Thoughts & Arts
Image

സമീപനരീതിയാണ് ഇഹ്സാൻ..

31-10-2022

Web Design

15 Comments







അഞ്ചും ആറും പതിനാന്ന് കാര്യങ്ങൾ (ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും) പോരെ വിശ്വാസികൾക്ക് എന്ന ഒരു ചോദ്യത്തിലാണ് ആത്മീയ വിചാരമുള്ള വിശ്വാസികളെ ബിദ്അത്തുകാർ സാധാരണ വീഴ്ത്തുക. അവർ പറയുന്നതു പോലെ അവ രണ്ടും മതിയായിരുന്നു ദീൻ എന്നത് അതാണ് എങ്കിൽ. പക്ഷെ ദീൻ എന്നത് അവ രണ്ടും മാത്രമല്ല. മാത്രമായിരുന്നുവെങ്കിൽ ദീൻ പഠിപ്പിക്കാൻ വേണ്ടി വന്ന ജിബ്രീൽ(അ) നബി(സ)യോട് മൂന്നാമത്തെ ഒന്നിനെ കുറിച്ച് ചോദിക്കുമായിരുന്നില്ല. ഇമാം മുസ്‌ലിം(റ) ഉമര്‍(റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസ്. നബി(സ)യും സ്വഹാബിമാരും കൂടി ഇരിക്കുന്ന സദസിലേക്ക് ജിബ്‌രീല്‍(അ) കടന്നുവരുന്നതും നബി(സ)യോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ് ഈ ഹദീസിന്റെ ആശയം. തികച്ചും അപരിചിതനായി കടന്നു വന്ന ജിബ്‌രീല്‍(അ) നബി(സ) തിരുമേനിയുടെ മുട്ടോടു മുട്ട് ചേര്‍ത്തു വന്നിരിക്കുകയായിരുന്നു. എന്നിട്ട് നബി(സ)യോട് ആദ്യം ഇസ്‌ലാമിനെക്കുറിച്ചു ചോദിച്ചു. ഇസ്‌ലാമിന്റെ അഞ്ചു കര്‍മങ്ങള്‍ വിവരിച്ച് നബി(സ) അതിനു മറുപടി നല്‍കി. അതു ജിബ്‌രീല്‍ ശരിവയ്ക്കുകയും ചെയ്തു. പിന്നെ ഈമാന്‍ എന്ന വിശ്വാസത്തെക്കുറിച്ചു ചോദിച്ചു. അതിന് ആറു വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് നബി(സ) മറുപടി പറഞ്ഞു. അതും അദ്ദേഹം ശരിവച്ചു. ഇവിടെ ചോദ്യങ്ങള്‍ അവസാനിച്ചില്ല. മൂന്നാമത്തെ ചോദ്യം ഇഹ്‌സാനിനെ കുറിച്ചായിരുന്നു. അല്ലാഹുവിനെ കാണുന്നു എന്ന ഭാവേന ആരാധിക്കലാണ് ഇഹ്‌സാന്‍ എന്ന് നബി(സ) മറുപടി പറഞ്ഞു. നീ അവനെ കാണുന്നില്ല എന്നു തോന്നുന്നുവെങ്കില്‍ അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ എന്ന് നബി(സ) കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പിന്നീട് അന്ത്യനാളിനെക്കുറിച്ചും അതിന്റെ അടയാളങ്ങളെക്കുറിച്ചുമായിരുന്നു സംസാരം. സംസാരം കഴിഞ്ഞ് അപരിചിതന്‍ പോയ്ക്കഴിഞ്ഞപ്പോള്‍, വന്നത് ജിബ്‌രീല്‍ (അ) ആയിരുന്നുവെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ എന്താണ് എന്നു പഠിപ്പിച്ചുതരാന്‍ വേണ്ടി വന്നതായിരുന്നു എന്നും നബി(സ) സ്വഹാബിമാരോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്വഹീഹായ ഹദീസിൽ നിന്നും ഇസ്ലാം ദീൻ എന്നാൽ ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവ മൂന്നും ചേർന്നതാണ് എന്ന് സുതരാം വ്യക്തമാകുന്നു. അതിനാൽ അഞ്ചും ആറും കാര്യങ്ങളിൽ ഒതുങ്ങില്ല ദീൻ.



ഇവിടെ ദീന്‍ എന്നാല്‍ ഇസ്‌ലാമും ഈമാനും ഇഹ്സാനുമാണ്‌ . ഇവ മൂന്നും ഒരുമിക്കുമ്പോള്‍ മാത്രമേ ദീന്‍ പരിപൂര്‍ണ്ണമാകുന്നുള്ളൂ. ഈമാന്‍ കാര്യങ്ങള്‍ വിശ്വസിച്ചതുകൊണ്ടോ ഇസ്‌ലാം കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ടോ ഇഹ്സാനുണ്ടാവുകയില്ലെന്ന്‍ വ്യക്തമാണ്. നബി(സ)യുടെ വിവരണമനുസരിച്ച് വിശ്വസിക്കാനുള്ള കാര്യങ്ങൾ വിശ്വസിക്കാനും ചെയ്യാനുളള കാര്യങ്ങൾ ചെയ്യാനും നിഷ്കർഷിക്കപ്പെട്ട സമീപന രീതിയാണ് ഇഹ്സാൻ. അത് ദീനിന്റെ മൂന്ന് പ്രധാന ഘടകങ്ങളിലോന്നാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. സരളമായി ഉദാഹരിക്കാൻ നിസ്കാരത്തെ എടുത്താൽ നിസ്കരിക്കാൻ എഴുനേൽക്കാൻ പ്രേരിപ്പിക്കുന്ന വിശ്വാസത്തിന് വിധേയമായി ഫർളുകളും ശർഥുകളും സുന്നത്തുകളും കൃത്യമായും കണിശമായും പാലിച്ച് വേണ്ടത്ര ഭക്തിയോടെ അത് നിർവ്വഹിച്ചാൽ അത് മൂന്നുമായി. ഇഹ്സാൻ എന്ന ഈ ഘടകം പക്ഷെ ആരാധനകളിൽ മാത്രം വേണ്ടതല്ല. മറിച്ച് മതകീയമായ ജീവിതത്തിന്റെ ഓരോ അനക്കത്തിലും അടക്കത്തിലും വേണ്ടതാണ്. വഴിയിൽ നിന്ന് കല്ലും മുളളും മാറ്റുന്നത് ഒരു ഉദാഹരണം. ആ പ്രതിബന്ധങ്ങൾ മാറ്റുവാനുള്ള പ്രവർത്തനത്തോടൊപ്പം അപ്പോൾ പുലർത്തേണ്ട മനസ്ഥിതി, പ്രത്യാശ തുടങ്ങിയവ കൂടി ചേരേണ്ടതുണ്ട്. ആ ഘടകങ്ങളാണ് അതിലെ ഇഹ്സാൻ.



ഇഹ്സാൻ അതിന്റെ വാക്കർഥം വഴി തന്നെ മനസ്സിലാക്കാവുന്നതാണ്. ഇഹ്സാൻ എന്നാൽ നന്നാക്കുക എന്നാണ് അതിനർഥം. ഏതു കാര്യത്തെയും നന്നായി മനോഹരമായി അതിന്റെ എല്ലാ നൻമകളും പ്രസരിക്കുന്ന വിധത്തിൽ മാത്രം ചെയ്യുന്നതിനെയാണ് അപ്പോൾ ഇഹ്സാൻ അർഥമാക്കുന്നത്. അല്ലാഹുവിൻെറ പ്രീതിയും സ്നേഹവും ഒപ്പം സ്വീകാര്യതയും നേടിയെടുക്കാൻ കഴിയുന്നവിധത്തിൽ മതം ആവശ്യപ്പെട്ട കാര്യങ്ങൾ സാധ്യമായത്ര ഏറ്റവും മികച്ചരീതിയിൽ നിർവഹിക്കലാണത്. കർമങ്ങൾ സജീവവും ചൈതന്യവത്തും ആകുവാനും ഒപ്പം ഫലം പൂർണമായി ലഭിക്കുന്നതിനും ഇഹ്സാൻ അനിവാര്യമാണ്. ഏതൊരു കർമവും മികച്ച രീതിയിൽ ചെയ്യുമ്പോഴാണല്ലോ ഉദ്ദേശിച്ച സ്ഥാനത്തെത്താനും ഫലം നേടാനും സാധിക്കുക. അതുകൊണ്ട് തന്നെയാണ് ഇസ്ലാമിന്റെ പ്രതിഫല സങ്കൽപ്പത്തിന് ചില പ്രത്യേകതകൾ ഉണ്ടാവുന്നത്. അത് മറ്റൊന്നുമല്ല, നൻമകൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലം ഏഴ് മുതൽ എഴുനൂറും ഏഴായിരവും ആണ് എന്നതാണ്. ഇങ്ങനെ പ്രതിഫലത്തിന് വ്യത്യാസം വരുന്നത് ആ പ്രതിഫലത്തിന് അർഹത നേടിത്തരുന്ന കർമ്മം എത്ര സമ്പൂർണ്ണമായിട്ടുണ്ട് എന്നത് പരിഗണിച്ചാണ്. അതാവട്ടെ, നിശ്ചയിക്കുന്നത് അതിലെ ഇഹ്സാൻ എന്ന ചേരുവയുടെ അളവും തോതും അനുസരിച്ചുമാണ്.



ഇഹ്സാൻ എന്താണെന്ന ചോദ്യത്തിനു ജിബ്രീൽ പ്രവാചകന് നൽകിയ വിശദീകരണത്തിൽ കർമങ്ങൾ മികച്ചതാക്കുന്നതിന് രണ്ട് രീതികൾ പറഞ്ഞു തന്നതായി കാണാം. ഒന്ന്: അല്ലാഹുവിനെ കാണുന്നുണ്ട്, അല്ലെങ്കിൽ അല്ലാഹു തൻെറ മുമ്പിലുണ്ട് എന്ന വിചാരത്തോടെ കർമങ്ങളിലേർപ്പെടുക. ഏതൊരു വിശ്വാസിക്കും അവൻെറ കർമം നന്നാക്കാൻ സഹായിക്കുന്ന ഒന്നാണിത്. ആർക്കെങ്കിലും ആ അവസ്ഥയിലേക്ക് ഉയരാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു മാർഗം അവൻെറ മുമ്പാകെ വരച്ചുകാട്ടിയിട്ടുണ്ട്. അതാണ് രണ്ടാമത്തേത്. രഹസ്യവും പരസ്യവും നന്നായി അറിയാൻ കഴിവുള്ള അല്ലാഹു തന്നെ നോക്കുന്നുണ്ടെന്ന ദൃഢവിശ്വസത്തോടെ കർമങ്ങളിലേർപ്പെടുകയെന്നതാണത്. ഒരു ഹദീസിലിങ്ങനെ കാണാം: എവിടെയായാലും അല്ലാഹു കൂടെയുണ്ടെന്ന അറിവാണ് മനുഷ്യൻെറ ഈമാനിൽ വെച്ചേറ്റവും മികച്ചത്. നമ്മുടെ രഹസ്യവും പരസ്യവുമായ കർമങ്ങളെല്ലാം അല്ലാഹു കാണുന്നുണ്ടെന്ന് വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: അല്ലാഹു സകല സംഗതികൾക്കും കഴിവുറ്റവനെന്നും അല്ലാഹുവിൻെറ ജ്ഞാനം സകല കാര്യങ്ങളെയും വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങൾ അറിയേണ്ടതിനാകുന്നു (ത്വലാഖ്:12). മറ്റൊരു ആയത്തിൽ ഇങ്ങനെ കാണാം: ആകാശ ഭൂമികളിലെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേർ തമ്മിൽ രഹസ്യ സംഭാഷണം നടക്കുന്നില്ല, അവരിൽ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കിൽ അഞ്ചുപേരുടെ രഹസ്യ ഭാഷണം, ആറാമനായി അല്ലാഹു ഇല്ലാതെ. രഹസ്യം പറയുന്നവർ ഇതിലുംകുറച്ചാവട്ടെ, കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടാപ്പമായിരിക്കും. പിന്നീട് ഇവരെന്താണ് പ്രവർത്തിച്ചിരുന്നതെന്ന് അന്ത്യ നാളിൽ അവനവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്യും. അല്ലാഹു സകലകാര്യങ്ങളും അറിവുള്ളവനല്ലോ (മുജാദല:7).



ഭൂമിയിലെ അല്ലാഹുവിൻെറ പ്രതിനിധികളാണ് മനുഷ്യർ. അതിനാൽ അവരിൽ നിന്നുണ്ടാകുന്ന കർമങ്ങൾ ഏറ്റവും മികച്ച താകേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു: നിങ്ങളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ വേണ്ടി ജീവിതവും മരണവും സൃഷ്ടിച്ചവനാണവൻ (മുൽക് :2). ഇസ്ലാമിക ശരീഅത്ത് മനുഷ്യനെ ഇഹ്സാനിലേക്കാണ് നയിക്കുന്നത്. നബി(സ) പറഞ്ഞു: എല്ലാ വസ്തുക്കളോടും നല്ലനിലയിൽ (ഇഹ്സാനോടെ) വർത്തിക്കൽ അല്ലാഹു കൽപിച്ചിരിക്കുന്നു. ഇഹ്സാനോട് കൂടിയ കർമങ്ങളുടെ പ്രതിഫലം ഒരിക്കലും നഷ്ടപ്പെടുകയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അവൻ പറയുന്നു: തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ ചെയ്യുകയും ചെയ്തവരാരോ, അങ്ങിനെ ചെയ്യുന്നവരുടെ പ്രതിഫലം തീർച്ചയായും നാം നഷ്ടപെടുത്തുകയില്ല (അൽ കഹ്ഫ്: 30).



ഇബാദത്തുകളിൽ മാത്രമല്ല മറ്റുള്ളവരോടുള്ള ഇടപെടലുകളിലും ഇടപാടുകളിലും ഇഹ്സാൻ ഉണ്ടാകേണ്ടതുണ്ട്. ഇവയിൽ ഇബാദത്തുകളുടെ കാര്യത്തിന് കടുതൽ പരിഗണന നൽകേണ്ടതുണ്ട്. അത് നബി(സ) മേൽ പറഞ്ഞ ഹദീസിൽ എടുത്തു പറഞ്ഞ കാര്യമാണല്ലോ. അല്ലാഹു അവൻെറ ദാസന്മാർക്ക് നിർബന്ധമാക്കിയ അനുഷ്ഠാനങ്ങൾ അല്ലാഹുവിൻെറ പ്രീതി നേടാൻ സാധിക്കുന്നവിധത്തിൽ നിഷ്ക്കളങ്കതയോടെ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കലാണ് ഇബാദത്തുകളിലെ ഇഹ്സാൻ.
ഇബാദത്തുകൾ ഇഹ്സാനോട് കൂടിയതാകാൻ സഹാബികളെല്ലാം വളരെയധികം ശ്രദ്ധചെലുത്തിയിരുന്നതായി കാണാം. അതുകൊണ്ടാണ് അനസ് ബിൻ മാലിക് (റ)വിൻെറ നമസ്കാരം ജനങ്ങളിൽ വെച്ചേറ്റവും പ്രവാചകൻെറ നമസ്കാരത്തോട് സാമ്യം പുലർത്തുന്നതായി അവർക്ക് തോന്നിയിരുന്നത്. അബൂ മൂസൽ അശ്അരി (റ) ഏറ്റവും നന്നായി ഖുർആൻ പരായണം ചെയ്തിരുന്നതും അതുകൊണ്ട് തന്നെ. പ്രവാചകൻ പറഞ്ഞു: അബൂ മൂസക്ക് ആലു ദാവൂദിൻെറ പുല്ലാങ്കുഴൽ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവിങ്കൽ തൻെറ കർമങ്ങൾ മികച്ചതും സ്വീകാര്യവുമാകുമോയെന്ന് ആശങ്കിച്ചും ദൈവിക സ്നേഹവും പ്രീതിയും കൊതിച്ചും അവൻെറ ശിക്ഷയെ ഭയപ്പെട്ടും ഉമർ(റ) ധാരാളം കരയുകയും അതുമൂലം കറുത്ത രണ്ട് വരകൾ കവിളിൽ കണ്ണുകൾക്കു നേരെ താഴെ രൂപപ്പെട്ടിരുന്നതായും ചരിത്രത്തിൽ കാണാം. പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഒരു യാത്രയിലായിരുന്നു. വഴിമധ്യേ ഒരു ബാലന്‍ ആടുകളെ മേയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടു. അവനെയൊന്ന് പരീക്ഷിക്കണമെന്ന് ഇബ്‌നു ഉമറിന് തോന്നി. ഈ കൂട്ടത്തില്‍ ഒരു ആടിനെ വില്‍ക്കാമോ? ഇബ്‌നു ഉമര്‍ ചോദിച്ചു. ഈ ആടുകള്‍ എന്റേതല്ല, എന്റെ യജമാനന്റേതാണ് എന്ന് ബാലന്‍ മറുപടി പറഞ്ഞു. ഇബ്‌നു ഉമര്‍ വിട്ടില്ല. നിന്റെ യജമാനന്‍ ഇവിടെ ഇല്ലല്ലോ, ആടിനെ ചെന്നായ പിടിച്ചു എന്നു പറഞ്ഞാല്‍ പോരേ?! ബാലന്‍ കുറച്ചുനേരം ചിന്തിച്ച ശേഷം ഇങ്ങനെ പറഞ്ഞു: ശരിയാണ്, ആടുകളുടെ യജമാനന്‍ ഇവിടെയില്ല. എന്നാല്‍ നമ്മുടെയെല്ലാം യജമാനനായ അല്ലാഹു ഇവിടെ ഉണ്ടല്ലോ, അവന്‍ കാണുകയില്ലേ? ബാലന്റെ ഈ മറുപടി ഇബ്‌നു ഉമറിന് നന്നേ ബോധിച്ചു. ഇബ്‌നു ഉമര്‍ നേരെ ആട്ടിടയന്റെ ഉടമസ്ഥനെ തേടിപ്പോയി. അയാളുടെ അടിമയായിരുന്ന ആട്ടിടയനെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി വിട്ടു.



മറ്റുള്ളവർ തന്നോട് എങ്ങിനെ ഇടപെടണമെന്നാഗ്രഹിക്കുന്നുവോ അതുപോലെ ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരോട് പെരുമാറുകയും അവരിലേക്ക് നന്മ ചെയ്യുകയുമാണ് മനുഷ്യരുമായുളള ഇടപെടലുകളിലെ ഇഹ്സാൻ. മറ്റുള്ളവരോടുള്ള വാക്കുകളും പ്രവർത്തികളും നല്ല നിലയിലാകേണ്ടതുണ്ട്. സ്വന്തത്തിനു പുറമെ മാതാപിതാക്കൾ, ഭാര്യ, സന്താനങ്ങൾ, കുടുംബക്കാർ, അടുത്തബന്ധുക്കൾ, അയൽവാസികൾ, കൂട്ടുകാർ, സമൂഹം തുടങ്ങിയവരെല്ലാം ഇതിലുൾപ്പെടും. പരസ്പര ബന്ധങ്ങളും സ്നേഹവും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകം കൂടിയാണ് ഇഹ്സാൻ. ഒരിക്കൽ ഉഖ്ബത്ത് ബ്നു ആമിർ(റ) നബി തങ്ങളോട് ഏറ്റവും പുണ്യകരമായ കർമങ്ങളെക്കുറിച്ച് ചോദിച്ചു. പ്രവാചകൻ പറഞ്ഞു: അല്ലയോ ഉഖ്ബാ, നീ നിന്നോട് ബന്ധം വിഛേദിച്ചവനുമായി ബന്ധം ചാർത്തുക, നിനക്ക് തരാതിരുന്നവന് നീ നൽകുക, നിന്നെ ഉപദ്രവിക്കുന്നവരിൽ നിന്ന് നീ തിരിഞ്ഞു കളയുക എന്നിവയാണത്.
നബി(സ) പറഞ്ഞു: തടയപ്പെട്ടവന് നൽകാനും എന്നോട് ബന്ധം മുറിച്ചവനോട് ബന്ധം ചേർക്കാനും എന്നോട് അക്രമം കാണിച്ചവന് മാപ്പ് കൊടുക്കാനും ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു.



ഇഹ്സാൻെറ ഭാഗമായി ശത്രുക്കൾക്കുപോലും വിട്ടുവീഴ്ചയും മാപ്പും നൽകിയ മതമാണ് ഇസ്ലാം. പ്രവാചകന് ഏറെ ഇഷ്ടപെട്ട പിതൃവ്യപുത്രൻ ഹംസ(റ) വിനെ വധിക്കാൻ ഗുഢാലോചന നടത്തുകയും ഉഹ്ദ് യുദ്ധത്തിൽ വധിച്ച ശേഷം അദ്ദേഹത്തെ അംഗവിഛേധം നടത്തുകയും ചെയ്ത ഹിന്ദ് പിന്നീട് ഇസ്ലാമിലേക്ക് കടന്നുവന്നപ്പോൾ പ്രവാചകൻ അവളോട് വിശാല മനസ്കതയോടും വിട്ടുവീഴ്ചയോടും പെരുമാറുകയണ്ടായി. പ്രവാചകനെ വധിക്കാൻ ഇറച്ചിയിൽ വിഷം പുരട്ടിയ ജൂത പെണ്ണിന് മാപ്പ് കൊടുത്ത സംഭവവും ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ഇതുപോലെയുള്ള ധാരാളം സംഭവങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ കാണാൻ സാധിക്കും. മിത്രത്തോടെന്ന പോലെ ശത്രുക്കളോടുമുള്ള പെരുമാറ്റത്തിലെ ഇഹ്സാനാണ് പ്രവാചകനിലൂടെ നാം കാണുന്നത്.
മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചക്കും സംഭാഷണത്തിനും സംവാദത്തിനുമിടയിലും തർക്കങ്ങളുണ്ടാകുമ്പോഴും ഇഹ്സാനോട് കൂടി വർത്തിക്കണമെന്ന് അല്ലാഹു അനുശാസിച്ചിട്ടുണ്ട്. റസൂല്‍ തിരുമേനി(സ) പറയുകയുണ്ടായി: എല്ലാറ്റിനോടും നന്മ പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു നിയമമാക്കിയിരിക്കുന്നു. നീ വധിക്കുകയാണെങ്കില്‍ അത് മാന്യമായിരിക്കട്ടെ. നീ അറവു നടത്തുകയാണെങ്കില്‍ കത്തിയുടെ മൂര്‍ച്ച കൂട്ടുക. ഉരുവിനോട് നന്മ ചെയ്യുക. അതായത് കത്തി ഉരുവിന്റെ മുമ്പില്‍ മൂര്‍ച്ച കൂട്ടുക, അവയവങ്ങള്‍ അറുത്തുമാറ്റുക തുടങ്ങിയ ക്രൂരതകള്‍ ചെയ്യരുത്.



ഈ പറഞ്ഞതെല്ലാം വ്യക്തമാക്കുന്നത് മനുഷ്യന്‍ അവന്റെ ഏകാന്തതയില്‍ കാണിക്കുന്ന, കാണിക്കേണ്ടുന്ന ദൈവികബോധത്തെ കുറിച്ചാണ്. ഇത് ചെറിയ കാര്യമല്ല. സ്വകാര്യതയിൽ റബ്ബിനെ ഒരാൾ തിരിച്ചറിയുകയും ആ അവബോധത്തോടെ ജീവിക്കുകയും ചെയ്യുന്നു എങ്കിൽ അതയാളുടെ വിശ്വാസത്തിന്റെ കരുത്തുകൊണ്ടാണ് എന്ന് നിസ്സംശയം പറയാം. ഏകാന്തയിൽ ഇരുന്ന് ആലോചനകളിൽ ഊളിയിട്ടിരിക്കെ കണ്ണുകൾ സജലങ്ങളാകുന്ന ആൾക്ക് അല്ലാഹു വിചാരണ നാളിൽ സ്വന്തം സിംഹാനത്തിന്റെ തണൽ വിരിച്ചുകൊടുക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇത്തരം ഒരു സ്വഭാവം ഒരാളുടെ വിശ്വാസത്തിന്റെ ശക്തിയും ശുദ്ധിയും അനാവരണം ചെയ്യുന്നു. ഈ മനസ്ഥിതി എല്ലാ ചലനങ്ങളിലും പുലരണം. മാതാപിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ തുടങ്ങിയ സ്വന്തം ചുറ്റുവട്ടത്തിൽ അത് ഏറെ പ്രസക്തവും അനിവാര്യവുമാണ്. മാതാപിതാക്കളോട് ഇഹ്‌സാന്‍ ചെയ്യുക എന്നാല്‍ അവരെ അനുസരിക്കലും അവരോട് താഴ്മ കാണിക്കലുമാണ്. അനുസരണക്കേടും ദുഷ്‌ചെയ്തികളും ഒരിക്കലും ഉണ്ടാകാവതല്ല. ഒരുതരത്തിലും അവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. അല്ലാഹു പറഞ്ഞു: നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു, നിങ്ങള്‍ അവനെയല്ലാതെ ആരാധിക്കരുത്, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക (എന്ന്)(17:23). കുടുംബ ബന്ധങ്ങളെ കുറിച്ച് അല്ലാഹു വ്യക്തമാക്കുന്നു: ഏതൊരു അല്ലാഹുവിനോടാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്, അവനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (4:1).
റസൂല്‍ തിരുമേനി(സ) പറഞ്ഞു: തന്റെ വിഭവങ്ങള്‍ വിശാലമാകണമെന്നും തനിക്ക് ദീര്‍ഘായുസ്സ് ലഭിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധം ചാര്‍ത്തട്ടെ' (ബുഖാരി, മുസ്ലിം).
പ്രവാചകന്‍ മറ്റൊരിക്കല്‍ പ്രസ്താവിച്ചത് ഏറെ ശ്രദ്ധേയമാണ്; പാവങ്ങള്‍ക്ക് ധര്‍മം കൊടുക്കുന്നത് ധര്‍മം തന്നെ, എന്നാല്‍ ബന്ധുക്കള്‍ക്ക് ദാനം ചെയ്യുന്നതില്‍ രണ്ടു ഗുണമുണ്ട്, സ്വദഖത്തുന്‍ വ സ്വിലത്തുന്‍. ഒന്ന് ദാനധര്‍മം, രണ്ട് കുടുംബ ബന്ധം ചേര്‍ക്കല്‍ (തിര്‍മിദി). അതിനാല്‍ ഒരു വിശ്വാസി ധര്‍മം കൊടുക്കുമ്പോള്‍ കുടുംബക്കാരെ പരിഗണിക്കുകയാണെങ്കില്‍ രണ്ട് ഗുണം ലഭിക്കുന്നു. സ്വദഖ അതിന്റെ ഇഹ്സാൻ



അയല്‍വാസിയെയും മാറ്റിനിര്‍ത്താനാവില്ല. വിശ്വാസി ഒരിക്കലും അയല്‍വാസിയെ ഉപദ്രവിക്കരുത്. അകറ്റിനിര്‍ത്തുകയും ചെയ്യരുത്. പ്രവാചക മാതൃക വിശ്വാസികളുടെ മുമ്പിലുണ്ട്. ജിബ്‌രീല്‍ അയല്‍വാസിയുടെ കാര്യം എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അയല്‍വാസിക്ക് അനന്തരസ്വത്തില്‍ പങ്കുണ്ടാകുമോ എന്നു വരെ എനിക്ക് തോന്നിപ്പോയി! (ബുഖാരി, മുസ്‌ലിം). പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ അയല്‍വാസിയെ കുറിച്ച് പരാതി പറഞ്ഞു. എന്റെ അയല്‍വാസി എന്നെ ചീത്ത പറയുന്നു, ജീവിതം ദുസ്സഹമാക്കുന്നു എന്നിങ്ങനെ. ഇതു കേട്ട ശേഷം ഇബ്‌നു മസ്ഊദ് പരാതിക്കാരനോട് പറഞ്ഞു: ആ മനുഷ്യന്‍ അയാളുടെ ചെയ്തികളിലൂടെ ദൈവത്തോട് നന്ദികേട് കാണിച്ചു. നീ പോയി അയാളോട് നല്ല നിലയില്‍ നിലകൊണ്ട് അല്ലാഹുവിനോട് നന്ദി കാണിക്കൂ. പാവങ്ങളോട് അനുകമ്പയും ആര്‍ദ്രതയും കാണിക്കുക എന്നത് ഇഹ്‌സാന്റെ പ്രകാശനമാണ്. ധനികന്‍ ഒരിക്കലും തന്റെ ധനത്തില്‍നിന്ന് ദരിദ്രന് കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കരുത്. അന്ത്യദിനത്തില്‍ തന്റെ ധനം തനിക്കെതിരായി സാക്ഷിയായി വരുന്നത് പണക്കാര്‍ മുന്നില്‍ കാണണം. അല്ലാഹുവിന്റെ മുമ്പില്‍, നാഥാ ഞാനെന്റെ ആവശ്യവുമായി ഇയാളെ സമീപിച്ചിരുന്നു, എന്നാല്‍ ഇയാളെന്റെ നേരെ വാതില്‍ കൊട്ടിയടച്ചു എന്ന് തന്റെ നേരെ ഒരാളും പരാതി പറയാന്‍ ധനികന്‍ ഇടവരുത്തരുത്. വിശ്വാസി ദാനധര്‍മങ്ങളും മറ്റു മാതൃകാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ആളുകള്‍ കാണാനും പുകഴ്ത്തി പറയാനുമാകരുത്. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ഉന്നം. അല്ലാഹു പറഞ്ഞു: ദ്രോഹം പിന്തുടരുന്ന ദാനത്തേക്കാള്‍ ഉത്തമം നല്ല വാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ (2:263).



എല്ലാ കാപട്യങ്ങളില്‍നിന്നും സ്വന്തത്തെ രക്ഷിക്കുക, തെറ്റില്‍നിന്നും കുറ്റത്തില്‍നിന്നും അകലം പാലിക്കുക എന്നിവയാണ് ആത്മസംസ്‌കരണത്തിന്റെ അടിത്തറ. നിങ്ങള്‍ നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്കു തന്നെയാണ് എന്നാണ് ഖുർആനിന്റെ നിലപാട്. അഭിവാദ്യ- പ്രത്യഭിവാദ്യങ്ങളില്‍ പോലും ഇഹ്‌സാന്‍ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. സലാം പറയുന്നവനേക്കാള്‍ പറയപ്പെട്ടവന്‍ പറഞ്ഞ സഹോദരനു വേണ്ടി കൂടുതല്‍ നന്മക്കായി പ്രാര്‍ഥിക്കണമെന്നാണല്ലോ. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക, കുറഞ്ഞ പക്ഷം അപ്രകാരമെങ്കിലും തിരിച്ചു നല്‍കുക (4:86.) ഒരു ജോലി ചെയ്യുമ്പോള്‍ അത് ഭംഗിയായി നിര്‍വഹിക്കാനും ശ്രദ്ധിക്കണം. നബി(സ) പറഞ്ഞു: നിങ്ങള്‍ ഏതു ജോലിയില്‍ ഏര്‍പ്പെട്ടാലും അത് കൃത്യമായും മനോഹരമായും നിര്‍വഹിക്കുന്നത് അല്ലാഹുവിന് ഏറെ പ്രിയങ്കരമാണ് (ബൈഹഖി).



മനുഷ്യജീവിതം മുഴുവനുമായും ബന്ധപ്പെട്ട ഗുണമാണ് ഇഹ്സാൻ. മനുഷ്യൻ മാത്രമല്ല, ചെടികളും മൃഗങ്ങളും നിർജീവമായ മുഴുവൻ വസ്തുക്കൾ വരെ അതിലുൾപ്പെടും. മൃഗങ്ങളോടും പക്ഷികളോടും പ്രകൃതിയോടുമെല്ലാം ഇഹ്സാനോട് കൂടി പെരുമാറണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. നബി(സ) പറഞ്ഞു: ഒരാൾ ഒരു വഴിലൂടെ സഞ്ചരിച്ചപ്പോൾ അയാൾക്ക് ശക്തമായ ദാഹം അനുഭവപ്പെട്ടു. ഉടനെ ഒരു കിണർ കാണുകയും അതിലിറങ്ങി വെളളം കുടിക്കുകയും ചെയ്തു. അതിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു നായ നാവ് പുറത്തേക്ക് നീട്ടി നിൽക്കുന്നതായി കണ്ടു. ദാഹത്താൽ അത് നനഞ്ഞ മണ്ണ് കപ്പുന്നുണ്ട്. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു. എനിക്ക് ദാഹമുണ്ടായതു പോലെ ഈ നായക്കും ദാഹിക്കുന്നുണ്ടല്ലോ. ഉടനെ അയാൾ കിണറിലിറങ്ങുകയും തൻെറ ബൂട്ടിൽ വെളളം നിറക്കുകയും ചെയ്തു. വായകൊണ്ട് ബൂട്ട് കടിച്ച് പിടിച്ച് കിണറ്റിൽ നിന്ന് കയറി ആ നായയെ വെളളം കുടിപ്പിച്ചു. അല്ലാഹു ഉടനെ അദ്ദേഹത്തോട് നന്ദികാണിക്കുകയും അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും ചെയ്തു. മറ്റൊരു ഹദീസിലിങ്ങനെ കാണാം. നബി(സ) പറഞ്ഞു: ഒരു പൂച്ചയുടെ കാര്യത്തിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെടുകയുണ്ടായി. വിശന്ന് ചാകുന്നത് വരെ അവൾ അതിനെ കെട്ടിയിട്ടു. അതിന് ഭക്ഷണം നൽകിയില്ല. അഴിച്ചു വിട്ടതുമല്ല. അഴിച്ച് വിട്ടിരുന്നുവെങ്കിൽ അത് ഭൂമിയിലെ പ്രാണികളെ പിടിച്ച് തിന്നു വിശപ്പടക്കുമായിരുന്നു (ബുഖാരി, മുസ്ലിം). യാത്രക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നവരോട് അവക്ക് പ്രയാസമുണ്ടാക്കരുതെന്നും ഇഹ്സാനോടെ പെരുമാറണമെന്നും നബി ഉണർത്തിയിട്ടുണ്ട്. യാത്രക്കിടയിൽ വിശ്രമത്തിനായോ, നമസ്ക്കാരത്തിനായോ എവിടെയങ്കിലും ഇറങ്ങിയാൽ സവാരികട്ടിലുകൾ ഒട്ടകപുറത്തുനിന്നവർ എടുത്തു താഴെവെക്കുകയും ഒട്ടകത്തിനു ആശ്വാസം നൽകുകയും ചെയ്തിരുന്നു. പച്ചപ്പുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നുവെങ്കിൽ ധൃതിയിൽ യാത്ര ചെയ്യാതെ ഒട്ടകത്തിന് പുല്ലുകൾ തിന്നാനാവശ്യമായ അവസരം അവർ നൽകിയിരുന്നു. ഇങ്ങനെ ജീവിതത്തെ മുഴുവനും മനോഹരമാക്കുവാൻ സഹായിക്കുന്ന ഒരു അവബോധമാണ് ഇഹ്സാൻ.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso