നരബലിയുടെ കഥ
20-10-2022
Web Design
15 Comments
ഇമാം ഹാഫിള് ഇബ്നു കതീർ(റ) തന്റെ അൽ ബിദായ വന്നിഹായയിൽ ഏഴാം ഭാഗത്ത് ഒരു സംഭവം ഉന്നയിക്കുന്നുണ്ട്. സംഭവത്തിന്റെ നിവേദക ശ്രേണിക്ക് ചില ന്യൂനതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എങ്കിലും സംഭവം ഇതാണ്. ഈജിപ്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കപ്പെടുകയും അംറ് ബിൻ അൽ ആസ്വ്(റ) അവിടെ ഗവർണ്ണറാവുകയും ചെയ്ത കാലം. ഒരു ദിവസം തദ്ദേശീയർ ഒരു വിചിത്രമായ വിഷയവുമായി ഗവർണ്ണറെ കാണാനെത്തി. അവർക്ക് പറയാൻ ഉണ്ടായിരുന്നത് ഈജിപ്തിന്റെയും ആഫ്രിക്കയുടെയും ജീവനാഡിയായിരുന്ന നൈൽ നദിയെ കുറിച്ചായിരുന്നു. അവർ പറഞ്ഞു: ഞങ്ങളുടെ നൈലിന് ഒരു പതിവുണ്ട്. വർഷത്തിൽ ഒരു പ്രത്യേക ദിവസം അത് നിലച്ചുപോകും. ഒഴുകില്ല. പിന്നെ അത് ഒഴുകണമെങ്കിൽ സർവ്വാഭരണ വിഭൂഷിതയും സുന്ദരിയുമായ ഒരു യുവതിയെ ബലി നൽകണം. വിചിത്രമായ ഈ സംഭവം കേട്ട് കണ്ണു തളളിപ്പോയ അംറ് ബിൻ അൽ ആസ്വ്(റ) പക്ഷെ, എത്രയും പെട്ടന്ന് കാര്യത്തിലേക്ക് വന്നു. ഭരണാധികാരിയായ അദ്ദേഹം സംഭവത്തിന്റെ അപസർപ്പകതയിൽ ലയിച്ചങ്ങനെ നിന്നാൽ പറ്റില്ല. വിഷയം ഒരു ജീവനുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ഉടനെ പറഞ്ഞു: അതു പറ്റില്ല, അത് ഞാൻ അനുവദിക്കില്ല, കാരണം ഇസ്ലാം അതനുവദിക്കുന്നില്ല.
സംഭവത്തിന്റെ ബാക്കി കാര്യങ്ങൾ പറയുന്നതിന് മുമ്പ് സമാനമായ മറ്റു ചില അനുഭവങ്ങൾ പറയാം. ഞങ്ങളുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ അൽഭുതക്കാഴ്ച ഏതാണ്ട് ഒരു കിലോമീറ്റർ അകലെ മാത്രമുള്ള ഒലിപ്പുഴയെ മുറിച്ചു കടന്നുപോകുന്ന റെയിൽ പാലമായിരുന്നു. ഭീതിയോടെയാണ് അത് കാണാൻ പോയിരുന്നത്. അതിന്റെ മുകളിലൂടെ വലിയ തീവണ്ടി കടന്നുപോകുന്നത് മനസ്സിൽ സങ്കൽപ്പിക്കുമ്പോഴേ ശരീരവും മനസ്സും കുഴയുമായിരുന്നു. തിരിച്ചു പോരുമ്പോൾ കൂട്ടുകാർ പറഞ്ഞിരുന്ന ഒരു കഥയുണ്ട്. അന്നത് പേടിച്ചിട്ട് ഇറക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ ഉൾക്കൊള്ളാനുള്ള പ്രയാസം കാരണവും ഇറക്കാൻ കഴിയുന്നില്ല. മറ്റൊന്നുമല്ല സംഗതി. ഈ പാലത്തിന്റെ തൂണുകൾ ഒരിക്കലും തകരില്ല, കാരണം അത് ഉറപ്പിച്ചിരിക്കുന്നത് മനുഷ്യന്റെ ചോരയിലാണ്. അതിന് ചോര ഒപ്പിച്ചത് അഥസ്തിതരായ ചെറുമക്കൾ തുടങ്ങിയവരെ പിടിച്ച് അറുത്താണത്രെ. അത് ഇപ്പോഴും ചില വായനകളിൽ കണ്ടു. പണ്ട് അങ്ങനെ ചിലതൊക്കെ നടന്നിരുന്നു എന്ന് ഇപ്പോൾ ചില വായനകളിൽ പൊന്തിവന്നിട്ടുണ്ട്. നരബലി വീണ്ടും വർത്തമാനമായ സാഹചര്യത്തിൽ പ്രത്യേകിച്ചും.
പുരാതന ജപ്പാനിൽ, ഐതിഹ്യങ്ങൾ ഹിറ്റോബാഷിരയെ (മനുഷ്യസ്തംഭം) കുറിച്ച് പരാമർശിക്കുന്നു. അതിൽ ചില നിർമ്മാണങ്ങളെ ദുരന്തങ്ങളിൽ നിന്നോ ശത്രു ആക്രമണങ്ങളിൽ നിന്നോ സംരക്ഷിക്കുന്നതിനായി കന്യകകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നുവെന്ന് ചില ചരിത്രങ്ങൾ വ്യക്തമാക്കുന്നു. 1487-ൽ ടെനോക്‌റ്റിറ്റ്‌ലാനിലെ ഗ്രേറ്റ് പിരമിഡിന്റെ പുനഃപ്രതിഷ്ഠയ്‌ക്കായി, നാല് ദിവസത്തിനുള്ളിൽ 80,400 തടവുകാരെ അവർ നരബലിയർപ്പിച്ചതായി ആസ്‌ടെക്കുകൾ റിപ്പോർട്ട് ചെയ്തു. പതിനായിരത്തിനും എൺപതിനായിരത്ത് നാനൂറിനും ഇടയിൽ ആളുകളെ ചടങ്ങിൽ ബലിയർപ്പിച്ചതായി ആസ്ടെക് വാർഫെയറിന്റെ രചയിതാവായ റോസ് ഹാസിഗ് പറയുന്നു. മനുഷ്യ സ്വാർഥതയുടെ ഏറ്റവും ക്രൂരമായ ഭാവമാണ് നരബലി. കാരണം ഒരാൾ അല്ലെങ്കിൽ ഏതാനും പേർ തങ്ങൾക്ക് ഐശ്വര്യം ലഭിക്കാൻ അല്ലെങ്കിൽ ദോഷങ്ങൾ നീണ്ടപ്പോകാൻ നിരപരാധരായ മനുഷ്യരെ കൊന്ന് കുരുതി കൊടുക്കുകയാണ് ചെയ്യുന്നത്. അപ്പോൾ തന്റെ ഒരു സഹജീവി പോയാലും ശരി തനിക്ക് സൗഖ്യവും മോക്ഷവും ലഭിക്കണം എന്ന് ആശിക്കുകയാണ് ക്രൂരനായ മറ്റൊരാൾ.
നരബലി എന്നത് ഒരു ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുകയും ദൈവത്തിന് സമർപ്പിക്കുക എന്ന ഭാവത്തിൽ എന്തൊക്കെയോ ചെയ്യുന്ന പ്രവൃത്തിയാണ്. സാധാരണയായി ദൈവത്തെ പ്രീതിപ്പെടുത്താൻ, ഭരണാധികാരികൾക്കായി, പുരോഹിതരുടെ നിർദേശപ്രകാരം, മരിച്ച പൂർവ്വികരുടെ ആത്മാക്കളെ പ്രീതിപ്പെടുത്താൻ എന്നിങ്ങനെയാണ് നരബലികൾ ചെയ്യുന്നത്. പ്രചോദനം ഏത് ഭാഗത്തു നിന്നാക്കിലും സമർപ്പിക്കുന്നത് ദൈവത്തിനോ പിശാചിനോ ആയിരിക്കും. ചില ഗോത്ര സമൂഹങ്ങളിൽ നരബലി ആചാരത്തിന്റെ ഭാഗമാണ്. ദേവതാപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വർധിപ്പിക്കുന്നതിന്, അമാനുഷിക ശക്തികൾ സ്വായത്തമാക്കുന്നത്, മരണ ശേഷം സ്വർഗം ലഭിക്കുന്നതിന്, രോഗമുക്തിക്ക്, സന്താനഭാഗ്യത്തിന്, സമ്പത്തും ഐശ്വര്യവും വന്നു കയറാനും വർധിപ്പിക്കാനും തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നരബലി നടത്തിയിരുന്നത്. ചരിത്രത്തിലുടനീളം ഒട്ടുമിക്ക സംസ്കാരങ്ങളിലും നരബലി നിലനിന്നിരുന്നതായി കാണാം.
പ്രാചീനകാലത്ത് അതിക്രൂരമായാണ് നരബലി നടത്തിയിരുന്നത്. അന്നത്തെ മനുഷ്യൻമാർ പൊതുവെ സമ ശേഷിക്കാരായിരുന്നു. വികാസത്തോടൊപ്പമാണ് മനുഷ്യർക്കിടയിൽ വലിയ തട്ടുകൾ രൂപപ്പെട്ടത് എന്നാണ് നരവംശ ശാസ്ത്രം പറയുന്നത്. അതേ സമയം നരബലി കൊണ്ട് വലിയ ചില നേട്ടങ്ങൾ ഉണ്ട് എന്ന കിംവദന്തി വ്യാപകമായിരുന്നു താനും. ഇത് പാപമാണെന്നോ മനുഷ്യത്വത്തിനെതിരാണെന്നോ ഉള്ള അവബോധങ്ങൾ ഉണ്ടായിരുന്നില്ല താനും. പ്രവാചകരോ പരിഷ്കർത്താക്കളോ ഉണ്ടായിരുന്നില്ല. അതിനാൽ നരബലി നടത്താൻ ഉദ്ദേശിക്കുന്ന ആൾക്ക് ബലിദാനിയെ കിട്ടുക എളുപ്പമായിരുന്നില്ല. അപ്പോൾ വളരെ ക്രൂരമായി ബലത്തോടെ പിടിച്ചു കൊണ്ടുവന്നോ ചതിച്ചു വീഴ്ത്തി യോ ആയിരുന്നു അവർ സംഗതി ഒപ്പിച്ചിരുന്നത്. കറച്ചു കൂടി മുന്നോട്ട് വന്ന് ഇരുമ്പ് യുഗം ആയപ്പോഴേക്കും (ബിസിഇ ഒന്നാം നൂറ്റാണ്ട്) നരബലി ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. മാത്രമല്ല, കുറച്ചു കൂടി കൃത്യതയുളള ആയുധങ്ങൾ മനുഷ്യർ സ്വായത്തമാക്കിയിരുന്നു താനും. അതിനാൽ ക്രൂരമായ നരബലി കുറഞ്ഞു വന്നു. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് നരബലി കുറഞ്ഞത്. എന്നാൽ അമേരിക്കയിലെ ചില ഭാഗങ്ങളിൽ അമേരിക്കയിലെ യൂറോപ്യൻ കോളനിവൽക്കരണം വരെ നരബലി തുടർന്നിരുന്നു എന്നാണ് ചരിത്രം. അമേരിക്കയുടെ ഏറിയ പങ്കും ഒരു സാംസ്കാരികതയും കടന്നു വന്നിട്ടില്ലാത്ത സാംസ്കാരിക വനങ്ങളായിരുന്നു.
നരബലിയിലേക്ക് നയിക്കുന്ന കാരണങ്ങളിലേക്കു കടന്നാൽ ഏറെ അൽഭുതപെട്ടു പോകും നമ്മൾ. ആചാരപരമായ കൊലപാതകം എന്നു വിളിക്കപ്പെടാവുന്ന നരബലിക്ക് പിന്നിലെ കാരണങ്ങൾ പ്രധാനമായും പലപ്പോഴും മതങ്ങളിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്. പുരാതന സമൂഹങ്ങളിൽ ദൈവ പ്രീതിക്കായി, ഐശ്വര്യത്തിനായി, കൃഷി മികച്ചതാക്കുന്നതിന്, മഴ ലഭിക്കുന്നതിന്, സമ്പത്ത് ഉണ്ടാകുന്നതിന് തുടങ്ങിയ കാരണങ്ങളാണ് നരബലിക്ക് പിന്നിൽ കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിൽ ദൈവപ്രീതി നേടുക എന്ന ഉദ്ദേശവും നരബലിക്ക് പിന്നിലുണ്ടായിരുന്നതായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. ഹോമറിക് ഇതിഹാസത്തിൽ, ഇഫിജീനിയയെ അവളുടെ പിതാവ് അഗമെംനോൺ, ആർട്ടെമിസിനെ പ്രീതിപ്പെടുത്താൻ ബലിയർപ്പിക്കണമെന്നും അങ്ങനെ ദേവത ട്രോജൻ യുദ്ധം നടത്താൻ ഗ്രീക്കുകാരെ അനുവദിക്കുമെന്നും പറയുന്നുണ്ട്. ഗ്രീക്ക് മിത്തോളജിയിലെ ഒരു ഭീകര ദേവതയാണ് ട്രോജൻ.
മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചില സങ്കൽപ്പങ്ങളിൽ, മരണപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങിൽ ജോലിക്കാരെ കൂടെ ബലിയർപ്പിക്കുന്ന പതിവുണ്ടായിരുന്നു. മംഗോളുകൾ, സിഥിയന്മാർ, ഈജിപ്തുകാർ, വിവിധ മെസോഅമേരിക്കൻ മേധാവികൾ എന്നിവർ ആദ്യകാലത്ത് അവരുടെ വീട്ടുജോലിക്കാരെയും സ്ത്രീകളെയും ഉൾപ്പെടെയുള്ളവരെ അടുത്ത ലോകത്തേക്ക് കൊണ്ടുപോകുന്നെന്ന വിശ്വാസത്തിൽ കൊലപ്പെടുത്താറുണ്ടായിരുന്നു. അവരുടെ യജമാനനോടൊപ്പം ബലിയർപ്പിക്കപ്പെടുന്നതിനാൽ, മരണാനന്തര ജീവിതത്തിൽ അവനെ സേവിക്കുന്നത് തുടരാൻ കഴിയുമെന്നാണ് പാവം ഇരകൾ വിശ്വസിച്ചിരുന്നത്. ഇതിൽ നിന്നാകാം ഇന്ത്യയിൽ സതി എന്ന ആചാരത്തിലേക്കുള്ള ചിന്തകൾ വളർന്നത്. വിധവയെ അവളുടെ ഭർത്താവിന്റെ ചിതയിൽ ചുട്ടുകൊല്ലുകയോ അവന്റെ ശവകുടീരത്തിൽ ജീവനോടെ അടക്കം ചെയ്യുകയോ ചെയ്യുന്ന പുരാതന ഇന്ത്യൻ, നേപ്പാളിലെ ആചാരമാണ് സതി. ഈ ആചാരം ഹിന്ദു പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭർത്താവിനോട് പിതാവ് മോശമായി പെരുമാറിയതിൽ പ്രതിഷേധിച്ച് സ്വയം കത്തിച്ച് ആത്മാഹൂതി നടത്തിയ ശിവന്റെ ഭാര്യ സതി ദേവിയിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. ഇന്ത്യയിലും നേപ്പാളിലും ഇത് ഏറ്റവും സാധാരണമായിരുന്നു എങ്കിലും , റഷ്യ, വിയറ്റ്നാം, ഫിജി എന്നിവിടങ്ങളിലുളള ചില പാരമ്പര്യങ്ങളിലും സതി സമ്പ്രദായം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.
ഹിന്ദു ആചാരമനുസരിച്ച് സതി സ്വമേധയാ ഉള്ളതായിരിക്കണം എന്നാണ്. ഇത് ഒരു വിവാഹത്തിന്റെ ശരിയായ അവസാനമായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഭർത്താവിനെ മരണാനന്തര ജീവിതത്തിലേക്ക് പിന്തുടരാൻ ആഗ്രഹിക്കുന്ന, കർത്തവ്യനിഷ്ഠയുള്ള ഒരു ഭാര്യയുടെ സ്നേഹ പ്രവൃത്തിയായി ഇത് കണക്കാക്കപ്പെട്ടു പോന്നു. സതി ഇന്ത്യയിൽ ഹിന്ദുക്കൾക്കിടയിൽ വ്യാപകമായിരുന്നു എങ്കിലും ഇതെല്ലാം കൃത്യമായും സ്വമനസ്സാലെ ആയിരുന്നു എന്ന് കരുതാൻ വയ്യ എന്നു മാത്രമല്ല, അങ്ങനെ അല്ലായിരുന്നു എന്ന് തെളിയിക്കുന്ന ധാരാളം സാഹചര്യങ്ങൾ ഉണ്ടായിട്ടുമുണ്ട്. ചിതയിലോ ശവക്കുഴിയിലോ വയ്ക്കുന്നതിന് മുമ്പ് മയക്കുമരുന്ന് നൽകുകയോ തീയിൽ ബലമായി എറിയുകയോ രക്ഷപ്പെടാനാവാത്ത വിധം കെട്ടിയിടുകയോ ചെയ്തതായുളള അനുമാനങ്ങൾ ചരിത്രത്തിൽ കാണാം. അത് ശരിയായിരിക്കാനുള്ള സാധ്യത കൂടുതലാണ്. പിന്നെ മറ്റെന്നുണ്ടായിരുന്നത് സാമൂഹ്യ സമ്മർദ്ദമാണ്. വിധവക്ക് ഒരു വിധത്തിലുളള സ്വാതന്ത്രവും ഇല്ലായിരുന്നു. നല്ല വസ്ത്രം, പാട്ട് കേൾക്കൽ, വിവാഹത്തിലും മറ്റും പങ്കെടുക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ അന്നത്തെ സമുദായം നിശിദ്ധമാക്കിയിരുന്നു. അതിനാലെല്ലാം വിധവകൾക്കു മുമ്പിൽ ആത്മാഹൂതി ഒരു രക്ഷാ കവാടം കൂടിയായിരുന്നു.
ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണകാലത്താണ് സതി ആദ്യമായി ചരിത്രരേഖയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തിൽ സതി ക്ഷത്രിയ ജാതിയിൽ നിന്നുള്ള (യോദ്ധാക്കളും രാജകുമാരന്മാരും) രാജകുടുംബങ്ങൾക്കും കുലീന കുടുംബങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയതായിരുന്നു. എന്നിരുന്നാലും, ക്രമേണ അത് താഴ്ന്ന ജാതികളിലേക്ക് വ്യാപിച്ചു . കാശ്മീർ പോലുള്ള ചില പ്രദേശങ്ങൾ ജീവിതത്തിൽ എല്ലാ ക്ലാസുകളിലും സതി നടന്നിരുന്നു. കച്ചവട യാത്രാവഴികളിലൂടെ സമീപ രാജ്യങ്ങളിലേക്കും ഈ സമ്പ്രദായവും ആചാരവും എത്തി.
മുഗൾ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിൽ സതി ഒന്നിലധികം തവണ നിരോധിക്കപ്പെട്ടു. മഹാനായ അക്ബർ 1500-ൽ ഈ ആചാരം ആദ്യമായി നിരോധിച്ചു. 1663-ൽ കാശ്മീരിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം ഔറംഗസേബ് അത് വീണ്ടും അവസാനിപ്പിക്കാൻ ശ്രമിച്ചു. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടനും ഫ്രാൻസും പോർച്ചുഗീസുകാരും ഇവിടെ സതി സമ്പ്രദായം ഇല്ലാതാക്കാൻ ശ്രമിച്ചു. 1515-ൽ തന്നെ പോർച്ചുഗൽ തങ്ങളുടെ ഗോവയിൽ ഇത് നിയമവിരുദ്ധമാക്കി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1798-ൽ മാത്രമാണ് കൽക്കട്ട നഗരത്തിൽ സതി നിരോധനം ഏർപ്പെടുത്തിയത്. 1850-ഓടെ, സതിക്കെതിരായ ബ്രിട്ടീഷ് കൊളോണിയൽ മനോഭാവം കഠിനമായി. സർ ചാൾസ് നേപ്പിയറെപ്പോലുള്ള ഉദ്യോഗസ്ഥർ വിധവയെ ചുട്ടുകൊല്ലുന്നതിന് വാദിക്കുന്നതോ അതിന് നേതൃത്വം നൽകുന്നതോ ആയ ഹിന്ദു പുരോഹിതനെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സതിയെ നിരോധിക്കാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ മേൽ തീവ്രമായ സമ്മർദ്ദം ചെലുത്തി. ഇതിനെ തുടർന്ന് 1861-ൽ, വിക്ടോറിയ രാജ്ഞി ഇന്ത്യയിൽ തങ്ങളുടെ അധികാര പരിധിയിൽ മുഴുവനും സതി നിരോധിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. വീണ്ടും ഇത് തുടർന്നതിനെ തുടർന്നുണ്ടായ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ 4-ന് വില്ല്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.
വീണ്ടും നരബലി ചർച്ചയായതോടെയാണ് നാം ഈ വിഷയത്തിലേക്ക് വന്നത്. കേരളത്തില്‍ നരബലിക്ക് ആയിരത്തോളം വർഷം നീണ്ടു നില്‍ക്കുന്ന ചരിത്ര പശ്ചാത്തലമുണ്ട്. ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണവല്‍ക്കരിക്കപ്പെട്ടതോടെയാണ് നരബലി വ്യാപകമായി നടക്കാന്‍ തുടങ്ങിയത് എന്നാണ് ഒരു നിരീക്ഷണം. അമ്മദൈവ ക്ഷേത്രങ്ങളെ ബ്രാഹ്‌മണ പൗരോഹിത്യത്തില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ബൗദ്ധര്‍ ശ്രമിച്ചാല്‍ അവരുടെ ജീവന്‍ ദേവിക്ക് രക്തബലിയായി അര്‍പ്പിക്കപ്പെടും എന്ന മുന്നറിയിപ്പ് നല്‍കാനായി കേരളത്തില്‍ നരബലികള്‍ നടത്തിയിരുന്നു. ഇരുമ്പു കുന്തത്തില്‍ ഇരുത്തി കഴുവേറ്റികൊന്ന മനുഷ്യന്റെ മൃതശരീരത്തില്‍ നിന്നും ശിരസ്സ് വെട്ടി എടുത്ത് ശവശരീരം ക്ഷേത്ര കൊടിമരത്തില്‍ തൂക്കിയിടുന്ന സമ്പ്രദായവും പല പ്രമുഖ ക്ഷേത്രങ്ങളിലും സാധാരണമായിരുന്നു എന്ന് പ്രാചീന കേരളത്തിന്റെ ചരിത്രങ്ങളിൽ ഉണ്ട്. പിന്നാക്ക ജനവിഭാഗങ്ങളെ സവര്‍ണ്ണമത അധികാരത്തിനു കീഴില്‍ കൊണ്ടുവന്ന് അനുസരണ പഠിപ്പിച്ച് അടിമകളാക്കാന്‍ വേണ്ടിയും കേരളത്തില്‍ നരബലികള്‍ നടന്നിരുന്നു. കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുമ്പോഴും മഴക്കാലത്ത് വയല്‍ വരമ്പ് ഇടിയുമ്പോഴും ജോലിക്കാരെയോ ഒറ്റപ്പെട്ട് നടന്നുപോകുന്നവരെയോ കുട്ടികളെയോ കുഴിയിലേക്ക് തള്ളിയിട്ടു രക്തകുരുതി കൊടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ഇതും ബ്രാഹ്‌മണ്യം കേരളത്തില്‍ തുടങ്ങിവച്ച നരബലിയുടെ തുടര്‍ച്ചയായിരുന്നു. ഇങ്ങനെപോകുന്നു കേരളത്തിലെ നരബലിയുടെ ചരിത്ര പശ്ചാത്തലം.
ആധുനിക മതേതര നിയമങ്ങൾ നരബലിയെ കൊലപാതകത്തിന് തുല്യമായി കണക്കാക്കുന്നു. മിക്ക പ്രധാന മതങ്ങളും നരബലിയെ അപലപിക്കുന്നു. അതിന്റെ മുമ്പിൽ തന്നെ ഇസ്ലാം നിലയുറപ്പിച്ചിട്ടുണ്ട്.
അംറ് ബിൻ ആസ്(റ) അതു പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞതും ഈജിപ്തുകാർ പല വഴിയും നോക്കി നൈലിനെ അനുസരിപ്പിക്കാൻ. പക്ഷെ, നടന്നില്ല. പിന്നെയും അവർ ഗവർണ്ണറുടെ അടുത്തേക്ക്. ഗവർണ്ണർ ഖലീഫക്ക് വിഷയം കൈമാറി. ഖലീഫ നൈലിന് കത്തെഴുതി. നീ നിന്റെ ഇഷ്ടപ്രകാരമാണ് നടക്കുന്നതും നടക്കാതിരിക്കുന്നതും എങ്കിൽ നിനക്ക് നിന്റെ ഇഷ്ടം പോലെ. ഇല്ലെങ്കിൽ നീ ഈ ലിലിതം കിട്ടിയാൽ മര്യാദക്ക് ഒഴുകുന്നതാണ് നിനക്ക് നല്ലത് എന്ന്. നൈൽ അനുസരിച്ചു എന്ന് ചരിത്രം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso