Thoughts & Arts
Image

വിശ്വാസവും അന്ധവിശ്വാസവും

20-10-2022

Web Design

15 Comments






പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയുടെ നാൾവഴി ഏതാണ്ട് അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു. കേന്ദ്രപ്രതി ഭഗവൽ സിംഗ് തന്റെ പൂർവ്വ ജന്മം എവിടെ, എന്തായിട്ടായിരുന്നു എന്ന് കണ്ടെത്തുന്നത് മുതൽ അത് ആരംഭിക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞതനുസരിച്ച് തമിഴ്നാട്ടിലെ ചിദംബരത്തുളള താന്ത്രികവിദ്യകളിൽ അഗ്രഗണ്യനായ ഒരാളിൽ നിന്നാണ് അത് കണ്ടെത്തുന്നത്. ചിദംബരത്തെ സ്വാമിയുടെ അടുക്കൽ എല്ലാവരുടെയും പൂർവ്വ ജൻമത്തെ കുറിച്ചുളള പ്രമാണമുണ്ടത്രെ. അതനുസരിച്ച് ബംഗാളിലെ ഒരു വൈദ്യകുടുംബാംഗമായിരുന്നുവത്രെ കഴിഞ്ഞ ജൻമത്തിൽ അദ്ദേഹം. മരുന്നു മാറിക്കൊടുത്തതിന്റെ പേരിൽ വൈദ്യരെ നാട്ടുകാർ തല്ലിക്കൊന്നു. തുടർന്നുളള ജൻമമായിരുന്നു ഇപ്പോഴത്തേത് എന്ന് വിശ്വസിക്കുന്ന ഈ കക്ഷിയെ അലട്ടുന്നത് തന്റെ പൂർവ്വ ജന്മത്തിലെ ശാപമാണ്. ഇത്തരം ഒരു കഥ കേൾക്കാൻ പാകപ്പെട്ട മനസ്സിന്റെ ഉടമയായ ഒരു ലൈല ഇയാളുടെ ജീവിതസഖിയായി എത്തുക കൂടി ചെയ്യുന്നതോടെ ശാപമോക്ഷത്തിനുള്ള വഴികൾ അന്വേഷിച്ചു തുടങ്ങി രണ്ടു പേരും. നരബലി നൽകിയാൽ ശാപമോക്ഷവും തുടർന്ന് ഐശ്വര്യവും വന്നു കേറുമെന്ന് അവർ വിശ്വസിച്ചു. ഇതിനിടയിലാണ് ഫേസ് ബുക്കിൽ നിന്നും മുഹമ്മദ് ശാഫി എന്ന ഒരു തട്ടിപ്പുവീരനുമായി ഇവർ ബന്ധപ്പെടുന്നത്. ശ്രീദേവി എന്ന പേരിലുള്ള ഒരു എക്കൗണ്ടിലൂടെ ഇത്തിരി പ്രേമവിവശനായിട്ടായിരുന്നു ബന്ധത്തിന്റെ തുടക്കം. പിന്നെ ദൈവ പ്രീതിക്ക് വേണ്ടി നരബലിക്ക് വേണ്ട കാര്യങ്ങൾ താൻ ചെയ്തു തരാം എന്ന് ശ്രീദേവി പറയുന്നു, ശ്രീദേവി ഒരു കർമ്മിയെ അയച്ചു കൊടുക്കുന്നു, കർമ്മിയായി ശാഫി തന്നെ ഒറ്റപ്പെട്ടു കഴിയുന്ന റോസ്ലിൻ എന്ന തെരുവു കച്ചവടക്കാരിയുമായി വരുന്നു, അവളെ ബലി നൽകുന്നു, കാര്യമായ ഫലങ്ങളൊന്നും അനുഭവപ്പെടാത്തതിനെ തുടർന്ന് സിംഗും ലൈലയും കാര്യം തിരക്കുന്നു, കുടുംബത്തിന് മേലുളള ശാപമാണ് എന്ന് വിശ്വസിപ്പിച്ച് ഒരു നരബലി കൂടി നടത്താനുള്ള കോള് ശാഫി ഒപ്പിക്കുന്നു, തുടർന്ന് പത്മം എന്ന മറ്റൊരുത്തിയെ കൊണ്ട് വന്ന് ബലി നൽകുന്നു... ഇങ്ങനെയാണ് കഥ പുരോഗമിച്ചത്. ഇതിനിടയിലൊക്കെ മനസ്സാക്ഷിയെ നടുക്കുന്ന കുറേ സംഭവങ്ങൾ നടക്കുന്നുണ്ട്. കഥയുടെ കഥ പൊളിയാതിരിക്കാൻ ചെയ്ത വേലകളാണ് അവയെല്ലാം.



സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചുളള ചർച്ചയിൽ ആദ്യം മുതലേ ഉയർന്നുവന്ന പ്രതി അന്ധവിശ്വാസമാണ്. ഇതാണ് ഇന്നത്തെ നമ്മുടെ ചിന്ത ഈ വിഷയത്തെ വലം വെക്കുവാനുളള കാരണവും. എന്താണ് വിശ്വാസം, എന്താണ് അന്ധവിശ്വാസം, ഈ നടന്നതൊക്കെ അന്ധവിശ്വാസത്തിന്റെ പ്രചോദനം കൊണ്ടാണോ എന്നീ ചോദ്യങ്ങൾക്കാണ് നമുക്ക് ഉത്തരം ലഭിക്കേണ്ടത്. ഈ ചർച്ചയിൽ ആദ്യം മനസ്സിലാക്കേണ്ടത് വിശ്വാസം എന്നാൽ അത് വ്യക്തമായി നമ്മുടെ അറിവിന്റെ പരിധിയിൽ വരുന്ന കാര്യമല്ല എന്നതാണ്. അത്തരം കാര്യങ്ങളെ വിശ്വാസം എന്നു പറയുകയില്ല. ഉദാഹരണമായി ഒരാളുടെ കൈവിരലിൽ ഒരു മോതിരമുണ്ട്. അതയാൾ കാണുന്നുണ്ട്. അയാൾക്കത് തൊട്ടു നോക്കി ഉണ്ടെന്ന് ഉറപ്പിക്കുവാൻ കഴിയുകയും ചെയ്യും. എങ്കിൽ അത് ഒരു വിശ്വാസമല്ല, അറിവാണ്. എന്നാൽ അറിയാന്‍ സാധ്യമല്ലാത്ത കാര്യങ്ങളാണ് പൂർണ്ണമായും വിശ്വാസത്തിന്‍റെ പരിധിയില്‍ വരുന്നത് എന്ന് ഈ പറഞ്ഞതിന് അർഥമില്ല. മനുഷ്യബുദ്ധിയിൽ തീരെ പിടിച്ചു നിൽക്കാത്തതും ബോധിക്കാത്തതുമായ ധാരണകൾ വിശ്വാസമല്ല, മിത്തുകൾ തുടങ്ങിയതൊക്കെയാണ്. വിശ്വാസം എന്നു പറഞ്ഞാൽ യുക്തിഭദ്രവും തെളിവുകളുടെ സഹായത്താൽ സ്ഥാപിക്കാനും ബോധ്യപ്പെടുത്താനും കഴിയുന്ന തരത്തിലുള്ള ബലമുളള ധാരണകളാണ് വിശ്വാസം. അതിന് ഏറ്റവും സരളമായ ഉദാഹരണമാണ് ഇസ്ലാമിലെ ദൈവ സങ്കൽപ്പവും വിശ്വാസവും. ഈ പ്രപഞ്ചത്തിന് സൃഷ്ടാവും നിയന്ത്രകനുമായി ഒരു സർവ്വ ശക്തനുണ്ട് എന്നത് ഇസ്ലാം നിർബന്ധിക്കുന്ന ഒരു വിശ്വാസമാണ്. അത് തെളിയിക്കുന്നതും സ്ഥാപിക്കുവാൻ സഹായിക്കുന്നതും ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളുമാണ്. അന്യൂനമായ ഈ പ്രപഞ്ചത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും സൃഷ്ടിപ്പും ഘടനയും പ്രവർത്തനവും സർവ്വശക്തനായ അല്ലാഹുവിലേക്ക് വിരൽ ചൂണ്ടുന്നു.



ഇങ്ങനെ വിശ്വാസം നിർവ്വചിക്കപ്പെടുന്നതോടെ അന്ധവിശ്വാസം സ്വയമേവ നിർവ്വചിക്കപ്പെടും. അതനുസരിച്ച് യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളുമാണ് അന്ധവിശ്വാസത്തിന്റെ കോളത്തിൽ വരിക. അമാനുഷികമായ കഴിവു കൊണ്ടുമാത്രം വിശദീകരിക്കാവുന്നതും ആധുനിക ശാസ്ത്രത്തിനും കേവല യുക്തിക്കും വിരുദ്ധവുമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ് അന്ധവിശ്വാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടിസ്ഥാനപരമായി വിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെയുള്ള ഒരു വർഗ്ഗീകരണം മുമ്പില്ലായിരുന്നു. ഇത് ഈ അടുത്ത കാലത്തായി മാത്രം ഉണ്ടായതാണ്. ഇത് സത്യത്തിൽ യുക്തിവാദികള്‍ സൃഷ്ടിച്ചെടുത്ത ഒരു പദമാണ്. ദൈവത്തിലോ പിശാചിലോ വിശ്വസിച്ച് ആരാധനകള്‍ അര്‍പ്പിക്കുന്ന സമൂഹങ്ങളെ പരിഹസിക്കുന്നതിനുവേണ്ടിയാണ് ഈ പദം ഇവര്‍ ഉപയോഗിക്കുന്നത്. അതായത്, യുക്തിവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ആൾക്കാർക്ക് ഗ്രഹിക്കാന്‍ കഴിയാത്ത ആശയങ്ങൾ പുലർത്തുന്ന ഏതൊരു വ്യക്തിയും ഇവരുടെ കാഴ്ചപ്പാടില്‍ അന്ധവിശ്വാസിയാണ്. ദൈവവിശ്വാസവും വിഗ്രഹാരാധനയുമൊക്കെ ഒരേ ഗണത്തില്‍പ്പെടുന്ന അന്ധവിശ്വാസങ്ങളായിട്ടാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലും വിശ്വാസികൾ യുക്തിവാദികൾ ഏറെ അകന്നാണ് സഞ്ചരിക്കുന്നത്.



ഇവയിൽ വിശ്വാസം അതായത് സത്യവിശ്വാസമാണ് അടിസ്ഥാനം. അഥവാ, മനുഷ്യന്റെയും കുലത്തിന്റെയും അടിസ്ഥാന പ്രകൃതം വിശ്വാസമാണ്. പ്രപഞ്ചത്തിലേക്ക് കടന്ന് വരികയും ഒരു കുലമായി വളരുകയും ചെയ്യുമ്പോഴെല്ലാം മനുഷ്യൻ വിശ്വാസി മാത്രമായിരുന്നു. ഇക്കാര്യം വിശുദ്ധ ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ പറയുന്നു. അല്ലാഹു പറയുന്നു: അല്ലാഹുവിന് പുറമേ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ് എന്നുപറയുകയും ചെയ്യുന്നു. (നബിയേ) താങ്കള്‍ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങള്‍ അവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരുന്നേനേ (യുനുസ്: 18,19). ഇക്കാര്യം തന്നെ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍) വിശ്വാസികള്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. (അല്‍ബഖറ: 213). അടിസ്ഥാന പ്രകൃതം വിശ്വാസമാണെന്നും അതിൽ നിന്നും മനുഷ്യൻ പിശാചിന്റെ സഹായത്തോടെ സ്വയം തെന്നിമാറുകയായിരുന്നു എന്നു ചുരുക്കം. അതുകൊണ്ടാണ് വിശ്വാസമല്ലാത്തതെല്ലാം ഇങ്ങനെ പലപ്പോഴും അപകടത്തിൽ ചാടുന്നത്.



വിശ്വാസം, അന്ധവിശ്വാസം എന്നിവ നിർവ്വചിക്കപ്പെട്ട നിലക്ക്, നാം നമ്മുടെ ചിന്തയിലേക്ക് തിരിച്ചുവരികയും നരബലി സംഭവത്തിൽ ഉണ്ടായതിനെയെല്ലാം അന്ധവിശ്വാസം എന്ന് വിളിക്കുവാൻ പറ്റുമോ എന്നന്വേഷിക്കുകയാണ് ഇനി വേണ്ടത്. നരബലി എന്ന ചിന്തയിലേക്ക് ഭഗവൽസിംഗ് എന്ന കേന്ദ്രപ്രതി എത്തിച്ചേരുന്ന പൂർവ്വ ജന്മത്തിലെ ശാപം, അതിൽ നിന്നുളള മോചനമാർഗം തുടങ്ങിയതെല്ലാം ഉണ്ടായത് അന്ധവിശ്വാസങ്ങളിൽ നിന്നാണ് എന്നതിൽ സന്ദേഹമില്ല. പക്ഷെ, പിന്നീട് ഉണ്ടായ എല്ലാ കാര്യങ്ങളുടെയും പ്രചോദനം വിശ്വാസമോ അന്ധവിശ്വാസമോ ഒന്നുമല്ല. മുഖ്യ ആസൂത്രകനായ ശാഫി ശ്രീവിദ്യയായി വേഷം കെട്ടുന്നതും നരബലി നടത്തിയാൽ ഐശ്വര്യം വന്നുകേറും എന്നു പറയുന്നതും അയാളുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലല്ല. നിരപരാധരും ആരോരുമില്ലാത്തവരുമായ സ്തീകളെ പിടിച്ച് അറുത്ത് ബലി എന്ന് വിശ്വസിപ്പിച്ച് അവരിൽ നിന്ന് പണം തട്ടാനുള്ള സൂത്രത്തിന്റെ വെളിച്ചത്തിലാണ്. പണമല്ലാതെ തന്റെ ഇരയുടെ ശാപമകറ്റുക എന്നതിനെ ഒരിക്കലും അയാൾ ലക്ഷ്യമായി കണ്ടിട്ടില്ല. അത്തരം ഒരു വിശ്വാസിയുമല്ല അയാൾ. തന്റെ സൂത്രം വിജയിച്ചു എന്നുറപ്പാക്കിയ ശാഫി പിന്നെ തരപ്പെട്ടേടത്ത് എല്ലാം മുതലെടുക്കുകയായിരുന്നു. ഭർത്താവിന്റെ മുമ്പിലിട്ട് ഭാര്യയെ കർമ്മത്തിന്റെ ഭാഗമെന്ന് വിശ്വസിപ്പിച്ച് വ്യഭിചരിക്കുമ്പോഴും ഇറച്ചിവെട്ടിന്റെ ലാഘവത്തിൽ രണ്ടു മനുഷ്യ സ്ത്രീകളെ വെട്ടിക്കൂട്ടുമ്പോഴും അയാളുടെ ഉള്ളിൽ മദ്യവും ആർത്തിയുമല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ഉള്ളിൽ വിശ്വാസമോ അന്ധവിശ്വാസം പോലുമോ തെല്ലും ഉണ്ടായിരുന്നില്ല. ലഭ്യമായ കഥകൾ വെച്ച് അതിനൊന്നും ഒരു സാധ്യതയുമുള്ള വ്യക്തിയല്ല അയാൾ. ഒപ്പം തന്നെ കാണേണ്ട കാര്യമാണ് ഇതിനെല്ലാം നിന്നു കൊടുത്ത വൈദ്യന്റെയും ഭാര്യയുടെയും അവസ്ഥ. അവർ ഈ കൃത്യത്തിലേക്ക് എത്തുന്നത് അന്ധവിശ്വാസത്തിന്റെ ഊടുവഴിയിലൂടെയാണെങ്കിലും ചെയ്തതെല്ലാം ചെയ്തത് പണത്തോടും സമ്പൽ സമൃദ്ധിയോടുമുള്ള ആർത്തി കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇതിനൊക്കെ നിന്നു കൊടുക്കുമ്പോൾ നേരും നെറിയും അവർ മറന്നത് ഭാവിയിൽ വന്നു കയറാനിരിക്കുന്ന ഐശ്വര്യത്തിന്റെ മഞ്ഞളിപ്പിൽ പെട്ടായിരുന്നു. അന്ധവിശ്വാസം എന്ന പ്രയോഗത്തിന് ഈ സംഭവത്തിൽ കാര്യമായ പങ്കില്ലെന്ന് ചുരുക്കം. പണത്തോടുള്ള ആർത്തി, സ്വേഛകളോടുള്ള പ്രതിപത്തി എന്നിവക്കാണ് സംഭവത്തിൽ വ്യക്തമായ മേൽ കൈ. എന്നിട്ടും സംഭവത്തിനു മേൽ അന്ധവിശ്വാസത്തിന്റെ ചാപ്പയടിക്കപ്പെട്ടത് ഏതോ ഗുഢലക്ഷ്യത്തിന്റെ ഭാഗമായി വിശ്വാസത്തോടെല്ലാം വിരോധമുളള ആരോ ആണെന്നല്ലാതെ മറ്റൊന്നും പറയാനില്ല.



ഈ സംഭവങ്ങൾ രണ്ടു കാര്യങ്ങൾ മനുഷ്യനെ ഉണർത്തുന്നുണ്ട്. ഒന്നാമതായി വിശ്വാസം ആത്‌മാർഥവും സത്യസന്ധവുമായിരിക്കണം എന്നതാണത്. ഏത് വിശ്വാസത്തിന്റെയും അരികു പറ്റി ചില കളകൾ മുളച്ചുപൊന്തുക സ്വാഭാവികമാണ്. ഓരോരുത്തരുടെയും താൽപര്യം, വൈകാരിക സമീപനം തുടങ്ങിയ വയെ വിശ്വാസവുമായി ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവിഹിത സന്തതികൾ മാത്രമാണത്. അവയെ വിശ്വാസത്തിലേക്ക് കൂട്ടിച്ചേർക്കുന്നത് അപകടരമാണ്. വിശ്വാസം എപ്പോഴും ബലിഷ്ഠമായ ദൃഷ്ടാന്തങ്ങൾ നേരിട്ടു പിന്തുണക്കുന്നവ മാത്രമായിരിക്കണം. രണ്ടാമതായി വിശ്വാസം നമുക്ക് എന്തു നൽകും എന്നും അതുവഴി നമുക്കെന്തു കിട്ടും എന്നത് കൃത്യമായി നാം മനസ്സിനെ ബോധിപ്പിക്കണം എന്നതാണ്. വിശ്വാസം നമുക്ക് നൽകുക ഉൾവെളിച്ചം, ഉള്ളുറപ്പ്, മാനസിക അസ്വസ്ഥതകളിൽ നിന്നുളള മോചനം എന്നിവയൊക്കെയാണ്. അല്ലാതെ നേരിട്ട് പണമോ പ്രതാപമോ ഒന്നുമല്ല. മുകളിൽ പറഞ്ഞ മനോഗണങ്ങൾ ഉപയോഗപ്പെടുത്തി ഒരാൾക്ക് വേണമെങ്കിൽ നല്ല മനക്കരുത്തുള്ള ആളും നല്ല ദൈവ കടാക്ഷത്തിലെ വിശ്വാസിയും അതുവഴി നല്ല ഒരു ബിസിനസ് കാരനുമൊക്കെയാകാം. പക്ഷെ, അതൊന്നും വിശ്വാസത്തിന്റെ നേർഫലങ്ങളല്ല. ഇഹത്തിലും പരത്തിലും മോക്ഷത്തിലേക്ക് നയിക്കുകയാണ് വിശ്വാസത്തിന്റെ ഫലം. ഇത്തരം വസ്തുതകൾ പഠിപ്പിക്കാനാണ് ഇത്തരം സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. അല്ലാതെ ഈ പേരും പറഞ്ഞ് വിശ്വാസി സമൂഹത്തെയെല്ലാം അന്ധവിശ്വാസികൾ എന്ന ചാപ്പയടിക്കാനല്ല.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso