Thoughts & Arts
Image

ഖുർആൻ പഠനം / അൽ മുജാദില 3

01-02-2022

Web Design

15 Comments


പരിഗണിക്കേണ്ടവരെ പരിഗണിക്കണം..



(11) സത്യവിശ്വാസികളേ സദസ്സുകളില്‍ വിശാലത ചെയ്യൂ എന്ന് നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തണം; എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും വിശാലത ചെയ്യും. പിരിഞ്ഞുപോകണമെന്നു നിര്‍ദേശമുണ്ടായാല്‍ എണീറ്റുപോകണം. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവുനല്‍കപ്പെട്ടവരെയും അല്ലാഹു ഏറെ പദവികള്‍ ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ അനുവര്‍ത്തിക്കുന്നവയെക്കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു.



വിശ്വാസികളെ ചില സംഗമ മര്യാദകൾ പഠിപ്പിക്കുകയാണ് ഈ ആയത്തുകൾ. സാമൂഹ്യ അച്ചടക്കങ്ങളിൽ ചിലതാണ് ഇവിടെ പറയുന്നത്. കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് സാമൂഹ്യ അച്ചടക്കങ്ങൾ അനിവാര്യമാണ്. അച്ചടക്കം എന്നാൽ മൗനം എന്നല്ല അതിനർഥം. കാര്യങ്ങൾ അതിന്റേതായ ക്രമത്തിലും കൃത്യതയിലും മാത്രം നടക്കുക എന്നതാണ്. ഇതു കൊണ്ട് പല നേട്ടങ്ങളുമുണ്ട്. ഇത്തരം ക്രമ - കൃത്യതകൾക്ക് വിധേയമാകുന്നതോടു കൂടി സമൂഹത്തിലെ ഓരോ അംഗത്തിനും താനൊരു സമൂഹത്തിന്റെ ഭാഗമാണ് എന്ന ബോധം ഉണ്ടാകും എന്നതാണ് അവയിൽ ഒന്ന്. ഒരു സേവനമോ ദാനമോ വിതരണം ചെയ്യുന്ന ഒരു രംഗം ഉദാഹരണമായി എടുത്താൽ ഈ വസ്തുത പെട്ടന്ന് മനസ്സിലാകും. അവിടെ, എങ്ങനെയെങ്കിലും തനിക്ക് ആദ്യം കാര്യം സാധിക്കണം, നേടണം എന്നു കരുതി തിരക്കു കൂട്ടുന്നവരും സൂത്രങ്ങൾ ഒപ്പിച്ച് വിവിധ ശ്രമങ്ങൾ നടത്തുന്നവരുമുണ്ടാകും. തന്റെ വരിയിൽ തന്റെ ഊഴത്തിനു വേണ്ടി ക്ഷമാപൂർവ്വം കാത്തിരിക്കുന്നവരുമുണ്ടാകും. ഇതിൽ ഒന്നാമത്തെയാൾ തന്റെ കാര്യത്തെ മാത്രമാണ് പരിഗണിക്കുന്നത്. രണ്ടാമത്തെയാളാവട്ടെ എല്ലാവരുടെയും അഥവാ സമൂഹത്തിന്റെ മൊത്തം കാര്യം പരിഗണിക്കുന്നു. ഈ വിതരണം ഒരു സാമൂഹ്യ സംവിധാനമാണ് എന്നും അത് അങ്ങനെ സമൂഹത്തിന് മുഴുവനും ബോധ്യപ്പെടേണ്ടതുണ്ട് എന്നും അയാൾ വിചാരിക്കുന്നു. അതിനാൽ ഇവരിൽ സമൂഹം എന്ന ആശയത്തിന് വില കൽപ്പിക്കുന്നത് രണ്ടാമൻ മാത്രമാണ്. ഒന്നാമന് വെറുതെ പറഞ്ഞു നടക്കുവാൻ മാത്രമുള്ളതാണ് സമൂഹവും സമുദായവുമെല്ലാം. മറ്റൊന്ന് സാമൂഹ്യ പ്രക്രിയകൾ സുഗമമായി നടക്കും എന്നതാണ്.



ഈ സൂക്തത്തിൽ പഠിപ്പിക്കുന്ന അച്ചടക്കം ഒരു സദസ്സിൽ പാലിക്കേണ്ട കാര്യങ്ങളാണ്. ഈ സൂക്തം അവതരിപ്പിക്കുവാൻ ഉണ്ടായ സാഹചര്യം പ്രമുഖ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. അത് പശ്ചാതലമാക്കി തന്നെ ഗ്രഹിച്ചാൽ കാര്യം വേഗത്തിൽ മനസ്സിലാകും. അവർ പറയുന്നത് ഇതാണ്. നബി(സ്വ) നേരിട്ടായിരുന്നുവല്ലോ തന്റെ ഉപകാരങ്ങളും നിർദ്ദേശങ്ങളും നൽകിയിരുന്നത്. നബിയുടെ ഈ സദസ്സുകളിൽ ഒരുമിച്ചു കൂടുന്ന സ്വഹാബിമാരെ നമുക്ക് മൂന്നായി തിരിക്കാം. ഒന്നാമതായി ദരിദ്രരായ സ്വഹാബികൾ. അവർ സദാ നിഴലായി നബിയെ അനുഗമിക്കുന്നവരാണ്. എല്ലാ സദസ്സുകളിലും അവർ നേരത്തെ എത്തി സ്ഥലം പിടിക്കും. രണ്ടാമത്തേത് സമുദായ നേതൃസ്ഥാനങ്ങൾ കൂടി വഹിക്കുന്ന സ്വഹാബീ പ്രമുഖൻമാർ. ഇവരും നബി(സ്വ)യുടെ സദസ്സുകളിൽ സജീവമായിരിക്കും. ഇവർ പക്ഷെ, തിരക്കുള്ളവരാണ്. അതിനാൽ അവർ എത്തിച്ചേരാൻ ചിലപ്പോൾ വൈകിയെന്നുവരാം. പക്ഷെ, അവർ നിർബന്ധമായും വരുന്നവരും വരേണ്ടവരുമാണ്. മറ്റൊരു വിഭാഗം കപടവിശ്വാസികളാണ്. അവർ വരുന്നത് ദുരുദ്ദേശങ്ങുമായിട്ടായിരിക്കും. ഇത്തരം ഒരു സദസ്സിൽ ഒരു നാൾ (ഒരു വെള്ളിയാഴ്ച എന്ന് പക്ഷമുണ്ട് ) പ്രധാനികളായ സ്വഹാബികൾ എത്തുമ്പോഴേക്കും അവർക്ക് സ്ഥലം കിട്ടാത്ത വിധം സദസ്സ് തിങ്ങി നിറഞ്ഞു കഴിഞ്ഞിരുന്നു.



പ്രമുഖരായ ഈ സ്വഹാബികൾ സദസ്സിന്റെ പ്രധാന ഭാഗത്ത് തന്നെ ഉണ്ടായിരിക്കേണ്ടതുണ്ട്. കാരണം അവരാണ് വലിയ സാമൂഹ്യ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടപ്പിൽ വരുത്തുവാൻ മുമ്പിൽ നിൽക്കേണ്ടത്. ഇവരെ ചില വ്യാഖാനങ്ങൾ വിരിക്കുന്നത് ബദർ യുദ്ധത്തിൽ പങ്കെടുത്തവർ എന്നാണ്. തികച്ചും അവിചാരിതമായി ഉണ്ടായതായിരുന്നുവല്ലോ ബദർ യുദ്ധം. അഥവാ കൃത്യമായ ആസൂത്രണമോ വിന്യാസമോ ഒരുക്കമോ ഇല്ലാതെ ശത്രുവിന്റെ മുമ്പിൽ നബിയും ആ സ്വഹാബികളും എത്തിപ്പെടുകയായിരുന്നു. അവരുടെ ഉദ്ദേശം യുദ്ധമായിരുന്നില്ല. തങ്ങളുടെ കൂടി സ്വത്തുകൾ കണ്ടു കെട്ടി കച്ചവടത്തിനിറങ്ങിയ അബൂസുഫ്യാന്റെ കച്ചവട സംഘത്തെ തടയുക മാത്രമായിരുന്നു. അത്രക്കും യാദൃശ്ചികമായ ആ സംഭവത്തിൽ പോലും ഒപ്പമുണ്ടായിരുന്നവർ എന്നു പറയുമ്പോൾ അവരുടെ പ്രാധാന്യം ഊഹിക്കാവുന്നത് തന്നെയാണല്ലോ. ഇത്തരം സ്വഹാബികൾ വന്നു ചേർന്നതും അവർക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതും കണ്ട നബി തങ്ങൾക്ക് വലിയ വിഷമമുണ്ടായി. ആ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കൂടുതൽ സാമൂഹ്യ പ്രാധാന്യമുളളവരെ പരിഗണിക്കുന്ന ഈ ആയത്ത് ആ ദൗത്യം മനോഹരമായിട്ടാണ് നിറവേറ്റുന്നത്. കാരണം, ഈ ആയത്തിൽ നേരത്തെ വന്ന് സദസ്സ് നിറഞ്ഞിരിക്കുന്ന വിശുദ്ധരായ സ്വഹാബികളെ കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ഒന്നും ചെയ്യുന്നില്ല. അവരോട് എഴുന്നേറ്റു പോകുവാനോ പിന്നോട്ടു മാറുവാനോ ഒന്നും ആവശ്യപ്പെടുന്നില്ല. അതു ചെയ്യുന്നത് സങ്കടകരമാണ്. കാരണം അവർ നേരത്തെ വന്നതും നബിയെ പൊതിഞ്ഞ് ഇരിക്കുന്നതുമെല്ലാം അവരുടെ തീഷ്ണമായ വിശ്വാസം കൊണ്ടാണ്. അതിനെ ഒരു നിലക്കും അവമതിച്ചും അവഗണിച്ചും കൂടാ. ഇസ്ലാം അത്തരം നീക്കങ്ങളെ എല്ലാം നിശിതമായി നിരോധിക്കുന്നുണ്ട്.



പ്രധാനികൾക്ക് കൂടി സൗകര്യം ചെയ്തു കൊടുക്കുവാൻ വേണ്ടി ഒന്നുകൂടി അകന്നിരുന്ന് സദസ്സ് വിശാലമാക്കുവാനാണ് ആയത്ത് ആവശ്യപ്പെടുന്നത്. അങ്ങനെ വരുമ്പോൾ പ്രധാനികളെ പരിഗണിക്കുന്നതോടൊപ്പം പാപങ്ങളെ അവഗണിച്ചില്ല എന്നു കൂടി വരുന്നു. സദസ്സിനോട് അകന്നിരുന്ന് വിശാലമാക്കുവാൻ നബി(സ്വ) ആവശ്യപ്പെട്ടത് പിൻനിരയിൽ ഉണ്ടായിരുന്ന കപടവിശ്വാസികൾ ഉടനെ തന്നെ ഉപയോഗപ്പെടുത്തി. തികച്ചും ബുദ്ധിപരമായ ഒരു ക്രമപ്രശ്നം അവർ എടുത്തിട്ടു. ഈ പ്രവാചകൻ നീതിയെ കുറിച്ചു പറയുകയും അനീതി ചെയ്യുകയും ചെയ്യുന്നു എന്ന ആരോപണമാണ് അവർ ഒരു വെടിമരുന്നായി ഉപയോഗപ്പെടുത്തിയത്. പക്ഷെ, വിശ്വാസത്തിന്റെ ബലിഷ്ഠമായ കവചങ്ങൾക്കുളളിൽ സുരക്ഷിതരായിരുന്നതിനാൽ അതും അവർക്കു വിജയിപ്പിച്ചെടുക്കുവാൻ കഴിഞ്ഞില്ല. ചുരുക്കത്തിൽ ഇത്തരം സദസ്സുകളിൽ മുൻപന്തിയിൽ ഉണ്ടായിരിക്കൽ അനിവാര്യമായവർക്കുവേണ്ടി മറ്റുള്ളവർ സ്ഥലം ഒഴിവാക്കിക്കൊടുക്കണമെന്നും ഉത്തരവാദപ്പെട്ടവർ അത് ആവശ്യപ്പെട്ടാൽ മറ്റുള്ളവർ അതനുസരിക്കണമെന്നും ആണ് ഈ സൂക്തത്തിന്റെ സാരം.



(12) വിശ്വാസികളേ നിങ്ങള്‍ റസൂലുമായി സ്വകാര്യ സംസാരം നടത്തുകയാണെങ്കില്‍ അതിനുമുമ്പേ എന്തെങ്കിലും ദാനം നല്‍കുക; അതാണ് ഏറെ ഉദാത്തവും പരിശുദ്ധവും. ഇനി അതിന്നായി ഒന്നും ലഭിച്ചില്ലെങ്കില്‍ സാരമില്ല; അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്.



നബി(സ്വ)യുമായി സ്വകാര്യ സംഭാഷണം നടത്തുന്നവർ പാലിക്കേണ്ടിയിരുന്ന ഒരു പ്രത്യേക മര്യാദയാണ് ഈ ആയത്തിൽ പറയുന്നത്. ഇസ്ലാമിക സമൂഹത്തിന്റെ കേന്ദ്ര ബിന്ദു എന്ന നിലക്ക് ഓരോരുത്തരും നബിയുമായി വ്യക്തിപരമായി സംസാരിക്കാൻ ശ്രമിക്കുന്ന പതിവുണ്ടായിരുന്നു. അവിടുത്തെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കളയും വിധം വെറുതെ സമയം കൊല്ലാൻ ശ്രമിക്കുന്ന കപടവിശ്വാവികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിൽ ഒരു നിയന്ത്രണം ഉണ്ടാക്കുവാൻ വേണ്ടിയാണ് ഈ ആയത്ത് അവതരിച്ചത്. റസൂലുമായി സംസാരിക്കുവാൻ ഉദ്ദേശിക്കുന്നവർ എന്തെങ്കിലും ഒരു ധർമ്മം കാണിക്കയായി സമർപ്പിച്ചിരിക്കണം എന്നായിരുന്നു നിയമം. അങ്ങനെ വന്നാൽ വെറും സൊല്ലലുകൾക്ക് നിയന്ത്രണം വരും എന്ന് മാത്രമല്ല, നബിയുടെ വിലപ്പെട്ട സമയം പൊതു പ്രബോധനത്തിനായി ഉപയോഗപ്പെടുത്തുവാൻ കഴിയുകയും ചെയ്യും. അതോടൊപ്പം തന്നെ പൂർണ്ണ വിശ്വാസികളെയും അല്ലാത്തവരെയും തിരിച്ചറിയുവാനും ഇതു സഹായകമാകും. ഇവിടെ ഇതിനർഥം മിണ്ടാൻ നബി പ്രതിഫലം വാങ്ങി എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അതു തീർത്തും അബദ്ധമാണ്. കാരണം ഇവിടെ വൈയക്തിക കാര്യങ്ങൾ മാത്രമാണ് ഉദ്ദേശിക്കപ്പെടുന്നത്. മനുഷ്യകുലത്തിന്റെ പരമമായ ആത്മീയ മോചനം പ്രധാനമായും ദൗത്യമായെടുക്കുന്ന പ്രവാചകന്റെ സമയം ഭൗതികവും വൈയക്തികവുമായ കാര്യങ്ങളിലേക്ക് വഴി മാറാതിരിക്കുവാൻ ഇത്തരം ഒരു ഉപാധി വെച്ചു എങ്കിലും അത് നിർബന്ധവൽക്കരിക്കപ്പെടുന്നത് സ്വാഭാവികമായും ചില വിഷമങ്ങൾ സൃഷ്ടിച്ചേക്കും. ചിലപ്പോൾ ദരിദ്രരായ ചിലർക്കെങ്കിലും വ്യക്തിപരമായ കാരണങ്ങൾക്കു വേണ്ടി നബിയുമായി സംസാരിക്കേണ്ടതായി വരും. അതിനെ ചിലപ്പോൾ വെറും വൈയക്തികമെന്നോ ആത്മീയമെന്നോ വിഭജിക്കാൻ പ്രയാസവും ഉണ്ടായേക്കാം. അത്തരം കാരണങ്ങളാൽ അധികം വൈകാതെ തന്നെ ഈ വിധി ദുർബലപ്പെടുത്തപ്പെടുകയുണ്ടായി. അൽ മുജാദില അധ്യായത്തിലെ തൊട്ടടുത്ത പതിമൂന്നാം സൂക്തത്തിന്റെ ആശയം അതാണ്.



(13) സ്വകാര്യ സംസാരത്തിനുമുമ്പേ ദാനധര്‍മങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച ഭയപ്പാടിലാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളത് അനുവര്‍ത്തിക്കാതിരിക്കുകയും അല്ലാഹു നിങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്തിരിക്കയാല്‍ ഇനിയത് പ്രശ്‌നമാക്കേണ്ട. നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ അഭിജ്ഞനാണ് അല്ലാഹു.



പന്ത്രണ്ടാം സൂക്തത്തിൽ നിഷ്കർഷിക്കപ്പെട്ട ധർമ്മം സമൂഹത്തിൽ ചില വിഷമങ്ങൾ ഉണ്ടാക്കി. ശത്രുക്കളുടെ ആരോപണം ഒരു വശത്തുണ്ടായിരുന്നു. മറുവശത്ത് സച്ചരിതരായ പലരും നബിയോട് സംസാരിക്കുന്നതെന്തും ഈ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് ഭയപ്പെടുവാൻ തുടങ്ങി. അതിൽ അവരെ ആശ്വസിപ്പിച്ചു കൊണ്ടാണ് ഈ ആയത്ത് തുടങ്ങുന്നത്. നിങ്ങൾ അതിൽ ഭയപ്പെടുകയും അതു ചെയ്യാതിരിക്കുകയും ചെയ്ത നിലക്ക് അല്ലാഹു നിങ്ങൾക്കത് പൊറുത്തു തന്നിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആ വിധി ദുർബ്ബലപ്പെടുത്തിയിരിക്കുന്നത്. അല്ലാഹുവിന്റെ ഏതു കൽപ്പനയും പാലിക്കുവാനും സ്വീകരിക്കുവാനും വിശ്വാസി ബാധ്യസ്ഥനാണ്. അതു പാലിക്കാതെ വരുന്ന പക്ഷം അത് ദൈവദോഷവും നിന്ദയും തദ്വാരാ പാപവുമായിത്തീരുന്നു. അതുകൊണ്ടാണ് പൊറുത്തു തന്നിരിക്കുന്നു എന്ന് പ്രയോഗിച്ചിരിക്കുന്നത്. ആ കാണിക്കക്ക് പകരമായി നിഷ്കർഷിക്കപ്പെട്ടിരിക്കുന്നത് നിസ്കാരം, സക്കാത്ത് തുടങ്ങിയവ കൃത്യമായി അനുഷ്ടിക്കാനും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാനുമാണ്. വളരെ പ്രധാനപ്പെട്ട ഏതാനും കാര്യങ്ങൾ മാത്രം സൂചിപ്പിച്ച് നിർത്തിയിരിക്കുന്നതിൽ നിന്നും മൊത്തത്തിൽ മതബോധം പുലർത്തി മുത്തഖീങ്ങളായി ജീവിക്കുക എന്നതാണ് പകരമായി വേണ്ടത് എന്ന് വ്യക്തമാണ്. കൃത്യമായ മതബോധമില്ലാത്തവരെ നിയന്ത്രിക്കുകയായിരുന്നു മേൽ നിർബന്ധത്തിന്റെ ലക്ഷ്യം എന്നും മതബോധമുള്ളവരുടെ കാര്യത്തിൽ അത്തരം നിയന്ത്രണം ആവശ്യമില്ല എന്നു കൂടി ഈ ആയത്തിന്റെ ആശയം ദ്യോതിപ്പിക്കുന്നു.



നബിയോട് സംസാരിക്കും മുമ്പ് ഒരു ദാനം സമർപ്പിക്കുക എന്ന നിയമം വളരെ കുറഞ്ഞ സമയത്തിനുളളിൽ തന്നെ ദുർബ്ബലപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നാണ് വിവിധ വ്യാഖ്യാനങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ചോദ്യങ്ങളും തികച്ചും വൈയക്തികമായ സംസാരങ്ങളും പതിവിലധികം കൂടിവന്ന ഒരു സാഹചര്യത്തിലായിരുന്നു ഈ നിയമം വന്നത് എന്നാണ് ഇബ്നു അബ്ബാസ്(റ) പറയുന്നത്. ഇത്തരം സംസാരങ്ങൾ നബി(സ്വ)യുടെ വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. പ്രവാചകന് എപ്പോഴും ഒരു ആഭൗമികമായ വ്യക്തിത്വം ഉണ്ടായിരിക്കേണ്ടതുണ്ട്. കാരണം മനുഷ്യന്റെ ജീവിതത്തിൽ ശക്തമായ മാറ്റങ്ങൾ വരുത്താൻ വരെ ഉള്ള പ്രവാചകനാണിത്. അദ്ദേഹം വെറുമൊരു സാധാരണക്കാരനെ പോലെ ആകാൻ പാടില്ലാത്തതാണ്. അതെല്ലാം ഈ നിയമത്തിന്റെ പശ്ചാത്തല പഠനങ്ങളിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ്. കാഞ്ഞ കാലം മാത്രമേ ഈ നിയമം നിലനിന്നുള്ളൂ എങ്കിലും ഈ സമയത്തിനിടെ ഇത് പ്രാവർത്തികമാക്കിയത് അലി (റ) മാത്രമാണ് എന്ന് അദ്ദേഹവും മറ്റു വ്യാഖ്യാതാക്കളും പറയുന്നുണ്ട്. ആകെ കയ്യിലുണ്ടായിരുന്ന ഒരു സ്വർണ്ണ നാണയം പത്തു വെള്ളിക്കാശാക്കി ചില്ലറ മാറ്റി അവയിൽ ഓരോന്ന് നൽകി ഒരാേ കാര്യങ്ങൾ അദ്ദേഹം നബിയോട് ചോദിച്ചറിഞ്ഞു എന്ന് വ്യാഖ്യാനങ്ങളിൽ കാണാം. ഈ ആയത്തിന്റെ നിയമം മാത്രമാണ് ദുർബ്ബലപ്പെടുത്തപ്പെട്ടിടുള്ളത്. പാരായാണം ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽ ഒരു ഖുർആൻ സൂക്തം എന്ന സവിശേഷത അതിന് എപ്പോഴും ലഭിക്കുക തന്നെ ചെയ്യും.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso