Thoughts & Arts
Image

ഉന്നതമായ നേതൃഗുണങ്ങൾ

23-02-2022

Web Design

15 Comments





വിശുദ്ധ ഖുർആൻ നൂറ്റിമൂന്നാം അദ്ധ്യായം തുടങ്ങുന്നത് മനുഷ്യ ജീവിതത്തിന്റെ ഒരു പരമമായ സത്യത്തെ പ്രഘോഷണം ചെയ്തു കൊണ്ടാണ്. കാലം എന്ന സത്യമാണത്. കാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതു കണ്ട കയറ്റിറക്കങ്ങളും സാക്ഷ്യം വഹിച്ച ഉത്ഥാന പതനങ്ങളും സ്വന്തം മാറിൽ കൊത്തിവെച്ച ചരിത്രങ്ങളുമൊക്കെയാകും സാധാരണ മനസ്സിൽ തെളിയുക. അതാണ് കാലത്തിന്റെ പാഠം എന്നു തോന്നിപ്പോകും. എന്നാൽ ഇത്ര ചെറുതാക്കിക്കെട്ടാവുന്ന ഒന്നല്ല കാലം. കാലം എന്ന സത്യം ഒരു തത്വമാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലേക്കും പകർത്തേണ്ടുന്ന ഒരു മഹാതത്വം. ഈ പ്രക്രിയക്കുവേണ്ടിയാണ് സത്യത്തിൽ സൃഷ്ടാവ് കാലത്തെ ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ മൂന്നായി അംശിച്ചിരിക്കുന്നതു തന്നെ. ഭൂതകാലത്തിന്റെ നിനവിൽ നിന്നു കൊണ്ട് വർത്തമാന കാലത്തെ ശോഭനമായ ഭാവികാലത്തെ സങ്കൽപ്പിച്ചായിരിക്കണം മനുഷ്യൻ ഏതു കാര്യവും നിർവ്വഹിക്കേണ്ടത് എന്നതാണ് ആ തത്വം. ഈ വഴി പിന്തുടരാത്ത ഏതു പ്രക്രിയയും വിജയിക്കില്ല എന്നു കൂടി ഇതോട് ചേർത്ത് മനസ്സിലാക്കാം. സ്വന്തം ജീവിതത്തിൽ നിന്ന് ഏത് കാര്യം അടർത്തിയെടുത്ത് പരിശോധിച്ചാലും ഇതു ശരിയാണ് എന്ന് ബോധ്യപ്പെടും. ഈ തത്വം പുലരേണ്ട ഒരു വിഷയമാണ് നേതൃത്വം എന്നതും. ഒരു നേതാവിന്റെ നേതൃത്വം വിജയിക്കുന്നത് കാലത്തിന്റെ ഈ തത്വത്തിന് അനുഗുണമാകുമ്പോഴാണ്. അതനുസരിച്ച് നേതാവ് വർത്തമാന കാലത്തെയാണ് നയിക്കുന്നത്. അതിനു വേണ്ട ഊർജ്ജം സംഭരിക്കുന്നതാവട്ടെ ഭൂതകാലം തീർത്ത നൻമകളിൽ നിന്നും. ശോഭനവും സുരക്ഷിതവുമായ ഭാവിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ മൂന്ന് ഘടകങ്ങളിലും വിജയിച്ചാൽ അദ്ദേഹത്തെ വിജയിച്ച നേതാവ് എന്നു വിളിക്കാം. സൂക്ഷ്മമായ വിശകലനത്തിൽ കേരള മുസ്ലിംകളുടെ സാമൂഹ്യ നേതൃരംഗത്ത് അങ്ങനെ വിജയിച്ച ഒരു നേതാവായിരുന്നു മർഹൂം ഇ അഹ്മദ് സാഹിബ്. അദ്ദേഹത്തിന്റെ ജീവിതം കാലത്തിന്റെ സത്യത്തോടും തത്വത്തോടും നീതികാട്ടി.



ഈ പറഞ്ഞ ആമുഖ മനുസരിച് ഭൂതകാലത്തിൽ നിന്ന് ശക്തി സംഭരിച്ചെടുക്കുക എന്ന കാര്യത്തിൽ അഹ്മദ് സാഹിബിനെ കുറിച്ച് ആർക്കും സംശയമുണ്ടാവില്ല. ഇന്ത്യൻ യൂണിയൻ കണ്ട മൂന്ന് അതികായൻമാരിൽ നിന്നായിരുന്നു അദ്ദേഹം തന്റെ ഭാവിയുടെ വഴി തെളിയിച്ചെടുത്തത്. കെ എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി എച്ച് മുഹമ്മദ് കോയ എന്നീ നേതൃത്രയങ്ങുടെ വിനീത ശിഷ്യനായിരുന്നു അദ്ദേഹം. അവരിൽ നിന്ന് പഠിച്ച, പരിശീലിച്ച രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ ശത്രുക്കളുടെ പോലും ആത്മാർഥമായ അംഗീകാരം നേടിയിട്ടുള്ളവരായിരുന്നു ഈ നേതാക്കൾ മൂന്നു പേരും. ഇവരാവട്ടെ, വലിയ പ്രതീക്ഷയോടെയും അതിലേറെ ആവേശത്തോടെയുമായിരുന്നു അഹ്മദ് സാഹിബിനെ പഠിപ്പിച്ചതും വളർത്തിയതും. കെ എം സീതി സാഹിബ് ഓരോ കാര്യങ്ങളിലും ഇടപെട്ടായിരുന്നു ഇ അഹ്മദ് എന്ന എം എസ് എഫുകാരനെ വളർത്തിയത്. തന്റെ നിയമ പഠനം എറണാകുളത്തിനു പകരം തിരുവനന്തപുരമായത് ഈ അടുപ്പം ഉറപ്പു വരുത്തുവാനായിരുന്നു. നിയമ പഠനത്തോടൊപ്പം പത്രപ്രവർത്തനം തുടരാൻ സീതി സാഹിബായിരുന്നു അദ്ദേഹത്തോട് നിർദ്ദേശിച്ചത്. പത്രപ്രവർത്തനം എന്നത് ഇവിടെ ഒരു ജീവിതസന്ധാരണ മാർഗ്ഗമായി ഗണിക്കപ്പെട്ടിരുന്നില്ല. വാർത്തകൾ കൈകാര്യം ചെയ്യുന്നതിനിടെ ലോകത്തിന്റെ നേരറിവുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും എന്നതിനാൽ ഭാവിയുടെ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്ന് താൻ ആശിക്കുന്ന അഹ്മദ് വസ്തുതകളിലേക്ക് വളരണം എന്ന സീതീ സാഹിബിന്റെ താൽപര്യമാണ് ഇതിനു പിന്നിൽ. അതിലേറെ ഏറ്റവും കൗതുകകരമായ കാര്യം തന്റെ ഈ ശിഷ്യന്റെ ഇംഗ്ലീഷ് ശരിപ്പെടുത്തിയെടുക്കുവാൻ തന്റെ മുമ്പിലിരുത്തി ഇംഗ്ലീഷ് പത്രം ഉറക്കെ വായിപ്പിക്കുകയും വാക്കുകളും പ്രയോഗങ്ങളും ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന സീതി സാഹിബിന്റെ ശ്രമമാണ്. ആ ഇംഗ്ലീഷ് കൊണ്ട് ഇന്ത്യാമഹാരാജ്യത്തെ യു എന്നിൽ പ്രതിനിധാനം ചെയ്യുവാനുള്ള അവസരങ്ങൾ അഹ്മദ് സാഹിബിന് കൈവന്നപ്പോൾ ആ ഗുരുവിന്റ പ്രതീക്ഷകൾ പുലരുകയും പൂക്കുകയുമായിരുന്നു.



ഖാഇദുൽ ഖൗമിൽ നിന്ന് ഈ ശിഷ്യൻ രാഷ്ട്രീയ മീമാംസക്കപ്പുറം ജീവിതമീമാംസ കൂടി പഠിക്കുകയായിരുന്നു. ആ മനസ്സിൽ സി എച്ചിന് സമാനനായിരുന്നു ഇ അഹ്മദ്. ഓരോ കാര്യങ്ങൾക്കും അഹ്മദ് ഒപ്പം ഉണ്ടാകണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു. ബാഫഖി തങ്ങൾ ഒപ്പം കൊണ്ടു നടന്ന് പഠിപ്പിച്ചത് ജീവിതമൂല്യങ്ങളായിരുന്നു. സത്യസന്ധത, ആത്മ വിചാരം, ധാർമ്മിക നിഷ്ഠകൾ, ജീവിതമൂല്യങ്ങൾ ഇതെല്ലാം തങ്ങളുടെ ജീവിതത്തിൽ നിന്ന് അദ്ദേഹത്തിനു പകർന്നു കിട്ടി. ഒരു അധികാര രാഷ്ട്രീയ നേതാവാകുകയാണ് തന്റെ ഭാവി എങ്കിലും അത് വിജയിപ്പിച്ചെടുക്കുവാൻ ഈ മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടിയിരുന്നു. ബാഫഖി തങ്ങളുടെ ജീവിതത്തിൽ നിന്ന് കണ്ടും കേട്ടും അനുഭവിച്ചും ലഭിച്ച ആ മൂല്യങ്ങളാണ് രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും ധവളപ്രകാശം പൊഴിച്ചത്. എല്ലാ കാര്യത്തിലും തങ്ങളുടെ കടാക്ഷം ഒപ്പമുണ്ടായിരിക്കണമെന്നത് അഹ്മദ് സാഹിബിന്റെ ഒരു അഭിലാഷമായിരുന്നു. കണ്ണൂരിലെ തന്റെ വീടിൽ ആദ്യം കയറേണ്ടത് ബാഫഖി തങ്ങളാണ് എന്ന് അദ്ദേഹം കരുതിയത് ഒരു ഉദാഹരണം. അതു പക്ഷെ, തങ്ങളുടെ അവസാന ഗൃഹപ്രവേശനം പോലെയായി. തൊട്ടടുത്ത ദിവസം ഹജ്ജിന് പുറപ്പെട്ട തങ്ങൾ തിരിച്ചു വന്നില്ലല്ലോ. മതപരമായ കാര്യങ്ങളിലെ സൂക്ഷ്മതയും ആരാധനകളിലെ ചിട്ടയുമെല്ലാം അദ്ദേഹത്തിന് പകർന്നു കിട്ടിയത് ബാഫഖി തങ്ങളിൽ നിന്നാണ്.



സി എച്ചിൽ നിന്ന് അഹ്മദ് സാഹിബ് പ്രയോഗിക രാഷ്ട്രീയമായിരുന്നു പഠിച്ചത്. രാഷ്ട്രീയ ജീവിതം പെട്ട കാറ്റുകളിലും കോളുകളിലും സമചിത്തത കൈവിടാതെ പക്വതയോടെ പ്രതികരിക്കാനും മുന്നോട്ട് പോകുവാനും ഇതു സഹായിച്ചു. ബാബരി ദുരന്താനന്തരം രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അതിനൊരു മികച്ച ഉദാഹരണമാണ്. ഈ വിഷയത്തിലെ കടുത്ത വൈകാരിക പ്രക്ഷോപങ്ങൾ ഏതൊരു മുസൽമാന്റെയും മനസ്സിനെ വല്ലാതെ മഥിക്കുന്നതായിരുന്നു. കോൺഗ്രസ് വേണ്ട വിധം പ്രതിരോധിച്ചില്ല എന്നത് വ്യക്തമായിരുന്നു എന്നതായിരുന്നു വലിയ പ്രശ്നം. അതിന്റെ പേരിൽ അവരുമായുളള അധികാര ബന്ധം തുടരുന്നത് ശരിയല്ല എന്ന് എല്ലാവരും പറഞ്ഞ സാഹചര്യം. മുസ്ലിം ലീഗിൽ തന്നെ സുലൈമാൻ സേട്ട് സാഹിബ് കലാപത്തിന് പതാക വഹിച്ച സാഹചര്യം. ആ സമയത്ത് കോൺഗ്രസ്സിനോടുള്ള ബന്ധം വിഛേദിക്കുന്നത് പ്രതികരിക്കുവാനുളള വേദിയും ശക്തിയും നഷ്ടപ്പെടുത്തുമെന്നും അത് ന്യൂനപക്ഷത്തിന് കൂടുതൽ അസഹ്യമായിരിക്കുമെന്നും തിരിച്ചറിയാൻ ഇ അഹ്മദിനെ പോലുള്ള നേതാക്കളെ സഹായിച്ചത് സി എച്ചിനെ പോലുള്ളവരിൽ നിന്നും ലഭിച്ച തിരിച്ചറിവുകൾ കൊണ്ടായിരുന്നു. അതു ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭയിലേക്കും യു എന്നിലേക്കുമെല്ലാം ലീഗിനെ എത്തിച്ചതും അവിടെയെല്ലാം സമുദായത്തിന്റെ ഹാജർ പറയാനായതും ഇതു വഴിയാണ്. വലിയ ഹൃദയബന്ധമായിരുന്നു രണ്ടു പേരും തമ്മിൽ. വീട്ടിൽ വന്നാൽ നേരെ അടുക്കളയിൽ ചെന്ന് കലങ്ങൾ തുറന്നു നോക്കുന്ന സി എച്ചിനെ ഒരഭിമുഖത്തിൽ മകൻ റിയാസ് അനുസ്മരിക്കുന്നുണ്ട്. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ യുവ പ്രസംഗകരായി രണ്ടു പേരും വേദികൾ പങ്കിട്ട കാലം മുതൽ മന്ത്രിമാരായി തിരുവനന്തപുരത്ത് കഴിഞ്ഞ കാലം വരെ അത് ഇഴവിടാതെ നിലനിന്നു.



അതോടൊപ്പം അദ്ദേഹം മറ്റു നേതാക്കൾ എല്ലാവരുമായും ഹൃദയബന്ധങ്ങൾ വളർത്തുകയും സൂക്ഷിക്കുകയും ചെയ്തു. ആ ബന്ധങ്ങളെല്ലാം ഊഷ്മളങ്ങളായിരുന്നു. ഓരോ ദിവസവും അവ അദ്ദേഹത്തിൽ വളർച്ചയുടെ പുതിയ പുതിയ വിത്തുകൾ പാകിക്കൊണ്ടിരുന്നു. അങ്ങിനെയാണ് ഒരു തികഞ്ഞ നേതാവിലേക്ക് അദ്ദേഹം വളർന്നത്. മഹത്തായ നേതൃഗുണങ്ങൾ കൊണ്ട് സമ്പന്നനായിരുന്നു അദ്ദേഹം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആ പക്വത തന്നെയാണ്. മനുഷ്യ ഉൺമയിൽ അലിഞ്ഞുചേർന്ന രണ്ടു ഘടകങ്ങളായ വികാരവും വിചാരവും കൃത്യമായ അനുപാതത്തിൽ സംരക്ഷിക്കുന്നതിനെയാണ് പക്വത എന്ന് പറയുന്നത്. ഇവയിൽ വികാരം സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. വിചാരമാവട്ടെ വിദ്യാഭ്യാസം, സാമൂഹിക ഇടപെടലുകൾ, അവബോധങ്ങൾ തുടങ്ങിയ വ വഴി വന്നുചേരുന്നതും. വികാരമില്ലാത്ത വിചാരം ഷൺഢത്വമാണ്. വികാരം വേണം. അതു പക്ഷെ, വിചാരങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടണം. അഹ്മദ് സാഹിബിന്റെ ഓരോ രാഷ്ട്രീയ നീക്കത്തിലും ഈ പക്വത പ്രകടമായിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടാതെ പോയതും. വികാരത്തിന്റെ തീ പന്തങ്ങളുമേന്തി മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും രക്ഷിക്കാൻ വന്ന എത്രയോ നേതാക്കളെ നമുക്കു പരിജയമുണ്ട്. അവർക്കൊന്നും പക്ഷെ, പിടിച്ചു നിൽക്കുവാനായില്ല. അവർ തുപ്പിയ തീ പ്രസക്തമല്ലാത്തതു കൊണ്ടായിരുന്നില്ല അത്. പക്ഷെ, അവ വെറും വികാരത്തെ ആയിരുന്നു പ്രതിനിധാനം ചെയ്തിരുന്നത്. അതുകൊണ്ട് അവരൊക്കെ വന്നതിലധികം വേഗതയിൽ രംഗം വിട്ടതാണ് അനുഭവം.



ജീവിതനിഷ്ഠയായിരുന്നു ഇ അഹമദ് സാഹിബിലെ നേതാവിനെ വ്യതിരിക്തനാക്കിയത്. അദ്ദേഹം തികച്ചും നിഷ്കളങ്കനായിരുന്നു. നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടും കൈകളിൽ ഒരു മാലിന്യവും പുരണ്ടില്ല. വിനയമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ഏതൊരു പ്രവർത്തകനും വിനയാന്വിതനായ അഹ്മദ് സാഹിബിനെയല്ലാതെ ഓർക്കാൻ കഴിയില്ല. എല്ലാവരോടും നിർമ്മലമായി പുഞ്ചിരിച്ചും എല്ലാവരുടെ പരാതികളും സാകൂതം കേട്ടും സദാ അദ്ദേഹം ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്നു. ഏത് അർദ്ധരാത്രിയിലും അദ്ദേഹത്തെ ഒരാവശ്യത്തിന് വേണ്ടി വിളിക്കാമായിരുന്നു. തന്നെ വിളിച്ച ഒരാൾക്കു വേണ്ടി വേണമെങ്കിൽ ഏതു രാഷ്ട്രത്തലവനോടും അദ്ദേഹം സംസാരിക്കുമായിരുന്നു. നിഷ്കളങ്കത, വിനയം, സ്നേഹം എന്നിങ്ങനെയുള്ള ഉന്നത ഗുണങ്ങൾ ആണ് സൽസ്വഭാവത്തിന്റെ അടയാളം. നബി(സ) പറഞ്ഞു: ജനങ്ങളെ ആധികമായി സ്വർഗ്ഗത്തിലെത്തിക്കുക സൽസ്വഭാവമാണ്. ഇവ്വിധം ജനങ്ങളിലേക്ക് കരുണാർദ്രമായ ഒരു മാരുതനായി ഇറങ്ങിച്ചെല്ലുവാൻ അല്ലാഹു തന്റെ നബിയോട് പറയുന്നതായി കുർആനിൽ കാണാം. സൂക്ഷിച്ചു നോക്കിയാൽ നബി തിരുമേനിയുടെ ദൗത്യം വിജയം കണ്ടതിനു പിന്നിലെ ഒരു വലിയ ഘടകം തന്നെ ഈ സ്വഭാവ മഹിമയായിരുന്നുവല്ലോ.



ജീവിത മൂല്യങ്ങളെല്ലാം ഇവ്വിധം പുഷ്പിച്ചതിന് പിന്നിൽ ഒരു പ്രധാന സ്വകാര്യമുണ്ട്. അത് അദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഏതൊരാളുടെയും ജീവിത ഇടപാടുകൾ വിജയിക്കുവാൻ വേണ്ട ഘടകമാണ്. അത്
ആത്മീയതയിൽ അധികമാരും അറിയാത്ത ഒരു സ്വന്തം ഇടം അഹ്മദ് സാഹിബിനുണ്ടായിരുന്നു എന്നതാണ്. സ്വദേശത്തും വിദേശത്തും രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരാൾ എന്ന നിലക്ക് ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ ജീവിതം കൗതുകകരമാണ്. മതപരമായ നിഷ്കർഷകൾ, ആരാധനകൾ തുടങ്ങിയവയുടെ കാര്യത്തിൽ അദ്ദേഹം ആത്മാർഥമായ ഒരു ശ്രദ്ധാലുവായിരുന്നു. നിസ്കാരപ്പായയിൽ ചമ്രം പടിഞ്ഞിരിക്കുക എന്നതല്ല അത്. മറിച്ച് മതപരമായ നിഷ്ഠകൾ ഗൗരവമായി അദ്ദേഹം പുലർത്തിയിരുന്നു. നിസ്കാരങ്ങളുടെ കാര്യത്തിൽ അദ്ദേഹം വീഴ്ച വരുത്തുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ തുടക്കത്തെ കുറിച്ച് മക്കൾ പറയുന്നത് അദ്ദേഹം അധികവും തഹജ്ജുദ് നിസ്കാരത്തിന് എഴുനേൽക്കുമായിരുന്നു എന്നാണ്. നിശയുടെ അവസാന യാമത്തിന്റെ ഏകാഗ്രതയിൽ നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ്. പ്രാർഥനകൾക്ക് ഏറെ പ്രതീക്ഷയുള്ള നിസ്കാരമാണ് ഇതെന്ന് മതപ്രമാണങ്ങൾ പറയുന്നു. വലിയ പണ്ഡിതൻമാരുമായും സാദാത്തുക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അതിന്റെ ശ്രേഷ്ടത മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം. ഈ നിസ് കാരത്തിനു ശേഷം ചെയ്യുന്ന പ്രാർഥന കേൾക്കപ്പെടാതിരിക്കില്ല എന്നാണ്. അത്രക്കം പ്രാർഥനക്ക് അനുയോജ്യമായ ഏകാന്തതയും മറ്റും അപ്പോൾ ലഭിക്കുന്നുണ്ടല്ലോ. അതു കഴിഞ്ഞ് സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞാൽ അവിടെ തന്നെ ഇരുന്ന് ഒരൽപ്പം ഖുർആൻ പാരായണം ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ഒരു സാധാരണ ദിവസം തുടങ്ങുന്നത് എങ്കിൽ ആ ജീവിതം എത്ര ആത്മീയ നിബദ്ധമായിരിക്കും എന്നു സങ്കൽപ്പിക്കാവുന്നതേയുള്ളൂ.



ഈ മൂല്യങ്ങൾക്കെല്ലാം വേണ്ട പ്രതിഫലം പരലോക ജീവിതത്തിലാണ് ലഭിക്കുക എന്ന് നമുക്കറിയാം. അവിടെയേ അതു കിട്ടിയിട്ട് കാര്യവുമുള്ളൂ. ഇവിടെ കിട്ടുന്നതൊക്കെ നശ്വരമാണല്ലോ. എങ്കിലും അതിന്റെ സൂചനയും ഭാഗവുമായി ചില പ്രതിഫലങ്ങൾ ഇവിടെ നിന്നു തന്നെ അദ്ദേഹത്തിന് കിട്ടി. അത് പ്രധാനമായും മൂന്നാണ്. ഒന്ന് തന്റെ സേവന വീഥിയിൽ നേടാവുന്നാതാെക്കെയും അവിചാരിതമായി നേടി. രണ്ടാമത്തേത് സേവന ജീവിതത്തിൽ തന്നെ സമ്പൂർണ്ണമായ ജീവാർപ്പണം പോലെ അവസാന നിമിഷം വരെ നിലനിന്നു. മൂന്നാമത്തേത് തലമുറകളുടെ നാവിൽ എന്നും നിലനിൽക്കുന്ന പ്രശംസക്ക് അർഹനായി. തലമുറകളോളം നൻമയാൽ പ്രശംസിക്കപ്പെടുക എന്നത് വലിയ സൗഭാഗ്യം തന്നെയാണ്. അതുകൊണ്ടാണല്ലോ ഇബ്റാഹിം നബി അതിന് വേണ്ടി അല്ലാഹുവോട് ഇങ്ങനെ തേടിയത്: പിന്‍ഗാമികളില്‍ എനിക്ക് സല്‍പേരുണ്ടാക്കുകയും ചെയ്യേണമേ. (ശുഅറാ: 84)

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso