എക്സികളും എത്തിക്സും
02-02-2022
Web Design
15 Comments
പുതിയ എക്സുകളടക്കമുള്ളവരുടെ സത്യനിഷേധ നീക്കങ്ങളുടെ അവസ്ഥയെ നിരൂപിക്കുവാൻ ഏറ്റവും അനുയോജ്യമായ വൃത്താന്തം വിശുദ്ധ ഖുർആനിലെ അന്നൂർ അധ്യായം 39, 40 സൂക്തങ്ങളാണ്. അവയിൽ അല്ലാഹു അവരുടെ ദൈന്യമായ അവസ്ഥ സോദാഹരണം വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യനിഷേധികളുടെ കർമ്മങ്ങൾ മരുഭൂമിയിലെ മരീചിക പോലയാണ്. ദാഹാര്‍ത്തന്‍ അത് വെള്ളമാണെന്നു വിചാരിക്കും. അങ്ങനെ അതിനു സമീപത്തേക്ക് ചെല്ലുമ്പോള്‍ അപ്രകാരമൊന്നുള്ളതായി അവനു കാണാനേ കഴില്ല; തന്റെയടുത്ത് അല്ലാഹുവിനെയവന്‍ കാണും. തല്‍സമയം കണക്കുതീര്‍ത്ത് അല്ലാഹു അവന് നല്‍കുന്നതാണ്! അതിവേഗതയിൽ കണക്കുനോക്കുന്നവനത്രേ അല്ലാഹു. അല്ലെങ്കില്‍ ആഴക്കടലിലെ അന്ധകാരങ്ങള്‍ക്കു തുല്യമാണ് സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങള്‍. തിരമാല ആഴിയെ ആവരണം ചെയ്യുന്നുണ്ട്. അതിനുമീതെ പിന്നെയും തിരമാലയും കാര്‍മേഘവും. മേല്‍ക്കുമേല്‍ അന്ധകാരങ്ങള്‍! സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ പോലും കാണുമാറാകില്ല. ആരൊരാള്‍ക്ക് അല്ലാഹു പ്രകാശം നല്‍കിയിട്ടില്ലയോ അവനു യാതൊരുവിധ വെളിച്ചവുമുണ്ടാവുകയില്ല. (അന്നൂർ: 39, 40) ഉള്ളിലെ സത്യനിഷേധത്തെ പുതിയ പേരും വാദവും ചേർത്ത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുവാൻ ബലപ്രയോഗം നടത്തുന്നവരുടെ ശ്രമങ്ങളെ കുറിച്ച് അതൊക്കെ വെറും ഒരു വ്യാമോഹമോ ദിവാസ്വപ്നമോ തോന്നലോ മാത്രമാണ്, അതിന് കഴമ്പൊന്നും കാണുകയേയില്ല എന്നാണ് അല്ലാഹു പറയുന്നത്. മാത്രമല്ല, അവരുടെ വാദങ്ങൾ എത്ര നാക്കിട്ടടിച്ചാലും പുറത്തു വരുത്തുവാൻ കഴിയാത്ത വിധം നിരവധി ഇരുൾ അടുക്കകൾക്കു കീഴെയായിരിക്കുകയും ചെയ്യും. എത്ര അടുത്തു പിടിച്ചു നോക്കിയാലും അതു കാണപ്പെടുകയില്ല. ഈ ഒരു അവസ്ഥയിലാണ് കൃത്യമായി പറഞ്ഞാൽ എക്സ് മുസ്ലിംകൾ എന്ന പുതിയ ശ്രമവുമായി ഇറങ്ങിയിരിക്കുന്ന നാസ്തികൾ.
യുക്തിവാദികൾ, ലിബറലിസ്റ്റുകൾ, സ്വതന്ത്ര ചിന്തകർ തുടങ്ങിയ പേരുകളിൽ ശാസ്ത്രവും വായാടിത്തവും കൂട്ടിക്കലർത്തി കുറച്ചു കാലമായി ഈ നാസ്തികർ രാപ്പകലില്ലാതെ മാറി മാറി കഠിനമായി ശ്രമിച്ചു വരികയാണ്. ലക്ഷ്യം ഇസ്ലാമും മുസ്ലിംകളുമാണ്. അതിന് കാരണമുണ്ട്. വ്യത്യസ്തമായ ഒരു അസ്തിത്വം അവർക്കു മാത്രമാണുള്ളത്. ലോകത്ത് അവർ ഏറ്റവും അധികം വേട്ടയാടപ്പെടുവാൻ കാരണവും ഇതാണ്. അവരുടെ മതപരമായ ഐഡന്റിറ്റി വെറും പേരിൽ ഒതുങ്ങുന്നില്ല. അവരുടെ ആരാധനകൾ തന്നെ ഒരു ഉദാഹരണം. ഒരു മുസ്ലിം ദിനേന അഞ്ചു നേരം നിർബന്ധ ഭാവത്തിൽ നിസ്കരിക്കുന്നു. ലോകത്ത് വിശ്വാസികൾ പോയിട്ട് പുരോഹിതർ പോലും മറ്റൊരു മതത്തിലും ഇങ്ങനെ ചെയ്യുന്നില്ല. ഒരു മാസക്കാലം മറ്റാരും ചെയ്യുന്നില്ലാത്ത വിധം അവർ നോമ്പനുഷ്ഠിക്കുന്നു. ഉപവാസം, വ്രതം തുടങ്ങി പല പ്രയോഗങ്ങളിലുമുള്ള നോമ്പുകൾ ചില മതങ്ങൾക്കൊക്കെ ഉണ്ടെങ്കിലും അവയൊന്നും ഇസ്ലാമിന്റേതുപോലെ തീഷ്ണമോ തീവ്രമോ അല്ല. ഏതാനും തരം ഭക്ഷണം മാറ്റിവെക്കുക എന്നതിനപ്പുറമുള്ള നോമ്പൊന്നും അനുഷ്ഠിക്കുവാൻ അവർക്കൊന്നും ധൈര്യമില്ല. അതിനെല്ലാം പുറമെയാണ് മുസ്ലിംകളുടെ ദൈവ സങ്കൽപ്പം. മറ്റെല്ലാ മതക്കാർക്കും തങ്ങളുടെ ദൈവ സങ്കൽപ്പത്തിലേക്ക് മാനസികമായി എത്തിച്ചേരുവാൻ പ്രതീകങ്ങളോ വിഗ്രഹങ്ങളോ സഹായമായി വേണം. വിഗ്രഹാരാധനയുടെ ചരിത്രവും സാംഗത്യവും തന്നെ അതാണല്ലോ. അറബികളിലേക്ക് വിഗ്രഹാരാധന ചരിത്രത്തിലാദ്യമായി അംറ് ബിൻ ലുഅയ്യിലൂടെ കടന്നുവരുമ്പോഴും കഅ്ബയുടെ അകത്ത് ഹുബുൽ വിഗ്രഹത്തെ പ്രതിഷ്ഠിക്കുമ്പോഴും അതിന്റെ ന്യായം അതായിരുന്നു എന്ന് ആ ചരിത്രം വ്യക്തമാക്കുന്നുണ്ട്. അസ്സുമർ അദ്ധ്യായം മൂന്നാം സൂക്തത്തിൽ പറയുന്നതു പോലെ ഈ വിഗ്രഹങ്ങൾ തങ്ങളെ സാക്ഷാൽ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ളതാണ് എന്നവർ വിശ്വസിക്കുകയും ചെയ്തിരുന്നു.
ഇത്തരം ഒരു പ്രതീകവുമില്ലാതെ ആരാധ്യനെ സങ്കൽപ്പിക്കുവാൻ കഴിയാത്തതു കൊണ്ടാണല്ലോ എല്ലാ മതങ്ങളിലും വിഗ്രഹങ്ങൾ ഉണ്ടായത്. ഒരിക്കലും ഒരു ദൈവത്തെ കുറിച്ച് പറഞ്ഞിട്ടില്ലാത്ത ശ്രീബുദ്ധന്റെ അനുയായികളും ഏക ദൈവത്തെ കുറിച്ച് മാത്രം പറഞ്ഞ യേശു ക്രിസ്തുവിന്റെ അനുയായികളും ഔദ്യോഗിക വിഗ്രഹം കിട്ടാതെ വന്നതിനാൽ ബുദ്ധനെയും കിസ്തുവിനെയും തന്നെ വിഗ്രഹങ്ങളാക്കി മാറ്റി. പ്രതീകമില്ലാതെ ആരാധിക്കുവാൻ മറ്റൊരു വഴി ഉണ്ടായിരുവെങ്കിൽ അവരങ്ങനെ ചെയ്യുമായിരുന്നില്ല. ഇത്രക്കും അനിവാര്യമായ ഒന്നാണ് വിഗ്രഹം എന്നിട്ടും മുസ്ലിംകൾ മുസ്വല്ല വിരിച്ച് ഖിബ് ലയിലേക്ക് തിരിഞ്ഞു നിൽക്കുകയും തങ്ങളുടെ ദൈവത്തെ മനസ്സിൽ സങ്കൽപ്പിച്ച് നിറുത്തി അവനെ ഭക്തിയാദരം ആരാധിക്കുകയും ചെയ്യുന്നു. ഇത് സത്യത്തിൽ മനസ്സിന്റെ ശക്തിയാണ്. കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ദൈവത്തെ അവന്റെ ഗുണഗണങ്ങളെ കുറിച്ചുളള അറിവ് മാത്രം ആധാരമാക്കി മനസ്സിൽ കൊണ്ടുവരികയും മുമ്പിലിരിക്കുന്ന ഒരു വ്യക്തിയെ വണങ്ങുന്നതിനേക്കാൾ വിനയാന്വിതമായി വണങ്ങുകയും ചെയ്യുക എന്നത് മനസ്സിന്റെ ശക്തി തന്നെയാണ്. ഇതൊന്നും മറ്റു മതക്കാർക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങളല്ല. ഈ ആരാധനകൾക്കൊപ്പം മറ്റു ആരാധനാ കർമ്മങ്ങളും ജീവിത ചിട്ടകളും കൂടി ചേരുമ്പോൾ ഏറ്റവും ശക്തമായ ഒരു ആരാധനാ മനോവ്യാപാരത്തിനാണ് മുസ്ലിംകൾ വിധേയരാകുന്നത്. മാത്രമല്ല, സാമൂഹ്യമായി മുസ്ലിംകൾക്ക് ഒരു വ്യക്തമായ ചരിത്രമുണ്ട്. ആ ചരിത്രങ്ങൾ എന്നും ആരാലും ഓമനിക്കപ്പെടാവുന്ന അത്ര മഹത്തരങ്ങളാണ്. ഒപ്പം അവരുടെ ജീവിതത്തിന്റെ കൂടെ സദാ സഞ്ചരിക്കുന്ന ഒരു സാംസ്കാരികതയുമുണ്ട്. അവയാകട്ടെ വെറും ഐഛിക കാര്യങ്ങൾ നിയന്ത്രിക്കുന്നതല്ല. വളരെ കണിശമായ ഹലാൽ, ഹറാം തുടങ്ങിയ നിയമങ്ങൾ ആണ് അത് നിയന്ത്രിക്കുന്നത്. ഇത്രക്കും ഒരു ജനത വ്യതിരിക്തരാകുമ്പോൾ അത് അതല്ലാത്തവരിൽ ഉണ്ടാക്കുന്ന അസൂയയും വിദ്വേഷവും ചെറുതായിരിക്കില്ല. ഇവയെല്ലാം ചേർന്ന് നിൽക്കുന്നതിനാൽ ഇസ്ലാമും മുസ്ലിംകളും ശത്രുതാ മനോഭാവമുള്ളവരുടെ ഉള്ളകങ്ങളെ തിളപ്പിക്കുക തന്നെ ചെയ്യും. അവർ മാത്രമങ്ങനെ പുണ്യാളൻമാരാവേണ്ട എന്ന അസൂയ തന്നെയാണ് ഈ ശത്രുതയുടെ മൂല കാരണം.
ഇവരെ പോലുള്ളവർ തുടങ്ങുക ദുഷ്പ്രചരണങ്ങളിൽ നിന്നാണ്. പ്രമാണങ്ങളുടെയോ ചരിത്രങ്ങളുടെയോ ഭാഗങ്ങൾ മുറിച്ചെടുത്ത് സ്വയംവ്യാഖ്യാനിച്ചാണ് ആക്രമണം തുടങ്ങുക. സംഭവങ്ങൾ, നിലപാടുകൾ തുടങ്ങിയവയെ പരിഹാസത്തോടെ അവതരിപ്പിച്ച് കത്തിക്കയറുവാനായിരിക്കും പിന്നെ ശ്രമം. ഇതിന് ശാസ്ത്രത്തെയും യുക്തിയെയും കൂട്ടുപിടിക്കും. ഇത്രയേയുളളൂ മരുന്നുകൾ. അഥവാ പരിഹാസവും ശാസ്ത്ര-യുക്തി വാദവും മാത്രം. ശാസ്ത്രം എന്നു കേൾക്കുമ്പോഴേക്ക് വീഴുന്നവരുണ്ട്. യുക്തി എന്നു കേൾക്കുമ്പോഴേക്ക് അതിന് മാർക്കിടുന്നവരുമുണ്ട്. ഇവരെയൊക്കെയാണ് ഇവർ ആകെ പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ തങ്ങളുടെ വാദങ്ങൾക്ക് ചെവി കൊടുക്കുമെന്നോ ചെവി കൊടുക്കണമെന്നോ ഒന്നും അവർ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല.
ഇത്തരം ആൾക്കാരുടെ നിരർഥകത അവരുടെ ശാസ്ത്രവാദത്തിൽ നിന്നു തന്നെ തുടങ്ങുന്നു.
മതങ്ങൾ പറയുന്ന സത്യങ്ങളെ ശാസ്ത്രം കൊണ്ട് ചോദ്യം ചെയ്യുന്നതു തന്നെ വലിയ വിഢിത്തമാണ്. കാരണം മതങ്ങൾ അവതരിപ്പിക്കുന്നത് സർവ്വജ്ഞനായ ദൈവം വെളിപ്പെടുത്തിയ പരമസത്യങ്ങളാണ്. ശാസ്ത്രമാവട്ടെ സംസാരിക്കുന്നത് ഇതുവരെ കണ്ടെത്തപ്പെട്ട കാര്യത്തെ കുറിച്ചു മാത്രമാണ്. ശാസ്ത്രത്തിന്റെ ഗതിവിഗതികൾ നോക്കുമ്പോൾ ഐൻസ്റ്റീൻ പറഞ്ഞതു പോലെ ലോകത്തിലെ അവസാനത്തെ മനുഷ്യനു മാത്രമേ അതിന്റെ അവസാന വാക്ക് പറയാനാകൂ. എന്നിരിക്കെ ദൈവത്തിൽ നിന്നും ലഭിച്ച അന്തിമ വാക്കിനെ വെറും സമയബന്ധിതം മാത്രമായ ശാസ്ത്രങ്ങൾക്ക് എങ്ങനെ ചോദ്യം ചെയ്യാനാകും ?. ശാസ്ത്രങ്ങൾ നിരന്തരമായ കണ്ടുപിടുത്തങ്ങളിലാണ്. എന്തൊരു കാര്യം കണ്ടുപിടിക്കുമ്പോഴും അത് നിലവിലുള്ള ഒന്നിനെ തിരുത്തുന്നതായിരിക്കും. അതുകൊണ്ട് കയ്യിൽ കിട്ടിയ ശാസ്ത്രീയമായ അറിവുകൾ ഒരിക്കലും അന്തിമമല്ല. അതിനു തെളിവാണ് വൻ യാഥാർഥ്യങ്ങൾ പോലും പുതിയ കണ്ടുപിടുത്തത്തോടെ തിരുത്തപ്പെട്ടത്. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന് പറഞ്ഞ ശാസ്ത്രം അതല്ല സൂര്യനാണെന്നും ഭൂമി കറങ്ങുന്നില്ല എന്ന് പറഞ്ഞത് പിന്നീട് തിരുത്തിയതും വലിയ ഉദാഹരണങ്ങളിൽ പെടുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ എല്ലാ ചോദ്യത്തിനും ശാസ്ത്രം ഉത്തരം പറയും എന്നു കരുതുന്നത് അബദ്ധമാണ്. 1918 ൽ ഫിസിക്സിൽ നൊബേൽ നേടിയ പ്രശസ്ത ഊർജ്ജ ശാസ്ത്രജ്ഞൻ മാക്സ് പ്ലാങ്ക് അത് ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്നുണ്ട്. Science cannot solve the ultimate mystery of nature. And that is because, in the last analysis, we ourselves are a part of the mystery that we are trying to solve.
ആഞ്ഞടിച്ചു നോക്കിയിട്ടും ഈ ഉട്ടോപ്യൻ ചിന്ത വേണ്ട പോലെ ക്ലച്ച് പിടിക്കുവാനോ പിടിപ്പിക്കുവാനോ കഴിയാതെ വലിയ നിരാശയിലാണ് സത്യത്തിൽ അവർ. ശാസ്ത്രം കൂട്ടിക്കുഴച്ചും വെള്ളക്കോളർ കാണിച്ചും വലിയ അറിവനാണ് എന്ന് വരുത്തിയും എഴുന്നെള്ളിക്കുന്നത് കാണുമ്പോൾ അതിൽ വീഴുന്ന ചില പരിഷ്കാര ഭ്രമക്കാരുണ്ട്. അങ്ങനെ കുറച്ചാളുകളല്ലാതെ കാര്യമായി ആരും വലയിൽ കുടുങ്ങുന്നില്ല. അതിനിടയിൽ അശനിപാതം പോലെ ഒരു സംവാദവുമുണ്ടായി. മതത്തിന്റെ പ്രത്യകിച്ചും ഇസ്ലാമിന്റെയും മൂലപ്രമാണമായ വിശുദ്ധ ഖുർആനിന്റെയും കഥ കഴിക്കാം എന്ന് മനക്കോട്ട കെട്ടി തുള്ളിച്ചാടി വന്ന അവർ മാനം കെട്ട് തലതാഴ്തി പോകേണ്ടി വന്നു. ഏറ്റവും കുറഞ്ഞത് ചില ഒരുക്കങ്ങളുടെ കുറവുണ്ടായിരുന്നു എന്ന് മയപ്പെടുത്തി പറഞ്ഞാണ് അന്നത്തെ ജബ്ര മാഷ് ഒരു വഷളൻ ചിരിക്കെങ്കിലും വകയുണ്ടാക്കിയത്. ആ സംഭവം അവരെ ചില സത്യങ്ങൾ ബോധ്യപ്പെടുത്തി. അവർ വലിയ പ്രാമാണികത കൽപ്പിച്ച് കൊണ്ടുനടക്കുന്ന വെറും ശാസ്ത്രം കൊണ്ടു തന്നെ ഖുർആനിനെ വ്യാഖ്യാനിക്കാം എന്ന ധൈര്യം മുസ്‌ലിംകൾക്കുണ്ട് എന്ന സത്യം. ഇതോടെ അകത്ത് കാറ്റ് പോയ അവസ്ഥയായി അവർക്ക്. ഇതിലെ നിരാശ അംഗങ്ങളെ സാരമായി ബാധിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് വളരെ പ്രകടമാണ്. പുറത്തു കാണിക്കുന്നില്ലെങ്കിലും അവരുടെ ഉള്ളിൽ സംഘർഷങ്ങൾ നടക്കുന്നുണ്ട് എന്നാണ് വർത്തമാനം.
ഖുർആനിനെയും ഇസ്ലാമിനെയും വിമർശിക്കുന്നതിൽ സ്വതന്ത്ര ചിന്തകരിൽ ഓരോരുത്തരുടെയും പ്രചോദനം പലതാണ്. ചിലരെ അതിനു പ്രേരിപ്പിക്കുന്നത് ഉള്ളിലെ വർഗ്ഗീയതയാണ്. മറ്റു ചിലരുടെ ഉള്ളിൽ കമ്യൂണിസമാണ്. ഏതാനും പേർക്ക് വെറും അസൂയയാണ്. എന്നാൽ ഇവരിൽ ഇക്കാര്യത്തിൽ ഏറ്റവും വലിയ എതിർപ്പ് ഉള്ളതും അത് പ്രകടിപ്പിക്കുവാൻ നിർബന്ധിതരും സ്വതന്ത്ര ചിന്തകരിലെ മുസ്ലിം പേരുള്ളവരാണ്. അവർ തങ്ങളുടെ കക്ഷിക്കുവേണ്ടി ഇസ്ലാമിനെ കയ്യൊഴിച്ചവരാണ്. സ്വതന്ത്ര ചിന്തകരാവട്ടെ അവരെയാണ് മുന്നിലേക്ക് എപ്പോഴും ഇടുന്നതും. എതിർക്കുന്നതും എതിർക്കാനുള്ളതും സത്യത്തിലും തത്വത്തിലും ഇസ്ലാമിനെ മാത്രമാണ് എന്നതിനാൽ തങ്ങളുടെ ആദർശത്തിന്റെ ഒന്നാം ഉദാഹരണങ്ങളാണല്ലോ ഈ മുസ്ലിം പേരുകാർ. പക്ഷെ, സംവാദം തോറ്റതോടെ സംഘത്തിലെ മുസ്ലിം നാമധാരികൾ മാനക്കേടിലാണ്. അവർ കുറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവർ മാതൃ സംഘടനക്കു വേണ്ടി പുതിയ ഒരു ത്യാഗത്തിന് തയ്യാറായിരിക്കുകയാണ്. അതാണ് എക്സ് മുസ്ലിം എന്ന വിചിത്ര സംഘടന.
വിചിത്ര എന്ന് നാം ഈ സംഘത്തെ വിശേഷിപ്പിക്കുന്നത് ശരിക്കും വിചിത്രമായതു കൊണ്ടു തന്നെയാണ്. അത് പേരിൽ നിന്നും തുടങ്ങുന്നു. ഒരു സംഘത്തിന്റെയോ സംഘടനയുടെയോ പേര് സത്യത്തിൽ അതിന്റെ അഭിമാനവും ലക്ഷ്യവും പ്രമേയവുമെല്ലാം സൂചിപ്പിക്കുന്നതാ വേണ്ടതാണ്. അതിൽ ഒരു പോസിറ്റീവിസം ഉണ്ടാകും, ഉണ്ടാകണം. ഉദാഹരണമായി പുരോഗമന കലാസാഹിത്യ സംഘം എന്ന പേര് കേൾക്കുമ്പോൾ ഈ പേരിൽ സംഘടിച്ചിരിക്കുന്നവർ കലാസാഹിത്യ രംഗങ്ങളിൽ പുരോഗമനമുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന ഒരു ആശയം വ്യക്തമാണ്. ഇവിടെ എക്സ് മുസ്ലിം എന്നാൽ മുൻ മുസ്ലിം എന്നാണല്ലോ. ഇസ്ലാമിനെതിരെ പ്രവർത്തിക്കുന്ന ഇവർ താൻ എക്സ് മുസ്ലിമാണ് എന്ന് പറഞ്ഞാൽ അതിന് ഞാനൊക്കെ ഇസ്ലാം വിട്ടു, നിങ്ങളും വിട്ടോളൂ എന്ന് അർഥം വരും, വരണം എന്നാണ് അവർ കരുതുന്നത്. പക്ഷെ, അവരുടെ ആ സ്വപ്നം അത്രക്കങ്ങ് നടക്കില്ല. കാരണം, മുൻ മുസ്ലിം എന്നതും അമുസ്ലിം എന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല. മുൻ മുസ്ലിമായതു കൊണ്ട് ഒരു ആനുകൂല്യവും കിട്ടാനുമില്ല. മുൻ ചേർക്കേണ്ടത് ഒരു അർഹതയുടെയും അവകാശത്തിന്റെയും മുന്നിലാവുമ്പോൾ മാത്രമേ അതിന് അർഥമുണ്ടാകൂ. മുൻ ഉദ്യോഗസ്ഥൻ എന്നൊക്കെ പറയും പോലെ. പിന്നെ മറ്റൊരു വൈചിത്ര്യം അവരുടെ ദിനാചരണത്തിന്റെ കാര്യത്തിലാണ്. ജബ്ബാർ അക്ബറിനോട് മാനം കെട്ട് തോറ്റ ദിനത്തെയാണത്രെ അവർ എക്സ് മുസ്ലിം ദിനമായി ആചരിക്കുവാൻ പോകുന്നത്. സത്യത്തിൽ ജബ്ബാർ വിജയിച്ചിരിക്കുകയാണ് എന്ന് സൂത്രത്തിൽ അടിച്ചേൽപ്പിക്കാനുളള ശ്രമം കൂടി ഇതിനു പിന്നിലുണ്ട്. സത്യത്തിൽ ജബ്ബാർ തോറ്റു എന്നവർ മാനക്കേടു കൊണ്ട് പറയുന്നില്ലെങ്കിലും ജയിച്ചു എന്ന് ആഘോഷപൂർവ്വം അവർ പറയുന്നില്ല. സത്യത്തിൽ ആഘോഷിക്കാനുള്ള ചെറിയ ഒരു പിടിവള്ളി എങ്കിലും അവർക്ക് കിട്ടിയിരുന്നുവെങ്കിൽ അവർ ഇപ്പോഴും നിലക്കാത്ത ആഘോഷത്തിലായിരിക്കുമായിരുന്നുവല്ലോ.
ലോകത്ത് മതം എന്നും നിരൂപിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. മതത്തെ നിരാകരിച്ചവർ ഒരാളും ഉപേക്ഷിച്ച മതപ്പേരിൽ എക്സ് ചേർത്ത് ഉപയോഗിച്ചതായി ചരിത്രമില്ല എന്നത് ഈ സംഘത്തിന്റെ മറ്റൊരു വിചിത്ര വസ്തുത. അതിനു മികച്ച ഉദാഹരണമാണ് റസൽ. ബര്‍ട്രന്‍ഡ് റസല്‍ (1872-1970) മതവിശ്വാസത്തെ കണിശാര്‍ത്ഥത്തില്‍ ചോദ്യം ചെയ്ത ചിന്തകനാണ്. സ്വതന്ത്ര ചിന്തയുടെ വക്താവായിരുന്നു അദ്ദേഹം. ഒരു വ്യക്തി ചിന്താപരമായി സ്വതന്ത്രനാകണമെങ്കില്‍ അയാള്‍ രണ്ടു കാര്യങ്ങളില്‍നിന്നു മോചിതനാകേണ്ടതുണ്ടെന്ന് റസല്‍ നിരീക്ഷിക്കയുണ്ടായി. പരമ്പരാഗത വിശ്വാസങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്നും അവനവന്റെ വികാരങ്ങളുടെ സ്വേച്ഛാവാഴ്ചയില്‍നിന്നും വ്യക്തി വിമോചിതനാകുമ്പോഴേ അയാള്‍ക്ക് സ്വതന്ത്ര ചിന്ത സാധ്യമാകൂ എന്നായിരുന്നു റസലിന്റെ വിലയിരുത്തല്‍. അവ്വിധം വിമോചനം നേടിയ റസലാണ് (ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനിയല്ല) എന്ന പുസ്തകമെഴുതിയത്. മതങ്ങള്‍ അപകടകരവും അസത്യവുമാണെന്ന് അദ്ദേഹം അറുത്തുമുറിച്ചു പറഞ്ഞിരുന്നു. പക്ഷേ, ക്രിസ്തുമതവിശ്വാസം കൈവെടിഞ്ഞ അദ്ദേഹം സ്വയം എക്‌സ് ക്രിസ്റ്റ്യന്‍ എന്നു വിശേഷിപ്പിച്ചിരുന്നില്ല. റസലിനെപ്പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലയളവുകളില്‍ മതവിശ്വാസത്തോട് വിടചൊല്ലിയ ധാരാളം പേരുണ്ട്. ആല്‍ബര്‍ കമു, ഫ്രെഡറിക് നീഷെ, ലുഡ്വിഗ് ഫോയര്‍ബാഹ്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, ആന്റണ്‍ ചെക്കോവ്, താരിഖ് അലി, ക്രിസ്റ്റഫര്‍ ഹിച്ചെന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെനറ്റ്, ജോസഫ് കോണ്‍റാഡ്, ഐസക് അസിമോവ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും. അവരാരും തങ്ങളുടെ പഴയ മതപ്പേരിൽ എക്സ് ചേർത്ത് ആഘോഷിച്ചിട്ടില്ല.
ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ മതം ഉപക്ഷിച്ചവരുടെ ഒരു നീണ്ട നിര തന്നെ കാണാം. ഭഗത്സിംഗ്, പെരിയാര്‍ ഇ.വി. രാമസ്വാമി, ദേവിപ്രസാദ് ചതോപാധ്യായ, മേഘ്നാഥ് സാഹ, ബോളിവുഡ് താരം ഫര്‍ഹാന്‍ അഖ്തര്‍, സരസ്വതി ഗോറ, അക്ഷയ്കുമാര്‍ ദത്ത, അരോജ് അലി മധുബര്‍, നരേന്ദ്ര ദഭോല്‍കര്‍, ദുഷ്യന്ത് തുടങ്ങിയവർ. കേരളത്തിലേക്കു വന്നാൽ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, എ.ടി. കോവൂര്‍, എം.സി. ജോസഫ്, ജോസഫ് ഇടമറുക്, യു. കലാനാഥന്‍, കെ.കെ. അബ്ദുല്‍ അലി തുടങ്ങി വ്യത്യസ്ത സമുദായങ്ങളില്‍നിന്നു മതനിരാസത്തിലേക്ക് കടന്നുപോയവരെ നാം കാണുന്നു. പക്ഷേ, വിദേശങ്ങളിലേയോ സ്വദേശത്തേയോ മതത്യാഗികളാരും തങ്ങളെ എക്‌സ് ക്രിസ്റ്റ്യന്‍, എക്‌സ് ജ്യൂ, എക്‌സ് ഹിന്ദു, എക്‌സ് മുസ്ലിം എന്നിങ്ങനെ അടയാളപ്പെടുത്തിപ്പോന്നിട്ടില്ല. അവരൊക്കെ അറിയപ്പെട്ടത് റാഷണലിസ്റ്റുകള്‍ (യുക്തിവിചാരക്കാര്‍) ആയിട്ടാണ്. ഇവർ പക്ഷെ യുക്തിവിചാരക്കാർ എന്ന പേരിൽ അറിയപ്പെടാൻ അത്ര ആഗ്രഹിക്കുന്നില്ല. കാരണം അവർക്ക് ഇസ്ലാമിനെ പച്ചക്ക് കടിച്ചു കീറുകയാണ് വേണ്ടത്. ചിന്തിച്ചും ന്യായീകരിച്ചും സമയം കളയാതെ നേരെ ഇസ്ലാമിനെ കൈകാര്യം ചെയ്യാനുള്ള വികാരം മാത്രമാണ് അവരെ നയിക്കുന്നത്. ചിന്തയല്ല.
പ്രത്യേകിച്ച് ഒരു ഗുണവുമില്ലാതെ എന്തിന് ഇങ്ങനെ ഒരു പേര് എന്ന് ചിലർ ചോദിച്ചപ്പോൾ വളരെ വിചിത്രമായ മറുപടിയാണ് വേണ്ടപ്പെട്ടവരിൽ നിന്നും ഉണ്ടായത്. മതം ഉപേക്ഷിക്കുന്ന മുസ്ലിങ്ങള്‍ക്ക് മറ്റു സമുദായങ്ങളിലെ മതത്യാഗികള്‍ അഭിമുഖീകരിക്കുന്ന തരത്തിലുള്ളതല്ലാത്ത ചില സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു അത്. അതിനാല്‍ അവര്‍ വേറിട്ട് സംഘടിക്കുകയും അത്തരം സവിശേഷ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്യേണ്ടതുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു. ഏതൊക്കെയാണ് ആ പ്രശ്‌നങ്ങള്‍ എന്നു ചോദിച്ചതിന്റെ മറുപടി, ഇസ്ലാം ഉപേക്ഷിച്ചവരെ കൊല്ലണമെന്ന നിയമം ഇസ്ലാമിലുണ്ടെന്നും അത് ചില രാഷ്ട്രങ്ങളില്‍ ഭരണാധികാരികള്‍ തന്നെ നടപ്പാക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. അതിൽ നിന്നുള്ള സുരക്ഷക്ക് വേണ്ടിയാണത്രെ സംഘടിക്കുന്നത്. ലോകത്തെവിടെയും അത്തരമൊരു നിയമമില്ല എന്നതും ഇസ്ലാമിലെ മതപരിത്യാഗമെന്ന അധ്യായം അവർ കണ്ടിട്ടപോലുമില്ല എന്നതും അവിടെ നിൽക്കട്ടെ. ഇന്ത്യയിൽ ആദ്യമായി സംഘടന ഉണ്ടാകുന്നത് കൊച്ചിയിലാണ്. കൊച്ചി ഇന്ത്യയിലാണ് എങ്കിൽ ഇന്ത്യയില്‍ ഏതായാലും അത്തരമൊരു നിയമമില്ല എന്ന് എല്ലാവർക്കുമറിയാവുന്നതാണല്ലോ. മതത്യാഗികളെ കൊല്ലുകയൊന്നുമില്ലെങ്കിലും ഭൃഷ്ട് കൽപ്പിക്കുന്ന സ്ഥിതിയൊക്കെ കേരളത്തിൽ ഉണ്ടായിരുന്നു. അതു പക്ഷെ, ഇസ്ലാമിലല്ല, മറ്റു ചില മതങ്ങളിലാണ് ഉണ്ടായിരുന്നത്. അതൊക്കെ പുതിയ വികാസങ്ങളിൽ ഇല്ലാതെയായിട്ടുണ്ട് എന്നത് ഒരു സമൂഹ്യ വസ്തുതയാണ്. ലോകത്തെങ്ങുമില്ലാത്ത, മതം പറയുന്നില്ലാത്ത, ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ലാത്ത ഒരു സാങ്കൽപ്പിക വധഭീഷണിയുടെ പേരും പറഞ്ഞ് എക്സികൾ നടത്തുന്ന കോപ്രായം വൈചിത്ര്യവും വൈരുദ്ധ്യവും നിറഞ്ഞതാണ് എന്ന് വ്യക്തമാകാൻ ഇനിയും ഒന്നും പറയേണ്ടതില്ലല്ലോ. അന്ധമായ മുസ്ലിം വിരോധത്തിന്റെ മറ്റൊരു ലേബലും രീതിയും. അത്രതന്നെ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso