Thoughts & Arts
Image

ബിസ്മി ചൊല്ലിത്തുടങ്ങാം എല്ലാം ..

23-02-2022

Web Design

15 Comments







മനുഷ്യനെ നയിക്കുന്നത് അവന്റെ മനസ്സാണ്. അവൻ എന്തു ചെയ്യുമ്പോഴും ആദ്യം അത് അവന്റെ മനസ്സിലാണ് ചെയ്യുന്നത്. ഒരു ചിത്രകാരൻ തന്റെ ചിത്രം ആദ്യം മനസ്സിൽ വരച്ചിട്ടാണല്ലോ ക്യാൻവാസിലേക്ക് അതു പകർത്തുന്നത്. മനസ്സ് ശരിയായ വികാരത്തിലാണെങ്കിൽ അവന്റെ കർമങ്ങൾ നല്ലതായി തീരുന്നു. മറിച്ചാണെങ്കിൽ കർമ്മങ്ങൾ താളം തെറ്റുക തന്നെ ചെയ്യും. ഇസ്ലാമിക വിശ്വാസ പ്രകാരം മനസ്സിനെ ശരിയിലേക്ക് നയിക്കുന്നത് നല്ല വിശ്വാസം, ചിന്ത തുടങ്ങിയവയാണ്. ഇതിന് വഴിവെക്കുന്നത് ഓരോ വ്യക്തിയുടെയും മനസ്സുറപ്പും ശക്തിയുമാണ്. തെറ്റിലേക്ക് വലിച്ചിഴക്കുന്നതാവട്ടെ തെറ്റായ വിശ്വാസം, ചിന്ത തുടങ്ങിയവയുമാണ്. അതിലേക്ക് വഴി തുറക്കുന്നതാവട്ടെ പൈശാചിക വിധേയത്വമാണ്. മനുഷ്യനെ വഴി പിഴപ്പിക്കാനുള്ള ഒരു നിയന്ത്രിതമായ സ്വാതന്ത്ര്യം പിശാചിന് ഒരു പരീക്ഷണം എന്ന നിലക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന് ഖുർആൻ പറയുന്നുണ്ട്. ഇവിടെ ശരിയുടെ ഒപ്പം ദേഹവും ദേഹിയുമായി നിലനിൽക്കുവാനും വൈകാരിക ത്വരകളാകുന്ന പൈശാചികതകളിൽ നിന്ന് അകലം പാലിക്കാനും മനുഷ്യന് കഴിയുന്നുണ്ടോ എന്ന് സൃഷ്ടാവ് പരീക്ഷിക്കുന്നതാണ് ഈ പരീക്ഷണം. മനുഷ്യനെ വഴി തെറ്റിക്കുന്ന തിന്നായി വിശാച് കേറിപ്പിടികുന്നതും ഈ മനസ്സിലാണ്. അതവൻ അല്ലാഹുവോട് തുറന്നു പറയുന്നുണ്ട്. ഖുർആൻ പറയുന്നു: അല്ലാഹുവോടവന്‍ പറഞ്ഞിട്ടുണ്ട്: നിന്റെ അടിമകളില്‍ നിന്നു ഒരു നിശ്ചിതവിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ സ്വന്തമാക്കുന്നതും ദുര്‍മാര്‍ഗത്തിലാക്കുന്നതും വ്യാമോഹിപ്പിക്കുന്നതുമാണ്; ഞാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറും ഞാന്‍ ഉത്തരവിടുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തും തീര്‍ച്ച. (അന്നിസാഅ്: 119) പിശാച് വ്യാമോഹിപ്പിക്കുക എന്ന മനോ ഇടപെടൽ വഴിയാണ് ജനങ്ങളെ തെറ്റിക്കുക എന്ന് ഈ സൂക്തത്തിൽ നിന്ന് വ്യക്തമാണ്.



ഈ ആമുഖം നാം ഗ്രഹിക്കുന്നതോടെ ഈ പൈശാചികതയിൽ നിന്നും തുടർന്നും രക്ഷനേടുവാൻ എന്താണ് വഴി എന്ന് നമുക്ക് ബോധ്യമാകും. അത് മനസ്സിനെ പിശാചിന് വിട്ടു കൊടുക്കാതിരിക്കുക എന്നതാണ്. അത് പക്ഷെ എളുപ്പമുള്ള കാര്യമല്ല. കാരണം അങ്ങനെ നമുക്ക് പിടിതരുന്ന ഒന്നല്ല മനസ്സ് എന്ന മായിക ശക്തി. അതിനെ മെരുക്കി കയ്യിലൊതുക്കാൻ ശക്തവും നിരന്തരവുമായ ഇടപെടൽ വേണം. മനസ്സിന് ഇത്തരത്തിലുള്ള ഒരു പണി കൊടുക്കുക എന്നതാണ് അത്. ആ പണിയാകട്ടെ ഏതെങ്കിലും ഒരു മനോവ്യാപാരം ആയിരിക്കേണ്ടതുണ്ട്. ഈ അർഥത്തിൽ ഇസ്ലാം നിർദ്ദേശിക്കുന്ന മനോവ്യാപാരമാണ് ദിക്റുകൾ. ദിക്റുകളടകക്കമുളള വിഷയങ്ങൾ ആത്മീയ മേഖലയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുടെ ചുഴിയിൽ പെട്ടതോടെ ദിക്റും അനുബന്ധ കാര്യങ്ങളുമെല്ലാം പലരും മൊത്തത്തിൽ തള്ളിക്കളഞ്ഞതു പോലെയായിട്ടുണ്ട് എന്നത് ഖേദകരമാണ്. അത് ഇപ്പോൾ നമ്മുടെ ചർച്ചയല്ല. ഇപ്പോൾ നാം പറഞ്ഞുവരുന്നത് മനുഷ്യന് മാനസികമായ ആയാസത്തിനും ആശ്വാസത്തിനും ഒപ്പം എല്ലാ പൈശാചിക ശല്യങ്ങളിൽ നിന്നും മോചനം നേടുവാൻ സൃഷ്ടാവ് നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗമാണ് ദിക്റ് എന്നതാണ്. മേൽപറഞ്ഞ ആമുഖങ്ങൾ അതിന്റെ ആഴത്തിൽ മനസ്സിലാക്കുന്നവർക്ക് ഉപകാരപ്പെട്ടാലോ.



ഇസ്ലാം നിർദ്ദേശിക്കുന്ന എല്ലാ കർമ്മങ്ങളേയും പോലെ ദിക്റും മനുഷ്യന്റെ മനസ്സിനെയാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. എന്നല്ല, ദിക്റ് എന്നത് മനസ്സിൽ കേന്ദ്രീകരിക്കേണ്ടതാണ്. ബ്രഹ്മാണ്ഡ കഠാഹത്തിന്റെ വിധാതാവായ അല്ലാഹുവിനെ മനസ്സിൽ ധ്യാനിച്ച് അവന്റെ മുമ്പിൽ വിനയാന്വിതം നിന്ന് അവനെ ഹൃദയ പൂർവ്വം വാഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വികാരമാണ് ദിക്റ് എന്ന ഇബാദത്തിന്റെ അർഥവും ആശയവും. മനസ്സ് ഈ വികാരത്തിൽ വിജ്രംബിതമാവുമ്പോൾ സ്വാഭാവികമായും അത് നാവും ചുണ്ടും ഏറ്റുചൊല്ലും. അതോടെ ദിക്ക്റ് പൂർണ്ണമായിത്തിരുന്നു. ദിക്റ് എന്നത് സത്യത്തിൽ ഒരു ഫിക്റ് (ചിന്ത) ആണ് എന്നാണ് പണ്ഡിതരുടെ വ്യാഖ്യാനം. അല്ലെങ്കിൽ അത് അങ്ങനെ ആയിരിക്കണമെന്നാണ്. അപ്പോഴാണ് അതിന്റെ അർഥവും പ്രതിഫലവും പൂർണ്ണമാവുക. ദിക്റിന്റെ മഹത്വം വിശുദ്ധ ഖുർആനും തിരുസുന്നത്തും ഊന്നി പറയുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് സൂറത്തുൽ ബഖറയിൽ അല്ലാഹു പറയുന്നു: അതുകൊണ്ട് എന്നെ നിങ്ങള്‍ സ്മരിക്കുക; നിങ്ങളെ ഞാനും സ്മരിക്കും. എനിക്കു നിങ്ങള്‍ നന്ദിപ്രകടിപ്പിക്കണം; കൃതഘ്‌നത കാട്ടരുത്. (2: 152). അല്ലാഹുവിനെ നാം സ്മരിച്ചാൽ അല്ലാഹു നമ്മെയും സ്മരിക്കും എന്നാൽ അവൻ കടാക്ഷവുമായി നമ്മോടൊപ്പം സദാ ഉണ്ടായിരിക്കും എന്നാണ്.



മഹത്വപ്പെടുത്തുക, ഓര്‍മ്മിക്കുക, ഉച്ചരിക്കുക, ഉണര്‍ത്തുക, എന്നിങ്ങനെയാണ് ദിക്ര്‍ എന്ന അറബി ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം തന്നെ. ഖുര്‍ആന്‍ പാരായണം, സ്വലാത്ത് ചൊല്ലല്‍, തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ദിക്‌റുകളുണ്ട്. ദിക്റിന്റെ പ്രാധാന്യം നബി (സ) വിവരിക്കുന്നത് ഇങ്ങനെയാണ്. അബൂദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അമലുകളില്‍ വെച്ച് ഏറ്റവും ഖൈറായതും റബ്ബിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്നതും പദവിയില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണ്ണവും വെള്ളിയും ചെലവഴിക്കുന്നതിനേക്കാള്‍ നൻമ നിറഞ്ഞതും ശത്രുവിനെ കണ്ടുമുട്ടി പരസ്പരം കഴുത്തറത്തു മാറ്റുന്നതിനേക്കാള്‍ ഗുണകരമായതും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടയോ? നബി(സ) പറഞ്ഞു: അത് അല്ലാഹുവിന്റെ ദിക്‌റാണ്. ദിക്റുകൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത് അതിന്റെ സാഹചര്യങ്ങളും അർഥങ്ങളുമാണ്. അവയിൽ ഏറെ പ്രതിഫലമുള്ള പലതുമുണ്ട്. അവ ഹദീസ് ഗ്രന്ഥങ്ങളിൽ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ വേറിട്ട ചില സവിശേഷതകൾ ഉള്ള ഒന്നാണ് ബിസ്മി. ഏതു കാര്യവും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറഞ്ഞും കരുതിയും മാത്രം ചെയ്യുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതു കാര്യവും ചെയ്യുമ്പോൾ ചെയ്യുന്നതും ചെയ്യേണ്ടതുമായ ഒരു ദിക്റ് എന്ന നിലക്ക് ബിസ്മിക്ക് പല പ്രത്യേകതകളുമുണ്ട്. അവ പ്രധാനമായും മൂന്നാണ്. ഒന്നാമത്തേത് അതിന് മതം കൽപ്പിക്കുന്ന പ്രതിഫലമാണ്. നബി(സ) പറഞ്ഞു: ബിസ്മി കൊണ്ട് തുടങ്ങാത്ത എല്ലാ നല്ല കാര്യങ്ങളും കുഷ്ടരോഗമുള്ളതും വെള്ളപ്പാണ്ടുള്ളതും അവയവം മുറിക്കപ്പെട്ടതുമാണ്. നൂഹ് നബിയുടെ കപ്പൽ ബിസ്മി ചൊല്ലി പ്രയാണമാരംഭിക്കുന്ന ചരിത്രം ഖുർആൻ ഓർമ്മിപ്പിക്കുന്നുണ്ട്.



ബിസ്മി ചൊല്ലി ഒരു കാര്യം തുടങ്ങുമ്പോൾ ആ കാര്യത്തിന്റെ പൂർത്തീകരണത്തിനും വിജയത്തിനും നാം അല്ലാഹുവിനോട് സഹായം തേടുന്നു എന്നാണ് അതിന്റെ അര്‍ത്ഥം എന്നതാണ് രണ്ടാമത്തെ പ്രത്യേകത.
നബി(സ) പറയുന്നു: ബിസ്മി ചെല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അത് ഐശ്വര്യമില്ലാത്തതായി ഭവിക്കും. മൂന്നാമത്തെ കാര്യം ഏതു കാര്യം ചെയ്യുമ്പോഴും ബിസ്മി ചൊല്ലി മാത്രം തുടങ്ങുക എന്നതിനെ ഒരു സ്വഭാവവും സംസ്കാരവുമാക്കി മാറ്റി ജീവിത താളം തന്നെ ആയി മാറുമ്പോൾ ലഭിക്കുന്നതാണ്. അതെന്തെന്നാൽ അങ്ങനെ ഒരു ശീലം നമുക്കുണ്ടെങ്കിൽ നാം ചെയ്യുന്ന കാര്യം ബിസ്മി ചൊല്ലാൻ പറ്റുന്നതാണോ അല്ലയാ എന്ന് ചിന്തിക്കുവാനും വിവേചിക്കുവാനുമുള്ള ഒരു അവസരം കൈവരുന്നു. എന്തു കുടിക്കുമ്പോഴും ബിസ്മി ചൊല്ലുന്ന ശീലമുണ്ടെങ്കിൽ കയ്യിലുള്ള ഗ്ലാസിലെ പാനീയം ബിസ്മി ചൊല്ലാൻ പറ്റുന്നതു തന്നെയാണോ എന്ന് ഒന്ന് ആലോചിക്കുവാനുള്ള സാഹചര്യം കൈവരുമല്ലോ. ഇത് സംസ്കാരികമായ വിശുദ്ധി ഉണ്ടാക്കിത്തരും. ഇസ്ലാം അതിന്റെ നിയമങ്ങൾ വഴി മനുഷ്യനെ തിരിച്ചു വിടുന്ന ഒരു രീതി കൂടിയാണിത്. ഓരോ നിയമങ്ങൾക്കും ഇത്തരം ഒരു ഭാഗം ഉണ്ട്. അഥവാ നേരിട്ടുള്ള അതിന്റെ പ്രതിഫലനത്തിനും കർമ്മഫലത്തിനും പുറമെ അത് ഒരു അവബോധം മനുഷ്യനിൽ സൃഷ്ടിക്കുന്നുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ ഒരു വലിയ പ്രത്യേകത കൂടിയാണിത്. അത്തരം ആഴങ്ങൾ പരിശോധിക്കാതെയുളള വിലയിരുത്തലുകളാണ് സത്യത്തിൽ ഇസ്ലാമിനെതിരെ ഇന്നും പണ്ടും ഉണ്ടായിട്ടുള്ള ആക്രമണങ്ങളുടെ ഒരു കാരണവും. ഏതായാലും എല്ലാം ബിസ്മി ചൊല്ലി ത്തുടങ്ങുവാൻ തീരുമാനിച്ചാൽ അതിനു പോലും മനുഷ്യനെ മാറ്റിയെടുക്കുവാൻ കഴിയും. അതിനാൽ എല്ലാം നമുക്ക് ബിസ്മി ചൊല്ലിത്തുടങ്ങാം.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso