ്ങൾ ആരംഭിച്ചു. എല്ലാം ട്യൂഷൻ എന്ന അർഥത്തിലുള്ളതു തന്നെ. ഇംഗ്ലീഷ് ഭാഷാ പഠനമായിരുന്നു പ്രധാനം. അതു മുതൽ യു ജി, പി ജി മുതൽ പി എച്ച് ഡിക്ക് വരെ ഈ പ്ലാറ്റ്ഫോമുകൾ പരിശീലനം നൽകി. വമ്പിച്ച പരസ്യ പ്രചരണങ്ങളും അതിലെ മോഹന വാഗ്ദാനങ്ങളും കാരണം അതെല്ലാം മത്സര ബുദ്ധിയോടെ വിജയിച്ചു മുന്നേറി. ഏതായാലും ഓൺലൈൻ യുഗം സ്വകാര്യ കച്ചവടക്കാർ നന്നായി വിജയിപ്പിച്ചു. ഓൺലൈനാവുമ്പോൾ അതിരും വരമ്പുമില്ലല്ലോ. അതിനാൽ ഈ പലതും രാജ്യാതിർത്തി വരെ കടന്നു. ഇന്ത്യയിലിരുന്ന് അമേരിക്കയിലെ കുട്ടികൾക്കു ട്യൂഷനെടുക്കുന്ന ഇ-ട്യൂട്ടറിങ്ങിലൂടെ നല്ലൊരു വരുമാനം സമ്പാദിക്കുന്നവരും നമ്മുടെ കൊച്ചിയിലുണ്ട്. ഇ-ട്യൂട്ടറിങ്ങിലൂടെ പ്രതിമാസം ഇന്ത്യയിലെ ട്യൂട്ടർമാർ സമ്പാദിക്കുന്നത് 15 മുതൽ 20 ഡോളർ വരെയാണ്. കംപ്യൂട്ടറിന് മുന്നിൽ കാണുന്ന തങ്ങളുടെ പ്രിയവിദ്യാർത്ഥിക്ക് ഒരു മണിക്കൂറോളം നിർദിഷ്ട വിഷയത്തിൽ അവർ ട്യൂഷൻ നൽകുന്നു. ഇതിൽ ആകെയുള്ളൊരു ബുദ്ധിമുട്ട് ഇന്ത്യയിലെയും അമേരിക്കയിലെയും സമയം മാത്രമാണ്. അതോടൊപ്പം അധ്യാപനം മുതൽ ഫീസ് പിരിക്കൽ വരെ നടത്താൻ പറ്റുന്ന വിവി ആപ്പുകൾ ഇക്കാലത്തിന്റെ ഉൽപ്പന്നങ്ങളാണ്.



നമ്മുടെ വിഷയത്തിലേക്ക് മടങ്ങിവന്നാൽ നമ്മുടെ അസ്വസ്ഥത പിഞ്ചുകുഞ്ഞുങ്ങളനുഭവിക്കുന്ന പ്രയാസങ്ങളാണ്. ഇളം പ്രായത്തിൽ അവർ നിരന്തര സമ്മർദ്ദത്തിന് വിധേയരാവുകയാണ്. ഈ പ്രായത്തിൽ ഇത്തരമൊരു ബലപ്രയോഗം നടത്തുക വഴി വിദ്യാഭ്യാസത്തോട് ഒരു തരം പേടിയാണ് കുട്ടികളിൽ ഉണ്ടാവുന്നത് എന്ന് ഈ രംഗത്തെ വിചക്ഷണൻമാർ വരെ തിരിച്ചറിയുന്നില്ല. ഇതിന് പരിഹാരം സ്കൂളുകൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെല്ലാം വിദ്യാർഥിയാണ് വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്രമെന്നും അവന്റെ ഭാവിയും താൽപര്യവുമാണ് ഏററവും ആദ്യമായി പരിഗണിക്കേണ്ടത് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.



ചുരുക്കത്തിൽ, ഇന്നത്തെ തലമുറയ്ക്ക് പഠനം കഴിഞ്ഞ് മറ്റൊന്നിനും സമയമില്ലാതെയായിരിക്കുകയാണ്. സ്കൂളുകളിലെ ക്ലാസുകൾക്ക് പുറമെ സ്വകാര്യ ട്യൂഷൻ കൂടിയാവുമ്പോൾ കുട്ടികൾ പഠിക്കാനായി ജനിച്ചതുപോലെ അവർക്ക് തോന്നിത്തുടങ്ങും. ചെറിയ മനസ്സുകളിൽ ഒരു തരം വിരുദ്ധ താൽപര്യം ഉണ്ടാക്കിയേക്കും. കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ പഠനസഹായി മാത്രമാണെന്ന് പല മാതാപിതാക്കളും മനസ്സിലാക്കാറില്ല, ട്യൂഷൻ ക്ലാസിൽ പോയിക്കഴിഞ്ഞാൽ തന്റെ കുട്ടി എല്ലാത്തിലും മിടുക്കനാകുമെന്ന ചിന്തയാണ് അവർക്ക് ഉള്ളത്. അതിനാൽ പ്രയാസമുള്ള പാഠ്യവിഷയങ്ങളിൽ കുട്ടികൾക്ക് നൽകുന്ന സഹായം മാത്രമായെ ട്യൂഷനെ കണക്കാക്കാവൂ. ട്യൂഷൻ നൽകിയാൽ ഉടനെ തന്നെ തങ്ങളുടെ കുട്ടികൾ പരീക്ഷകളിൽ മുഴുവൻ മാർക്കും നേടണമെന്ന വാശി മാതാപിതാക്കൾ വിടണം. കുട്ടികൾ കുട്ടികളാണ് എന്ന തിരിച്ചറിവെങ്കിലും ഉണ്ടായാലേ ബാക്കിയൊക്കെ ഉണ്ടാകൂ.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso