മാസ വിശേഷം / റബീഉൽ ആഖിർ
27-10-2022
Web Design
15 Comments
സങ്കടങ്ങളുടെ പെരുമഴക്കാലം
പതിവു പോലെ മാസത്തിന്റെ പേര് നഷ്പതിച്ചതിനെ കുറിച്ചുളള ചർച്ചകളിൽ നിന്ന് ഈ മാസവിചാരവും തുടങ്ങുകയാണ് എങ്കിൽ അത് വളരെ എളുപ്പമുള്ളതായിരിക്കും. കാരണം റബീഉൽ അവ്വലിന്റെ തുടര്‍ച്ചയായതുകൊണ്ടാണ് ഈ മാസത്തിന് ഇങ്ങനെ പേര് വന്നത്. ഹിജ്റ കലണ്ടറിലെ നാലാം മാസമാണ് റബീഉൽ ആഖിർ. ചരിത്രം പരിശോധിച്ചാൽ ഈ മാസവും ധാരാളം സംഭവങ്ങളെ അനുസ്മരിപിക്കുന്നുണ്ട്. ഇവയിൽ നബി യുഗത്തിൽ നടന്ന കാര്യങ്ങൾ അധികവും ചില ചെറിയ സൈനിക ദൗത്യങ്ങളാണ്. അതേസമയം നമ്മുടെ വായനക്കാരെ സംബന്ധിച്ചിടത്തോളം ഈ ഓർമ്മകളിൽ പ്രധാനം ഏതാനും വിയോഗങ്ങളാണ്. അവരിൽ ഒന്നാമത്തേത് റബീഉൽ ആഖിർ പതിനൊന്നിന് വിടപറഞ്ഞ ഗൗസുൽ അഅ്ളം ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിറുൽ ജീലാനീ(റ) തങ്ങളുടെതാണ്. അത് ഈ മാസത്തിന്റെ സങ്കടങ്ങളിൽ ഒന്നാമത്തെത് തന്നെയാണ് എന്ന് പറയുന്നതിനു പിന്നിൽ വെറും വൈകാരികതയല്ല മറിച്ച് അക്കാദമിക പഠനങ്ങൾ വരെ അതിന്റെ പിന്നിലുണ്ട്. കാരണം മഹാനവർകളുടെ ജീവിതം, സന്ദേശം, സേവനം തുടങ്ങിയവ ലോകം കണ്ട മശാഇഖുമാരുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥവും വ്യതിരിക്തവുമാണ്.
ശൈഖ് ജീലാനി(റ) ഹിജ്റ 470-ൽ പരിശുദ്ധ റമളാൻ ഒന്നിന് കാസ്പിയന്‍ കടലിനു വടക്ക് കിടക്കുന്ന ജീലാനിയിലെ ഗൈലാന്‍ പ്രദേശത്താണ് ജനിക്കുന്നത്. നബി(സ) തങ്ങളുടെ മകൾ ഫാതിമ ബീവി(റ)യുടെ മക്കളിൽ ഹുസൈൻ(റ)വിന്റെ കുടുംബ പരമ്പരയിലുളള ഫാത്വിമ എന്നവരുടെയും ഹസ്സൻ(റ)വിന്റെ കുടുംബ പരമ്പരയിലുള്ള അബൂ സ്വാലിഹ് ജന്‍കി ദോസ്ത് എന്നവരുടെയും മകനായിട്ടായിരുന്നു ജനനം.
ജ്ഞാന സമ്പാദനത്തിനായി സ്വതാ ല്‍പര്യ പ്രകാരം മഹാനവര്‍കള്‍ ഹിജ്‌റ-488ല്‍ ബഗ്ദാദിലേക്ക് യാത്രയായി. വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും കേദാരമായിരുന്നു ബഗ്ദാദ്. ബഗ്ദാദിലെത്തിയ ശേഷം വിജ്ഞാന സമ്പാദന മാര്‍ഗത്തില്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. ഓരോ വിജ്ഞാന ശാഖയിലും അക്കാലത്ത് ഏറ്റവും പ്രാവീണ്യം നേടിയ പണ്ഡിതന്മാരില്‍ നിന്നാണ് ശൈഖ് ജീലാനി(റ) അവ അഭ്യസിച്ചത്. അതീവജ്ഞാനിയായിരുന്ന ഇമാം ഗസ്സാലി(റ) ബഗ്ദാദ് ഉപേക്ഷിച്ച കാലവുമായിരുന്നു അത്. ഈ വിയോഗം തീർത്ത ശൂന്യതയിലേക്കായിരുന്നു പരിവര്‍ത്തനത്തിന്റെ വിളിയാളവുമായി ശൈഖ് ജീലാനി(റ)യുടെ രംഗ പ്രവേശനം. അന്തര്‍ ദേശീയ തലത്തില്‍ തന്നെ ഒരു ധര്‍മ്മ വിപ്ലവകാരിയായ നവോത്ഥാന നായകനെ അന്വേഷിക്കുകയായിരുന്നു ലോകം. ഏറെ വൈകാതെ ജീലാനി (റ) സര്‍വ്വജ്ഞാന സ്പര്‍ശിയായ ഒരു പണ്ഡിതനായി മാറി.
ഇബ്‌നു റജബില്‍ ഹമ്പലി (റ) പറയുന്നു: പതിമൂന്ന് വിജ്ഞാന ശാഖകളില്‍ ശൈഖ് (റ) ക്ലാസെടുക്കുമായിരുന്നു. ശാഫിഈ , ഹമ്പലി (റ) മദ്ഹബുകളില്‍ ഫത്‌വ കൊടുക്കുകയും ചെയ്തിരുന്നു. മുപ്പത്തി മൂന്ന് വര്‍ഷമാണ് ശൈഖവര്‍കളുടെ പഠന പരിശീലന കാലഘട്ടം. നിരവധി വിഷമങ്ങളും ബുന്ധിമുട്ടുകളും പലപ്പോഴും അദ്ദേഹത്തെ അവശനാക്കി. അദ്ദേഹം പതറിയില്ല. എല്ലാം സഹിച്ചു. ശൈഖ് ജീലാനി(റ)യുടെ ജീവിത വിജയത്തിന്റെ ഏറ്റവും വലിയ കാരണം മഹാനവര്‍കളുടെ ജീവിത വിശുദ്ധിയും സ്വകാര്യ ജീവിതത്തില്‍ മഹാനവര്‍കള്‍ പുലര്‍ത്തി പോന്നിരുന്ന പരമമായ സൂക്ഷ്മതയുമായിരുന്നു. തീര്‍ത്തും സത്യസന്ധമായി ജിവിക്കുകയും അങ്ങനെ തന്നെ തന്റെ മാര്‍ഗം രൂപവല്‍ക്കരിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണമായ ആത്മാര്‍ത്ഥത അദ്ധേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ശൈഖ് ജീലാനി തങ്ങള്‍ നിര്‍വഹിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊരു താല്‍പര്യവും അദ്ധേഹത്തിനുണ്ടായിരുന്നില്ല. മഹാനവര്‍ക ള്‍ പറയുന്നു. സൃഷ്ടികളോടുള്ള ഗുണകാംശിയാണ്, ഈ കാര്യത്തില്‍ യാതൊരു പ്രതിഫലവും ഞാനുദ്ധേശിക്കുന്നില്ല, എന്റെ പ്രതിഫലവും രക്ഷിതാവിലുണ്ട്. എനിക്ക് ദുനിയാവ് ആവിശ്യമില്ല ഞാന്‍ ദുനിയാവിന്റെയോ ആഖിറത്തിന്റെയോ അടിമയുമല്ല. അല്ലാഹുവിനെയല്ലാതെ ഒന്നിന്റെയും, അഹദും ഖദീമുമായ അല്ലാഹുവിനെ മാത്രമാണ് ഞാന്‍ ആരാധിക്കുന്നത്. എന്റെ സന്തോഷം നിങ്ങളുടെ വിജയത്തിലാണ്. എന്റെ സങ്കടം നിങ്ങളുടെ നാശത്തിലാണ്. (അല്‍ ഫത്ഹുല്‍ റബ്ബാനി).
അബ്ബാസിയ്യാ ഖിലാഫത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ബഗ്ദാദ്. അവിടെ നടക്കുന്ന ഓരോ ചലനവും ലോകമറിയും. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണത്. ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി(റ) വിന്റെ പ്രവർത്തന കേന്ദ്രം ബഗ്ദാദ് ആവണമെന്നത് അല്ലാഹുവിന്റെ നിശ്ചയം. ലോക മുസ്ലിം സമൂഹം വൻ പ്രതിസന്ധിയിൽ പെട്ട കാലവുമായിരുന്നു അത്. അധികാര വടംവലികൾ ശക്തമായി. നിരന്തര യുദ്ധങ്ങൾ, രക്തക്കറ പുരണ്ട തെരുവുകൾ, കൊള്ളയടിക്കപ്പെട്ട പട്ടണം, കത്തിക്കരിഞ്ഞ കെട്ടിടങ്ങൾ, തുടങ്ങിയവയായിരുന്നു എങ്ങും കാണാനുണ്ടായിരുന്നത്. സാംസ്കാരിക ചിഹ്നങ്ങൾ കത്തിച്ചാമ്പലായി. മനുഷ്യമനസ്സുകൾ പകയും വൈരവും ശത്രുതയും പ്രതികാര ചിന്തയും കൊണ്ട് നീറിപ്പുകഞ്ഞു. ശപിക്കപ്പെട്ട ശൈത്വാന്മാർ പൊട്ടിച്ചിരിച്ചു. ഇസ്ലാമിന്റെ ആത്മാവ് വേദന കൊണ്ട് പിടഞ്ഞു. അപ്പോൾ ശൈഖ് ജീലാനി (റ) വാക്കുകൾ ബഗ്ദാദിന്റെ അന്തരീക്ഷത്തിൽ ഇടിമുഴക്കങ്ങൾ പോലെ പ്രതിധ്വനിച്ചു. ശക്തമായ പദപ്രയോഗങ്ങൾ മനുഷ്യമനസ്സുകളിൽ കൊടുങ്കാറ്റു സൃഷ്ടിച്ചു. നിർജീവമായി കിടന്ന മനുഷ്യ മനസ്സുകൾക്ക് ആ വാക്കുകൾ ജീവൻ നൽകി. അനേകായിരങ്ങളുടെ മനസ്സിൽ അദ്ദേഹം തൗഹീദ് സ്ഥാപിച്ചു. അപ്പോൾ ഈമാനിന്റെ പ്രകാശം പരന്നു. ദീനിനെ പുനർജീവിപ്പിച്ചു. അപ്പോൾ അബ്ദുൽ ഖാദിർ മുഹിയുദ്ധീനായി. മാലോകർ തന്നെയാണ് ആദ്യമായി മുഹിയുദ്ധീൻ എന്ന് വിളിച്ചത്. അപ്പോൾ ആകാശ ഭൂമികൾ അത് ഏറ്റുവിളിച്ചു.
ശൈഖ് ജീലാനീ(റ)യുടെ തസ്കിയത്തിലൂടെ ആയിരങ്ങളാണ് മോചനത്തിന്റെയും മോക്ഷത്തിന്റെയും തീരമണഞ്ഞത്. അതിന് അതിന്റെതായ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങളാണ് ഖാദിരിയ്യ ത്വരീഖത്തിനെ ലോകോത്തരമാക്കിയത്. ജനങ്ങളെ തസ്കിയത്ത് ചെയ്യുക എന്ന ദൗത്യത്തിൽ അദ്ദേഹം പുലർത്തിയ നിഷ്കളങ്കതയാണ് അവയിൽ ഒന്നാമത്തേത്. മഹാനവർകൾ തന്നെത്തന്നെ അതിനു വേണ്ടി സമർപ്പിക്കുകയായിരുന്നു. മറ്റൊന്ന് ഏത് സാധാരണക്കാർക്കും സ്വീകരിക്കാൻ കഴിയുന്ന ഒരു സാരള്യത അദ്ദേഹത്തിന്റെ ത്വരീഖത്തിൽ ഉണ്ട്. കഠിനമായ രിയാളകളോ അമലുകളോ അതിൽ ഇല്ല. അതിനാൽ തന്നെ അതിനു വേണ്ടി ഒഴിഞ്ഞിരിക്കുന്നവർക്ക് മാത്രമല്ല, ഏതുതരം ജീവിത സന്ധാരണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്കും ജീവിതത്തിൽ പുലർത്താവുന്ന വഴിയായിരുന്നു അദ്ദേഹത്തിന്റേത്. അതിനാൽ തന്നെ ലോകത്തെ ഏതു ത്വരീഖത്തുകൾക്കും മികച്ചു നിൽക്കുന്ന ത്വരീഖത്താണ് ഖാദിരിയ്യ ത്വരീഖത്ത്. തന്റെ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഹിജ്‌റാബ്ദം 561 റബീഉല്‍ ആഖിര്‍ 11ന് രാത്രി മഹാനവർകൾ മരണപ്പെട്ടു. രാത്രിതന്നെ മറമാടപ്പെടുകയും ചെയ്തു. മരണരോഗം ഉണ്ടായി ഒരുദിവസമേ കിടപ്പായിട്ടുള്ളൂ. അതിനു മുമ്പ് കാര്യമായ രോഗങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഇതാണ് റബീഉൽ ആഖിർ ഉൾക്കൊളുന്ന ഒരു ദുഖം.
ഗൗസുൽ അഅ്ളമിന്റെ ഓർമ്മക്ക് ഒരു അന്തർദേശീയതയാണ് ഉള്ളതെങ്കിൽ ഈ മാസം നമ്മുടെ ഇന്ത്യയെ പ്രത്യേകമായി ഓർമ്മിപ്പിക്കുന്ന ഒരു സങ്കടവുമുണ്ട്. അത് ഖാജാ നിസാമുദ്ദീന്‍ ഔലിയ(റ)യുടെ വിയോഗത്തിന്റേതാണ്. ഹി. 1325 റബീഉൽ ആഖിർ 18 നായിരുന്നു മഹാനവർകളുടെ വിയോഗം. ഇന്ത്യയുടെ തലസ്ഥാന നഗരത്തിന് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ് ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. അജ്മീർ കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം സന്ദർശകരെത്തുന്ന ദർഗ. ചിശ്‌തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്‌ബൂബെ ഇലാഹിയാണ് ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നത്. 1238 ൽ ബദിയൂനിലാണ് മഹാനവര്‍കള്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്‌ഡിതന്‍മാരുമായി മഹാന് അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ നടന്നിരുന്ന പഠന ക്ലാസുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ നിറ സാന്നിധ്യമുണണ്ടായിരുന്നു. ജനങ്ങളുടെ ദുഖ:ങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാന്‍ ലളിത ജീവിതം നയിക്കുകയും തനിക്ക് ലഭിക്കുന്ന ഹദ്‌യകള്‍ അപ്പോള്‍ തന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തു പോരുകയും ചെയ്‌തു. അക്കാലത്തെ ഭരണാധികാരികള്‍ അദ്ദേഹത്തിന് വലിയ ആദരവും ബഹുമാനവും നല്‍കിയിരുന്നു. എഴുനൂറോളം കൊല്ലമായി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മഹാന്റെ സാമീപ്യം തേടി അവിടുത്തെ ഹള്‌റത്തിലിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.
ഈ മാസം കേരളത്തെ ഓർമ്മിപ്പിക്കുന്ന സങ്കടങ്ങളിൽ ഒന്നാമത്തേത് റഈസുൽ മുഹഖിഖീൻ മൗലാനാ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ(ന.മ) അവർകളുടെ വിയോഗം. ഹി. 1414 റബീഉൽ ആഖിർ 2 നായിരുന്നു മഹാനവർകളുടെ വഫാത്ത്. വിജ്ഞാന സാഗരത്തിലെ അമൂല്യ നിധിയായിരുന്നു കണ്ണിയത്ത് അഹ്‌മ്മദ് മുസ്‌ല്യാര്‍. ദീര്‍ഘമായ ഒരു പുരുഷായുസ്സ് മുഴുവന്‍ തന്നെയും ദീനീ വിജ്ഞാനം സ്വായത്തമാക്കുന്നതിനും അവ പകര്‍ന്നു നല്‍കുന്നതിനും വേണ്ടി സമര്‍പ്പിച്ച ഉസ്‌താദിന്റെ ജീവിതം സംഭവബഹുലവും പൂര്‍ണ്ണമായും മാതൃകാപരവുമാണ്. ജീവിതത്തില്‍ മഹാനവര്‍കള്‍ കാണിച്ച സൂക്ഷ്‌മത ആരെയും വിസ്‌മയപ്പെടുത്തുന്നതായിരുന്നു. പൂര്‍ണ്ണമായും സത്യദീനിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് ജീവിത യാത്രയില്‍ ഒരു തെറ്റുപോലും ഉണ്ടായിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധിയാണ് ഉസ്‌താദിനെ ആത്മീയ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ജീവിതത്തിലെ ഈ വിശുദ്ധിയും സമര്‍പ്പണവും അല്ലാഹുവിന്റെ ഔലിയാക്കളുടെ ശ്രേണിയിലേക്ക് നടന്നുകയറുവാന്‍ മഹാനെ പ്രാപ്‌തനാക്കി.പ്രയാസവും വേവലാതിയുമായി തന്റെ മുന്നിലെത്തുന്നവര്‍ക്ക് വേണ്ടി മനസ്സറിഞ്ഞ് ഉസ്‌താദ് നടത്തിയ പ്രാര്‍ത്ഥന സാന്ത്വനത്തിന്റെ തുരുത്തായി മാറി. ഉപദേശം തേടിയെത്തിയവര്‍ക്ക് വിനയത്തില്‍ പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൈമാറിയപ്പോള്‍ തേടിയത് കൈവെള്ളയിലണഞ്ഞ സംതൃപ്‌തിയാണ് ആഗതരിലുണ്ടാക്കിയത്. അല്‍പം പോലും പിശുക്ക് കാണിക്കാതെ വിജ്ഞാന കലവറ തുറന്നുവെച്ചപ്പോള്‍ പതിനായിരങ്ങളാണ് ഓടിയെത്തി വിശപ്പും ദാഹവും തീര്‍ത്തത്. കേരളീയ മുസ്‌ലിം സമൂഹത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്‌തമാക്കിയതിലെ പ്രധാനഘടകം മതവിദ്യാഭ്യാസം നേടുന്നതില്‍ കാണിച്ച നിഷ്‌ക്കര്‍ഷയാണ്. ദീനീബോധത്തിന്റെ അടിത്തറയിലാണ് മറ്റെല്ലാം കെട്ടിപ്പടുത്തത്. പൗരാണിക കാലം മുതല്‍ തന്നെ മതപരമായ പ്രബുദ്ധത ഉണ്ടാക്കിയതുകൊണ്ട് ആത്മീയവും ഭൗതികവുമായ എല്ലാ തലങ്ങളിലും മുന്നേറാന്‍ സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ രംഗത്ത് ധിഷണശാലികളും സ്വയം സമര്‍പ്പിതരുമായ പണ്‌ഡിത നേതൃത്വം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത തോട്ടക്കാട് എന്ന സ്ഥലത്ത് ഹി.1318 / 1900 ലാണ് ശൈഖുനായുടെ ജനനം. പണ്ഡിതനും ഗുരുവര്യനും ഉണ്ണിമുഹ് യിദ്ദീന്‍ മകന്‍ കണ്ണിയത്ത് അവറാന്‍കുട്ടി എന്നവരാണ് പിതാവ്. മാതാവ് കദിയമുണ്ണി. 1912 ല്‍ കുടുംബം വാഴക്കാട് താമസമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്നും സഹോദരനില്‍ നിന്നുമാണ്.1909 പിതാവ് വഫാതായി. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും ജേഷ്ഠന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരായിരുന്നു. വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ ചേർന്നു. അതിനിടക്ക് കുറച്ചുകാലം തലപ്പെരുമണ്ണ, ഊരകം, മൊറയൂർ തുടങ്ങിയ പള്ളിദർസുകളിൽ പഠിച്ചു. പതിനെട്ടാം വയസ്സിൽ അബ്ദുൽ അസീസ് വേലൂരിയിൽനിന്നും ഹദീസ് റിപ്പോർട്ട് ചെയ്യാനുള്ള സമ്മതം വാങ്ങി. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, വൈത്തല അഹ്മദ് കുട്ടി മുസ്ലിയാര്‍, യൂസുഫുല്‍ ഫള്ഫരി, അബ്ദുല്‍ അസീസ് വേലൂരി എന്നിവരാണ് പ്രധാന ഗുരുക്കൻമാർ. പിന്നീട് മാട്ടൂൽ ഏഴ് വര്‍ഷം മുദരിസായി സേവനം ചെയ്തു. തുടർന്നു നാട്ടിൽ തിരിച്ചെത്തിയ ശേഷം മരക്കച്ചവടം ചെയ്തു. രണ്ട് വർഷത്തിനുശേഷം 1944 മുതൽ പറമ്പത്ത്, മൊറയൂർ,പൊന്നാനി എന്നിവിടങ്ങളിൽ മുദരിസായി. 1957ല്‍ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. ഇത് 22 വർഷം തുടർന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യാ അറബിക് കോളേജിലും ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യ കോളേജിലും പ്രിൻസിപ്പലായി സേവനം ചെയ്തിട്ടുണ്ട്.
1967 മുതല്‍ വഫാതാകുന്നത് വരെ കണ്ണിയത്ത് ഉസ്താദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്നു. ഹി.1414 റബീഉല്‍ ആഖിര്‍ 2, 1993 സെപ്തംബര്‍ 10ന് ശൈഖുന വഫാത്തായി.
അടക്കാനാവാത്ത മറ്റൊരു റബീഉൽ ആഖിർ സങ്കടം ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ (ന.മ) അവർകളുടെ വഫാത്താണ്. കണ്ണിയത്ത് ഉസ്‌താദിന്റെ പ്രിയ ശിഷ്യനായിരുന്ന ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ വിജ്ഞാന മേഖലയിലെ ജ്യോതിസ്സും ധീരവും പക്വവുമായ നേതൃത്വവുമായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ കാര്യദര്‍ശിയായി പ്രശോഭിച്ച അദ്ദേഹം അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ഇത്രമേല്‍ അഗാധമായ പാണ്‌ഡിത്യം നേടിയ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ അമൂല്യമായേ കണ്ടിട്ടുള്ളൂ. മതപരമായ വിഷയങ്ങളില്‍ അവസാന വാക്കെന്ന് തീര്‍ത്ത് പറയാവുന്ന തരത്തില്‍ എല്ലാ മേഖലകളിലും അദ്ദേഹം മികച്ചുനിന്നു. അതുകൊണ്ടാണ് മാതാപിതാക്കള്‍ നല്‍കിയ പേരിനപ്പുറം വിശേഷ നാമമായ ശംസുല്‍ ഉലമ എന്നത് പ്രഥമ നാമമായി മാറിയത്..
1333 ല്‍ / ക്രി. 1914 ൽ കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ് ഈ മഹാപ്രതിഭ ഭൂജാതനായത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ് കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. പറമ്പില്‍ കടവ് അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക് പിറന്ന ഇ.. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്. സ്വന്തം പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ് ഓതിപഠിച്ചത്. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ് അനുസരിച്ച് പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ പഠിച്ചു തീര്‍ത്ത് പിന്നീട് ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ എത്തിച്ചേര്‍ന്നു.
ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അനാരോഗ്യം കാരണമാണ് വെല്ലൂര്‍ വിട്ടത്. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട് സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു. കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട് മുദരിസായി. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു.
ഉള്ളാള്‍ സയ്യിദ് അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ് ഫൈസി… തുടങ്ങിയ പ്രഗത്ഭരായ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നിര നീളുന്നു.
1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. മരണം വരെ സമസ്തയുടെ മുന്നോട്ടുള്ള ഗമനത്തില്‍ മഹാന്‍ കൃത്യമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. സമസ്തയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച്,വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാം നിലകൊള്ളുന്ന സ്ഥലവും പള്ളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി വാങ്ങണമെന്ന് ശൈഖുനാ നിര്‍ദ്ദേശിച്ചു. പള്ളിയും പരിസരവും സമസ്തക്ക് അധീനപ്പെട്ടു. അവിടെ മഹാനവർകൾ സ്വന്തം മഖാം കണ്ടെത്തുകയായിരുന്നു. 1996 ആഗസ്ത് 19 (ഹിജ്‌റ 1417 റബീഉല്‍ ആഖിര്‍4) ന് മഹാനായ ശംസുൽ ഉലമാ ലോകത്തോട് വിട പറഞ്ഞു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso