![](http://www.thdarimi.in/images/logo.png)
![Image](http://www.thdarimi.in/login/photo/images (8).jpeg)
വിശ്വാസം എത്രമാത്രം അന്ധവിശ്വാസമാണ്
27-10-2022
Web Design
15 Comments
ഏത് വലുതും വിഴുങ്ങാൻ മിടുക്കൻമാരാണ് നാം പുതിയ മനുഷ്യർ. ഏത് മലപോലെ വരുന്ന കാര്യങ്ങളും ദിവസങ്ങൾ പിന്നിട്ടാൽ നാം മറക്കും. നാടിനെ നടുക്കിയ നരബലിയുടെ കാറ്റൊഴിഞ്ഞത് അങ്ങനെയാണ്. പക്ഷെ, ചിന്തിക്കുന്നവർക്കും ചിന്തിക്കണമെന്നുളളവർക്കും ഇതങ്ങനെ വിടാൻ കഴിയില്ല. കാരണം കേസ് ഡയറിയിലെ വിഷയങ്ങൾക്കുമപ്പുറത്ത് ചില കാര്യങ്ങൾ ഈ വിഷയത്തിൽ ചർച്ചക്കെടുക്കേണ്ടതുണ്ട്. അതിൽ നമ്മൾ ഇവിടെ ചർച്ചക്കെടുക്കുന്നത് സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചുളള ചർച്ചയിൽ ആദ്യം മുതലേ ഒരു കാര്യമാണ്. ഈ സംഭവത്തിലെ സാക്ഷാൽ പ്രതി അന്ധവിശ്വാസമാണ് എന്നതായിരുന്നു ന് അത്. വളരെ പ്രധാനപെട്ടവർ വരെ ഇതെല്ലാം അന്ധവിശ്വാസമാണ് എന്ന് പ്രതികരിക്കുകയുണ്ടായി. സത്യത്തിൽ അങ്ങനെ പറയുമ്പോൾ അവരെന്താണ് പറയുന്നത് എന്ന് അവർക്കു തന്നെ അറിവും വെളിവുമില്ലായിരുന്നു. എന്താണ് വിശ്വാസം, എങ്കിൽ എന്താണ് അന്ധവിശ്വാസം എന്നീ ചോദ്യങ്ങളൊന്നും അത്തരക്കാരുടെ മനസ്സിനെ മഥിച്ചതേയില്ലായിരുന്നു എന്നതാണ് സത്യം. ഈ ചർച്ചയിൽ നാം ആദ്യം വിശ്വാസം എന്നാൽ എന്താണ് എന്ന് മനസ്സിലാക്കണം. അപ്പോൾ അന്ധവിശ്വാസം എന്ന പ്രയോഗത്തെ കുറിച്ച് ചില വസ്തുതകൾ നമുക്ക് ബോധ്യമാകും. തുടർന്ന് കണ്ടതിനെയൊക്കെ അന്ധ വിശ്വാസം എന്ന് ആരോപിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണ് എന്ന് മനസ്സിലാകുകയും അതിന്റെ പിന്നിലെ കറുത്ത കൈകളെ കയ്യോടെ പിടികൂടുകയും ചെയ്യാനാകും. സത്യത്തിൽ ഈ അന്ധവിശ്വാസാരോപണം വിശ്വാസത്തെയാണ് ലക്ഷ്യം വെക്കുന്നത്. വിശ്വാസങ്ങളെ മുഴുവനും അന്ധവിശ്വാസം എന്ന് വിളിക്കുവാൻ പുതിയ സമൂഹത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണ് ആരോ എന്നതാണ് സത്യം.
വിശ്വാസം എന്നതിനെ നമുക്ക് ഉറപ്പുള്ള ധാരണ എന്ന് വിളിക്കാം. അത് അറിവല്ല. നമ്മുടെ കൈ വിരലിൽ ഒരു മോതിരമുണ്ട്, അത് നാം നേർക്കുനേർ കാണുന്നുണ്ട്, നമുക്കത് തൊട്ടു നോക്കാം. എങ്കിൽ അത് വിശ്വാസമല്ല, അറിവാണ്. അത് അതിനാൽ തന്നെ തികച്ചും ഉറപ്പുളളതുമാണ്. അറിവിന്റെ അത്രതന്നെ ഉറപ്പുളളതല്ല വിശ്വാസം എന്ന് പറഞ്ഞാൽ അത് ദുർബലമാണ്, അതിനാൽ അസ്വീകാര്യമാണ് എന്നൊന്നും അർഥമില്ല, മറിച്ച് അതൊരു ധാരണയാണെങ്കിലും അത് ശരിയാകുവാൻ വേണ്ടത്ര ബലമുള്ള ഉറപ്പുള്ള തെളിവുകളും പിൻബലങ്ങളും ഉള്ള കാര്യമാണ്. ഉദാഹരണമായി ഇസ്ലാമിലെ ദൈവ വിശ്വാസം തന്നെയെടുക്കാം. ഈ പ്രപഞ്ചത്തിന്റെ പിന്നിൽ സർവ്വശക്തനായ ഒരു സൃഷ്ടാവുണ്ട് എന്നാണ് ഇസ്ലാമിലെ വിശ്വാസം. അങ്ങനെ വിശ്വസിക്കുന്നത് ആ സൃഷ്ടാവിനെ കണ്ടിട്ടോ നേരിട്ട് കേട്ടിട്ടോ ഒന്നുമല്ല. മറിച്ച് ഈ പ്രപഞ്ചത്തിലെ ഓരോ കണികയും ചലനവും ഇതിന്റെ പിന്നിൽ അത്തരത്തിലുള്ള ഒരു സൃഷ്ടാവുണ്ട് എന്നതിന്റെ തെളിവാണ്. ആ തെളിവുകളുടെ ബലമാണ് വിശ്വാസത്തിന് ബലം നൽകുന്നത്. അറിയാന്‍ സാധ്യമല്ലാത്ത കാര്യങ്ങളാണ് പൂർണ്ണമായും വിശ്വാസത്തിന്‍റെ പരിധിയില്‍ വരുന്നത് എന്നും ഈ പറഞ്ഞതിന് അർഥമില്ല. മനുഷ്യബുദ്ധിയിൽ തീരെ പിടിച്ചു നിൽക്കാത്തതും ബോധിക്കാത്തതുമായ ധാരണകൾ വിശ്വാസമല്ല, മിത്തുകൾ, അപസർപ്പകങ്ങൾ തുടങ്ങിയതൊക്കെയാണ്. വിശ്വാസം എന്നു പറഞ്ഞാൽ യുക്തിഭദ്രവും തെളിവുകളുടെ സഹായത്താൽ സ്ഥാപിക്കാനും ബോധ്യപ്പെടുത്താനും കഴിയുന്ന തരത്തിലുള്ള ബലമുളള ധാരണകളാണ് വിശ്വാസം.
വിശ്വാസത്തിന്റെ ഈ വിശദീകരണമനുസരിച്ച് ഓരോ വിശ്വാസത്തിന്റെയും ഉപോൽ ഭലകമായ തെളിവുകൾ വഴി വിശ്വാസ സത്യത്തിലേക്ക് എത്തുന്നില്ലെങ്കിൽ രൂപപ്പെടുന്നതാണ് അവിശ്വാസം. ഇങ്ങനെ വിശ്വാസം, അവിശ്വാസം എന്നീ രണ്ടെണ്ണത്തിനുമിടയിൽ ഈയിടെ മാത്രം കടന്നുകൂടിയ ഒന്നാണ് അന്ധവിശ്വാസം. അടിസ്ഥാനപരമായി വിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെയുള്ള ഒരു വർഗ്ഗീകരണം മുമ്പില്ലായിരുന്നു. ഇത് ഈ അടുത്ത കാലത്തായി മാത്രം ഉണ്ടായതാണ്. ഇത് സത്യത്തിൽ യുക്തിവാദികള്‍ സൃഷ്ടിച്ചെടുത്ത ഒരു പദമാണ്. ദൈവത്തിലോ പിശാചിലോ വിശ്വസിച്ച് ആരാധനകള്‍ അര്‍പ്പിക്കുന്ന സമൂഹങ്ങളെ പരിഹസിക്കുന്നതിനുവേണ്ടിയാണ് ഈ പദം ഇവര്‍ ഉപയോഗിക്കുന്നത്. അതായത്, യുക്തിവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ആൾക്കാർക്ക് ഗ്രഹിക്കാന്‍ കഴിയാത്ത ആശയങ്ങൾ പുലർത്തുന്ന ഏതൊരു വ്യക്തിയും ഇവരുടെ കാഴ്ചപ്പാടില്‍ അന്ധവിശ്വാസിയാണ്. ദൈവവിശ്വാസവും വിഗ്രഹാരാധനയുമൊക്കെ ഒരേ ഗണത്തില്‍പ്പെടുന്ന അന്ധവിശ്വാസങ്ങളായിട്ടാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.
ശാസ്ത്രത്തിന് വ്യാഖ്യാനിക്കാൻ കഴിയാത്ത കാര്യങ്ങളെല്ലാം അന്ധവിശ്വാസമായി മുദ്രയടിക്കുന്ന പ്രവണതയാണ് ഇവിടെ വളർന്നുവരുന്നത്. ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതല്ല എന്നതാണ് അതിന് കാരണം പറയുന്നത്. യുക്തിക്കും ശാസ്ത്രത്തിനും വേണ്ടി എന്നാണ് ഇവരുടെ വാദമെങ്കിലും സത്യത്തിൽ ഇത് മതങ്ങളെ നിരാകരിക്കുവാനുളള ഒരു കറുക്കുവഴിയാണ്. വിശ്വാസത്തെ വേട്ടയാടുകയാണിവർ. സത്യത്തിൽ വിശ്വാസം എന്നത് ഏതു വിധേനയും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. യുക്തിവാദം പോലും വിശ്വാസത്തിലധിഷ്ഠിതമാണ്. എന്താണ് യുക്തിവാദമെന്ന് യുക്തിവാദികൾ തന്നെ എഴുതുന്നു: മനുഷ്യന്റെ ബുദ്ധിപരമായ വിവേചനശക്തി(reason)യിലുള്ള ശക്തമായ വിശ്വാസമാണ് യുക്തിവാദമെന്നു ഡോ. അംബേദ്കര്‍ പറയുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളോടും മാനുഷിക ബന്ധങ്ങളോടുമുള്ള സമീപനത്തില്‍ ഈ വിശ്വാസം പ്രായോഗികമാക്കുമ്പോഴാണ് ഒരാള്‍ യുക്തിവാദിയാകുന്നത്. (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലന്‍, പു റം 7). മനുഷ്യന്റെ ബുദ്ധിപരമായ വിവേചനശക്തിയാണ് യുക്തിവാദിയുടെ വിശ്വാസം. പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളിലും മാനുഷിക ബന്ധങ്ങളിലും ഈ വിശ്വാസം പ്രയോഗവല്‍ക്കരിക്കുന്നവനാണ് യുക്തിവാദിയെന്ന് ഇതിലൂടെ സുതരാം വ്യക്തമാകുന്നു.
ഇനി അതിലെ വൈരുദ്ധ്യം തൽകാലം കണ്ടില്ലെന്ന് നടിച്ചാൽ തന്നെ
ശരി തെറ്റുകളെ വ്യവഛേദിച്ചു മനസ്സിലാക്കാന്‍ മനുഷ്യബുദ്ധിക്കും യുക്തിക്കും സാധിക്കുമോ?
പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളില്‍ മനുഷ്യബുദ്ധിയെന്ന വിശ്വാസം കടന്നുവരുമ്പോള്‍ ദൈവം ഇല്ലാതാകുമോ?
പ്രപഞ്ചത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ മനുഷ്യന് തന്റെ ബുദ്ധികൊണ്ട് സാധിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഉണ്ട് കടന്നുവരാൻ. ഇതെല്ലാം വീണ്ടും മാറ്റിവെക്കാം. ജീവിതവുമായി മുന്നോട്ടു നടക്കുന്ന മനുഷ്യനു മുമ്പിൽ അനുനിമിഷം പ്രത്യക്ഷപ്പെടുന്ന നൂറായിരം വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ വെറും യുക്തി കൊണ്ടോ ശാസ്ത്രം കൊണ്ടോ നിശ്ചയിക്കുവാൻ കഴിയുമോ. ഏതു തീരുമാനിക്കണമെങ്കിലും വിശ്വാസം, ധാരണ തുടങ്ങിയവ കൂടാതെ കഴിയില്ല. സൃഷ്ടാവ് മനുഷ്യര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ധര്‍മം ചെയ്ത് ഉന്നതനാകുവാനും അധര്‍മം ചെയ്ത് അധമനാകുവാനും അവനു സാധിക്കുന്നു. എന്നാല്‍ എന്താണ് ധര്‍മം, എന്താണ് അധര്‍മം? എന്താണ് നന്മ, എന്താണ് തിന്മ? ഇവ്വിധം ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുവാന്‍ മനുഷ്യബുദ്ധിക്കു മാത്രം സാധിക്കുമോ? നന്മതിന്മകളെ ആത്യന്തികമായി വേര്‍തിരിച്ചു പറയാന്‍ ഒരു വ്യക്തിക്ക് സാധിക്കില്ല. വെറും ശാസ്ത്രത്തിനും സാധിക്കില്ല. ഏതെങ്കിലും ശരിയോ തെറ്റോ ആയ വിശ്വാസത്തെയോ ധാരണയേയോ ആശ്രയിക്കാതെ അതിനു കഴിയില്ല.
മദ്യപിക്കുന്ന ഒരു വ്യക്തി മദ്യപാനം നന്മയാണെന്നു ന്യായീകരിക്കാന്‍ ശ്രമിക്കും. മോഷ്ടിക്കുന്ന വ്യക്തിക്ക് അതിന് അവന്റേതായ ന്യായീകരണങ്ങളുണ്ടാകും. ഈ ചെറിയ അനുഭവ തത്വം വ്യക്തമാക്കുന്നത് നന്മ തിന്മകളെ വേര്‍തിരിക്കാന്‍ വ്യക്തിയെ ഏല്‍പിച്ചാല്‍ ലോകത്ത് തിന്മ തന്നെയുണ്ടാകില്ല എന്നാണ്.
സ്വകാര്യ സ്വത്താണ് ഏറ്റവും വലിയ തിന്മയെന്നും അതിന്റെ നിര്‍മാര്‍ജനത്തിലൂടെ സുന്ദരമായൊരു സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കാം എന്നും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ വാദിച്ചു. സ്വകാര്യസ്വത്തിന്റെ പേരില്‍ ഉക്രൈനിലെ രണ്ടു കോടി കര്‍ഷകരെ സ്റ്റാലിന്റെ പടയാളികള്‍ പട്ടിണിക്കിട്ടു കൊന്നു. സോഷ്യലിസ്റ്റ് രാജ്യമെന്നത് വെറും സങ്കല്‍പമാണെന്നും അത് അപ്രായോഗികമാണെന്നും പിന്നീട് ലോകത്തിനു മനസ്സിലായി. അത് സൂചിപ്പിക്കുന്നത് വിശ്വാസത്തെയും ധാരണകളെയും നിരാകരിച്ച് ഒരു നിർമ്മിത ആദർശത്തിന് നന്മതിന്മകളെ വേര്‍തിരിക്കാന്‍ സാധിച്ചില്ല എന്നാണല്ലോ. ഇനി ശാസ്ത്രം കൊണ്ട് നൻമ തിൻമകളെ വേർതിരിക്കുവാൻ കഴിയും എന്നാണ് കരുതുന്നത് എങ്കിൽ അതും സാധ്യമല്ല. കടയില്‍ നിന്നും പണം കൊടുത്തു വാങ്ങുന്ന ഗോതമ്പും, കടയില്‍നിന്നും മോഷ്ടിച്ചെടുക്കുന്ന ഗോതമ്പും തമ്മില്‍ ശാസ്ത്രീയമായി ഒരു വ്യത്യാസവുമില്ല. ഗോതമ്പിലടങ്ങിയിട്ടുള്ള പ്രോട്ടീനും മറ്റും അവയില്‍ തന്നെയുണ്ട്. അപ്പോള്‍ എങ്ങനെയാണ് ശാസ്ത്രത്തിന് നന്മതിന്മകളെ വേര്‍തിരിക്കുവാന്‍ സാധിക്കുന്നത്? അതൊരിക്കലും സാധ്യമല്ല.
തിന്മകളോടുള്ള ഒരു യുക്തിവാദിയുടെ സമീപനമെന്താണെന്ന് ഒരു യുക്തിവാദി തന്നെ എഴുതുന്നതെന്താണെന്നു നോക്കാം. അതിങ്ങനെയാണ്: മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ അരുതുകള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്നു മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില വ്രതങ്ങള്‍ അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൗതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരുകയില്ല. യുക്തിവാദികള്‍ പുക വലിച്ചതുകൊണ്ടോ മദ്യപിച്ചതുകൊണ്ടോ യാതൊരു തകരാറുമുണ്ടാകാനില്ല. (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലന്‍, പുറം 14-15). അഥവാ മദ്യപിക്കാനും മോഷ്ഠിക്കാനും വ്യഭിചരിക്കാനും യുക്തിവാദിയായാല്‍ മതിയെന്നും മതവിശ്വാസികളായാലാണ് അവക്കെല്ലാം വിലക്കേര്‍പ്പെടുത്തപ്പെടുന്നതെന്നും മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസികള്‍ അവ മുഖേന ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കുന്ന ഒരു വിശ്വാസിയുടെ ദൈവവിശ്വാസമാണോ അതോ യുക്തിവാദമാണോ ഇവിടെ മാനവികം?.
സകല തിന്മകള്‍ക്കും വിലക്കില്ലാത്ത യുക്തിവാദിക്ക് മോഷണമാകാം, വ്യഭിചാരമാകാം, മദ്യപാനിയാകാം എന്നാണല്ലോ ഈ പറയുന്നതിന്റെ അർഥം. അതുവെച്ച് യുക്തിവാദം മനുഷ്യനെ ശരിയിലേക്കും ധർമ്മത്തിലേക്കും നയിക്കുകയാണ് എന്ന് നമുക്കെങ്ങനെ പറയാൻ കഴിയും. കളവിനെയും മോഷണത്തെയും മറ്റും മാന്യതയോ ശരിയോ ആയി ആരെങ്കിലും കാണുന്നുണ്ടോ ?. ഇങ്ങനെ അവരുടെ ഏതു വാദവും നിരർഥകതകൾ നിറഞ്ഞതാണ്.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഉറപ്പുള്ള വിശ്വാസങ്ങൾ, ധാരണകൾ എന്നിവയിൽ ചാരിയല്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനും ശരിയിലെത്താൻ കഴിയില്ല എന്നാണ്. ഈ സത്യത്തിന്റെ ബലവും വ്യക്തതയും ശാസ്ത്രീയതയും കൊണ്ടാണ് യുക്തിവാദം എത്ര മനോഹരമായി അവതരിപ്പിച്ചിട്ടും വേരു പിടിക്കാതെ പോകുന്നതും.
വാൽ: ശക്തനായ ദൈവനിഷേധി, സ്വതന്ത്ര ചിന്തകന്‍, കറകളഞ്ഞ മാനവവാദി എന്നിങ്ങനെ ജർമ്മൻകാരനായ ഫെഡറിക് നീഷേ എന്ന വ്യക്തിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. സ്വതന്ത്രചിന്തയുടെയും മതവിമര്‍ശനത്തിന്റെയും നാസ്‌തിക ജീവിത ചിന്തകളുടെയും ലോകത്ത് നീഷേക്ക് പകരക്കാരില്ല. യുക്തിവാദികളുടെയും മതവിരുദ്ധരുടെയും ഇഷ്‌ടഭാജനവും ജീവിതാസ്വാദനത്തിന് വേണ്ടി ആശയനിര്‍വഹണം നടത്തുന്ന ബുദ്ധിജീവികള്‍ക്ക് മാതൃകാ പുരുഷനുമാണ് നീഷേ. ഇതേ നീഷേയെക്കുറിച്ച് രണ്ടു കേട്ടു കേള്‍വികളുണ്ട്. ഒന്ന്, ജീവിതത്തില്‍ പലപ്പോള്‍, പല ഘട്ടങ്ങളിലായി ദൈവം മരിച്ചിരിക്കുന്നു എന്നു പറഞ്ഞ വ്യക്തിയാണ് നീഷേ. എന്നാല്‍ നീഷേ മരണപ്പെട്ട് ആ വാര്‍ത്ത ലോകമെങ്ങും വ്യാപിക്കുന്നതിന് മുമ്പു തന്നെ അദ്ദേഹത്തിന്റെ വീടിന്റെ മുന്‍ഭാഗത്തെ ചുമരില്‍ കരിക്കട്ടകൊണ്ട് എഴുതിയ ഒരു വാക്യം പ്രത്യക്ഷപ്പെട്ടു: ദൈവനിഷേധിയായ നീഷേ ഇതാ മരണപ്പെട്ടിരിക്കുന്നു. എന്നാല്‍ ദൈവം ഇതാ ഇപ്പോഴും ജീവിച്ചിരിക്കുക തന്നെയാണ്.
രണ്ട്, ഒരിക്കല്‍ ഒരു കുന്നിന്‍ചെരുവിലിരിക്കയായിരുന്നു നീഷേ. സമയം സായാഹ്നം. പോക്കുവെയില്‍ താഴ്‌വാരത്ത് മനോഹരമായ ചിത്രങ്ങള്‍ തീര്‍ക്കുന്നു. പലതരം പക്ഷികളുടെ മനോഹരങ്ങളായ പാട്ടുകള്‍. കാറ്റില്‍ പൂക്കളുടെ മണം. പടിഞ്ഞാറ് ആകാശത്ത് അസാധാരണമായ ചുവപ്പുരാശി. സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ആ സായാഹ്നാനുഭവത്തില്‍ മതിമറന്ന നീഷേ ഇപ്രകാരം വിളിച്ചുപറഞ്ഞു: ദൈവമേ, അങ്ങ് ഇല്ലെന്നാണ് ഞാനിതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാനിതാ മനസ്സിലാക്കുന്നു ദൈവം ഉണ്ടെന്ന്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso