കളസമല്ല, കവചമാണ് ഹിജാബ്
10-02-2022
Web Design
15 Comments
കാനഡ ആസ്ഥാനമായ പ്രശസ്ത ഇസ്ലാമിക വെബ്സൈറ്റിൽ നിന്നാണ് ഞാൻ ഈ സംഭവം വായിച്ചത്. ലോക പ്രശസ്ത ബോക്സര്‍ മുഹമ്മദ് അലി ക്ലേയുടെയും പെൺമക്കളുടെയും ഇടയിൽ ഉണ്ടായതാണ് സംഭവം. അദ്ദേഹത്തിന്റെ മകള്‍ ഹന പിതാവിനെ കുറിച്ചെഴുതിയ ജീവിത കഥയിലടക്കം പല കൃതികളിലും ഈ സംഭവം പറയുന്നുണ്ട് എന്ന് ചെറിയ അന്വേഷണത്തിൽ മനസ്സിലാകുകയുമുണ്ടായി. സംഭവം പറയാം. ഹന പറയുന്നു: ഒരു ദിവസം ഞാനും സഹോദരി ലൈലയും പുറത്തുപോയി തിരിച്ചു വരികയായിരുന്നു. ഒരു വെളുത്ത ടോപും കറുത്ത മിനി സ്കര്‍ട്ടുമായിരുന്നു എന്റെ അന്നത്തെ വേഷം. ഒരു യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലാണ് ഞാനും എന്റെ സഹോദരിയും വളർത്തപ്പെട്ടത്. അതിനാല്‍ അത്തരം ചെറിയതും ഇറുകിയതുമായ വസ്ത്രങ്ങൾ ധരിച്ച് ഉപ്പയുടെ മുമ്പിൽ ഞങ്ങൾ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. ഉപ്പാക്ക് അത് ഇഷ്ടമല്ല എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ പുറത്തുപോയി തിരിച്ചു വരുമ്പോൾ വീട്ടിലുണ്ടെങ്കിൽ ഉപ്പാക്ക് ഒരു തമാശയുണ്ടായിരുന്നു. വാതിലിനു പിന്നിൽ ഒളിഞ്ഞു നിൽക്കും. അറിയാതെ ഞങ്ങൾ കടക്കുമ്പോൾ അദ്ദേഹം ഞങ്ങളെ പേടിപ്പിക്കാൻ നോക്കും. പിന്നെ പൊട്ടിച്ചിരിച്ച് ഞങ്ങളുടെ ചിരിയിൽ കൂടും. അന്നും അങ്ങനെ ഉണ്ടായി. പതിവ് ചിരിക്ക് പതിവ് ആലിംഗനത്തോടെ തിരിശ്ശീല വീണതും ഞാൻ മുന്നോട്ടു നടന്നു.
അപ്പോൾ ഉപ്പയുടെ നോട്ടവും ശ്രദ്ധയും ഞങ്ങളുടെ വസ്ത്രത്തിലായിരുന്നു. വസ്ത്രവിധാനം അടിമുടി നോക്കിയ അദ്ദേഹം എന്നെ വിളിച്ചു. എന്റെ വസ്ത്രമായിരുന്നു പതിവിലധികം ധാർമ്മികത വിട്ടുകടന്നത്, അതുകൊണ്ടാവണം. വിളി കേട്ട് അടുത്തു ചെന്ന എന്നെ വാൽസല്യത്തോടെ ആശ്ലേഷിച്ച അദ്ദേഹം എന്നെ ചേർത്തുനിർത്തി എന്റെയും സഹോദരിയുടെയും കണ്ണുകളിലേക്ക് മാറി മാറി നോക്കി സഗൗരവം ഉപദേശിച്ചു. ഉപ്പ പറഞ്ഞു: മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യവസ്തുക്കളെല്ലാം ഓരോ മറക്കുള്ളിലാണ് നന്നായി, ഭദ്രമായി സംരക്ഷിക്കപെട്ടിരിക്കുന്നത്. അവ നമുക്ക് അനായാസം കയ്യിൽ കിട്ടുക വളരെ പ്രയാസമാണ്. അമൂല്യമായ വജ്രം നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍, ഖനികളില്‍ മറച്ചുവെക്കെപ്പെട്ടിരിക്കുന്നു. സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പവിഴങ്ങളും തഥൈവ. ആഴക്കടലിന്റെയും ഉള്ളിൽ ചിപ്പികള്‍ക്കുള്ളില്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു. സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇനി സ്വര്‍ണ്ണം നോക്കൂ, ഭൂമിക്കടിയില്‍ ഖനികളുടെ ആഴങ്ങളില്‍ വീണ്ടും പാറകളുടെ കനത്ത പാളികളാല്‍ മൂടിവെക്കപ്പട്ടിരിക്കുന്നു. അവിടെ ആ അമൂല്യ ലോഹം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വെള്ളിയും മറ്റു വില കൂടിയ ലോഹങ്ങളുമൊക്കെ ഇങ്ങനെത്തന്നെ. അവയൊക്കെ മനുഷ്യനു വേണ്ടിയുള്ളത് തന്നെയാണ്. പക്ഷെ, അവന് അനായാസം അവ സ്വന്തമാക്കാനും നേടിയെടുക്കുവാനും കഴിയില്ല. അവ പുറത്തെടുക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ. ആഴമുള്ള ചിന്തയുടെ മുകുളങ്ങൾ പൊട്ടി വിടർന്നു വരികയായി ഉപ്പയുടെ തത്വം കേട്ടപ്പോൾ.
ഇങ്ങനെ ഒരു ആമുഖം പറഞ്ഞുവെച്ച ഉടനെ അൽപ്പം ഗൗരവ ഭാവത്തില്‍ ഉപ്പ എന്നെ നോക്കിയിട്ട് പറഞ്ഞു: മോളെ, നിന്റെ ശരീരവും പവിത്രമാണ്. വിലപ്പെട്ടതാണ്. മറ്റുളവർ സ്വന്തമാക്കാൻ കഠിനമായി ശ്രമിക്കുവാൻ മാത്രം അമൂല്യമാണ്. നിന്നിലെ സ്ത്രീത്വം വജ്രത്തേക്കാളും പവിഴത്തേക്കാളും സ്വര്‍ണ്ണത്തേക്കാളും വിലകൂടിയതാണ്. ആയതിനാല്‍ നീയും നിന്റെ മേനി മാന്യമായി മറച്ചുസംരക്ഷിക്കണം. അല്ലാഹു എല്ലാ വസ്തുവിനെയും പ്രത്യേകമായി അനുഗ്രഹിച്ചിട്ടുണ്ട്. ഓരോന്നിനും ഓരോ രീതിയില്‍. ഒരു പയറു ചെടിയെ നോക്കൂ, പയര്‍ മണികളെ കട്ടിയുള്ളൊരു പുറം തോടിനുള്ളില്‍ മൂടി വച്ചിരിക്കുന്നു. അതുവഴി ചെറുപ്രാണികളില്‍ നിന്ന് അവ സംരക്ഷിക്പ്പെടുകയും അതിന്റെ ശരിയായ വിധത്തില്‍ വളരാന്‍ വഴിയൊരുങ്ങുകയും ചെയ്യുന്നു. പഴങ്ങള്‍ എടുത്തു നോക്കൂ, അവയുടെ തൊലിയില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. തൊലി കൊണ്ട് മൂടി വെക്കാത്ത പഴങ്ങൾക്ക് അതിന്റേതായ മധുരവും രുചിയും രൂപവും ഒക്കെ ഉണ്ടാകുമായിരുന്നോ? ഒരിക്കലുമില്ല.
എന്നാല്‍, സസ്യങ്ങളെക്കാളും ജന്തുക്കളെക്കാളും മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ് മനുഷ്യന്‍. അല്ലാഹു ആദരിച്ച സ്രഷ്ടി. അതില്‍ പെണ്‍ വര്‍ഗ്ഗത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹമാണ് ഹിജാബ്. ഹിജാബെന്നാല്‍ അവളുടെ സൌന്ദര്യത്തെ കാത്തു സൂക്ഷിക്കാന്‍, അതിനെ നൃഷ്ടികളോടുള്ള വിനയത്തോടും അല്ലാഹുവിനോടുള്ള വിധേയത്വത്തോടും കൂടി അവന്റെ പ്രീതി കരസ്ഥമാക്കാന്‍ ഉള്ള ഉത്തമ മാര്‍ഗ്ഗമാണ്. എല്ലാ വിധത്തിലുമുള്ള അപകടങ്ങളില്‍ നിന്ന് അവളെ സംരക്ഷിക്കാന്‍ ഹിജാബിനു കഴിയുന്ന പോലെ മറ്റൊന്നിനും കഴിഞ്ഞെന്നു വരില്ല. കാരണം അത് ദൈവീകമാണ്.
മുസ്ലിം പെൺകുട്ടികളുടെ ഹിജാബ് വലിച്ചൂരിയെറിഞ്ഞ് ആസ്വദിക്കുവാൻ ആർത്തി പൂണ്ടവർ ഇവ്വിധം കലിയിളകി ഉറഞ്ഞു തുള്ളുമ്പോൾ മുഹമ്മദലി ക്ലേയുടെ ഈ തത്വ ദർശനം നമ്മുടെ നാട്ടിൽ വിലപ്പോകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സമർഥനം സരളമല്ലാത്തതു കൊണ്ടല്ല. പ്രയോഗങ്ങളിലോ വിശദീകരണത്തിലോ എന്തെങ്കിലും ദുർഗ്രാഹ്യതയുണ്ടായതു കൊണ്ടുമല്ല. ഫാഷിസം അങ്ങനെയാണ്. ന്യായം, സത്യം, അവകാശം തുടങ്ങിയവയെ കുറിച്ച് ചിന്തിക്കുക, പഠിക്കുക, സമർഥിക്കുക, അംഗീകരിക്കുക തുടങ്ങിയതൊന്നും ഫാഷിസത്തിന്റെ പണിയല്ല. അവർക്ക് ഇതിനൊക്കെ പകരം അജണ്ടയാണുള്ളത്. ആ അജണ്ട കാണാമറയത്തിരിക്കുന്ന ആരോ തട്ടിക്കൂട്ടി ഉണ്ടാക്കി അനുയായികൂട്ടത്തിന്റെ ബ്രൈനിൽ പ്രോഗ്രാം ചെയ്തുവെക്കുന്നു. ആക്ഷൻ വിളിക്കുന്നതോടെ അവർ അങ്ങോട്ട് ഉറഞ്ഞ് തുള്ളുന്നു. ആർക്കുവേണ്ടി, എന്തിനു വേണ്ടി എന്നൊന്നും തുള്ളുന്നവർക്കറിയില്ല, അറിയേണ്ടതുമില്ല. തുള്ളുന്നവരെ തള്ളിവിടുന്നവർക്ക് മാത്രമേ അറിയൂ.
ഹിജാബിട്ട് കോളേജിലേക്ക് വന്ന മുസ്ലിം പെൺകുട്ടികളെ പ്രിൻസിപ്പാൾ തന്നെ നേരെവന്ന് ഗേറ്റടച്ച് ഇങ്ങനെ ഇങ്ങോട്ട് കടക്കരുത് എന്ന് പറയുക, ഹിജാബിട്ടു വരുന്ന പെൺകുട്ടിക്കുനേരെ കാവിക്കീറും വീശി ജയ് ശ്രീരാം വിളിച്ച് കുട്ടിഗുണ്ടകൾ ചീറിയടുക്കുക, അല്ലെങ്കിലും അത് ധരിക്കേണ്ടതില്ല എന്ന് ഒരു മതപണ്ഡിതന്റെ വേഷവും മത ബിരുദവും ധരിച്ച വഖഫ് ബോർഡ് ചെയർമാൻ പോലും പ്രസ്താവന നടത്തുക, ഈ ധിക്കാരങ്ങൾക്ക് മുമ്പിൽ ഒരു സംസ്ഥാനത്തിന്റെ നിയമ സംവിധാനം കുറ്റകരമായ മൗനം പാലിക്കുക തുടങ്ങി ഹിജാബിനെതിരെയുളള കഠിനവും ഗുരുതരവുമായ നീക്കങ്ങൾ കാണുമ്പോൾ സ്വന്തം ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്ന ആരും ആശ്ചര്യത്തോടെ അതിന്റെ കാരണം ചോദിച്ചു പോകും. എന്തോ കാര്യമായ കാരണമില്ലാതെ ഇത്രമാത്രം വലിയ വിദ്വേഷം കാണിക്കുന്നതിന്റെ സാംഗത്യം എന്തായിരിക്കും എന്ന്. അത് ഹിജാബ് ധരിക്കുക വഴി മുസ്ലിം സ്ത്രീകൾ എന്തോ നേടുന്നു, അത് അനുവദിച്ചു കൂടാ എന്ന നിലപാടായിരിക്കുമോ, ഹിജാബ് ധരിക്കുക വഴി ചില സാമൂഹ്യ ഉപദ്രവങ്ങൾ ഉണ്ടാകുന്നു, അതിനെ തടയുക എന്നതായിരിക്കുമോ, ഇന്ത്യയെ അത് സാംസ്കാരികമായി അപകീർത്തിപ്പെടുത്തുന്നു, അത് പ്രതിരോധിക്കേണ്ടതാണ് എന്നിവ ഏതെങ്കിലും ആണ് ആ സാംഗത്യമെങ്കിൽ അത് അനുവദിച്ചു കൊടുക്കാമായിരുന്നു. മുസ്ലിം സ്ത്രീകൾ ഹിജാബ് വഴി സുരക്ഷിതത്വമല്ലാതെ മറ്റൊന്നും നേടുന്നില്ല എന്നത് വ്യക്തമാണ്. കണ്ടുനിൽക്കുന്നവരുടെ കാമാസക്തിയെ തടയുന്നു എന്നതല്ലാതെ അതുകൊണ്ട് ഒരു ഉപദ്രവവും ഉണ്ടാകുന്നില്ല. ഇന്ത്യയിലാണെങ്കിൽ ഔദ്യോഗിക മേഖലകളിൽ പോലും വസ്ത്ര വൈവിധ്യം പ്രകടവുമാണ്. ഇത്തരം അംഗീകരിക്കുവാനാവാത്ത ഒരു ന്യായവും ഒട്ടും ഇല്ലാതിരിരുന്നിട്ടും ഈ തീവ്രമായ വിരോധത്തിനു പിന്നിൽ ഒരു സമുദായം ചെയ്യുന്നതിനെ എന്തിനെയും എതിർക്കുകയും അവരുടെ ആസ്തിത്വത്തെ നിരാകരിക്കുകയും ചെയ്യുക എന്നതല്ലാത്ത ഒരു ലക്ഷ്യവുമില്ല.
മനസ്സിലാവേണ്ടത് അവർക്കാണ്. അവർക്കിത് മനസ്സിലാകുമോ എന്നറിയില്ല. എങ്കിലും വസ്തുത വ്യക്തമാക്കാൻ നാം ബാധ്യസ്ഥരാണ്. സദാചാര ബോധമുള്ള സ്ത്രീയെ പ്രപഞ്ചത്തിലെ ഏറ്റവും വിലപ്പെട്ട ദ്രവ്യമായിട്ടാണ് ഇസ്ലാം കാണുന്നത്. അവളുടെ ശരീരം, സ്വരം, ചേഷ്ടകൾ എല്ലാം മനുഷ്യന്റെ ഏറ്റവും വലിയ ആസ്വാദനമാണ്. അത് സ്വന്തമാക്കി അനുഭവിക്കുവാൻ അവൻ ഏതറ്റം വരെയും പോകാൻ തയ്യാറാവുന്നത് അതു കൊണ്ടാണ്. ഇവ്വിധം മനുഷ്യന്റെ ഏറ്റവും വലിയ വികാരമായ പെണ്ണഴകിനെ വാരിവലിച്ചിട്ട് എല്ലാവർക്കും കണ്ടതു പോലെ മേയാൻ പുറത്തിട്ട് കൊടുക്കരുത് എന്നാണ് ഇസ്ലാമിന്റെ നിലപാട്. എല്ലാവരും കൊത്തിവലിക്കുന്നതോടെ അവളുടെ ആ മൂല്യം നശിച്ചു പോകുന്നു. അതു നശിച്ചാൽ പിന്നെ അവൾക്ക് അസ്തിത്വമില്ല. അവളുടെ ഭംഗികളാണ് അവളുടെ ഏക കരുത്ത്. ആ കരുത്തില്ലെങ്കിൽ അവളെ ആരും തിരിഞ്ഞു നോക്കില്ല. അവളെ ആരും സ്വീകരിക്കില്ല. അതിനാൽ താരണ്യത്തിലെത്തുന്നതോടെ അവളുടെ മേനിയഴകും ശരീര സൗകുമാര്യവും ഒളിപ്പിച്ചു വെക്കാനും മറച്ചു പിടിക്കാനും ഇസ്ലാം അവളോടു പറയുന്നു. ആദ്യം അനുയോജ്യനും അനുരൂപനുമായ ജീവിത പങ്കാളിയെ നേടിയെടുക്കാനും പിന്നെ ആ അനുരൂപനെ എന്നും ചേർത്തുപിടിക്കാനും വേണ്ടി അവൾ അവളുടെ സൗന്ദര്യങ്ങൾ സംരക്ഷിക്കണം. സംരക്ഷിച്ച് അത് ഒരാൾക്ക് മാത്രമായി സമർപ്പിക്കണം. അതിനാൽ ഇസ്ലാമിലെ ഹിജാബ് അവൾക്കൊരു കവചമാണ്. സംരക്ഷിതവും സുരക്ഷിതവുമായ ഭാവി ഉറപ്പുവരുത്തിത്തരുന്ന കവചം.
അല്ലാഹു പറയുന്നു: നബിയേ താങ്കൾ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. (അന്നൂർ: 31)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso