Thoughts & Arts
Image

സദാചാര ബോധമില്ലാത്ത സ്വാതന്ത്ര്യം അപകടമാണ്.

19-01-2022

Web Design

15 Comments





പുതിയ കാലത്തിന്റെ ചില വിചിത്ര സാമൂഹ്യ പരിഷ്കാരങ്ങൾ നമ്മുടെ മലയാള നാട്ടിലും അരങ്ങേറ്റം കുറിക്കുകയാണ്. അതിന്റെ മൂന്ന് അടയാളങ്ങൾ നാം കണ്ടു. മൂന്നും സാമൂഹ്യ പരിഷ്കാരവും വൈയക്തിക സ്വാതന്ത്ര്യവും ലിബറലിസവുമൊക്കെയായി പിന്നാമ്പുറത്തുളള പലരും വിളിച്ചു കൂവുന്നുണ്ട് എങ്കിലും സത്യത്തിൽ ഇവ ഓരോന്നും സ്ത്രീയെ തങ്ങളുടെ കാമപൂരണത്തിന് ഉപയോഗിക്കാനുളള പുരുഷൻമാരുടെ സൂത്രം മാത്രമാണ്. അത് ഇതിനുവേണ്ടി കഥയറിയാതെ കൂട്ടുനിൽക്കുന്ന ചില മഹിളകളും അവരുടെ ആശയലോകത്തെ നയിക്കുന്നവരും വെളിപ്പെടുത്തുന്നില്ല എന്നു മാത്രം. ന്യൂട്രൽ ജെൻഡർ എന്ന പേരിൽ ഗവൺമെന്റ് ഒത്താശയോടെ ന്യൂട്രൽ (നപുംസക) യൂണിഫോം അടിച്ചേൽപ്പിക്കാനുണ്ടായ ശ്രമമാണ് ഒന്ന്. ആംഗലേയ വത്കരിക്കുമ്പോൾ എന്തോ ആണെന്നൊക്കെ തോന്നിപ്പോകുമെങ്കിലും സംഗതി പെൺകുട്ടികളെ കൊണ്ട് ആൺ വേഷം കെട്ടിക്കലാണ്. മതേതര വിവാഹങ്ങളുടെ മഹത്വവത്കരണമാണ് രണ്ടാമത്തേത്. ഒരു വ്യവസ്ഥിതി, സാമൂഹ്യ നവോത്ഥാനം എന്നൊന്നും പലരും അവകാശപ്പെടും പോലെ ഇതിനെ വിളിക്കാൻ കഴിയില്ല. കാരണം വശീകരിച്ചോ ചാടിച്ചോ കൊണ്ടുവരുന്നത് ആണ് പെണ്ണിനെ മാത്രമാണ്, പെണ്ണ് ആണിനെയല്ല. മൂന്നാമത്തേത് കുറച്ചു കൂടി കടന്നതാണ്. സ്വന്തം ഭാര്യമാരെ സുഹൃത്തുക്കൾ ലൈംഗിക ഉപയോഗത്തിനായി കൈമാറലാണ്. ഇത് ഒന്നാമതായി വെറും കച്ചവടമാണ്. അതിനുള്ള ആകർഷണമാണ് ലൈംഗിക സുഖം. ഇവിടെയും ആണിനാണ് മേൽക്കൈ. അവനാണ് കൂട്ടിക്കൊടുക്കുന്നതും രമിച്ച് രസിക്കുന്നതും. ചുരുക്കത്തിൽ സ്വാതന്ത്ര്യത്തിന്റെയും ലിബറലിസത്തിന്റെയും വലയെറിഞ്ഞ് സ്ത്രീകളെ വീശിപ്പിടിക്കുവാനുളള പുരുഷ കോയ്മയുടെ ശ്രമമാണ് ഇതെല്ലാം.



കേരളത്തിൽ ഇത് പുതിയ നീക്കങ്ങളാണ് എങ്കിലും ലോകത്ത് ഇത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതി മുതല്‍ തന്നെ കാണപ്പെട്ടിട്ടുണ്ട്. ഉദാര ശാരീരികത എന്ന പേരിൽ ഒരു ജീവിത രീതിയായി ഇത്തരം കാമസൂത്രങ്ങളെ അതിന്റെ താൽപര്യക്കാർ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. മനുഷ്യന്റെ എല്ലാ കാര്യങ്ങളിലുമുള്ള സ്വയം നിർണ്ണ‍യാവകാശം, ശരീരത്തിന്റെ ഉടമസ്ഥാവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏത് അധികാരത്തെയും ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും അതിനെ മറികടന്നാലേ യഥാര്‍ഥ മനുഷ്യനാകാനാകൂ എന്നും ഇവർ വാദിച്ചുതുടങ്ങി. ആദ്യം ഇതിന് പ്രചാരമോ സ്വീകാര്യതയോ ലഭിച്ചിരുന്നില്ല. കാരണം എല്ലാ തരം പൃകൃതിക്കാരും ഇഷ്ടപ്പെടുന്നതല്ല സ്വതന്ത്ര ലൈംഗികത. ഇപ്പോൾ പക്ഷെ, അതിന് കുറച്ചു കൂടി പ്രചാരം ലഭിച്ചിരിക്കുന്നു. സോഷ്യൽ എന്ന പേരിൽ ഒരു ഉദാര മീഡിയ കിട്ടിയതോടെ അതിന് ഏറെ ജീവൻ വെക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരു ഘടകം ഇത്തരം വഷളത്തരങ്ങൾക്കെതിരെ ശബ്ദിക്കുന്ന മതങ്ങളുടെ സദാചാര സ്വരം പുതിയ കാലത്തിന്റെ പരിഷ്കാരങ്ങളിൽ നേർത്തിരിക്കുന്നു എന്നതാണ്. ഇത്തരം സാമൂഹ്യ അനർഥങ്ങൾക്കെതിരെ ശബ്ദിക്കുന്നത് മതങ്ങളാണ്. മതങ്ങൾ എന്തെങ്കിലും പറയുമ്പോഴേക്ക് മതം വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നു എന്നും പറഞ്ഞ് ഓരിയിട്ട് ഓടിക്കുകയും ചെയ്യും. അങ്ങനെയൊക്കെയാണ് ഇത്തരം അനിയന്ത്രിത ലൈംഗികത വളരുന്നത് എന്ന് ചുരുക്കം.



സ്ത്രീയുടെ സദാചാര ജീവിതത്തിനും സുരക്ഷക്കും വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്ന മതമാണ് ഇസ്ലാം. സ്ത്രീയുടെ കാര്യത്തിൽ വിശുദ്ധ ഖുർആൻ നൽകുന്ന ഉദ്ബോധനങ്ങൾ അതിന്റെ ആഴവും വ്യാപ്തിയും കാണിക്കുന്നു. അവളോട് സ്വയം സൂക്ഷിക്കാൻ പറയുന്നത് അവളുടെ ശരീരത്തെ തന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഓ നബിയേ, താങ്കളുടെ ഭാര്യമാരോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിച്ചുകൊള്ളാന്‍ പറയുക. അതാണവരെ തിരിച്ചറിയപ്പെടാന്‍ ഏറ്റവും എളുപ്പമായിട്ടുള്ളത്. അപ്പോള്‍ അവര്‍ ശല്യം ചെയ്യപ്പെടുകയുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ് (അല്‍അഹ്‌സാബ്). വീണ്ടും ഖുർആൻ നിർദ്ദേശിക്കുന്നു: അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ (24:31). സ്ത്രീയുടെ ശരീരമാണ് കാമത്തിന്റെ പ്രേരകം. അത് എല്ലാവർക്കും മുമ്പിൽ തുറന്നിട്ടാൽ അതിന് അർഥം നഷ്ടപ്പെടും. ശരീരം പോലെ തന്നെയാണ് അവരുടെ ശബ്ദവും ശൈലിയും. അതും അന്യരിൽ കാമമുണർത്തുന്നതാണ്. അതിനാൽ ആ വഴിക്കുള്ള പ്രലോഭനവും കരുതിയിരിക്കണം. ഖുർആൻ പറയുന്നു: പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (ഖുര്‍ആന്‍ 33: 32).



ഇത്തരം സദുപദേശങ്ങളോട് മേൽ പറഞ്ഞ താൽപര്യക്കാർ പ്രതികരിക്കുക ഇസ്ലാമും ഖുർആനും സ്ത്രീയുടെ സ്വതന്ത്ര്യത്തെ തടഞ്ഞുവെക്കുന്നു എന്നാണ്. ആഴത്തിൽ ചിന്തിക്കുവാനുള്ള കഴിവില്ലാത്ത ചില പെൺകുട്ടികളും അതു നേരാണ് എന്ന് ധരിച്ചു പോകുന്നു. സത്യത്തിൽ ഇസ്ലാം അവരുടെ സ്വാതന്ത്ര്യം തടയുകയല്ല, അവളെ സംരക്ഷിക്കുകയും അമൂല്യമാക്കുകയുമാണ് ചെയ്യുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ കഴിവും കരുത്തും അവളുടെ കായബലമോ മനോബലം പോലുമോ അല്ല. മൽപിടുത്തം നടത്തിയല്ല അവൾ തന്റെ താൽപര്യങ്ങളെ നേടിയെടുക്കുന്നത്. മറിച്ച് സൃഷ്ടാവ് അവൾക്ക് നൽകിയ സ്ത്രൈണ സവിശേഷതകൾ കൊണ്ടാണ്. ഭംഗി, നിറം, ശാരീരിക സൗകുമാര്യം, ശബ്ദം, സംസാര ശൈലി തുടങ്ങിയവയാണ് അവ. ഈ സ്ത്രൈണ സവിശേഷതകൾ കൊണ്ട് വൻകിട കളെ മുതൽ ഭരണകൂടങ്ങളെ വരെ അവൾ ഉയർത്തുന്നതും വീഴ്ത്തുന്നതും ലോകത്തിന്റെ അനുഭവമാണ്. ഇത്രയും വിലപ്പെട്ട ഈ സ്ത്രൈണത എല്ലാവർക്കും കയറിയിറങ്ങുവാനും അസ്വദിക്കുവാനും അനുഭവിക്കുവാനും തുറന്നിട്ടാൽ അതിന്റെ വിലയാണ് നഷ്ടപ്പെടുക. അത്തരം ലിബറലുകളെ പൊതു മാന്യ സമൂഹം പിന്നെ അംഗീകരിക്കില്ല. തുറന്നു വെച്ച ഭരണിയിൽ ഉളളത് എന്തു മധുരക്കട്ടയാണെങ്കിലും അതിനോട് ഒരു മനോ അനിഷ്ടം മനുഷ്യർക്ക് പ്രകൃതമാണ്.



എന്നു പറഞ്ഞാൽ ഈ സവിശേഷതകൾ വെറുതെ കളയുന്നത് നീതിയാണോ എന്നു ചോദിക്കുന്നവരുമുണ്ട്. പെണ്ണിനെ ഒരു നിയന്ത്രണവുമില്ലാതെ മാറി മാറി ഉപയോഗിക്കുവാനുള്ള ത്വരയുള്ളവരാണ് അങ്ങനെ ചിന്തിക്കുക. ഇസ്ലാം അവളുടെ സൗന്ദര്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. അത് മുഴുവനും തന്റെ പ്രാണനാഥനായ ഭർത്താവിന് മാത്രമായി സമർപ്പിക്കണമെന്നാണ് ഇസ്ലാം അഭിലഷിക്കുന്നത്. അവിടെ ഇസ്ലാം ഒരു അതിരും വെക്കുന്നില്ല. അവന്റെ മുമ്പിൽ മാത്രം ഈ ഭംഗി സമർപ്പിക്കപ്പെടുമ്പോൾ അത് കാമം എന്ന ഊർജ്ജമായി പരിണമിക്കുന്നു. ആ ഊർജ്ജമാണ് മരണം വരേക്കും ഒരു സ്ത്രീയുടെ ലൈംഗികം മാത്രമല്ല, സാമൂഹ്യവും മാനസികവും ശാരീരികവുമായ സംരക്ഷണത്തിന്റെ സ്രോതസ്സായി മാറുന്നത്. ഇത്തരമൊരു ദീർഘവീക്ഷണം ഈ ലിബറലിസത്തിന് ഉണ്ടാവില്ല. ഇതാണ് ഈ വിഷയത്തിലുള്ള ഇസ്ലാമിന്റെയും ഖുർആനിന്റെയും വീക്ഷണം. ഇത്തരം സദാചാര സങ്കൽപ്പം വിവിധ രൂപങ്ങളിൽ മതങ്ങളെല്ലാം ഉണ്ട്. പക്ഷെ, ഈ സദാചാര ന്യായങ്ങൾ കേൾക്കുന്നത് പുതിയ ലിബറലിസ്റ്റുകൾക്ക് ചതുർത്ഥിയാണ്.



പക്ഷെ, സദാചാര ചിന്തകളെ അവഗണിച്ച് മൂന്നാട്ടുപോകുമ്പോൾ അത് വെറും താൽക്കാലികമായിരിക്കും എന്നതാണ് വസ്തുത. ഈ കമ്പനികളുടെ കയ്യിൽ പെട്ടു പോകുന്ന പല പെൺകുട്ടികളും അധികം വൈകാതെ ഉപേക്ഷിക്കപ്പെടുന്നത് പതിവാണല്ലോ. അല്ലെങ്കിൽ അതു പ്രതീക്ഷിതമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിലെ ഒരു ജഡ്ജി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റി. കുപ്രസിദ്ധമായ പ്രൊഫ്യൂമോ സംഭവത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജി. ലണ്ടനിലെ തന്റെ ലളിതമായ ഫ്‌ളാറ്റില്‍ മൂന്ന് മാസക്കാലം ചടഞ്ഞിരുന്ന് അദ്ദേഹം കേസ് പഠിച്ചു. കേസന്വേഷണവേളയില്‍ 280 ഓളം സ്ത്രീപുരുഷന്‍മാരേയും പത്രപ്രവര്‍ത്തകരേയും പാര്‍ലമെന്റ് അംഗങ്ങളേയും വരെ അദ്ദേഹം വിചാരണ ചെയ്തിരുന്നു. ഏഴു ലക്ഷത്തി അമ്പതിനായിരം പദങ്ങളുള്ള വിധിന്യായത്തിന്റെ അവസാനഭാഗത്ത് വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: മതത്തെ ഒഴിച്ചുനിറുത്തിക്കൊണ്ട് സദാചാരം ഉണ്ടാവുകയില്ല. സദാചാരമില്ലാതെ നിയമ വ്യവസ്ഥ നില നിര്‍ത്താനും കഴിയില്ല.(വിശ്വാസവും ജീവിതവും. യൂസുഫുല്‍ ഖറദാവി)

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso