Thoughts & Arts
Image

ആരോഗ്യം അനുഗ്രഹമാണ്.

27-10-2022

Web Design

15 Comments





ഒരു മരണാനന്തര ജീവിതത്തെ കുറിച്ച് മാത്രം പറയുകയും അവിടെ രക്ഷ-ശിക്ഷകളുണ്ട് എന്ന് ധരിപ്പിക്കുകയും എന്നിട്ട് അതിലെ രക്ഷക്കും മോക്ഷത്തിനും വേണ്ടി പണിയെടുപ്പിക്കുകയും ചെയ്യുകയാണ് ഇസ്ലാം എന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ടാകും. അതിനു വേണ്ട വേലകളാണ് ആരാധാനകളും പുണ്യ പ്രവൃത്തികളും എന്ന് അവർ കരുതിയിട്ടുമുണ്ടാകും. ഇതത്രയും ശരി തന്നെയാണ്. പക്ഷെ, മരണാനന്തര ജീവിതത്തെ കുറച്ച് മാത്രമല്ല, മരണത്തിന് മുമ്പുള്ള ജീവിതത്തെ കുറിച്ചും ഇസ്ലാം ശക്തമായി സംസാരിക്കുന്നുണ്ട്. മാനുഷിക വ്യവഹാരങ്ങളെ കുറിച്ചെല്ലാം വാചാലമായി സംസാരിക്കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ജീവിതം കടന്നുപോകുന്ന ഒരു മേഖലയും ഇസ്ലാം ഒഴിച്ചിട്ടിട്ടില്ല. ഈ അർഥത്തിലാണ് ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയാണ് എന്ന് അവകാശപ്പെടുന്നത്. അതിനാൽ പാരത്രിക ജീവിതത്തിന്റെ സുഖവും മോക്ഷവും ഉറപ്പുവരുത്തുവാൻ വേണ്ടത് ശ്രദ്ധിക്കും പോലെ ഐഹിക ജീവിതത്തിന്റെ സുഖവും മോക്ഷവും ഉറപ്പു വരുത്തുവാൻ വേണ്ട കാര്യങ്ങളും ഇസ്ലാം ശ്രദ്ധിക്കുന്നുണ്ട്. അതിന് ഏറ്റവും സരളമായ ഉദാഹരണമാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇസ്ലാം പുലർത്തുന്ന ജാഗ്രത. വിശാലമായ ആരോഗ്യപാഠങ്ങൾ തന്നെ വിശുദ്ധ ഖുർആനും തിരുസുന്നത്തും ഉൾക്കൊള്ളുന്നുണ്ട്. ഈ ജാഗ്രത തുടങ്ങുന്നത് കൃത്യമായ ഒരു ആരോഗ്യ ദർശനത്തിൽ നിന്നാണ്. ആരോഗ്യം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്ന മുഹമ്മദ് നബി(സ) യുടെ അദ്ധ്യാപനമാണ് ആ ദർശനം. ഒരു ദൈവസിദ്ധ അനുഗ്രഹമായി ആരോഗ്യത്തെ മനുഷ്യൻ കാണുമ്പോൾ അത് സംരക്ഷിക്കുന്നതിൽ അവൻ കൂടുതൽ ശ്രദ്ധ ചെലുത്തും എന്നതാണ് ഈ ദർശനത്തിന്റെ സവിശേഷത.



ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ പരിശോധിച്ചാൽ ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങൾക്ക് ഇസ്‌ലാം നൽകുന്ന പ്രാധാന്യം വ്യക്തമാകും.
അവയിൽ ഒന്നാണ് ഇസ്‌ലാം ശുദ്ധീകരണത്തിന് നൽകുന്ന പ്രാധാന്യം. ഇസ്‌ലാമിലെ കർമശാസ്ത്രനിയമങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങൾ എല്ലാം ആരംഭിക്കുന്നതുതന്നെ ശുദ്ധി എന്ന അധ്യായത്തോടെയാണ്. ഇത് ശുദ്ധിക്ക് നൽകപ്പെടുന്ന പരിഗണനയാണ്. അംഗസ്‌നാനത്തിലൂടെയും കുളിയിലൂടെയും ശരീരം വൃത്തിയാക്കുന്നത്‌ നമസ്‌കാരത്തിന്റെ താക്കോലായി ഇസ്‌ലാം നിശ്ചയിച്ചു. സത്യവിശ്വാസികൾ നിർബന്ധമായി നിർവഹിക്കേണ്ട ആരാധനകളുടെ ഭാഗമാണ് ശുദ്ധീകരണമെന്നർത്ഥം. ഖുർആൻ പറയുന്നു: തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു (2:222). ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് എന്നാണ് നബി(സ)യുടെ അധ്യാപനം (മുസ്‌ലിം). വേഗം മലിനപ്പെടാൻ സാധ്യതയുളള ഭാഗമാണ് വായ. വായയിലെ ദന്തശുദ്ധീകരണത്തെക്കുറിച്ച പ്രവാചകവചനം ഇങ്ങനെയാണ്: ദന്തശുദ്ധീകരണം വായയെ വൃത്തിയാക്കുന്നതും അല്ലാഹുവിനെ സംതൃപ്തനാക്കുന്നതുമാണ് (അഹ്‌മദ്‌, നസാഈ). ജനങ്ങൾക്ക് ഒരു ഭാരമാവില്ലായിരുന്നു എങ്കിൽ എല്ലാ വുദുവിലും നിർബന്ധമായും പല്ലു തേയ്ക്കാൻ ഞാൻ കൽപ്പിക്കുമായിരുന്നു എന്ന നബി(സ) താൽപര്യം പ്രകടിപ്പിക്കുന്ന ഹദീസുമുണ്ട്. ബാഹ്യ രൂപത്തിന്റെ വെടിപ്പും വൃത്തിയുടെ ഭാഗമായി ഇസ്ലാം കാണുന്നു. തലമുടി ചീകിയൊതുക്കി അതിനെ പരിചരിക്കണമെന്ന് നബി(സ) കൽപ്പിച്ചു. മുടിയുള്ളവൻ അതിനെ ബഹുമാനിക്കട്ടെ എന്നാണ് ഇക്കാര്യത്തിൽ നബി പറഞ്ഞത് (അബൂദാവൂദ്). മുഷിഞ്ഞ പ്രകൃതത്തിൽ ആരും നടക്കുന്നത് നബിക്കിഷ്ടമല്ലായിരുന്നു.



കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക എന്നിവയെല്ലാം മനുഷ്യന്റെ നൈസർഗിക പ്രകൃതത്തിൽ പെട്ടതാണ് എന്നാണ് നബി വചനം. പരിസര ശുദ്ധി ഈ സമീപനത്തിന്റെ ഭാഗമാണ്. പൊതുവഴികൾ വൃത്തിയായി സൂക്ഷിക്കുന്നതിനെ ഇസ്‌ലാം വിശ്വാസത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. നബി തങ്ങൾ പറഞ്ഞു: ഈമാനിന് എഴുപതില്‍ പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ഉയരത്തിലുള്ളത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. ഏറ്റവും താഴെയുള്ളത് വഴിയില്‍നിന്ന് ശല്യങ്ങളൊഴിവാക്കുക എന്ന പ്രവൃത്തിയും (മുസ്‌ലിം). വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുവാനുള്ള താൽപര്യവും ഇതിൽ എണ്ണാനുളളതാണ്. നബി(സ) പറയുന്നു: അല്ലാഹു വൃത്തി ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ സ്വന്തം മുറ്റങ്ങൾ വൃത്തിയായി സൂക്ഷിക്കുക (മുസ്‌ലിം). പാത്രങ്ങൾ, ഭക്ഷണം കഴിക്കുന്ന കൈകൾ, ധരിക്കുന്ന വസ്ത്രങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയവയെല്ലാം വൃത്തിയായിരിക്കണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. ശുദ്ധി പാഠങ്ങൾക്കു ശേഷം ഇസ്‌ലാം ഉന്മേഷവും പ്രസരിപ്പും നേടിയെടുക്കുവാനും നിലനിർത്തുവാനും പ്രോത്സാഹിപ്പിക്കുകയും ആലസ്യത്തെ ഇല്ലാതാക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. നീന്തൽ, കുതിരസവാരി തുടങ്ങിയ വ്യായാമങ്ങളെ ഇസ്‌ലാം പ്രത്യേകം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച സ്മരണകൾ കൈവിടാത്ത വ്യായാമങ്ങൾക്കാണ് ഇസ്‌ലാം പ്രാധാന്യം കൽപിച്ചിട്ടുളളത് എന്നത് ഇവിടെ പ്രത്യേകം സ്മര്യമാണ്. ഓട്ട മത്സരങ്ങളെയും നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) പറയുന്നു: നബി(സ) അബ്ദുല്ലക്കും ഉബൈദുല്ലക്കും അബ്ബാസ് കുടുംബത്തിലെ മറ്റു മക്കള്‍ക്കും വരി നിര്‍ണയിച്ചു കൊടുത്ത് ഓട്ട മത്സരം നടത്തും. എന്നിട്ട് ആദ്യമെത്തുന്നവര്‍ക്ക് ചില പാരിതോഷികങ്ങൾ തരുമെന്ന് പറയും. അവര്‍ മത്സരിച്ചോടി വന്ന് നബി(സ)യുടെ നെഞ്ചിലും മുതുകിലും വന്ന് മുട്ടി നിൽക്കും. നബി (സ) അവരെയെല്ലാം ആശ്ലേഷിക്കുകയും ചെയ്യും (അഹ്‌മദ്‌).



അല്ലാഹു അനുവദിച്ച ശുദ്ധമായ ഭക്ഷ്യവസ്തുക്കളും അലങ്കാരവസ്തുക്കളും നിഷിദ്ധമാക്കരുതെന്ന് ഖുർആൻ ഉണർത്തുന്നു. (നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്മാര്‍ക്ക്‌ വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള സൗന്ദര്യ വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? (7:32). നിലവിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും അല്ലാഹു വെച്ച മാധ്യമങ്ങളും മാർഗ്ഗങ്ങളുമാണ് ഹലാലായ ഭക്ഷ്യങ്ങൾ. മനുഷ്യന്റെ ശാരീരിക വളർച്ചക്കു അവശ്യം ആവശ്യമായ ഘടകങ്ങൾ അവയിൽ അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. അതിനാൽ കൂടിയാണ് നിങ്ങൾ അത് കഴിക്കാതിരിക്കരുത് എന്ന് നിർദ്ദേശിക്കുന്നത്. പോഷകദായനികളാണ് ഭക്ഷ്യങ്ങൾ എങ്കിലും അത് അമിതമാകുവാൻ പാടില്ല എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട്.



ഖുർആൻ നിർദ്ദേശിക്കുന്നു: നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (7:31). ആധുനിക ആരോഗ്യ ശാസ്ത്രം പറയുന്ന കാര്യം തന്നെയാണിത്. ശരീരത്തിന്റെ സമസ്ഥിതിയെയോ (homeostasis) സൂക്ഷ്‌മജീവികളും നമ്മുടെ ശരീരവും തമ്മിലുള്ള സഹജീവനത്തെയോ (symbiosis) പ്രതികൂലമായി ബാധിക്കാത്തതായിരിക്കണം എന്നാണ് ഭക്ഷ്യക്രമവുമായി ബന്ധപ്പെട്ട് ആധുനികശാസ്ത്രം പറയുന്നത്. അനുവദനീയമല്ലാത്തതായി ഖുർആൻ സൂചിപ്പിക്കുന്ന ശവം, രക്തം, പന്നിമാംസം എന്നിവയെല്ലാം (5:3) രോഗകാരികളുടെ വാഹകരാണ് എന്നതിനാലാണ് കഴിക്കരുത് എന്ന് പറയുന്നത്. അറുത്തതോ വേട്ടമൃഗം തനിക്കായി കൊന്നതോ അല്ലാത്ത എല്ലാം അത് ശ്വാസം മുട്ടി ചത്തതോ അടിച്ചുകൊന്നതോ ഉയരത്തിൽ നിന്ന് വീണു ചത്തതോ കുത്തേറ്റ്‌ ചത്തതോ വന്യമൃഗം കടിച്ചുതിന്നതോ എന്താണെങ്കിലും നിഷിദ്ധമാണെന്ന് ഖുർആൻ പറയുന്നുണ്ട്. ഈ രൂപങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജീവൻ നഷ്ടപ്പെടുന്ന ജീവികൾ രക്തം അകത്ത് കട്ടപിടിച്ചുകൊണ്ടാണ് മരിക്കുന്നത്. അവ രോഗാണുവാഹകരായിരിക്കും. വഹിക്കുന്ന ശരീരത്തിന്റെ ഊഷ്മാവ് താഴ്ന്നാൽ അതിവേഗം രോഗാണുക്കൾ വളരുന്ന സംഗതിയാണ് രക്തം. ഇതിന്നപവാദം കടൽജീവികളാണ്. മത്സ്യങ്ങളിലും മറ്റും മനുഷ്യർക്കാവശ്യമായ നിരവധി പോഷകങ്ങളുണ്ട്. അവ ചത്താലും തിന്നാമെന്ന് മതം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. (5: 96). ആരോഗ്യത്തെ നശിപ്പിക്കുന്ന ലഹരി പദാർത്ഥങ്ങളടക്കമുള്ളവയുടെ ഉപയോഗം ഇസ്‌ലാം കർശനമായി വിലക്കിയിട്ടുണ്ട്. നബി (സ) പറയുന്നു: നീ മദ്യം കഴിക്കരുത്; നിശ്ചയം അത് എല്ലാ തിന്മകളുടെയും താക്കോലാണ് (ഇബ്‌നുമാജ). വീണ്ടും നബി (സ) പറയുന്നു: ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധവുമാണ് (ബുഖാരി, മുസ്‌ലിം).



ഇസ്ലാമിന്റെ ആരോഗ്യ സമീപനത്തിലെ മറ്റൊരു ഭാഗമാണ് ചികിത്സ. രോഗം വന്നാൽ ചികിൽസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി(സ) പറയുന്നത് ഇങ്ങനെ: എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. മരുന്ന് രോഗത്തിന് അനുയോജ്യമായാൽ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നു (മുസ്‌ലിം, അഹ്‌മദ്‌). മറ്റൊന്നാണ് പകർച്ചവ്യാധികളെ പ്രതിരോധിക്കാനുളള നിർദ്ദേശങ്ങൾ.
പകർച്ചവ്യാധികൾ തടയുന്നതിനുള്ള മാർഗങ്ങൾക്ക് ഇസ്‌ലാം അതീവ പ്രാധാന്യം നൽകുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഈ ഹറീസ്: ഏതെങ്കിലും ഒരു സ്ഥലത്ത് പ്ലേഗ് ഉണ്ടെന്നറിഞ്ഞാൽ അങ്ങോട്ട് നിങ്ങൾ പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ലേഗ് വന്നാൽ അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് നിങ്ങൾ പോവുകയും ചെയ്യരുത് (ബുഖാരി, മുസ്‌ലിം). കോവിഡ് കാലം നമ്മെ അനുഭവത്തിലൂടെ പഠിപ്പിച്ച ഒരു സത്യം കൂടിയാണിത്. പകർച്ചവ്യാധിയുളളവർ സലാം പറയുമ്പോൾ കൈ കൊടുക്കരുത്, തുമ്മുമ്പോൾ മുഖഭാഗം വസ്ത്രം കൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിക്കണം തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം ഇതിന്റെ ഭാഗങ്ങളാണ്.



ആരാധനയുടെയോ മറ്റോ പേരിൽ ശരീരത്തെ പീഡിപ്പിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. മിതത്വത്തിന്റെ മാര്‍ഗത്തിലേക്ക് തന്റെ അനുചരന്മാരെ വഴിനടത്താന്‍ നബി തങ്ങൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഭൗതികതെ പറ്റെ പടിക്കു പുറത്തു നിറുത്തുന്നത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം തീർത്തും അന്യമാണ്. സന്യാസത്തിന് ഇസ്‌ലാമിൽ സ്ഥാനമില്ലാത്തതും അതുകൊണ്ടുതന്നെ. ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇസ്‌ലാമിന്റേത്. ശരീരത്തിന്റെ ആരോഗ്യംപോലെത്തന്നെ മനസിന്റെ ആരോഗ്യത്തിനും ഇസ്‌ലാം പ്രാധാന്യം നൽകുന്നു. മനസിന്റെ ആരോഗ്യത്തെ തകർക്കുന്ന അസൂയ, അഹംഭാവം, ദുരഭിമാനം തുടങ്ങിയ ദുർഗുണങ്ങൾക്കെതിരെ ഇസ്‌ലാം ശക്തമായ ബോധവൽക്കരണം നടത്തുന്നു. നബി(സ) പറയുന്നു: നിങ്ങൾ അസൂയയെ സൂക്ഷിക്കുക. കാരണം തീ വിറകിനെ ഭക്ഷിക്കുന്നത് പോലെ അസൂയ നന്മകളെ ഭക്ഷിക്കുമെന്ന് തീർച്ച.(അബൂദാവൂദ്). മറ്റാെരു തിരുവചനം ഇവ്വിധമാണ്: നിങ്ങളുടെ മുമ്പുള്ള സമുദായങ്ങളുടെ രോഗം നിങ്ങളിലേക്കും പടർന്നിരിക്കുന്നു. അസൂയയും വിദ്വേഷവുമാണവ. അവ മുണ്ഡനം ചെയ്‌തുകളയും; മുടിയെയല്ല, മതത്തെ (തിർമിദി). അഹങ്കാരത്തെക്കുറിച്ച് നബി(സ) പറഞ്ഞു: അണുമണിത്തൂക്കം അഹങ്കാരം മനസിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നബി(സ) പറഞ്ഞു:
നിഷ്കളങ്കതയുടെ വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) കഴിഞ്ഞാൽ ആരോഗ്യംപോലെ (മഹത്തായ അനുഗ്രഹമായി) മറ്റൊന്നും നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല. അതിനാൽ ആരോഗ്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. (തിർമിദി, നസാഈ)



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso