Thoughts & Arts
Image

അവാന്തര ചിന്തകളെല്ലാം വെറും യുക്തിവാദങ്ങളാണ്

23-02-2022

Web Design

15 Comments

മതത്തിന്റെ ഉള്ളിലെ യുക്തിവാദം എന്ന ഒന്നുണ്ട്. നമ്മുടെ ഇടയിലെ ഇസ്ലാമിക വ്യവഹാരങ്ങളിൽ പക്ഷെ, അതിനെ കുറിച്ചുള്ള ചർച്ചകൾ അങ്ങനെ ഉയർന്നു വന്നിട്ടില്ല. അല്ലെങ്കിൽ അത് ആ പേരിൽ വിളിക്കപ്പെട്ടു ചർച്ച ചെയ്യാറില്ല. എന്നാൽ ക്രൈസ്തവ വിശ്വാസ മീംമാംസയിൽ അങ്ങനെ ഒരു പ്രയോഗവും ചർച്ചയും പണ്ടുമുതലേ ഉണ്ട്. ഒരർഥത്തിൽ അത് സജീവവുമായിരുന്നു. അതിന്റെ ചരിത്രം പഠിച്ചാൽ വിശ്വാസത്തെ അതിനുളളിൽ കടന്നുചെന്ന് യുക്തി ആക്രമിക്കുന്നതിന്റെ സാംഗത്യവും മട്ടും മാതിരി യുമെല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിയും. മധ്യകാലഘട്ടത്തിൽ അഥവാ 11, 12 നൂറ്റാണ്ടുകളിൽ തന്നെ മതപരമായ യുക്തിവാദത്തിന്റെ ഇളക്കങ്ങൾ ക്രൈസ്തവ തയിൽ അനുഭവപ്പെട്ടിരുന്നു. അതിന്റെ ചരിത്രം പീറ്റർ അബെലാർഡി(1079-1142) ലേക്ക് എത്തുന്നു എന്നാണ് ചരിത്രം പറയുന്നത്. സഭാപിതാക്കന്മാർ വെളിപ്പെടുത്തിയതും സത്യങ്ങളായി കൈമാറ്റം ചെയ്യപ്പെട്ടതുമായ വിശ്വാസങ്ങൾക്കിടയിൽ നിരവധി വൈരുദ്ധ്യങ്ങൾ ആദ്യമായി അനുഭവപ്പെടുന്നത് തുറന്നു പറഞ്ഞത് അദ്ദേഹമായിരുന്നു എന്നാണ്. മധ്യകാല ചിന്തകരിൽ ഏറ്റവും മഹാനായ അക്വിനാസ്, ഒരു യുക്തിവാദിയായിരുന്നു. വെളിപ്പെടുത്തിയ സത്യത്തിന്റെ വലിയൊരു ഭാഗം യുക്തിക്ക് മനസ്സിലാക്കാവുന്നതാണെന്നും എന്നാൽ യുക്തിക്ക് അതാര്യമായ നിരവധി സിദ്ധാന്തങ്ങൾ ഉണ്ട് എന്നും അദ്ദേഹം കരുതി. ക്രൈസ്തവ മതത്തിനുളളിലെ യുക്തിവാദത്തിന്റെ തുടക്കത്തെ കുറിച്ചുള്ള ഈ അനുമാനങ്ങൾ വ്യക്തത നേടുന്നതും വികസിക്കുന്നതും 16-ഉം 17-ഉം നൂറ്റാണ്ടുകളിലാണ്.



മതപരമായ യുക്തിവാദം ക്രൈസ്തവ മതത്തിൽ നേരെച്ചൊവ്വെ അല്ല കടന്നുവന്നത്. അത് ശാസ്ത്രീയതയുടെയും ദാർശനികതയുടെയും മേലങ്കിയണിഞ്ഞായിരുന്നു. ഇത് ഈ യുക്തി ചിന്തക്ക് മേൽകൈ നേടിക്കൊടുത്തു. ഇവയിൽ ഏറെ സ്വാധീനിച്ചത് ശാസ്ത്രീയത തന്നെയായിരുന്നു. അതിന് ഏറ്റവും സ്പഷ്ടമായ രണ്ട് ഉദാഹരണങ്ങളാണ് ഗലീലിയോവും സർ ഐസക് ന്യൂട്ടണും. ഗലീലിയോ ജ്യോതിശാസ്ത്രത്തിലെ മുൻനിരക്കാരനും ആധുനിക ചലനാത്മകതയുടെ സ്ഥാപകനുമായിരുന്നു. ഗണിതശാസ്ത്രപരമായ കൃത്യതയോടെ സ്ഥിരതയുള്ള നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രകൃതിയെയാണ് അദ്ദേഹം സങ്കൽപ്പിച്ചത്. അതോടെ ലോകത്തിന്റെ ശാശ്വത ഘടനയെ സംബന്ധിച്ചുള്ള മത പ്രമാണപരമായ തത്വങ്ങളുമായി അത് കൂട്ടിയിടിച്ചു. പ്രത്യേകിച്ച് ഭൂമിയെ പ്രപഞ്ചത്തിന്റെ ചലനരഹിത കേന്ദ്രമായി വീക്ഷിക്കുന്നവയുമായി. ഭൂമി സൂര്യനുചുറ്റും സഞ്ചരിക്കുന്നു എന്ന ഗലീലിയോയുടെ പ്രകടനം സർ ഐസക് ന്യൂട്ടന്റെ പ്രവർത്തനത്തിലൂടെ സ്ഥിരീകരിച്ചപ്പോൾ(1642-1727) മതപരമായ യുക്തിവാദത്തിന്റെ ചരിത്രത്തിനു തന്നെ മിഴിവും തെളിവും കൈവന്നു. ശാസ്ത്രവും മതവും രണ്ടു വിരുദ്ധ ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന തോന്നൽ വന്നു. ഇത് പൗരോഹിത്യ നേതൃത്വത്തിനെ ചോദ്യം ചെയ്തു. ഇതോടെ മതവും ശാസ്ത്രവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന ഒരു ശീതസമരം തന്നെ ആരംഭിച്ചു. ഇതു മുന്നോട്ടു കൊണ്ടുപോകുന്നതിലുളള അപകടം മണത്ത ഭരണ നേതൃത്വം ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും എന്ന മാദ്ധ്യസ്ഥത കൊണ്ട് വിഷയത്തിന് സുല്ലിടാൻ തീരുമാനിച്ചു. തുടർന്നാണല്ലോ വിദ്യാഭ്യാസം പോലും ഭൗതികം, മതപരം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടത്.



ഈ പറഞ്ഞത്, ശാസ്ത്രത്തിന്റെ പേരും പറഞ്ഞ് കടന്നുവന്ന യുക്തിവാദം. ദാർശനികത വഴി ക്രൈസ്തവതയിലേക്ക് കടന്നുവന്ന യുക്തിവാദത്തിന്റെ ചരിത്രം ഡെസ്കാർട്ടിന്റെ യുക്തിവാദം മുതലാണ് അവരുടെ ചരിത്രത്തിൽ വ്യക്തത നേടുന്നത്. മതത്തിന്റെ ദർശനങ്ങളെ യുക്തിസഹമായി വ്യാഖ്യാനിച്ച് യുക്തിക്ക് നിരക്കാത്ത കാര്യങ്ങളെ നിരാകരിച്ചും വളച്ചൊടിച്ചും ചിലതൊക്കെ തളളിക്കളഞ്ഞും ആണ് ഈ ഇനം കടന്നുവരുന്നത്. നമ്മുടെ ചർച്ച നമുക്കിടയിലെ അഥവാ ഇസ്ലാമിലെ യുക്തിവാദത്തെ കുറിച്ചാണ്. ഇത്തരം ഒരു ആമുഖം വഴി നമുക്ക് വിശ്വാസത്തിനുള്ളിലേക്ക് യുക്തി ഇരച്ചുകയറുന്നതിന്റെ സാംഗത്യം ബോധ്യപ്പെടുന്നു. ഈ ആമുഖത്തിൽ നിന്നും അതു സാധ്യമാണ് എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. മാത്രമല്ല, അത് പല മേലങ്കിയും അണിഞ്ഞായിരിക്കും പ്രത്യക്ഷപ്പെടുക എന്നും മനസ്സിലായി. ഇസ്ലാമിലും ഇതുണ്ട്, ഉണ്ടായിട്ടുണ്ട്. ഇസ്ലാമിലെ യുക്തിവാദത്തിന്റെ വ്യക്തമായ തുടക്കം മുഅ്തസിലകളിൽ നിന്നായിരുന്നു എന്നു നിരീക്ഷിക്കാം. ബസ്വറയിലെ പള്ളിയിൽ ഇമാം ഹസന്‍ ബസ്വരി(റ)യുടെ വിജ്ഞാന സദസ്സിലെത്തിയ ഒരു ശിഷ്യൻ മഹാപാപം ചെയ്യുന്നവരുടെ കാര്യത്തില്‍ യഥാര്‍ഥ വിധി എന്താണ്? എന്ന ചോദ്യം ചോദിച്ചതോടെയായിരുന്നു ഈ യുക്തിചിന്തയുടെ അരങ്ങേറ്റം. കാഫിറുകളാണ് അവരെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ പാപങ്ങള്‍ വിശ്വാസത്തിന് ദോഷം ചെയ്യുകയില്ലെന്നും പാപം ചെയ്യുന്നവരുടെ വിധി പരലോകത്തെ വിചാരണ വേളയില്‍ തീരുമാനിക്കട്ടെയെന്നും ഒരു കൂട്ടര്‍ വാദിച്ചു. എല്ലാ കണ്ണുകളും ചെവികളും ഇമാമവർകളിലേക്ക് ഉത്തരത്തിനായി നീണ്ടു.



ഹസനുൽ ബസ്വരി ആലോചനയിൽ മുഴുകവെ
സദസ്സിലുണ്ടായിരുന്ന ഒരു ശിഷ്യൻ വാസ്വിലുബ്‌നു അത്വാഅ് അവധാനത ഒട്ടും പുലർത്താതെ എഴുനേറ്റ് പറഞ്ഞു: വന്‍പാപം ചെയ്യുന്നവരുടെ വിധി ഇതിന് രണ്ടിനുമിടയിലാണ്. അവര്‍ മുഅ്മിനോ കാഫിറോ അല്ല. ഇത് കേട്ട ഹസന്‍ ബസ്വരി ദേഷ്യത്തോടെ ശബ്ദമുയര്‍ത്തി പറഞ്ഞു. വാസ്വില്‍ പുറത്തുപോകൂ. ആ സദസ്സില്‍ നിന്ന് വേറിട്ടുപോയ വാസ്വില്‍ അതേ പള്ളിയില്‍ സ്വന്തമായി മറ്റൊരു വിജ്ഞാന സദസ്സ് തുടങ്ങി. അദ്ദേഹത്തോടൊപ്പം കൂടിയവരാണ്. പിന്നീട് മുഅ്തസിലികള്‍ (വേറിട്ടു പോയവര്‍) എന്നറിയപ്പെട്ടത്. മത വിഷയങ്ങളില്‍ സ്വീകരിച്ച യുക്തിനിഷ്ഠ കാരണം സമുദായത്തിന്റെ പൊതുധാരയില്‍ ഒറ്റപ്പെട്ടുപോയവര്‍ എന്ന അര്‍ഥത്തിലാണ് ഈ പേര്‍ വന്നതെന്ന് അഭിപ്രായമുണ്ട്. പ്രമാണത്തേക്കാള്‍ പ്രാധാന്യം ഇവര്‍ ബുദ്ധിക്കു നല്‍കുന്നു. അതുകൊണ്ടാണ് മതത്തിനുള്ളിൽ യുക്തി കയറ്റിയതിന് ഇവരെ നാം ഉദാഹരിച്ചത്. വെറും ഒരു ചോദ്യത്തിലും അതിന്റെ ഉത്തരത്തിലും ഉണ്ടായ ഒരു അഭിപ്രായ വ്യത്യാസമായിരുന്നില്ല ഇവരുടെ ഉള്ളിലിരിപ്പിനു പിന്നിൽ. മൂന്നാം ഖലീഫയുടെ വധം മുതൽ ഇസ്ലാമിക രാജ്യത്തുണ്ടായ ആഭ്യന്തര സംഘർഷങ്ങളിൽ കൊല ചെയ്തവരുടെയും ചെയ്യപ്പെട്ടവരുടെയും കാര്യത്തിലുള്ള പക്ഷപാതിത്വമായിരുന്നു ആ ചോദ്യത്തിന്റെ പ്രധാന പ്രചോദനം. പക്ഷെ, വേർതിരിഞ്ഞതോടെ പിന്നെ അവർ എല്ലാ കാര്യത്തിലും യുക്തി കാണാനും കടത്തിക്കൂട്ടാനും ശ്രമം തുടങ്ങുകയായിരുന്നു. അത് അല്ലാഹുവിന്റെ സ്വിഫത്തുകളിൽ വരെ എത്തി. അല്ലാഹുവിനെ കേള്‍ക്കുന്നവന്‍, അറിയുന്നവന്‍ എന്നിങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ ഈ ഗുണങ്ങള്‍ അവന് കല്പിക്കുന്നത് തൗഹീദിന് വിരുദ്ധമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. മതം കല്പിച്ചതുകൊണ്ടല്ല ഒരു കാര്യം നന്മയാകുന്നത്. മറിച്ച് നന്മ-തിന്മകള്‍ ബുദ്ധികൊണ്ട് തിരിച്ചറിയുകയാണ് വേണ്ടത് തുടങ്ങി അവരുടെ യുക്തിവാദങ്ങൾ വലിയ ഒരു പട്ടിക തന്നെയാണ്.



ഇവരെ തുടർന്ന് ഇസ്ലാമിക ലോകത്ത് പിന്നീട് പല തരം വിഭാഗീയതകളും ഉണ്ടായി. ഇന്നും അതുണ്ട്. ഈ കക്ഷികളൊന്നും മുഅ്തസിലികളെ പോലെ ബുദ്ധിയെയും യുക്തിയെയും വിധികർത്താവായി വിളിച്ചു പറയുന്നൊന്നുമില്ല എന്നത് ശരി തന്നെ. പക്ഷെ, സൂക്ഷ്മമായ നിരീക്ഷണത്തിൽ അവക്കെല്ലാം ഉളളത് ദാർശനികമായ യുക്തിവാദത്തിന്റെ മട്ടും മാതിരിയുമാണ്. ഉദാഹരിക്കാൻ നമുക്ക് നമ്മുടെ മുമ്പിലുള്ള ഏതെങ്കിലും ഒരു അവാന്തര വിഭാഗത്തെയെടുക്കാം. ഉദാഹരണമായി വഹാബിസം. 18-ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയിലെ നജ്‌ദില്‍ രൂപം കൊണ്ട മത പരിഷ്‌കരണ പ്രസ്ഥാനമാണിത്‌. പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയ പേര്‌ മുവഹ്‌ഹിദൂന്‍ (ഏകതാവാദികള്‍) എന്നായിരുന്നു. 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്‌ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര്‌ ചെന്ന്‌ മുട്ടുന്നത്‌ (ആശയ സാമ്യത) ഇബ്‌നു തീമിയ്യയിലാണ്‌. അവരുടെ പ്രധാന വാദങ്ങൾ മൊത്തതിൽ എടുത്താൽ അവർ യുക്തിയെ പിന്തുടരാതെ പിന്തുടരുകയാണ് എന്ന് മനസ്സിലാക്കുവാൻ കഴിയും. ഇവരുടെ വാദങ്ങൾ പ്രധാനമായും ഇസ്‌തിഗാസ, തവസ്സുല്‍, മഹാന്മാരുടെ ഖബര്‍ സിയാറത്ത്‌ മുതലായവയെ അവർ എതിര്‍ക്കുന്നു, അല്ലാഹുവിന്റെ പരിശുദ്ധ ദാത്ത് സ്ഥല-കാലത്തോട്‌ ബന്ധമുള്ള പദാര്‍ത്ഥം (ജിസ്മ്) ആണ്, ഔലിയാക്കൾ, സ്വൂഫികൾ തുടങ്ങിയവർക്കൊന്നും പ്രത്യേകതയില്ല, ഒന്നിച്ച് പ്രാർഥിക്കേണ്ടതില്ല.. തുടങ്ങിയവയൊക്കെയാണ്. ഇവ ഓരോന്നും നിരത്തി വെച്ചാൽ മനസ്സിലാകുന്നത് സമുദായത്തിൽ എല്ലാവരും ഒരേ പോലെയാണ് എന്നാണ്. പ്രത്യേകതയും അപ്രമാദിത്വവും ആർക്കും അവർ കാര്യമായി വകവെച്ചു കൊടുക്കുന്നില്ല.



അവരുടെ ഈ നിലപാട് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ളതാണ് എന്നവർ വാദിക്കും. സത്യത്തിൽ പ്രമാണങ്ങൾ സ്ഥാപിക്കുന്നത് ആത്മീയ വളർച്ചക്ക് വിധേയമായി പലർക്കും പ്രാധാന്യവും പ്രത്യേകതയും ഉണ്ട് എന്നതാണല്ലോ. ഇത് സുതരാം പ്രമാണങ്ങളിൽ കാണാമെന്നിരുന്നിട്ടും ഇവർ ഇത് വകവെച്ചു കൊടുക്കാത്തത് നമ്മെ പോലെ ഒരേ മതത്തിൽ വിശ്വസിക്കുകയും ഒരേ കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് എങ്കിൽ എന്തിനാണ് അത്തരം ചിലരെ മഹത്വവൽക്കരിക്കുന്നത് എന്ന സ്വാഭാവിക യുക്തി വെച്ചാണ്. യുക്തി വെച്ചു നോക്കുമ്പോൾ അതിന് ന്യായുണ്ടല്ലോ. അതേ സമയം മഹാൻമാരുടെ ആത്മീയ ഔന്നത്യത്തെ അവർ കാണുകയാ അംഗീകരിക്കുകയോ ചെയ്യുന്നുമില്ല. ഒരേ മതത്തിൽ എന്തിന് പ്രത്യേകത എന്ന യുക്തിയാണ് അവരുടെ അടിസ്ഥാനം. മറ്റു കാര്യങ്ങളിലും ഇത്തരം യുക്തികൾ തന്നെയാണ് അവരുടെ നിദാനം. ജുമുഅ ഖുതുബ പ്രാദേശിക ഭാഷയിലാകണമെന്ന് ഇവരുടെ കേരള പതിപ്പ് മാത്രം വാദിക്കുന്നത് ഒരു ഉദാഹരണം. ഇതിനവർ വാദിക്കുന്നത് ഖുതുബ പ്രസംഗമല്ലേ, എങ്കിൽ അതു മനസ്സിലാവേണ്ടേ എന്ന യുക്തിസഹ സൂത്രവാക്യമാണ്. വഹാബിസത്തിന്റെ മാത്രം പ്രത്യേകതയല്ല ഇത്. മൗദൂദിസം മറ്റൊന്നാണല്ലോ. അത് അടിസ്ഥാന പരമായി വഹ്ഹാബിസത്തിന്റെ ഒരു രാഷ്ട്രീയ മുഖമാണ്. മതപരമായി അവരും വഹ്ഹാബികളും വലിയ അന്തരമില്ല. അക്കാര്യത്തിൽ മത യുക്തി ചിന്തയിൽ അവരും കൂടുന്നുണ്ട്.



അവരുടെ രാഷ്ട്രീയമാകട്ടെ, ഒരു യുക്തിയിൽ നിന്ന് തന്നെയാണ് ഉദ്ഭവിക്കുന്നത്. ഈ പ്രപഞ്ചം അല്ലാഹുവിന്റേതാണ് എങ്കിൽ ഇവിടെ അധികാരവും അല്ലാഹുവിന്റേതാകേണ്ടതല്ലേ എന്ന യുക്തി ചോദ്യമാണ് അവരുടേത്. നാം ഒരു സമുദായമായി നിൽക്കുമ്പോൾ നമ്മുടെ അധികാരം നമ്മുടെ കൈകളിൽ നിക്ഷിപ്തമായിരിക്കേണ്ടേ എന്നൊക്കെയാണ് അവരുടെ യുക്തിചിന്ത. ഒരു ഭരണ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ പശ്ചാത്തലം പരിഗണിക്കപ്പെടേണ്ടതല്ലേ, ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിൽ അടിസ്ഥാന വ്യത്യാസമില്ലേ തുടങ്ങിയ ചോദ്യങ്ങളെയൊക്കെ അവർ ത്വാഗൂത്തിന്റെ പണിയായി തള്ളുകയും ചെയ്യുന്നു. ഇങ്ങനെ ഓരോ അവാന്തര വിഭാഗങ്ങളും തങ്ങളുടെ വാദത്തെ എടുക്കുന്നത് സ്വന്തം യുക്തിയിൽ നിന്നാണ്. ചെറുതാേ വലുതോ ആയ യുക്തി ചിന്തയിൽ നിന്നല്ലാതെ ഒരു കക്ഷിയും ഉണ്ടാകുന്നില്ല. ഇതില്ലാത്തത്‌ അഹ്ലുസ്സുന്നത്തി വൽ ജമാഅക്ക് മാത്രമാണ്. അഹ് ലുസ്സുന്നത്തി വൽ ജമാഅ പ്രമാണങ്ങളെയാണ് പിന്തുടരുന്നത്. അതധികവും യുക്തിസഹം തന്നെയാണ്. ഇനി വല്ലതും അതിനുപരിയായി ഉണ്ടെങ്കിൽ അതിന് അഹ്ലുസ്സുന്ന പറയുക, അല്ലാഹു അഅ്ലം എന്നാണ്. അതിൽ അവർ തങ്ങളുടെ ന്യൂന യുക്തികൾക്ക് എത്രയോ ഉപരിയാണ് റബ്ബിന്റെ യുക്തി എന്ന് വിനയാന്വിതം വിധേയപൂർവ്വം സമ്മതിക്കുകയാണ്.



മതം യുക്തിക്കനുസൃതമായിരുന്നെങ്കിൽ ഖുഫ്ഫയുടെ അടിഭാഗമായിരുന്നേനെ മുകൾ ഭാഗത്തേക്കാൾ തടവേണ്ടിയിരുന്നത്. നബി(സ) തന്റെ ഖുഫ്ഫയുടെ മുകൾ ഭാഗം തടവുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്ന് അലി(റ). - അബൂദാവൂദ്.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso